Monday, October 8, 2007

കുട്ടന്‍സ് : ചില ചിതറിയ ചിന്തകള്‍ -

റിയല്‍ എസ്റ്റേറ്റ് ബൂം

പണമുണ്ടാകുക എന്നത് ഒരു കുറ്റകൃത്യമായി അംഗീകരിച്ചിട്ടില്ല..ഒരുവന്‍ തന്റെ സ്വപ്രയത്നത്താലോ, പാരമ്പര്യമായി കിട്ടിയ പിതൃസ്വത്ത് വകയിലോ, ചിലരെങ്കിലും കള്ളക്കടത്ത്/കൊള്ള/വ്യഭിചാരം തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികളാല്‍ സ്വരൂപിച്ച സമ്പത്ത് മൂലമോ ധനികനായിത്തീര്ന്നാല്‍ അത് എങ്ങിനെ വിനിയോഗിക്കണം എന്നത് അവന്റെ മാത്രം സാമര്‍ഥ്യമായി കണക്കാക്കപ്പെടുന്ന ഒരു സമൂഹത്തിലാണല്ലോ നമ്മള്‍ ജീവിച്ചു പോരുന്നത്..ഒരു വ്യക്തിയേ സംബന്ധിച്ചിടത്തോളം അവന്റെ പണം എവിടെ നിക്ഷേപിക്കുന്നൂ എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്..ചിലര്‍ അത് സ്വര്‍ണ്ണമായി നിക്ഷേപിക്കും..ചിലര്‍ തൊഴിലവസരങ്ങളുണ്ടാക്കും, ചിലര്‍ മണ്ണില്‍ നിക്ഷേപിക്കും, ചിലര്‍ കച്ചവടം നടത്തും..ചിലര്‍ ധൂര്‍ത്തടിക്കും..ചിലര്‍ പണം ഭൂമിയില്‍ നിക്ഷേപിക്കും..എന്നിട്ട് അവിടേ ബഹുനില ഫ്ലാറ്റുകള്‍ പണിയും..ടൂറിസ്റ്റ് കോം‌പ്ലക്സുകള്‍ തീര്‍ക്കും..ഷോപ്പിംഗ് മാളുകള്‍ നിര്‍മ്മിക്കും...അതവരുടെ ഇഷ്ടം..അവരുടേ ‘സാമര്‍ത്ഥ്യം’!!!!!

ഇത്രയും എഴുതിപിടിപ്പിക്കുവാനുള്ള കാരണം മറ്റൊന്നുമല്ല..കഴിഞ്ഞ ആഴ്ച ഏതോ ഒരു പത്രത്തില്‍ വായിച്ചു..കുമരകത്ത് ഒരു വില്ലേജിന്റെ 90 ശതമാനം വരുന്ന ഭൂമി മുംബൈ ആസ്ഥാനമായുള്ള ഒരു ഉത്തരേന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് കമ്പിനിക്ക് രജിസ്റ്റര്‍ ചെയ്യപ്പെട്ടുവത്രെ..അവരവിടെ ഫ്ലാറ്റുകള്‍ കെട്ടും..എന്നിട്ട് സെപ്റ്റിക് ടാങ്കുകള്‍ ബാക്കി പത്ത് ശതമാനം സ്ഥലത്ത് കുടിലുകെട്ടി താമസിക്കുന്നവന്റെ കിണറ്റിലേക്ക് തുറന്നു വിടും..അങ്ങിനെ ഒരൂ വില്ലേജ് മൊത്തം ഒരു കമ്പിനിയുടെ സ്വന്തം..അവരവിടെ റിസോര്‍ട്ടുകള്‍ പണിയും,കൃത്രിമ തടാകങ്ങളും റീസൈക്ലിങ് പുഴകളും ഒഴുക്കും..അതിലൂടെ കീ കൊടുത്തു വിട്ട താറാവുകൂട്ടങ്ങള്‍ ഒഴുകി നടന്ന് വിരുന്നുകാരെ രസിപ്പിക്കും..ഹാ എന്തൊരു മനോഹരം..എന്തൊക്കെ വികസനമാണു നമ്മുടെ നാട്ടിലേക്കു വരാന്‍ പോവുന്നത്..

പട്ടിക്കാട് ഗ്രാമങ്ങളില്‍ പോലും സ്ഥലങ്ങള്‍ക്ക് പൊന്നും വില..ബ്രോക്കര്‍മാരും ബിനാമികളും വലവീശിയിറങ്ങുന്നു..
ഓരോ ഗ്രാമങ്ങളും ലാന്‍ഡ് മാഫിയകളുടെ കയ്യിലാവട്ടെ..അതു വിറ്റു കിട്ടുന്ന കാശും വാങ്ങി അങ്ങ് ബഗല്‍പ്പൂരോ, റായ്പ്പൂരോ പോയി പത്തേക്കറ് റബര്‍ത്തോട്ടം വാങ്ങി ജീവിക്കാമായിരിക്കാം..

പക്ഷെ എനിക്കു വേണ്ടത് പച്ചപ്പും ശുദ്ധതയും നിറഞ്ഞ ഈ കേരളം ആണ്..അതൊരു പ്രവാസിയായതു കൊണ്ട് തോന്നുന്ന ഒരു തരം നൊസ്റ്റാള്‍ജിക് ഫീലിംഗ് അല്ല...അതെന്റെ ആവിശ്യമാണ്..കോണ്‍ക്രീറ്റ് ഫ്ലാറ്റുകള്‍ നിറഞ്ഞ ഒരു വനത്തിലേക്ക് മടങ്ങിപ്പോവാന്‍ എനിക്കാഗ്രഹം ഇല്ല..നെല്ലും,തേങ്ങയും,വാഴക്കയും എല്ലാം ഇവിടെത്തന്നെ ഉത്പ്പാദിപ്പിക്കട്ടെ..നെല്‍പ്പാടങ്ങള്‍ ഷൂട്ട് ചെയ്യാന്‍ സിനിമാ സംവിധായകര്‍ പൊള്ളാച്ചിക്ക് പോവുന്നത് നിര്‍ത്തുവാന്‍ കഴിയട്ടെ..

നമ്മളെക്കാണാന്‍ വരുന്നവര്‍ നമുക്ക് പണം തന്ന് മടങ്ങുന്ന ടൂറിസം (കട് : എം.എന്‍ വിജയന്‍ മാഷ്) സമ്പാദ്യം എന്ന സ്വപ്നം സോക്കോള്‍ഡ് ലാന്‍ഡ് ബാങ്ക് വ്യവസായികള്‍ക്ക് മാത്രമല്ലെ ഉപകരിക്കുകയുള്ളൂ..

തേങ്ങയിടല്‍
“ കേരളത്തില്‍ തെങ്ങില്‍ കയറുന്നത് നിയമവിരുദ്ധമാക്കണം “
“ കാരണം ??? ”
“ ഇവിടെ നിരോധനമുള്ളെതെല്ലാം ചെയ്യാന്‍ ആളുണ്ട്..കുഴല്‍പ്പണം കടത്തല്‍, സ്പിരിറ്റ് കള്ളക്കടത്ത്, ചാരായം വാറ്റല്‍, മണല്‍ വാരല്‍ തുടങ്ങി എല്ലാ റിസ്ക് പണികളും ചെയ്യാന്‍ ഇഷ്ടം പോലെ ആളുണ്ട്..തെങ്ങില്‍ കയറി തേങ്ങപിരിക്കാന്‍ മാത്രം ആരും വരുന്നില്ല..ഭയങ്കര ഡിമാന്‍‌ഡ്..”
(അമ്മ പറഞ്ഞത്)

അരാഷ്ട്രീയം :
-------

“ എയര്‍ടെല്‍ സ്പോണ്‍സേര്‍ഡ് പ്രധാനമന്ത്രി -------, വൊഡാഫോണ്‍ അവതരിപ്പിക്കുന്നൂ കേരളാമുഖ്യമന്ത്രി ഇന്‍ അസോസിയേഷന്‍ വിത് മലയാള മനോരമ..നിങ്ങളുടെ വിലയേറിയ വോട്ട് എസ്.എം.എസ് ചെയ്യൂ..“

അരാഷ്ട്രീയത കൂടി..തലക്ക് പിടിച്ച് ആലോചിച്ചപ്പോള്‍ തോന്നിയ ഒരു ഐഡിയ ആണിത്..

ടൈംസ് ഓഫ് ഇന്ത്യ ഇപ്പോള്‍ തന്നെ തുടങ്ങിക്കഴിഞ്ഞിരിക്കുന്നൂ..ഫ്യൂച്ചര്‍ ലീഡേര്‍സ് ഓഫ് ഇന്ത്യ എന്ന പേരില്‍..ഇന്ത്യ ഒരു കോര്‍പ്പൊറേറ്റ് സ്ഥാപനവും ഭരിക്കേണ്ടവര്‍ സി.ഇ.ഓ മാരും ആവണം എന്ന് ഇത്തരം മഞ്ഞപത്രങ്ങള്‍ക്ക് വാശിയുള്ളതു പോലെ..പണം തന്നെയാവണം മുഖ്യപ്രശ്നം..

രാഷ്ട്രീയം എന്നു കേട്ടാല്‍ എന്റെ ഉത്തരേന്ത്യക്കാരനായ ഒരു സുഹൃത്തിന് പേടിയാണു..അവന്റെ മനസ്സില്‍ അപ്പോള്‍ വരിക തോക്കും,ബോംബും,ഗുണ്ടകളും ആണത്രേ..

അരാഷ്ട്രീയത തലക്കു പിടിച്ച ഒരു ക്രിസ്ത്യന്‍ മാനേജ്മെന്റ് കോളെജ് ഒരിക്കല്‍ അധ്യാപക സമരത്തിനെതിരെ നടത്തിയ സമരമുറകള്‍ കണ്ടിട്ടുണ്ട്..പള്ളിമണിയടിച്ച് വിശ്വാസികളുടെ കയ്യില്‍ എരിയുന്ന മെഴുകുതിരികള്‍ കയ്യിലേന്തി ഇടവക പ്രദിക്ഷണം..അധ്യാപകരുടെ മനസ്സുമാറാന്‍ മുട്ടുകുത്തിയുള്ള കൂട്ടപ്രാര്‍ത്ഥന,ധ്യാനം..വികാരികൂടിയായിരുന്ന പ്രിന്‍സിപ്പളച്ചന്റെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത അധ്യാപകരെ പിരിച്ചുവിട്ടതില്‍ പ്രതിക്ഷേധിച്ചായിരുന്നു സമരവും തുടര്‍ന്നുണ്ടായ മാനസാന്തര പ്രാര്‍ത്ഥനകളും..

ബിവേര്‍ രാഷ്ട്രീയം എന്നാണല്ലോ നമ്മുടെ പുത്തന്‍ മുദ്രാവാക്യം..

ജനാധിപത്യ രാഷ്ട്രത്തില്‍ ആരൊക്കയോ പൊരുതി, ജീവന്‍ വെടിഞ്ഞു നേടിത്തന്ന അവകാശങ്ങളും കടമകളും കാത്തു സൂക്ഷിക്കാന്‍ നമുക്ക് കഴിയില്ല..

പൊതു തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ മൂന്നു രൂപ ബസിനു കൊടുത്ത് അടുത്തുള്ള പോളിംഗ് ബൂത്തില്‍ പോവാന്‍ നമുക്കാവില്ല..പകരം ഇലക്ഷന്‍ വേണമെങ്കില്‍ എസ്,എം.എസ് ആവട്ടെ..അല്ലെ..


ബീഹാറും കേരളവും
കേരളം..ദൈവത്തിന്റെ സ്വന്തം നാട്..
ബീഹാറോ ???
അയ്യേ..
ബീഹാറിലോ മറ്റോ മോഷ്ടാവെന്ന് ആരോപിച്ച് ചിലരെ പൊതു ജനം കൈവെച്ചതിനേക്കുറിച്ച് വായിച്ച് നെടുവീര്‍പ്പിട്ടതെ ഉള്ളൂ..ഏയ് കേരളത്തിലാണെങ്കില്‍ ഇതൊന്നും സംഭവിക്കില്ല..

നെടുവീര്‍പ്പ് വയറ്റില്‍ കിടന്ന് റീസൈക്കിള്‍ ചെയ്യാനുള്ള നേരമാവുന്നതേ ഉള്ളൂ..ഇതാ ഇവിടെ കേരളത്തില്‍ എടപ്പാളില്‍ മോഷ്ടാക്കളെന്നാരോപിച്ച് ഗര്‍ഭിണിയടക്കമുള്ള യുവതികളെ മര്‍ദ്ധിച്ചവശരാക്കിയിരിക്കുന്നു..

ഇത് വിദ്യാഭ്യാസത്തിന്റെ കുറവാണോ..വിവേകത്തിന്റേയും തിരിച്ചറിവിന്റേയും കുറവാണോ ???

ഈശ്വര ചിന്തയും പ്രാര്‍ഥനയ്യുമായി മനസ്സു നിറച്ച് കപടഭക്തി കാണിച്ചാല്‍മാത്രം മനുഷ്യനാവില്ല..

ആയിരം വര്‍ഷം നോമ്പെടുത്താലും,കൈ നിറയെ ചരടിട്ട് കെട്ടിയാലും,പോട്ടയില്‍ പോയി കൊല്ലാകൊല്ലം ധ്യാനം കൂടിയാലും ഒന്നും വിവേകം വരില്ല..ഈശ്വരന്‍ അനുഗ്രഹിക്കില്ല..


(ഇവനൊക്കെ എന്തിനാ ജീവിക്കണേ..)


പാതിവെന്ത ബ്ലോഗ് രചനകള്‍
------------------


ബ്ലോഗ്ഗിങ് തുടങ്ങിയിട്ട് ഒരു വര്‍ഷമായിട്ടില്ല..പക്ഷെ ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഒരു വര്‍ഷം തികച്ചിരിക്കുന്നൂ..ഈയിടെ ആയിട്ട് സജീവമായ ഒരു വായനയുടെ കുറവുണ്ടായിട്ടുണ്ട്..എങ്കില്‍ കൂടിയും അരവിന്ദേട്ടനും,വിശാലനും,റാം മോഹന്‍ പാലിയത്തും,സാന്‍ഡോസും,കുറുമാനും പുതിയ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ടെന്നറിഞ്ഞാല്‍ വായിച്ചിരിക്കും..ആ പതിവ് തെറ്റിച്ചിട്ടില്ല..

ബ്ലൊഗ്ഗെഴുത്ത് തുടങ്ങിയതിനുശേഷം റിമാര്‍ക്കബിള്‍ എന്നു പറയാവുന്ന ഒരു സൃഷ്ടിയും എന്റെ പേരില്‍ വന്നിട്ടില്ല..ഒരു കണക്കിനു പറഞ്ഞാല്‍ ഏകാഗ്രതയോടെ എഴുത്തിനിരിക്കാത്തതു കൊണ്ട് പാതി വെന്ത ചില സൃഷ്ടികള്‍ ആണ് ബ്ലോഗ്ഗിങ്ങില്‍ എന്റെ സംഭാവന..
നര്‍മ്മം എഴുതാന്‍ ശ്രമിച്ചു..മാതൃഭൂമിയുടെ വെള്ളിയാഴ്ച്ച സപ്ലിമെന്റില്‍ വരുന്ന നര്‍മ്മോക്തികളുടെ പോലും അടുത്തെത്താന്‍ യോഗ്യതയില്ലാത്ത ചില എഴുത്തുകളില്‍ ചെന്നൊടുങ്ങി..

അങ്ങിനെ പാതിവേവായ ചില സൃഷ്ടികളും, പകുതി പൂര്‍ത്തിയാക്കിയ ചില കഥകളും, എഴുതിയതും,പോസ്റ്റാത്തതും, പലതവണ മനസ്സിലിട്ട് തിരുത്തിയെഴുതി ഒടുവില്‍ വരമൊഴിയിലേക്ക് പകര്‍ത്തുമ്പൊഴേക്കും അണഞ്ഞു പോയ ചില കഥാ സ്പാര്‍ക്കുകളും ബാക്കിയാക്കി ഈ ബൂലോകത്തു നിന്നും ഞാന്‍ ഒരു ചെറിയ ഇടവേള എടുക്കുന്നൂ..

കൊത്തിപ്പറിക്കും വണ്ണം എന്തെങ്കിലും എഴുതണമെന്ന അന്തര്‍ധാര ഉണ്ടാവുകയാണെങ്കില്‍ മാത്രം ചില പോസ്റ്റുകള്‍ ഇട്ടെന്നു വരാം..

തൊഴില്‍ സംബന്ധമായ ചില മാറ്റങ്ങള്‍ കാരണം ആണ് ഈ തീരുമാനം..

ഒരു പക്ഷെ ഞാന്‍ തിരികെ വരുമ്പോഴേക്കും ഒരു പാട് പുത്തന്‍ മുഖങ്ങള്‍ ഇവിടെ കടന്നുവന്നിരിക്കാം..കാരണം മുഖ്യധാരാ മാധ്യമങ്ങള്‍ ബ്ലോഗ്ഗിനെ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നൂ..

എങ്ങിനെ ഒരു പുതിയ ബ്ലോഗ് തുടങ്ങാം എന്ന സചിത്ര ലേഖനങ്ങളും പുറത്തിറങ്ങിയിരിക്കുന്നൂ..

പുത്തന്‍ അനുഭവങ്ങളും, അറിയപ്പെടാത്ത വാര്‍ത്തകളും, സുന്ദര സൃഷ്ടികളുമായി ബ്ലൊഗ്ഗുലോകം പച്ചപിടിക്കട്ടെ എന്നാശംസിക്കുന്നൂ..

കുട്ടന്‍സ് എന്ന പേരില്‍ എഴുതിയ : കുട്ടന്‍സ് കഥകള്‍
ഹോസ്റ്റലേര്‍സ്
ചിത്രക്കൂട് എന്നീ ബ്ലോഗ്ഗുകളും
അമ്മൂ: അപര്‍ണ്ണ എന്ന പേരില്‍ അമ്മൂ
എന്ന ബ്ലോഗ്ഗും നടത്തി വായനക്കാരനെ പറ്റിച്ചു കൊണ്ടിരിക്കുകയായിരുന്നൂ എന്ന വാര്‍ത്തയും വ്യസനസമേതം അറിയിച്ചു കൊണ്ട് ഞാന്‍ ബ്ലോഗിങ്ങ് ലോകത്തു നിന്നും ലീവെടുക്കുന്നൂ...

ഒ.ടോ : ഇനി പുതിയൊരു പേരില്‍, പുത്തന്‍ ബ്ലോഗുമായ് കാണുന്നതു വരെ നന്ദി വണക്കം...

Tuesday, September 18, 2007

ദൈവം - ഒരു സാഡിസ്റ്റ്‌

മുറ്റത്തിലപൊഴിയും നാട്ടുമാവിന്‍ ചോട്ടില്‍
ഓലയാല്‍ മേഞ്ഞോരു പന്തലിട്ടു..
ഇടറുന്ന കാല്‍ വെച്ച്‌ വേച്ച്‌ വേച്ചെന്നുടെ-
ശവമഞ്ചമാരോ പുറത്തെടുത്തു...

മരണം മണക്കുന്ന ഇടനാഴി പിന്നിട്ട്‌,
ഒറ്റമുണ്ടില്‍ പുതപ്പിച്ച്‌, കുറി വരച്ചു നെറുകില്‍..
ചുറ്റും കരയുന്ന, പ്രിയമുള്ള ഓര്‍മ്മകള്‍-
മൂര്‍ദ്ധാവില്‍ ബന്ധിച്ച കീറത്തുണിപോലെ...

വാടകമുറിയുടെ കുമ്മായച്ചുമരിന്മേല്‍
കോടാനുകോടിയാം ദേവഭാവങ്ങളും-
നിലവിളക്കിന്‍ തിരിയെരിയുന്ന ഗന്ധവും-
ശമനതാളങ്ങളിലുയരുന്ന തേങ്ങലും..

കാലചക്രങ്ങള്‍ പതുക്കെ തിരിയവേ-
കാലം തികയാതെ വേര്‍പ്പെട്ടു പോന്നു ഞാന്‍-
കാലങ്ങളേറെയായ്‌ പലവാക്കു നല്‍കിയെന്‍-
പ്രിയതമയ്ക്കന്ത്യമായ്‌ ഒരു വാക്കു നല്‍കാതെ..

ഉദയാര്‍ക്കകിരണങ്ങള്‍ ഏറ്റുവാങ്ങി സ്ഥിരം-
ജോലികള്‍ ചെയ്യുവാന്‍ യാത്രപറയവേ-
മരണമൊരു കാറിന്റെ കുപ്പായമിട്ടിന്ന്,
മാടിവിളിക്കുമെന്നോര്‍ത്തില്ലതൊട്ടുമേ..

ദൈവമൊരു സാഡിസ്റ്റ്‌- ചിരിപെയ്ത കണ്ണില്‍ ദു:ഖം നിറക്കുന്നു
ദൈവമൊരു സാഡിസ്റ്റ്‌-ഇടനെഞ്ചിലെരിയുന്ന ചിതകള്‍ കൊളുത്തുന്നൂ..
ദൈവമൊരു സാഡിസ്റ്റ്‌- സ്വപ്നങ്ങള്‍ക്കതിരിട്ട്‌ ജീവനെടുക്കുന്നൂ..

****************

തെക്കേത്തൊടിയിലെ ചുടലപ്പറമ്പില്‍-
മൂന്നായ്‌ വലം വെച്ച്‌ ചിതയൊരുക്കീ ചിലര്‍
നെയ്യും,തേനും,ചന്ദനക്കഷ്ണവും-
ഒടുവിലൊന്നാളുവാന്‍ കര്‍പ്പൂരത്തിരികളും..

മോക്ഷപ്രാപ്തിക്കായി ബലിയൊരുക്കീ-
മണല്‍ത്തിട്ടകളില്‍ എള്ളും,ഒരു പിടിച്ചോറുമായ്‌-
കാകനായ്‌ പലജന്മം ചിറകടിച്ചവിടെത്തി-
കൂട്ടിനായ്‌ മുന്‍പേ നടന്ന പിതൃക്കളും-

കയ്യില്‍ മന്ത്രിച്ച ചരടുകള്‍ കോര്‍ത്താലും
നാമം ജപിച്ചെന്നും ശിലവലം വെച്ചാലും-
മറവിയുടെ ഇരുളിലേ നിഗൂഢലോകങ്ങളില്‍-
ബലിച്ചോറിനായ്‌ അലയണം -ഗതിയറ്റ്‌ ജന്മങ്ങള്‍....
[ഇന്നലെ രാത്രി ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തി കേട്ട ഒരു മരണവാര്‍ത്തയുടെ ഷോക്കില്‍ അസ്വസ്ഥമായ മനസ്സില്‍ നിന്നും പകര്‍ത്തിയെഴുതിയത്‌...

ചിരിനിറഞ്ഞ കണ്ണുകളിലെ സന്തോഷം കണ്ടിട്ടാവാം..മരണം അത്‌ കവര്‍ന്നെടുത്ത്‌ അവിടെ മഴക്കാറുകള്‍ നിറച്ചത്‌--
ആരാണു സാഡിസ്റ്റ്‌ ???
മരണമോ/ദൈവമോ ???]

Wednesday, September 12, 2007

ഇന്റര്‍വ്യൂ റൂം (ബാംഗ്ലൂര്‍ ടൈംസ്..)

കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ടൈപ്പ്‌ ചെയ്ത അക്ഷരങ്ങള്‍ പുതിയ വരികള്‍ക്കു ജന്മം നല്‍കി..തുറന്നു വെച്ചിരിക്കുന്ന ഡെവലപ്‌മന്റ്‌ ടൂളിലെ എഡിറ്റിംഗിനു വേണ്ടി വേര്‍തിരിച്ച്‌ വെച്ചിരിക്കുന്ന ഇടങ്ങളില്‍ കമ്പനിയുടെ പ്രസ്റ്റീജ്‌ പ്രൊഡക്ടുകളില്‍ ഒന്നിന്റെ ബിസിനസ്‌ ലോജിക്ക്‌ ചിന്തകളില്‍ നിന്നും അക്ഷരമാലകളായി ഒഴുകിയിറങ്ങി...
നാളെയാണു ഈ മൊഡ്യൂളിന്റെ റിലീസ്‌..ദിവസേനയുള്ള ഓണ്‍സൈറ്റ്‌ ചര്‍ച്ചകളില്‍ മുഴുകി പുറം ലോകം തന്നെ മറന്നു തുടങ്ങിയിരിക്കുന്നൂ...ഈ പ്രൊഡക്ട്‌ റിലീസ്‌ കഴിഞ്ഞിട്ടു വേണം കുറച്ച്‌ ദിവസം ലീവെടുത്തൊന്നു വിശ്രമിക്കാന്‍...

ടേബിളില്‍ വെച്ചിരുന്ന കോളാ ടിന്നില്‍ നിന്നും അവസാന സിപ്പ്‌ ഊറ്റിവലിച്ചെടുത്ത്‌ ഈസീ ചെയറില്‍ ചാരിയിരുന്ന് മൊഡ്യൂള്‍ ബില്‍ഡ്‌ ചെയ്യാനുള്ള ഓപ്ഷന്‍ സെലെക്ട്‌ ചെയ്തു..പുറത്ത്‌ നന്നായി മഴ പെയ്യുന്നുണ്ട്‌..കറുത്ത ആവരണം പതിച്ച ചില്ലുഗ്ലാസ്സില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഈര്‍പ്പത്തുള്ളികള്‍ക്കിടയിലൂടെ താഴേക്ക്‌ നോക്കി..തിരക്കു പിടിച്ചു പായുന്ന ആള്‍കൂട്ടം...

മെസ്സെഞ്ചര്‍ വിന്‍ഡോ ചുവപ്പു നിറത്തില്‍ ചിമ്മുന്നു..ഒരു പക്ഷെ സെന്റ്‌ പീറ്റേര്‍സ്‌ ബര്‍ഗിലുള്ള ടീം മേറ്റായിരിക്കാം..പുതിയ എന്തോ പാരയുമായുള്ള വരവാവാം..ചിലപ്പോള്‍ അവന്റെ പുതിയ ഗേള്‍ഫ്രന്‍ഡിനെക്കുറിച്ചുള്ള വിവരണം സഹിക്കേണ്ടിയും വരാം..ഒരിക്കല്‍ ഫോട്ടോ അയച്ചു തന്നിരുന്നു..ഒരു സുന്ദരിപ്പെണ്ണ്‌..സുന്ദരികള്‍ മുഴുവനും അങ്ങ്‌ റഷ്യയിലാണോ ജീവിക്കുന്നത്‌..അവനോടൊരിക്കല്‍ കളിയായി ചോദിച്ചതാണു..

"ഏയ്‌,ഡ്യൂഡ്‌..ഹൗ ആര്‍ യൂ.."
ഓ സെര്‍ജി പാവ്‌ലോവ്‌ എന്ന റഷ്യക്കാരന്‍ അല്ല..മാനേജരാണ്‌..
"ഹായ്‌ ബോസ്‌..ഐ ആം ഗൂഡ്‌..താങ്ക്സ്‌..വാട്‌സ്‌ അപ്‌..?? " ഞാന്‍ ചോദിച്ചു
"ക്യാന്‍ യൂ സ്പെണ്‍ഡ്‌ സം ടൈം വിത്‌ മീ..ഐ ഹാവ്‌ സംതിങ്ങ്‌ ടു ടോക്‌ വിത്‌ യൂ.." മാനേജരുടെ വിരലുകളില്‍ നിന്നും പിറന്ന അക്ഷരക്കൂട്ടങ്ങള്‍ എന്റെ ചാറ്റ്‌ വിന്‍ഡോയില്‍ വന്നു വാവിട്ടു നിലവിളിച്ചു...

സിസ്റ്റം ലോക്‌ ചെയ്ത്‌ ഞാന്‍ പതുക്കെ ചില്ലുവാതിലുകള്‍ കൊണ്ട്‌ വേര്‍തിരിച്ച ക്യാബിനിലെക്ക്‌ കയറി..നീട്ടിയിട്ട കസേരകളില്‍ ഒന്നില്‍ ഇരുപ്പുറപ്പിച്ചു...
എന്തു വന്നാലും കുറച്ച്‌ ലീവ്‌ ചോദിക്കണം..എന്നിട്ട്‌ നാട്ടിലൊക്കെ പോയി ഒന്നു കറങ്ങണം..

നീണ്ടു നിന്ന വളച്ചു കെട്ടലുകള്‍ക്കൊടുവില്‍..മേമ്പൊടിചേര്‍ത്ത മാനേജ്‌മന്റ്‌ പല്ലവികള്‍ ചേര്‍ത്ത്‌ അയാള്‍ വിഷയം അവതരിപ്പിച്ചു..സേവനം മതിയായത്രേ...
ബിസിനസ്‌ ഡിസിഷന്‍ അങ്ങിനെയാവുമ്പോള്‍ തനിക്കൊന്നും ചെയ്യാന്‍ ആവില്ല എന്നു പറഞ്ഞു അയാള്‍ തന്റെ നിസ്സഹായത പുറത്തേക്കിട്ടു..

വിഷമമുണ്ടോ...അയാള്‍ ചോദിച്ചു..പൊട്ടിച്ചിരിക്കാനാണു തോന്നിയത്‌..നാളേമുതല്‍ ജോലി ഇല്ലാത്തവനോട്‌..ഇത്രയും കാലം മൊബയിലൂടെ വന്ന ഇന്റര്‍വ്യൂ കോളുകളോടു വൈമുഖ്യം കാണിച്ച്‌ കമ്പനിയോടും പ്രൊഡക്ടിനോടും ആത്മാര്‍ഥത കാണിച്ചവനോട്‌ ചോദിക്കേണ്ട ചോദ്യം തന്നെ...

പുറത്ത്‌ മഴ നന്നായി പെയ്യുന്നുണ്ടായിരുന്നൂ...
ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ പരുതുന്ന സഹപ്രവര്‍ത്തകര്‍ പുറത്ത്‌ തട്ടി സമാധാനിപ്പിച്ചൂ..കോര്‍പ്പറേറ്റ്‌ ലൈഫില്‍ അതൊക്കെ സാധാരണമാണത്രെ..പോസിറ്റീവാവണം..ശ്രമിച്ചാല്‍ തീര്‍ച്ചയായും നല്ലയിടത്ത്‌ കിട്ടും..

മനസ്സില്‍ അപ്പോഴൊക്കെ നിറഞ്ഞു നിന്നത്‌ അടക്കാന്‍ ബാക്കിയിരിക്കുന്ന ഇന്‍ഷൂറന്‍സ്‌ പോളിസികളും,ലോണ്‍ ഇന്‍സ്റ്റാള്‍മെന്റുകളും,വീട്ടിലേക്കു മുടങ്ങാതെ അയക്കുന്ന പണവും ആയിരുന്നൂ..

മാസാവസാനം വാതിലില്‍ വന്നു മുട്ടുന്ന വീട്ടുടമസ്ഥന്‍ വീണ്ടും വാടക കൂട്ടേണ്ടതിനെ പറ്റി സൂചിപ്പിച്ചിരുന്നൂ..വര്‍ഷാവസാനം ഇങ്കം ടാക്സ്‌ സ്റ്റേറ്റ്മെന്റുകളുമായി ടാക്സ്‌ കൗണ്ടറിനു മുന്നില്‍ നില്‍ക്കുന്ന ഒരുവന്‍ ആലോചിക്കുമോ ഒരു ദിവസം ജോലിയില്ലാത്തവനാവുമെന്നു...ഹും കോര്‍പ്പറേറ്റ്‌ പോളിസികള്‍...!!!!!!!!!!!!

********************

കയ്യില്‍ മുറുകെ പിടിച്ചിരിക്കുന്ന ഫയലുകളില്‍ ബയോഡാറ്റയുടെ പ്രിന്റാൂട്ടുകള്‍ ഇരുന്നു കരഞ്ഞു തുടങ്ങി..ശീതികരിച്ച ചില്ലുമുറിക്കുള്ളില്‍ ഇന്റര്‍വ്യൂവര്‍ ചോദ്യങ്ങള്‍ വിവിധ പെര്‍മ്യൂട്ടേഷനിലും കോമ്പിനേഷനില്‍ കുടഞ്ഞെറിഞ്ഞു..

സ്വയം പരിചയപ്പെടുത്തി, ചുണ്ടെത്ത്‌ നിറച്ചു വെച്ച കോര്‍പ്പൊറേറ്റ്‌ പുഞ്ചിരിയോടെ മുന്‍ കമ്പിനി വിടാനുള്ള കാരണം പറഞ്ഞു..കരിയര്‍ ഗ്രോത്ത്‌..

പിന്നങ്ങോട്ട്‌ കേട്ടതും കേള്‍ക്കാത്തതുമായ ഒട്ടനവധി കാര്യങ്ങളുടെ നീണ്ട ചോദ്യോത്തരം....വിവിധ ലവലുകളിലൂടെ കയറിമറഞ്ഞുള്ള ഇന്റര്‍വ്യൂ..

ഒടുവില്‍, ഇപ്പോള്‍ പ്രസവമുറിക്കു പുറത്ത്‌ കാത്തു നില്‍ക്കുന്ന ഭര്‍ത്താവിന്റെ അതേ അക്ഷമയോടെ ഞാനിരിക്കുന്നു..അകത്തെ ചില്ലുമുറിയില്‍-ഇന്റര്‍വ്യൂ റൂമില്‍ കോര്‍പ്പൊറേറ്റ്‌ തുലാസില്‍ എന്റെ ഭാവി വിലയിരുത്തപെടുന്നതും കാത്ത്‌

എനിക്കു ജയിക്കണം..കാരണം കുറേ ലോണുകളും, ഇന്‍ഷൂറന്‍സ്‌ പ്രീമിയങ്ങളും, വാടക കൂട്ടിചോദിച്ചു നില്‍ക്കുന്ന വീട്ടുകാരനും, നികുതിപ്പണം കട്ടുമുടിച്ച്‌ ചീര്‍ത്തൂ കൊഴുക്കാനുള്ള ഇന്ത്യന്‍ ജനാധിപത്യവും എല്ലാം എല്ലാം എന്നെ കാത്തിരിക്കുന്നു...

Monday, August 27, 2007

ബാംഗ്ലൂര്‍ ടൈംസ് - ഇന്ന് തിരുവോണം..

മലയാളിയുടെ കൂടപ്പിറപ്പായ ഉത്സവം.. പച്ചച്ചാണകം മെഴുകിയ മുറ്റത്തു നിന്നും ചാണകത്തിന്റേയും,പറമ്പില്‍ വിരിഞ്ഞ പൂക്കളുടേയും സമ്മിശ്ര ഗന്ധം ഉണര്‍ത്തുന്ന ഓണ ഓര്‍മ്മകളില്‍ നിന്നെല്ലാമകന്ന് ഓണനാളില്‍ ടെലിവിഷന്‍ ചാനലുകളിലെ കസവുതുന്നിയ ഓണക്കോടികളില്‍ തിളങ്ങുന്ന താരങ്ങളുടെ ഓണസ്മരണകളുടെ പശ്ചാത്തല സംഭാഷണത്തില്‍ മുഴുകി,അകമ്പടിയായി അല്‍പ്പം മദ്യം സേവിച്ച്‌ ചെറിയ ചെറിയ ആഘോഷങ്ങള്‍ക്കിടയില്‍ വന്ന വലിയ ഓണനാളില്‍ സന്തോഷത്തോടെ/സ്നേഹത്തോടെ ഓണം ആഘോഷിക്കുന്ന ലോകമെങ്ങുമുള്ള മലയാളികള്‍ക്കെന്റെ ഓണാശംസകള്‍...

--------

ഓണാവധിക്ക്‌ മുന്‍പ്‌ വരുന്ന വെള്ളിയാഴ്ച്ചയില്‍ പരീക്ഷാച്ചൂടില്‍ നിന്നും അടര്‍ന്നുമാറി ക്ലാസ്‌മുറിയില്‍..ചരടില്‍ കോര്‍ത്ത ഒരു ചോക്ക് കഷ്ണം വരച്ചൊരുക്കിത്തന്ന ഡിസൈനുകളില്‍ തൊടിയില്‍ നിന്നും സംഘടിപ്പിച്ച നാടന്‍/കാടന്‍ പൂക്കള്‍ ചേര്‍ത്തൊരുക്കുന്ന പൂക്കളങ്ങള്‍..
പിന്നെ ആര്‍പ്പും..സന്തോഷവും നിറയുന്ന വായുവില്‍ ഒരു കട്ടിക്കയറിന്റെ ഇരുപുറങ്ങളിലും നിന്നു പരസ്പരം ബലാബലം നടത്തിയ കമ്പവലി മത്സരങ്ങള്‍..
ഒടുവില്‍ സമ്മാനമായ്‌ കിട്ടിയ ഒരുകുലപ്പഴത്തിന്റെ അവകാശികളിലൊരാളാവാന്‍ ആര്‍പ്പുവിളിച്ചോടിചെന്ന് ഒരു പഴത്തൊലിമാത്രം കൈപ്പിടിയില്‍ ഒതുങ്ങിയ ജാള്യതയില്‍ തിരികെ വന്നതും...

--------
തിളച്ച എണ്ണയില്‍ പപ്പടം പുളഞ്ഞുവീര്‍ത്തൊടുവില്‍ ഒരു ഈര്‍ക്കില്‍ത്തുമ്പില്‍ കോര്‍ത്തെടുക്കവേ അതില്‍ നിന്നൊരു നുള്ളു അമ്മകാണാതടര്‍ത്തിയെടുത്ത്‌..
പറമ്പില്‍ നിന്നും വെട്ടിയെടുത്ത നാക്കിലയില്‍ വെള്ളം ഒഴിച്ച്‌ കീറത്തുണികൊണ്ട്‌ തുടച്ചെടുത്തതും..
പിന്നെ അതില്‍ നിറഞ്ഞ ഉപ്പേരിക്കൂട്ടങ്ങളും,നൂറു കറികളും ...

--------

ഇന്നലെ ബാംഗ്ലൂരില്‍ കെ.ആര്‍ പുരത്ത്‌ കൂട്ടുകാര്‍ (തറവാട്ടുമക്കള്‍ എന്ന് ഞങ്ങള്‍ പരസ്പരം വിളിക്കുന്ന)വീട്ടില്‍പ്പോവാന്‍ കഴിയാത്ത ചിലര്‍- ഞങ്ങളുടെ സ്വന്തം തറവാടായ- വാടകവീട്ടില്‍ ഒത്ത്‌ കൂടി സ്വന്തം സൃഷ്ടികളായ അവിയലും,സാമ്പാറും,ഇഞ്ചിക്കറിയും കൂട്ടി ഊണുകഴിച്ചതും..

--------

ഇന്ന്..ഏതാനും മണിക്കൂറുകള്‍ക്കകം..ഏതെങ്കിലും ഒരു മലയാളി ഹോട്ടലിന്റെ പടിവാതിലില്‍ ഊഴംകാത്ത്‌ നിന്ന് ഓണസദ്യക്കിലയിട്ടുണ്ണുന്നതും..
എല്ലാം എല്ലാം എന്റെ ഓണ ഓര്‍മ്മകളില്‍ പെടുമായിരിക്കും...!!!!!!!!!!!!!

------
ഇപ്പോള്‍ തോന്നുന്നൂ...ഛേ..ലീവെടുക്കാമായിരിന്നൂ...
വീട്ടില്‍പ്പോവാമായിരുന്നൂ.....
!!!!!!!!!!!!!


“മേലേക്കുന്നില്‍ പൂമരങ്ങള്‍, താഴേക്കാവില്‍ കോമരങ്ങള്‍
തുടികൊട്ടും പാട്ടും എങ്ങും ഉത്സവങ്ങള്‍
പലവട്ടം ഓര്‍ക്കാനെന്റെ കേരളം..പലവട്ടം ഓര്‍ക്കാനെന്റെ കേരളം

മഴവില്ലിന്‍ തേരിലേറി പൂവുമായ് വാ തുമ്പിപ്പെണ്ണേ
ഓണമായെന്‍ കനവില്‍ നീ വായോ
മാമ്പൂക്കള്‍ പൊഴിയും തൊടിയില്‍..പൊന്നാമ്പല്‍ പൂക്കും കടവില്‍
തേടിയലഞ്ഞൂ എന്റെ പൂങ്കിനാക്കള്‍ എന്റെ പൂങ്കിനാക്കള്‍
മഴതോരും നേരം നോ‍ക്കി കുളിര്‍തെന്നല്‍ കവിളില്‍ തഴുകും
ഓര്‍മ്മതന്‍ തേന്‍സുഗന്ധം തേടിയെത്തുമോ വീണ്ടും തേടിയെത്തുമോ..
മഴവില്ലിന്‍ തേരിലേറി പൂവുമായ് വാ തുമ്പിപ്പെണ്ണേ
ഓണമായെന്‍ കനവില്‍ നീ വായോ

മെല്ലെമെല്ലെയീ നവ്യഭാവങ്ങളുള്ളിലൂറുമ്പൊഴും
കരിനിഴല്‍ വീണ മണല്‍ശരങ്ങളായ് നീറുമെന്റെ ഹൃദയം
മരുഭൂവില്‍ പിറന്ന മണ്ണിന്‍ ഓര്‍മ്മകളീല്‍ അറിയാതെ മയങ്ങുമ്പോള്‍ നൊമ്പരങ്ങള്‍
തേന്മാവിന്‍ ചോട്ടില്‍ വീണ്ടും ചെന്നിരിക്കാന്‍..കളിവീടു വെയ്ക്കും കാലം ഓര്‍ത്തിരിക്കാന്‍..
ഉരുകുന്ന എരിവെയിലിന്‍ നൂലിഴയില്‍ മഴമുത്തായ് പെയ്യാനെത്തി എന്റെ കേരളം..“


പണ്ടേതോ ഓണക്കാലത്ത് കോളേജ് ഓണപ്പാട്ട് മത്സരത്തിനായ് ഞങ്ങള്‍ കുറച്ച് പേര്‍ ചേര്‍ന്ന് ചിട്ടപ്പെടുത്തിയ പാട്ടിനു വേണ്ടി എഴുതിയ ചില വരികള്‍....

ഓണാശംസകള്‍....

Tuesday, August 21, 2007

ഇലാമാ മരം - ഒരു ഹോസ്റ്റല്‍ സ്മരണ..

ഒരു വേനലവധി- ഏപ്രില്‍-മേയ്‌ മാസക്കാലങ്ങള്‍ കാമ്പസ്‌ അവധിക്കാലമായിരുന്നെങ്കില്‍ കൂടിയും, അടയ്ക്കാത്ത മെസ്സും, യൂണിവേര്‍സിറ്റി ലൈബ്രറിയും, പിന്നെ ഹോസ്റ്റെല്‍ തരുന്ന ചില സുഖമുള്ള ഒഴിവുദിനങ്ങളും കാരണം ഞങ്ങളില്‍ മിക്കവരും കൊളുത്തുകളില്ലാത്ത മുറികളില്‍ ചടഞ്ഞുകൂടിയിരിക്കാറുണ്ട്‌.

വേനലവധിക്ക്‌ മെസ്സില്‍ അംഗസംഖ്യ കുറവായതിനാല്‍ മിക്കവാറും അത്താഴത്തിനു കഞ്ഞി ആയിരിക്കും പതിവ്‌. നല്ല ചുട്ടരച്ച ചമ്മന്തിയും, പയറുതോരനും, മാങ്ങ അച്ചാറും കൂട്ടി സ്റ്റീല്‍ പാത്രത്തില്‍ ഒഴിച്ച്‌ ആസ്വദിച്ചുള്ള അത്താഴം (ഓര്‍ക്കുമ്പോള്‍ കൊതിയാവുന്നു..വീണ്ടും ഹോസ്റ്റലിലേക്ക്‌ ഓടിപ്പോവാന്‍ തോന്നുന്നു..).

ഓരോ സ്പ്പൂണ്‍ കഞ്ഞിക്കൊപ്പൊവം പപ്പടം പൊടിച്ചിട്ട്‌ ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങും. ചില സീരിയസ്‌ വിഷയങ്ങളില്‍ തുടങ്ങി, കൊചു തമാശകളിലേക്കും, പാരവയ്പ്പുകളിലേക്കും, അടിച്ചിറക്കുന്ന കഥകളിലേക്കും ഇരുള്‍ കനക്കുന്നതോടെ ചര്‍ച്ചകള്‍ വഴിമാറും..

ഒരിക്കല്‍ നനുത്ത മഴയുള്ള ഒരു രാത്രി. മെഴുകു തിരി വെളിച്ചത്തില്‍ ഞങ്ങള്‍ കുറച്ച്‌ പേര്‍..സുനിലേട്ടനും,ടിജോയും,അനീസിക്കയും,മാലിക്കും,ഷിബുവും,മാമന്‍സും,എനൂപും, ഇടക്കിടെ കടന്നു വന്ന് കമന്റടിച്ച്‌ പാര സ്വയം ചോദിച്ച്‌ മേടിച്ച്‌ പോവുന്ന ബൈജു ചേട്ടനും എല്ലാം ഉണ്ട്‌..ഇടക്കൊരു കാര്യം..ഈപ്പറഞ്ഞവരില്‍ ചിലര്‍ റിസേര്‍ച്‌ സ്കോളേര്‍സ്സാണു, ചിലര്‍ ബിരുദാനന്തര, എം.ഫില്‍ വിദ്യാര്‍ത്ഥികളും.

എല്ലാവരും ഓര്‍മകള്‍ കാടു കയറി സ്കൂള്‍ ജീവിതത്തെക്കുറിച്ച്‌ വാചാലരാവുകയാണു. അപ്പോഴാണു കുറേ നേരം കാത്തിരുന്നു കിട്ടിയ സ്പൂണും, ഒരു പ്ലേറ്റ്‌ കഞ്ഞിയും അകമ്പടി കറികളും ഒക്കെയായി അവന്‍ വന്നത്‌ (ടിയാന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച്‌ ഇനി മുതല്‍ അവന്‍ എന്നേ വിളിക്കൂ..)..അന്നത്തെ ചിന്താവിഷയം സ്കൂള്‍ ജീവിതം ആണെന്നു കണ്ട്‌, ഗൃഹാതുരതയോടെ കഥകള്‍ കേട്ടിരിക്കുന്ന ഞങ്ങളുടെ കൂട്ടത്തിലേക്ക്‌ അവനും ചേര്‍ന്നു.

പണ്ട്‌ കുട്ടിക്കാലത്ത്‌ നാട്ടുവഴികളിലൂടെ നടന്നുണ്ടാക്കിയ കുട്ടിക്കാലത്തിന്റെ കെട്ട്‌ ഞാന്‍ അഴിക്കാന്‍ തുടങ്ങിയപ്പൊഴേക്കും അവന്‍ ഇടപെട്ടു..

ഇനി ഞാന്‍ പറയാം..

എന്റെ സ്കൂള്‍ ജീവിതത്തിന്റെ കുറച്ച്‌ കാലം ഞാന്‍ ഉത്തര്‍പ്രദേശില്‍ ആയിരുന്നു..അത്‌ നിങ്ങള്‍ക്കെല്ലാം അറിയാമല്ലൊ..

തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഏതൊ ഒരു നവോദയ സ്കൂളില്‍ അവന്‍ പഠിച്ചിരുന്ന കാലത്തെപറ്റിയുള്ള വിവരണങ്ങളില്‍ ഞങ്ങള്‍ ഒഴുകി നടന്നു..

ഹോസ്റ്റലിലെ ചിലമുറികളില്‍ നിന്നു നാടന്‍ പാട്ടുകള്‍ ഉയര്‍ന്നു " പിണക്കമാണോ നീ ..എന്റേ കിളിമകളേ..എന്നേ മറക്കരുതേ.." "മഴപെയ്യുമ്പോലേ..."

പിറകില്‍ നാല്‍പ്പാത്തിമലയില്‍ നിന്നെവിടെയോ കാലന്‍ കോഴികള്‍ കൂവി..കുറെ മെഴുകു തിരികള്‍ ഉരുകിത്തീര്‍ന്ന് പുതിയവക്ക്‌ വഴിമാറി..

അവന്റെ കഥ തുടരുന്നൂ..ഇപ്പോള്‍ നവോദയാ മതിലു ചാടി സെക്കന്റ്‌ ഷോക്ക്‌ പോയ കഥയാണവന്‍ പറയുന്നത്‌..

അങ്ങിനെ കുറെ മതിലു ചാട്ടങ്ങള്‍ക്കും, കട്ടു തീറ്റകളെ കുറിച്ചുള്ള കഥകള്‍ക്കും ഒടുവില്‍ ആണവന്‍ ഇലാമാമരത്തെക്കുറിച്ച്‌ പറഞ്ഞത്‌.

ഇതിനിടയില്‍ മെസ്സില്‍ പതിവായി തൈരു മോഷ്ടിക്കാന്‍ വരാറുള്ള ---- വരെ ഇലാമ മരം എന്നു കേട്ടപ്പോള്‍ മടിച്ചാണെങ്കിലും ഞങ്ങളുടെ മെഴുകുതിരി വെട്ടത്തില്‍ ഒരു നിഴലുപോലെ ചേര്‍ന്നു..

ഒടുവില്‍ ആരോ ചൊദിച്ചു 'ഇലാമാ മരമോ..???'
'അതേതോ സിനിമയില്‍ ഉള്ളതല്ലെ..' വേറൊരാള്‍'
‘ഗുരുവിലാണു മ--- ഇലാമ പഴം' അണോണി കമന്റ്‌..

'ശരിക്കും ആ സിനിമയില്‍ പറയുന്ന കായുണ്ടാവുന്ന മരം ഇതാണ്..ഇലാമാ മരം..'

ഞങ്ങളുടെ വായടപ്പിച്ച്‌ കൊണ്ടവന്‍ പറ‍ഞ്ഞു..

'നിങ്ങള്‍ നോര്‍ത്തിന്ത്യെയില്‍ പോയാല്‍ അവിടെ ധാരാളമായി കാണാം..വെറുതെ ടൗണില്‍ ഒന്നും പോവരുത്‌..ഗ്രാമങ്ങളില്‍ പോണം..'

നോര്‍ത്‌-ഇന്ത്യാ ഗ്രാമങ്ങള്‍ പഴയ ചില ദൂരദര്‍ശ്ശന്‍ സീരിയലുകളില്‍ കണ്ടിട്ടുള്ളതല്ലാതെ കാര്യമായ ധാരണ ഇല്ലാത്ത ഞങ്ങളില്‍ ചിലര്‍ ഒന്നും മിണ്ടിയില്ല..അറിയാവുന്ന ചിലര്‍ ഇവന്‍ എവിടെ വരെ പോവും എന്നു നൊക്കട്ടെ എന്നോര്‍ത്താവണം ഒന്നും മിണ്ടാതിരുന്നു..

പിന്നീടങ്ങോട്ട്‌ ഇലാമാ മരത്തെക്കുറിച്ചുള്ള വിവരണം ആയിരുന്നു..വലിയ വേരുകളില്‍ ഒരു പ്രദേശം മുഴുവന്‍ പടര്‍ന്നു കിടക്കുന്ന മരമാണത്രെ അത്‌..ഒരു പ്രദേശ്ശത്തിനാകെ തണല്‍ നല്‍കുന്ന ആ മരം നല്ല ചവര്‍പ്പുള്ള പഴമാണ് തരാറ്..ഇലാമപ്പഴം എന്നു പറയുന്നത്‌ ഒരു ടേസ്റ്റും ഇല്ലാത്ത പഴം ആണത്രെ..

ഈ മരത്തിന്റെ ശാഖകള്‍ എന്നു പറഞ്ഞാല്‍ തീരെ ഉറപ്പില്ലാത്ത, മൃ ദുവായതാണ്‍..അതു കൊണ്ട്‌ കിളികള്‍ ഒന്നും ഈ മരത്തില്‍ കൂടു കൂട്ടാറില്ല
നല്ല ഉയ്യരമുള്ള ഈ മരത്തിന്റെ മുകളില്‍ കയറി നിന്നാല്‍ കിലോ മീറ്ററുകളോളം കാണാന്‍ കഴിയും..(???????--ഇത്‌ കഥ കേട്ടിരുന്നവരില്‍ നിന്നും ഉയര്‍ന്നതാണു..)

ശരിക്കും പറഞ്ഞാല്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെ സംബന്ധിച്ചിടത്തോളം ഒരു കല്‍പ്പവൃക്ഷം ആണു ഈ മരം..നമ്മുടെ തെങ്ങു പോലെ

..........................
..........................
...................

പിന്നീട്‌ ഈ ഇലാമപ്പഴത്തിന്റെ കഥയില്‍ ചേര്‍ക്കപ്പെട്ട പലതും കഥാകൃത്തിന്റെ അറിവോടയോ സമ്മതത്തോടയോ ആയിരുന്നില്ല..

ചില വേര്‍ഷനുകളില്‍ ഇലാമാ മരത്തിന്റെ വീതിയേറിയ ചില്ലകളില്‍ ഗ്രാമങ്ങള്‍ തമ്മിലുള്ള ഫുട്ബോള്‍ മത്സരങ്ങള്‍ നടത്താറുണ്ട്‌ എന്നു വരെ എഴുതി ചേര്‍ക്കപ്പെട്ടു..

ഏതായാലും ആ വര്‍ഷം വേറെ നുണമത്സരം നടന്നില്ല ഹോസ്റ്റലില്‍..നൂണ രാജാവായി അവന്‍ തിരഞ്ഞെടുക്കപ്പെട്ടു..ബോബനും മോളി പോലെ ഓര്‍ത്തോര്‍ത്തു ചിരിക്കാനായി ഇലാമ മരം മാത്രം എന്റെ മനസ്സില്‍ അവശ്ശേക്ഷിച്ചു...

Monday, August 13, 2007

ബാംഗ്ലൂര്‍ ടൈംസ് - 5 (മീറ്റ് വിശേഷങ്ങള്‍)

സീന്‍ 1
മഡിവാള കല്ലട ട്രാവത്സ് ഓഫീസ്..ഏകദേശം നാലുമണിക്കൂറോളം വൈകി 10:40 ഓടെ കുറുമാനും സംഘവും അടങ്ങിയ കല്ലട വോള്‍വോ ബെര്‍ളിത്തരങ്ങളിലെ കഥാപത്രമായ ഫ്ലൈറ്റിനെ അനുസ്മരിപ്പിക്കും വിധം എത്തിച്ചേര്‍ന്നൂ..
കുമാറേട്ടന്‍,പച്ചാളം,ഇക്കാസ്,കലേഷേട്ടന്‍ തുടങ്ങിയ ബ്ലോഗ് പുലികള്‍ക്ക് ശേഷം പശ്ചാത്തലത്തില്‍ മുഴങ്ങിക്കേട്ട കയ്യടികള്‍ക്ക് മറുമൊഴിയായി കുറുമാന്‍ മാര്‍ക് വിസില്‍ മുഴക്കി കഥാകാരന്‍ ബാംഗ്ലൂര്‍ മണ്ണില്‍ കാലുകുത്തി..

ശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ രാജേഷ് .കെപി.ഒരുക്കിയ താമസസ്ഥലത്തേക്ക്...

സീന്‍ 2

ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും അകലെ..ഹൂഡി ഗേറ്റിനുമപ്പുറം കൃഷ്ണാ ഫാമില്‍ സൌത്തിന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ബ്ലോഗ്ഗേര്‍സ് അണി നിരന്നിരിക്കുന്നു..

മിന്നുന്ന കാമറാഫ്ലാഷുകള്‍ക്കിടയിലൂടേ ബ്ലോ:ബെന്നിയുടെ കയ്യില്‍ നിന്നും കുറുമാന്‍ ഒപ്പിടാത്ത ഒരു കോപ്പി ഏറ്റു വാങ്ങി കൊച്ചുത്രേസ്യ ‘യൂറോപ് സ്വപ്നങ്ങള്‍‘ പ്രകാശനം ചെയ്തു..

തുടര്‍ന്നു നടന്ന ചര്‍ച്ചകള്‍ക്കും,വീഡിയോ പ്രദശനത്തിനും,പുസ്തകവിതരണത്തിനും,ഗാനമേളകള്‍ക്കും ശേഷം..അതിഗംഭീരമായ ഡിന്നറോടേ മീറ്റ് അവസാനിപ്പിച്ച് ബ്ലോഗ് പുലികള്‍ തങ്ങളുടേ മടകളിലേക്ക് മടക്കയാത്ര ആരംഭിച്ചു...

കൂടുതല്‍ വിശേഷങ്ങളുമായി അടുത്ത ബാംഗ്ലൂര്‍ ടൈംസ് ഉടന്‍...

ബാംഗ്ലൂര്‍ മീറ്റ് ദൃശ്യങ്ങള്‍ ഇവിടെ..

Monday, August 6, 2007

മുംഗാരു മളയേ..(മണ്‍സൂണ്‍ മഴ) - ബാംഗ്ലൂര്‍ ടൈംസ് 4

പുറത്തു ശക്തിയായി മഴപെയ്യുന്നുണ്ടായിരുന്നൂ..അടിവസ്ത്രങ്ങള്‍ വിരിച്ചിട്ട ജനലഴികളില്‍ പറ്റിചേര്‍ന്നു‌ കിടക്കുന്ന വലിയതുളകള്‍ നിറഞ്ഞ കൊതുകുവലകള്‍ക്കിടയിലൂടെ മിന്നലുകള്‍ ചുവരുകളില്‍ വെളിച്ചം തെറിപ്പിച്ച്‌ മുറിയില്‍ കുറച്ച്‌ നേരം തങ്ങിക്കിടന്നു... പിന്നാലെ ദിക്ക്‌ വിറപ്പിച്ചുള്ള ഇടിമുഴക്കവും.

കൂട്ടിയിട്ടിരിക്കുന്ന കുപ്പായക്കൂമ്പാരങ്ങള്‍ മുറിയാകെ വീര്‍പ്പുമുട്ടിക്കുന്നുണ്ട്‌. മൊബൈലില്‍ നിന്നും എഫ്‌.എം റേഡിയോ ജനപ്രിയ കന്നടഗാനം പൊഴിക്കുന്നു..

“മുംഗാരു മളയേ...ഏനു നിന്ന ഹനിഗള ലീലേ..”
“നിന്ന മുകില സാലേ...”

വായിച്ച്‌ കൊണ്ടിരിക്കുന്ന പൗലോ കോയ്‌ലയുടെ ബെസ്റ്റ്‌സെല്ലര്‍ 'ദി വിച്ച്‌ ഒഫ്‌ പോര്‍റ്റൊബെല്ലോ' യില്‍ നിന്നും അടയാളപ്പെടുത്തിയ താളുകളെ മറച്ച്‌ കളഞ്ഞു മാറാലകള്‍ നിറഞ്ഞ ഫാനിന്റെ ഇതളുകള്‍ക്കിടയിലൂടെ ഉറക്കം കണ്ണിലേക്ക്‌ തറഞ്ഞുകയറി..

എത്ര നേരം ഉറങ്ങി എന്നറിയില്ല മഴയും, ഫാനും വേഗതകൂടി തിമര്‍ക്കുന്നൂ..

ഡോര്‍ബെല്ലിന്റെ അലോസരപ്പെടുത്തുന്ന ശബ്ദം കേട്ടാണുണര്‍ന്നെത്‌..അസമയത്തുള്ള ഉറക്കമാണെങ്കില്‍ കൂടിയും, മുറിച്ചു തുണ്ടമാക്കപ്പെട്ട സ്വപ്നങ്ങള്‍ കൂടിച്ചേരുന്നതിനു മുന്‍പെ നഷ്ടപ്പെട്ട്‌ പോയതിന്റെ വിഷമത്തോടെ വാതില്‍ തുറന്നു..

അവനാണു...., ഈയടുത്തായി ഇതവന്റെ പതിവാണു..എന്നും വൈകുന്നേരം പൂവുമായി വരും..

അവന്റെ പ്ലാസ്റ്റിക്‌ ബേസിനില്‍ ശേഷിച്ച രണ്ട്‌ മുഴം മാല ഇവിടെ തന്നവന്‍ തിരിച്ച്‌ പോകും. കയ്യില്‍ തടയുന്ന പത്തു രൂപ നോട്‌ കൊടുത്ത്‌ രണ്ട്‌ മുഴം മാലയും വാങ്ങി എന്തു ചെയ്യണം എന്നറിയാതെ അകത്തേക്ക്‌ പോവുന്നതും ഇപ്പോള്‍ പതിവായിരിക്കുന്നു.മുറിയില്‍ പൂവിട്ട്‌ പൂജിക്കാന്‍ ദൈവങ്ങളുടെ ചിത്രങ്ങളില്ല, മുടിയില്‍ ചൂടിക്കൊടുത്ത്‌ മുടിപ്പൂവിന്റെയും, മുടിയിഴയുടെയും സുഗന്ധം ആസ്വദിച്ച്‌ കെട്ടിപ്പിടിച്ച്‌ കിടന്നുറങ്ങാനാണെങ്കില്‍ കൂടെ ഭാര്യയും ഇല്ല...

അവിവാഹിതനും, ഈശ്വരവിശ്വാസിയല്ലാത്തവനുമായ ഒരുവനു പൂവില്‍ക്കാന്‍ വരുന്നവനോടുള്ള സ്വാഭാവികമായ അരിശം തുടക്കത്തില്‍ അവനോട്‌ തോന്നിയിരുന്നു..അത്‌ പിന്നെ അനുകമ്പയായി, ഒരു ഔദാര്യത്തിനു വേണ്ടി പൂ വാങ്ങിത്തുടങ്ങി. മുറിയില്‍ ഇരുള്‍ വീണ ഒരു കോണില്‍ ആണിയടിച്ച്‌ തൂക്കിയിരിക്കുന്ന കണ്ണാടിയില്‍ ചാര്‍ത്തിയിടും..പിന്നെ, സ്വയം പ്രതിബിംബങ്ങളെ നോക്കി രസിക്കും.

"സാര്‍ ഇന്നേക്ക്‌ മൂന്നു മുഴം ബാലന്‍സിരുക്ക്‌ നീങ്ക ഒരു ഫിഫ്റ്റീന്‍ റുപ്പീസ്‌ കൊടുങ്കോ.." അവന്‍ പറഞ്ഞു.

"എനിക്കു പൂവേ വേണ്ട..നീ വേറെയാര്‍ക്കെങ്കിലും കൊടുക്ക്‌.."

ഈ പരിപാടി ഇന്നത്തോടേ നിര്‍ത്തിയേക്കാം, മനസ്സിലോര്‍ത്തു കൊണ്ട്‌ ഞാന്‍ പറഞ്ഞു..

"സാര്‍ പ്ലീസ്‌ സാര്‍..അപ്പടിയെല്ലാമെ പേസാത്‌..നീങ്ക മൂന്നുമുഴം വാങ്ങുങ്കോ.."

"അതൊന്നും വേണ്ട..എനിക്കിതാവിശ്യമില്ല.. "

"പ്ലീസ്‌ സാര്‍.."അവന്റെ കണ്ണുകളിലെ ദൈന്യത ..എന്റെ സെന്റിമെന്റ്സ്‌ അവന്‍ ചൂഷണം ചെയ്യുകയാണോ എന്നു തോന്നിപ്പോവുന്നു...

മഴ നനഞ്ഞതുകൊണ്ടാവണം, മൊട്ടയടിച്ച, കുറ്റിമുടികള്‍ വളര്‍ന്നു വരുന്ന അവന്റെ തലയിലൂടെ ഒഴുകിയിറങ്ങിയ മഴവെള്ളപ്പാച്ചിലില്‍ നെറ്റിയില്‍ നിറഞ്ഞു കിടക്കുന്ന ഭസ്മക്കൂട്ടം കൂതിര്‍ന്നു മുഖമാകെ പടര്‍ന്നിട്ടുണ്ട്‌..

"ഇന്തു മളൈ ജാസ്തി .." അവന്‍ സ്വയം പറഞ്ഞു..ആദ്യം വരുമ്പോള്‍ കന്നടമാത്രം സംസാരിച്ചിരുന്നുള്ളു അവന്‍. ഇപ്പോ എല്ലാ ഭാഷകളും കൂട്ടിക്കുഴച്ച്‌ സംസാരിക്കും.

പലതവണ, പലയിടങ്ങളിലായി ഇവനെ കാണാറുണ്ട്‌..പത്രം വില്‍ക്കുന്നവനായി, ബസ്സുകള്‍ തുടച്ച്‌ വൃത്തിയാക്കി ഗണേശചിത്രങ്ങളില്‍ മാലചാര്‍ത്തികൊടുക്കുന്നവനായി, ഇടത്തരം റെസ്റ്റോറണ്ടുകളില്‍ എച്ചില്‍ പാത്രം പെറുക്കി തീന്‍ മേശകളിലെ എല്ലിന്‍ കഷ്ണങ്ങളെ തുടച്ച്‌ മാറ്റുന്നവനായി..മൂത്രം മണക്കുന്ന വഴിയ്യൊരങ്ങളില്‍ വേശ്യകള്‍ നിറയുന്ന സന്ധ്യാനേരങ്ങളില്‍ കടല വറുത്ത്‌ വില്‍ക്കുന്നവനായി..അങ്ങിനെ പല പല വേഷങ്ങളില്‍...

അവന്‍ മൂന്നു മുഴം മാല മുറിച്ച്‌ നല്‍കി..കൊടുത്ത കാശും വാങ്ങി സൂചിത്തുള വീണു അരിപ്പപോലായ കുട നിവര്‍ത്തി, കൊതുക്‌ കൂത്താടികള്‍ പെറ്റുപെരുകിയ, മഴവെള്ളവും അഴുക്കുവെള്ളവും ഇണചേര്‍ന്നിരിക്കുന്ന വെള്ളക്കെട്ടുകളില്‍ കാലെറിഞ്ഞു നടന്നു നീങ്ങി..

അകത്ത്‌, മുറിയിലേക്ക്‌ മിന്നലിന്റെ കടക്കണ്ണിലൂടെ മഴച്ചീളുകള്‍ നുഴഞ്ഞു കയറുന്നുണ്ടായിരുന്നു....

(....മുന്‍പ് 'വിടരുന്ന മൊട്ടുകളില്‍' പ്രസിദ്ധീകരിച്ച കഥ...)

Monday, July 30, 2007

പറഞ്ഞു കേട്ട കഥ

"നിന്റെ അപ്പനെങ്ങിനാ മരിച്ചത്‌"

വാഴയില ചീന്തിലേക്ക്‌ വീട്ടില്‍ നിന്നും പൊതിഞ്ഞു കെട്ടിക്കൊണ്ടു വന്ന കപ്പയും ബീഫ്‌ ഉലത്തിയതു പകര്‍ന്നുകൊണ്ട്‌ അവന്‍ ചോദിച്ചു..വേനല്‍ക്കാല സൂര്യന്‍ കശുമാവിന്‍ തലപ്പുകള്‍ക്കിടയിലൂടെ, ചുവന്നുതുടുത്ത കശുമാമ്പഴത്തെ തഴുകി മണ്ണിലേക്കിറ്റു വീഴുന്നുണ്ടായിരുന്നൂ..

നല്ല കരിമ്പാറപ്പുറത്തു പതിനേഴു ദിവസം ഉച്ചവെയില്‍ കൊള്ളിച്ചുണക്കിയെടുത്ത വാട്ടുകപ്പ പുഴുങ്ങി, തേങ്ങയും,ഉള്ളിയും,കാന്താരിമുളകും,വെളുത്തുള്ളിയും ചേര്‍ത്തരച്ചു ചേര്‍ത്ത്‌ കുഴചെടുത്ത പുഴുക്ക്‌ കൊതിയോടെ നോക്കി അവന്‍ പറഞ്ഞു..

"അതൊരു വലിയ കഥയാണളിയാ.."

ഇരിഞ്ഞിട്ട കശുമാമ്പഴങ്ങളില്‍ വച്ച കാലു വഴുതിപോവാതെ എടുത്തു ചമ്രം പടിഞ്ഞിരുന്നു അവന്‍ ഉത്സാഹം കൂട്ടി..

"നീ പറ.."

"അപ്പന്‍ ഒരു ദിവസം ഷാപ്പീന്ന്‌ അന്തിക്കള്ളും അടിച്ച്‌ നമ്മടെ കണക്കന്‍ മല കയറി വരു‍വായിരുന്നൂ.."

ചതച്ച വെളുത്തുള്ളിയും, ഇറച്ചിമസാലയും,നെയ്യില്‍ മൂപ്പിച്ച തേങ്ങാകൊത്തും ചേര്‍ത്തു ഉലത്തിയെടുത്ത ബീഫ്‌ കറിയില്‍ നിന്നും സാമാന്യം വലിയ കഷ്ണം ഒരു നുള്ളു പുഴുക്കിന്റെ അകമ്പടിയോടെ വായിലേക്കിട്ട്‌ രണ്ടാമന്‍ ചോദിച്ചു..

"എന്നിട്ട്‌??"

"നിനക്കറിയാലോ നല്ല കുത്തനെ ഉള്ള കേറ്റമല്ലയോ അത്‌..അപ്പനങ്ങിനെ കുറേ പാട്ടൊക്കെ പാടി, നാട്ടുവെളിച്ചത്തിന്റെ തിരി നിലാവെളിച്ചം കട്ടെടുക്കുന്നതു നോക്കി കയറ്റം കയറി മുന്നോട്ടു വരുമ്പോ..അതാ തൊട്ടു മുന്നില്‍ ഒരു ഉഗ്രന്‍ ഘടഘടിയന്‍ കാട്ടു പന്നി..."

ഭാവാഭിനയതോടേയും,കൈകാല്‍ കലാശങ്ങളോടെയും കൂടി അവന്‍ വിവരണം തുടര്‍ന്നു..തന്റെ മുന്നിലെ ഇലച്ചീന്തിലെ പുഴുക്കിനെ ഗൗനിക്കാതെ..

"എന്നാ പറയാനാ..ആ പന്നി അപ്പനെ തേറ്റക്കു കുത്താന്‍ വന്നൂ..അപ്പന്‍ ഓടി..റബ്ബര്‍ തോട്ടം മുറിച്ചു കടാന്നു..വളക്കുഴികള്‍ ചാടിക്കടന്ന്‌.."

വായില്‍ നിറച്ചു വച്ചിരിക്കുന്ന പുഴുക്കുരുള ഒരിറുക്ക്‌ വെള്ളം കുടിച്ചിതുക്കി രണ്ടാമന്‍ അക്ഷമനായി ചോദിച്ചു

"എന്നിട്ട്‌ ???"

"എന്നിട്ടെന്നാ, അടുത്തെങ്ങും റബറല്ലാതെ വേറേ മരമൊന്നുമില്ലല്ലോ..അപ്പനോടി..പന്നി പുറകേയും..ഓടി ഓടി ഒടുക്കം ഒരു കൊച്ചു പ്ലാവിന്‍ തൈ.."

ശേഷിച്ച പുഴുക്കിന്‍ കൂനയില്‍ നിന്നും കുറേക്കൂടി വാരി തന്റെ ഇലച്ചീന്തിലേക്കിട്ട്‌ രണ്ടാമന്‍ വീണ്ടും ചോദിച്ചു..

"എന്നിട്ട്‌???"

"കഷ്ടകാലം എന്നാല്ലാതെ എന്തു പറയാനാ..നല്ല ഊരുള്ള പന്നിയല്ലെ..അതു വന്നു പ്ലാന്തൈക്കിട്ടു കുത്തോടു കുത്തു..അപ്പന്‍ മുറുക്കെ പിടിച്ചിരുന്നു..ഒടുക്കം പിടുത്തം വിട്ട്‌ നടുതല്ലി നിലത്തു വീണൂ..അങ്ങിനാ അപ്പന്‍ മരിച്ചെ.."

ശേഷിച്ച ഒരു നുള്ളു പുഴുക്കു മാത്രം കണ്ട്‌ നെടുവീര്‍പ്പിട്ട്‌ ഒന്നാമന്‍ ചോദിച്ചു..

"അല്ല..നിന്റെ അപ്പനും ഇങ്ങിനെ തന്നെയല്ലെ മരിച്ചത്‌..??? "

"അതെ..എന്നാ പറയാനാ..അപ്പനെ ഒരു പന്നി ഓടിച്ചു..അപ്പന്‍ ഓടിച്ചെന്നു ഒരു മരത്തേക്കേറി..മരത്തേന്നു പിടിവിട്ടു താഴെ വീണു..അപ്പന്‍ അതോടെ ക്ലോസ്‌.."

അവസാന പിടിപ്പുഴുക്കും ബീഫും വായിലേക്കിട്ട്‌ രണ്ടാമന്‍ ഇലമടക്കി ദൂരേക്കെറിഞ്ഞു..രുചി നോക്കാന്‍ ഒരു നുള്ളു ഭക്ഷണം പോലും കിട്ടാത്ത ഒന്നാമന്‍ അതു നോക്കി നെടുവീര്‍പ്പിട്ടു...

(പണ്ട്‌..പണ്ടെന്നു വച്ചാല്‍ വളരെപ്പണ്ട്‌ ആരോ പറഞ്ഞു തന്ന ഒരു കഥ..കുറച്ച്‌ പൊടിപ്പും തൊങ്ങലും ചേര്‍ത്ത്‌ കുറിച്ചു വെക്കുന്നു ഇവിടെ...)

(സമര്‍പ്പണം : കറുത്ത മുഖാവരണമിട്ട മരണം പടയാളിയുമായി ചതുരംഗം കളിച്ചു!!!!!..സെവന്‍‌ത് സീല്‍ എന്ന മനോഹരമായ ചലച്ചിത്രം ഒരുക്കിയ ഇങ്മാര്‍ ബര്‍ഗ്മാന്...)

Friday, July 20, 2007

സത്യപാലന്റെ ധര്‍മ്മസങ്കടങ്ങള്‍ - ( ബ്ലോഗേട്‌ 1)

പ്രിയരെ,ബാംഗ്ലൂര്‍ ടൈംസ്‌ എന്നപേരില്‍ രണ്ട്‌ ഭാഗങ്ങളിലായി എഴുതിവന്നിരുന്ന പരമ്പര ഇനി മുതല്‍ സത്യപാലന്‍ എന്ന കഥാപാത്രത്തിന്റെ കാഴ്ച്ചകളിലൂടെ ആയിരിക്കും അവതരിക്കപ്പെടുന്നത്‌....

തുടങ്ങും മുന്‍പ്‌ സത്യപാലനെക്കുറിച്ച്‌ -

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ മനസ്സില്‍പ്പൊട്ടിമുളച്ച ഒരു കഥാപാത്രമാണ്‌ സത്യപാലന്‍..അന്ന്‌ ഒരു സ്വാശ്രയകോളേജ്‌ വിദ്യാര്‍ത്ഥിയായിട്ടായിരുന്നു അവതരിച്ചത്‌..ഗവണ്‍മന്റ്‌ നിയന്ത്രണത്തിലുള്ള ഒരു സ്വാശ്രയ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി..കൂടപ്പിറപ്പായ സോഡാക്കുപ്പിക്കണ്ണടയും,സഭാകമ്പവും,നാലു പെണ്‍കുട്ടികള്‍ ഒരുമിച്ചു വന്നു സംസാരിച്ചാല്‍ ചൂളിപ്പോവുന്നത്ര നിഷ്കളങ്കനും ലജ്ജാലുവുമായ സത്യപാലന്‍..കൂട്ടുകാര്‍ക്കിടയില്‍ ‘അന്തംകമ്മി‘(മലപ്പുറം സ്ലാങ്ങ്‌) എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്നു എന്നത്‌ പരസ്യമായ ഒരു രഹസ്യം മാത്രം..സ്വാശ്രയ കോളെജിന്റെ യൂണിഫോം ചട്ടകൂടില്‍ ഒതുങ്ങിക്കൂടി മുന്‍സീറ്റില്‍ തന്നെ ഇരിപ്പുറപ്പിക്കുന്ന സത്യപാലന്‍ പക്ഷെ പഠനത്തില്‍ എപ്പോളും ആവറേജ്‌ മാത്രം...

കൂടുതല്‍ വലിച്ചു നീട്ടുന്നില്ല..സത്യപാലന്റെ ധര്‍മ്മസങ്കടങ്ങള്‍ ഇവിടെത്തുടങ്ങുന്നു...
സത്യപാലന്റെ ഇന്‍ഡ്രൊഡക്ഷന്‍ സീന്‍...

രംഗം 1
-------

പൊടി നിറഞ്ഞു കിടക്കുന്ന ഗട്ടറുകളിലൊന്നില്‍ നിന്നും ചക്രങ്ങള്‍ അടുത്ത ഗട്ടറിലേക്ക്‌ ചാടിച്ചുകൊണ്ട്‌ പൊടിയുയര്‍ത്തി ഒരു കാര്‍ പാഞ്ഞു പോയി..ബാംഗ്ലൂര്‍ നഗരത്തിലെ ഒരു ഹൗസിംഗ്‌ കോളനിയിലേക്കു നീണ്ടുകിടക്കുന്ന ആ റോഡിന്റെ ഇരു വശങ്ങളിലും ഗുല്‍മോഹര്‍ മരങ്ങള്‍ ചുവപ്പു പൂക്കള്‍ വിരിയിച്ച്‌ നില്‍ക്കുന്നുണ്ട്‌..തണലും,ഇലക്കിടയിലൂടെ പൊടിഞ്ഞു വീഴുന്ന പ്രഭാതത്തിലെ ഇളംവെയിലും കീറിമുറിച്ച്‌ അവന്‍ നടന്നു..അവന്‍ സത്യപാലന്‍...

ഫുള്‍സ്ലീവ്‌ കോട്ടണ്‍ഷര്‍ട്ട്‌ ബ്രാന്‍ഡെഡ്‌ കോട്ടണ്‍പാന്റ്‌സിന്റെ ഉള്ളില്‍ത്തിരുകി, ഓഫീസ്‌ നിയമാവലികളില്‍ പെടുന്നില്ലെങ്കില്‍ പോലും പതിവുപോലെ ടൈകെട്ടി..കോളേജ്‌ പഠനകാലത്തേപോലെ തന്നെ വലിയൊരു ബാഗ്‌ പുറത്ത്‌ തൂക്കിയാണ്‌ ടിയാന്‍ നടന്നു വരുന്നത്‌...

ദൂരേ, പണിതുകൊണ്ടിരിക്കുന്ന പുത്തന്‍ ഷോപ്പിംഗ്‌ മാള്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റിലേക്ക്‌ ദിവസക്കൂലിക്കാരായ ഗ്രാമീണര്‍ പണിസാമാനങ്ങളുമായി പോവുന്നു..ചെമ്പന്‍ മുടിയും, പാന്‍പരാഗ്‌ നിറഞ്ഞു തുളുമ്പുന്ന കവിള്‍ത്തടങ്ങളുമായ്‌ കുറേപ്പേര്‍...

തൊട്ടടുത്ത പോലീസ്‌ ക്യാമ്പില്‍ നിന്നും,പ്രഭാതവ്യായാമങ്ങള്‍ക്കായി പോലീസുകാര്‍ കൂട്ടം കൂട്ടമായി ഇറങ്ങിവരുന്നുണ്ട്‌..ഇറുകിയ, കഴുത്തിറക്കി വെട്ടിയ മുറിക്കയ്യന്‍ ബനിയന്‍ പൊടിപുരണ്ടിരിക്കുന്നു..പ്ലാവില്‍ ചക്ക തൂങ്ങിക്കിടക്കുന്നതുപോലെ വ്യായാമമുറകള്‍ക്കു വഴങ്ങിക്കൊടുക്കാത്ത കുടവയര്‍..മുട്ടോളമെത്തുന്ന കാക്കി ട്രസര്‍...

പശ്ചാത്തലത്തില്‍ ദൂരെ നിന്നും നായകള്‍ കുരക്കുന്ന ശബ്ദം കേള്‍ക്കാം..അത്‌ പതുക്കെ പതുക്കെ അടുത്തേക്ക്‌ വരുന്നു...ഒരു കൂട്ടം നായകള്‍ കുരച്ചു വരുന്ന ശബ്ദം...പോലീസ്‌ക്യാമ്പിലെ കുടുംബങ്ങള്‍ താമസ്സിക്കുന്ന മങ്ങിയ മഞ്ഞച്ചായം പൂശിയ ക്വാട്ടേര്‍സുകളുടെ വീതികുറഞ്ഞ മുറ്റങ്ങള്‍ക്കിടയിലെ റോസ്‌ ചെടികള്‍ക്കും ഉണങ്ങിയ ചീരത്തൈകള്‍ക്കുമിടയിലൂടെ നായകള്‍ പൊടിപാറുന്ന നിരത്തിലേക്ക്‌ കൂട്ടമായി വരുന്നുത്‌ കാണാം..അവന്റെ കാലുകള്‍ക്ക്‌ വേഗം കൂടി...നായകളെ അവനു വലിയ പേടിയാണെന്നു തോന്നുന്നു...( ദിനംപ്രതി പത്രവാര്‍ത്തകളില്‍ നിറയുന്ന നായകളുടെ ആക്രമണവാര്‍ത്തകള്‍ അവന്റെ മനസ്സിലൂടെ പാഞ്ഞു പോയിക്കാണണം...)

cut to:

നായക്കൂട്ടം നിരത്തും മുറിച്ചുകടന്ന കുറ്റിക്കാടുകളിലേക്ക്‌ പായുന്നു..അവന്‍ ശ്രദ്ധിച്ചു..മൂത്രമൊഴിച്ച്‌ അതിരു തിരിച്ചിരിക്കുന്ന അവരുടേതായ സാമ്രാജ്യത്തില്‍ കടന്നു കയറിയ ഏതെങ്കിലും അന്യതെരുവുകാരനായ നായയെ വേട്ടയാടുന്നതാവാം....

ഒരു കൂട്ടം നായകള്‍ ചേര്‍ന്ന് മറ്റൊരു നായയെ ഓടിക്കുന്നു...ഓടിയോടിത്തളര്‍ന്ന ആ മൃഗം മതിലിനോട്‌ ചേര്‍ന്ന് കീഴടങ്ങിയ പോലെ കാലുകള്‍ക്കിടയില്‍ വാലുവളച്ച്‌ വെച്ച്‌ വിധേയത്വം കാണിച്ചു നിന്നു..വേട്ടയാടിയെത്തിയ നായക്കൂട്ടം മണം പിടിച്ച്‌ ഇരയുടെ അടുത്തെത്തി...കൂട്ടത്തില്‍ നേതാവെന്നു തോന്നിപ്പിക്കുന്ന നായ ഇരയോട്‌ മതിലിനോട്‌ ചേര്‍ന്നു നില്‍ക്കാന്‍ ആഞ്ജ്ജാപിച്ചു..നായമൂപ്പന്റെ ശിങ്കടികളിലൊരുവന്‍ മുരണ്ട്‌ ഭീഷണി സ്വരം പുറത്തേക്കയച്ചു..പിന്നെ അവിടെ കാണുന്ന കാഴ്ച്ചകള്‍ നീലച്ചിത്ര സി.ഡികളെപ്പോലും ലജ്ജിപ്പിക്കുന്നതാണ്‌...നായക്കൂട്ടങ്ങളുടെ കൂട്ടബലാത്സംഗം...

അവന്‍ അതു നോക്കിനില്‍ക്കാതെ നടന്നകലുന്നു....

രംഗം - 2
--------

തിരക്കേറിയ റോഡിലൂടെ വാഹനങ്ങള്‍ പായുന്നു...പലനിറത്തിലുള്ള ബി.എം.ടി.സി ബസ്സുകള്‍ ആളുകളെ കുത്തിനിറച്ചോടുന്നുണ്ട്‌...തിരക്കുപിടിച്ച ബസ്സുകളില്‍ കയറാനുള്ള മടികാരണം ആയിരിക്കണം അവന്‍ പിന്മാറി നില്‍ക്കുന്നു..

ഇടക്കിടെ സ്റ്റോപ്പുകളില്‍ നിന്നു മാറി ഐ.ടി കമ്പനികളിലേക്ക്‌ ജീവനക്കാരുമായിപ്പോവുന്ന വാഹനങ്ങള്‍ വന്നു നിര്‍ത്തുന്നു പോവുന്നു...തൊട്ടരുകില്‍ ഒരു മരത്തിന്റെ ചുവട്ടില്‍ കൂട്ടിയിരിക്കുന്ന ചപ്പുചവറുകള്‍ക്കിടയില്‍..ഒരു കാക്ക പ്രാവിന്റെ ജഢം കൊത്തിവലിക്കുന്നു...പ്രാവിന്റെ ഒടിഞ്ഞ കഴുത്തില്‍ നിന്നും ഒഴുകികല്ലിച്ച ചോരപ്പാടുകളില്‍ കൊത്തിപ്പറിക്കുന്ന കാക്ക...

രംഗം - 3
--------

ബാംഗ്ലൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു ഷോപ്പിംഗ്‌ മാള്‍...സ്വയം തുറന്നു തരുന്ന വാതിലുകള്‍ മുറിച്ചുകടന്ന് ആള്‍ക്കൂട്ടത്തിലൂടെ നുഴഞ്ഞുകയറി..ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞില്ലാതായി അവന്‍ ചുറ്റിനടക്കുന്നു..കറുത്ത മനുഷ്യരൂപങ്ങളെ പുത്തനുടുപ്പുകളിടുവിച്ച്‌ ചില്ലുക്കൂടുകള്‍ക്കു പിന്നില്‍ നിറുത്തിയിരിക്കുന്നു..സ്വയം നീങ്ങുന്ന കോണിപ്പടികളില്‍ കൈകോര്‍ത്തുപിടിച്ച്‌ നീങ്ങുന്ന മിഥുനങ്ങളെ നോക്കിനില്‍ക്കുന്നു അവന്‍...

Tuesday, July 17, 2007

ബാംഗ്ലൂര്‍ ടൈംസ്‌ - 2

രംഗം -1
-------------
[ഫ്ലാഷ്ബാക്‌]

മൂന്നു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു ഞായറാഴ്ച്ച..സ്ഥലം കോട്ടയം മാര്‍കറ്റ്‌ കവല..അതിരമ്പുഴയിലെ കാമ്പസില്‍ നിന്നും ചെറിയാന്‍ ബസില്‍ വന്നിറങ്ങി ബേക്കര്‍ ജംഗ്ഷന്‍ ലക്ഷ്യമാക്കി നടന്നു നീങ്ങുന്ന ഞാനും എന്റെ സുഹൃത്ത്‌ നസീബും...

സമയം ഏകദേശം ഉച്ചകഴിഞ്ഞിരിക്കുന്നു..

പതിവുപോലെ വിശപ്പ്‌ തന്റെ ആര്‍ത്തി വിളിച്ച്‌ കൂവി എന്റെ ക്ഷമയെ പരീക്ഷിച്ചു തുടങ്ങിയിരിക്കുന്നു..

കാലുകളും മനസ്സും ഒരുമിച്ച്‌ തീരുമാനിച്ചുറപ്പിച്ചിട്ടെന്നവണ്ണം വേഗം കൂട്ടി കോട്ടയം ബോട്ട്‌ഹൗസ്‌ എന്ന റസ്റ്റോറണ്ട്‌ ലക്ഷ്യമാക്കി ഓടി...അവിടെ നിന്നും കപ്പയും കരിമീനും കഴിക്കാനുള്ള ഓട്ടമാണു..അതിനു ശേഷം രുക്‍മ ബസ്സില്‍ ബാംഗ്ലൂരിലേക്ക്‌ വരുവാനുള്ളതാണു...

ആദ്യമായി ഒരു ജോലി കിട്ടിയതിന്റെ ആഹ്ലാദത്തിലായിരുന്ന എന്നെ മുടിപ്പിക്കുക എന്ന ഒരേയൊരു ഉദ്ദേശത്തിലാണു നെസി എന്റെ കൂടെ കൂടിയത്‌..ഞായറാഴ്ച ആയതിനാല്‍ തീരെ ജനങ്ങളില്ല..

എം.ജി റോഡിലേയും, ലാല്‍ബാഗിലേയും മറ്റു വിശേഷങ്ങള്‍ പറഞ്ഞു അടച്ചിട്ട കടകള്‍ക്കുമുന്‍പിലൂടെ നടന്ന ഞങ്ങളെ ബ്ലോഗര്‍ ട്രേഡ്‌മാര്‍ക്കായ കുറു-തമനു താടിവച്ച ഒരാള്‍ തടഞ്ഞു നിര്‍ത്തി..

രംഗം - 2
------

കോട്ടയം ജോസ്കോ ജ്വല്ലേര്‍സ്‌..അടഞ്ഞു കിടക്കുന്ന ഷട്ടറുകള്‍ക്കു മുന്നില്‍ അയാളിരുന്നു...കുറുമാന്‍ സ്റ്റൈല്‍ താടിയില്‍ രോമങ്ങള്‍ വെളുപ്പണിഞ്ഞിട്ടുണ്ട്‌...മുഷിഞ്ഞ ലുങ്കിയും ഷര്‍ട്ടുമാണു വേഷം..

എന്നോട്‌ മുന്നിലിരിക്കാന്‍ പറഞ്ഞു...ഞാന്‍ ഇരുന്നു..

ഹനുമാന്റെ പടം ഒട്ടിച്ച ഒരു ബുക്‌ അയാള്‍ തുറന്നു...

"ദൂരെ യാത്രക്ക്‌ പോവുകയാണല്ലെ" - അയാള്‍ ചോദിച്ചു..
കയ്യില്‍ ഉണ്ടായിരുന്ന വലിയ ബാഗില്‍ പിടിമുറുക്കിക്കൊണ്ട്‌ ഞാന്‍ പറഞ്ഞു
" അതെ.."--
"ജോലി സംബന്ധമായ കാര്യത്തിനാരിക്കും യാത്ര..അല്ലെ"--
"അതെ"
"ഉം...."

(അയാളുടെ കണ്ണുകള്‍ പുസ്തകത്തിന്റെ താളുകളിലൂടെ നീങ്ങുമ്പോഴാണു ഞാനത്‌ ശ്രദ്ധിച്ചത്‌..അയാളില്‍ നിന്നും ഉയരുന്നത്‌ പാക്കറ്റ്‌ ചാരായത്തിന്റെ മണമല്ലെ...)

"വിശ്വാസമുണ്ടെങ്കില്‍ ഞാനൊരു കാര്യം പറയാം...എന്റെ പേരു ഇലഞ്ഞി വിജയന്‍..ഇലഞ്ഞി സ്ഥലം അറിയുമോ ???..അവിടാണെന്റെ വീട്‌...ഞങ്ങള്‍ അപ്പനപ്പൂപ്പന്മാരായി വലിയ ജ്യോത്സ്യമറിയുന്നവരാ...ഞാന്‍ നല്ല ഒന്നാന്തരം നായരാ..കുടു:ബപരമായി ജ്യോത്സ്യക്കാരാ എല്ലാരും.."

എന്റെ മൂളലുകള്‍ക്കിടയിലൂടെ അയാള്‍ തുടര്‍ന്നു...

"വല്യ വല്യ പണച്ചാക്കുകള്‍ വരെ എന്റടൂത്തൂന്ന് കൈ നോക്കി ഫലം അറിഞ്ഞിട്ടുണ്ട്‌..."

പിന്നെ രഹസ്യം പറയാനെന്നവണ്ണം ആഞ്ഞു അയാള്‍ മദ്യത്തിന്റെ രൂക്ഷഗന്ധം മിക്സ്‌ ചെയ്തു പറഞ്ഞു..

"ഈ കോട്ടയം ടൗണിലെ വല്യ ബിസിനസ്‌ കാരൊക്കെ എന്റെ വാക്കുകേട്ടിട്ടെ കച്ചോടം തുടങ്ങൂ...അയ്യപ്പാസ്‌ കാര്‍, ശീമാട്ടി..ജൊസ്കോ തുടങ്ങി എല്ലാരും...ചില മുയ്‌ലാളിമാര്‍ക്കെന്നെ പേടിയാ..എന്നാന്നറിയുമോ...ആ ചത്തു പോയ സിസ്റ്ററില്ല്യോ അഭയ്‌..ആ കന്യാസ്ത്രീ മരിച്ചതെങ്ങിനാന്നെനിക്കറിയാം...ഇവിടത്തെ ചില വലിയ വീട്ടിലെ പിള്ളേരു ----"

അയാള്‍ മുഴുമിപ്പിച്ചില്ല..വിഷയം മാറ്റാനെന്നവണ്ണം അയാള്‍ തുടര്‍ന്നു..

"എന്താ നാള്‍..നക്ഷത്രം..???"
ഞാന്‍ പറഞ്ഞു...

"കുറെ ശത്രുക്കളുണ്ടാവും.."

ശരിയാണു പാകിസ്താനും ചൈനയും എന്റെ ശത്രുക്കളാണാല്ലോ..പോരാത്തതിനു അമേരിക്ക വന്‍ പടയുമായി എന്റെ വീടിനു മുന്നില്‍ തമ്പടിച്ചിട്ടുമുണ്ട്‌..മനസ്സിലോര്‍ത്തു..പക്ഷെ പറഞ്ഞില്ല

"ജോലി സംബന്ധമായ കര്യത്തിനു പോവുവാന്നല്ലെ പറഞ്ഞെ...ഇത്‌ നടക്കത്തില്ല"

ഈശ്വരാ..എന്റെ ഹൃദയമിടിപ്പിനൊപ്പം ബാഗില്‍ കിടന്ന ഓഫര്‍ലെറ്റര്‍ വരെ കിടന്നുപിടഞ്ഞു...നിന്റെ ചിലവ്‌- ഞാന്‍ നസീബിനെ നോക്കി..

"പത്തീല്‍ കുറയാത്ത ഒരു ഒറ്റ നൊട്ട്‌ എട്ടായി മടക്കി കണ്ണടച്ച്‌ ഇങ്ങോട്ട്‌ വെച്ചെ..പേടിക്കെണ്ട ഞാന്‍ അവസാനം തിരിച്ച്‌ തരാം..."

അയാള്‍ പുസ്തകത്തിന്റെ താള്‍ തുറന്നു പിടിച്ചു..എന്റെ വിരലുകള്‍ ഒരു അഞ്ച്‌ രൂപാ നോട്ടിനു വേണ്ടീ കീശയില്‍ ഓടി നടന്നു....ഒടുവില്‍ കയ്യിലും മനസ്സിലും തടഞ്ഞ ഒരു പത്ത്‌ രൂപാ നോട്ട്‌ ഭദ്രമായി എട്ടായി മടക്കി ഞാന്‍ ആ പുസ്തകത്താളിലേക്ക്‌ വച്ചു...

നൂറടിക്കുമെന്ന് പ്രതീക്ഷിച്ച പോസ്റ്റിനു വെറും പത്ത്‌ കമന്റ്‌ മാത്രം ലഭിച്ച ബ്ലോഗറെപോലെ അയാള്‍ എന്നെ ഒന്നു രൂക്ഷമായി നോക്കി...പിന്നെ,കുറേ മന്ത്രങ്ങള്‍ ജപിച്ചു(ബുഷ്‌ മാഫിയാ,,,ലാദന്‍ മാഫിയാ സ്റ്റെയിലില്‍..)എന്നിട്ട്‌ പറഞ്ഞു..

"മണ്ടനാണു.." -- ഇതു പത്തുരൂപായുടെ ദേക്ഷ്യം..

"ങേ.." ഞാന്‍ ബാലരമ സ്റ്റൈലില്‍ ഒരു ചോദ്യമെറിഞ്ഞു...

"പഠിക്കാന്‍ മണ്ടനാണെന്ന്..."

എം.എസ്‌.സി ഫസ്റ്റ്‌ ക്ലാസില്‍ പാസ്സായെന്ന അഹങ്കാരം, നവവധു വരനൊടെന്നവണ്ണം നുള്ളിപ്പറിച്ചു...

"ഏതു വരെ പഠിച്ചു..??" -- അയാള്‍ ചോദിച്ചു..

"എസ്‌.എസ്‌.എല്‍.സി.."

"കണ്ടോ ..ഞാന്‍ പറഞ്ഞില്ലെ..എന്നിട്ട്‌ പാസ്സൊ..ഫെയില്‍ഡോ..???"

"ഫെയില്‍ഡ്‌.."-- ഞാന്‍ കൂട്ടിച്ചേര്‍ത്തു..

ഇടത്തെകയ്യ്‌ വലത്തെ കയ്യുടെ മേല്‍ കെട്ടിവെച്ച്‌ നിന്നിരുന്ന നസീബ്‌ അത്‌ മടുത്ത്‌ വലത്തെക്കയ്‌ ഇടത്തെകയ്യില്‍ ബന്ധിച്ച്‌ ഇവനിതെന്തിന്റെ സൂക്കേടാണെന്നുള്ള ഭാവത്തില്‍ നിന്നു...
ഞങ്ങളെ കടന്നു പോയ ചിലര്‍ ആകാംഷയൊടെ നോക്കി..

"ഒന്നിനും ഒന്‍പതിനും ഇടയിലുള്ള ഒരു ഒറ്റസംഖ്യ മനസ്സില്‍ വിചാരിച്ചെ..വിചാരിച്ചോ..."

"ഉം..ങ്‌ഹാ.." ബാലരമ ആന്‍സര്‍..

"എവിടാ വീടെന്നു പറഞ്ഞെ..???"

"പാലായ്ക്കടുത്ത്‌.." കോഴിക്കോട്‌ സ്വന്തമായി വീടുള്ള ഞാന്‍ കളം മാറ്റിച്ചവിട്ടി...

"പാലായ്കടുത്തെവിടെ...???"

ആ സമയം അതുവഴി കടന്നു പോയ റോബിന്‍ ബസിന്റെ ബോര്‍ഡ്‌ തപ്പിയെടുത്ത്‌ വായിച്ച്‌ ഞാന്‍ പറഞ്ഞു...

"വയലാ.."

എന്റെ പേരും,നാളും സ്ഥലപ്പേരും എല്ലാംകൂട്ടി അയാളൊരു മന്ത്രം ജപിച്ചു...മുകളിലേക്ക്‌ മൂന്നുപ്രാവിശ്യം നോക്കി...പിന്നെ കയ്യിലുണ്ടായിരുന്ന ഒരു നോട്ബുക്കില്‍ നിന്നും ഒരു കടലാസ്‌ കീറിത്തന്ന് മനസ്സില്‍ വിചാരിച്ച്‌ നമ്പര്‍ എഴുതാന്‍ പറഞ്ഞു..മനസ്സില്‍ വിചാരിച്ച്‌ നമ്പര്‍ അപ്പൊത്തന്നെ മറന്ന് പൊയതുകൊണ്ട്‌ അപ്പോ മനസ്സില്‍ വന്ന ഒരു നമ്പര്‍ ഞാന്‍ അതില്‍ കുറിച്ച്‌ വച്ചു..

"ഇനി അത്‌ എട്ടായിട്ട്‌ മടക്ക്‌.."അയാള്‍ പറഞ്ഞു, ഞാന്‍ അനുസരിച്ചു..

"ഞാനാ സത്യം പറയാന്‍ പോവുവാ...നിന്നെ ഒരു പെണ്ണ്‌ പ്രേമിക്കുന്നുണ്ട്‌.." -- ഈശ്വരാ...

"പേര്‍ ഞാനിപ്പോ കണ്ട്‌ പിടിച്ച്‌ തരാം..മനസ്സില്‍ തോന്നുന്ന ഒരു കാശ്‌ ദക്ഷിണയായിട്ട്‌ മടക്കി ഈ പുസ്തകത്തിലേക്ക്‌ വെയ്‌.."

മടക്കാന്‍ കഴിയാത്തതിനാല്‍ ഒരു അഞ്ച്‌ രൂപാ കോയിന്‍ ഞാന്‍ നേരെ അങ്ങോട്ടു വെച്ചു...പിന്നെയും അയാള്‍ ഒരുപാടു മന്ത്രങ്ങള്‍ ഉരുവിട്ടു..

"ഇനി ആ കയ്യില്‍ പിടിച്ചിരിക്കുന്ന കടലാസ്സില്ലെ..അത്‌ പൊടിപോലെ കീറിപ്പറത്തിക്കളയൂ.."

ഞാന്‍ കഷ്ടപ്പെട്ട്‌ അതുപോലെ ചെയ്തു..

"ഞാനിതാ ആ പേര്‍ പറയാന്‍ പോവുന്നു...."

മിഥുനത്തില്‍ തേങ്ങയും കയ്യില്‍ പിടിച്ച്‌ ഉടക്കാന്‍ നില്‍ക്കുമ്പോള്‍ നെടുമുടിവേണു ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പറയുന്നപോലെയും അയാളും, ജഗതിയെപ്പോലെ അക്ഷമനായും എന്നേയും കാണപ്പെട്ടു..ഒടുവില്‍ അയാളാപ്പേര്‍ പറഞ്ഞു..

"ദീപ..."

"ദീപയോ ഏത്‌ ദീപ...എനിക്കെങ്ങും ഒരു ദീപയേം അറിയില്ല.."

"അതൊന്നും എനിക്കറിയത്തില്ല..നീ വേണെ പോയി കണ്ട്‌ പിടിച്ചോ..."

"ഒന്നു പോ ചേട്ടാ..ആളെപറ്റിക്കാന്‍ ഇറങ്ങിയിരിക്കുവാണോ..എനിക്കെന്റെ കാശ്‌ തിരിച്ച്‌ താ.."

"കാശൊ..പിന്നെ എത്‌ കാശ്‌..."

"തുടക്കത്തില്‍ ഞാന്‍ തന്നാരുന്നു ഒരു പത്തു രൂപാ..എട്ടായ്‌ മടക്കി ആ പുസ്തകത്തില്‍ വെച്ചിട്ടുണ്ട്‌..." എന്റെ കണ്ണുകള്‍‍ പാര്‍ട്ടികോണ്‍ഗ്രസ്സിനു നിറഞ്ഞു നില്‍ക്കുന്ന ചെങ്കൊടികണക്കെ ചുവന്നു തുടുത്തു...

"ഫൂ...പത്തുലുവ...ഇക്കണക്കിനു അന്‍പതു രൂപ തന്നാരുന്നേല്‍ നീയെന്നെയങ്ങു കൊന്നേനല്ലോ..പോടാ ചെറുക്കാ...അഭയാക്കേസ്‌ തെളിയിക്കാന്‍ പറ്റീല്ല പിന്നാ നിന്റെ പത്ത്‌ രൂപാക്കേസ്‌..."

അയാള്‍ പുസ്തകം മടക്കി..എന്നെ തള്ളിമാറ്റിക്കൊണ്ട്‌ നടന്നു നീങ്ങി...

രംഗം - -3
--------

ബോട്ട്‌ ഹൗസ്‌ റസ്റ്റോറണ്ട്‌...നല്ല വെന്ത ഇലച്ചീന്തില്‍ പൊതിഞ്ഞു വെച്ച കരിമീന്‍ പൊള്ളിച്ചതില്‍ നിന്നും മുള്ളുകളഞ്ഞൊരു കഷ്ണം വായിലേക്കിട്ട്‌ കപ്പ ഒരു നുള്ള്‌ അകമ്പടിയായി സേവിച്ച്‌ ഞാന്‍ നസീബിനോടെന്നവണ്ണം ഒരു ആത്മഗതം വഴി സ്വയം ആശ്വസിച്ചു.....
"ചിലപ്പോള്‍ വല്ല തരികിട ടിവി പരിപാടിക്കാരുമായിരിക്കും..ഉടനെ ടിവിയില്‍ വന്നേക്കും...."

അവന്റെ ചിരി മൈന്‍ഡ്‌ ചെയ്യാതെ എന്റെ മനസ്സിനൊട്‌ വീണ്ടും ചോദിച്ചു..

"എന്നാലും ഈ ദീപയേതാ...."

"അയാള്‍ടെ മോളാരിക്കും..നിനക്ക്‌ കെട്ടിച്ച്‌ തരാന്‍..." എന്ന് അവന്‍ പറഞ്ഞതു കേള്‍ക്കാതെ പാത്രത്തില്‍ മിച്ചമുള്ള കപ്പതീര്‍ക്കുന്നതിലേക്ക്‌ മുഴുവന്‍ ശ്രദ്ധയും ചെലുത്തി ഞാനിരുന്നു......

Wednesday, July 11, 2007

ബാംഗ്ലൂര്‍ ടൈംസ്‌ - 1

രംഗം - 1

(എന്റെ ബാച്‌ലര്‍ റൂം..വാടക 4500 ക..മുറികള്‍ 1, ഹാള്‍ 1, കിച്ചണ്‍ ഹാഫ്‌, ബാത്‌റൂം 1)

പത്രക്കാരന്‍ അന്നും പതിവുപോലെ ഏഴു മണിക്കാണു വന്നത്‌..ഞാന്‍ കുനിഞ്ഞിരുന്ന് ഷൂവിന്റെ ലേസ്‌ കെട്ടുന്ന ചാന്‍സ്‌ നോക്കിത്തന്നെ അവന്‍ സ്ഥിരം സ്റ്റയിലില്‍ പത്രക്കെട്ട്‌ താഴേനിന്നും മൂന്നാം നിലയിലുള്ള എന്റെ മുതുകിലേക്കു തന്നെ കിറുകൃത്യമായി എറിഞ്ഞു കൊള്ളിച്ചു..എന്നും നല്ല എള്ളെണ്ണയിട്ടു കുളിക്കുന്നതുകൊണ്ടായിരിക്കണം നല്ല വില്ലുപോലെ (!!!) വളഞ്ഞ എന്റെ മുതുകില്‍ തട്ടി മനോരമയും ടൈംസും വേറായി തെറിച്ച്‌ താഴേ പോലീസുകാരന്റെ വീടിന്റെ ആസ്ബറ്റോസ്ഷീറ്റില്‍ തന്നെ വന്നു വീണു..

മനോരമയോടു പണ്ടെ ഉള്ള ദേക്ഷ്യം മനസ്സില്‍ തികട്ടിവന്നപ്പോള്‍ റൂമിന്റെ കതകു തുറന്നു പാതിമയക്കത്തിലുള്ള അണ്ണനെ വിളിച്ചുണര്‍ത്തിപ്പറഞ്ഞു.."അണ്ണാ ഈ പു........മോന്‍ പത്രം വലിച്ചപ്പറത്തെ തട്ടുമ്പൊറത്തിട്ടിട്ടുണ്ട്‌..."

"സാര്‍ ഞാനിപ്പോ അതെടുത്തു തരാം.." വീതികുറന്‍ഞ്ഞ സ്റ്റെപ്‌ കയറി വന്ന പത്രക്കാരന്‍ പയ്യന്‍ പറഞ്ഞു..രാവിലേ തന്നെ ഒന്നു ചമ്മി..എന്നാലും ഇവന്‍ എങ്ങിനെ മലയാളം..!!!

ഏതായാലും ദിവസം തുടങ്ങിയതെ കുളമായി..ഇനി ബാംഗ്ലൂര്‍ ടൈംസ്‌ നോക്കീട്ട്‌ പോവാം..മഞ്ഞപ്പത്രം തുറന്നു പിടിച്ചു പേജ്‌ ത്രീയില്‍ എന്തിനും പോന്ന സുന്ദരിമാര്‍ മദ്യചഷകങ്ങളുമായി ബോയ്ഫ്രന്‍ഡ്സിന്റെ തോളില്‍ തൂങ്ങി നില്‍ക്കുന്നുണ്ട്‌..ഹാവൂ സമാധാനമായി..

ഉറക്കത്തിലേക്കു വഴുതിവീണ അണ്ണന്‍ വീണ്ടും ഉറങ്ങില്ല എന്നുറപ്പുവരുത്താന്‍ വേണ്ടിയെന്നോണം ഒന്നു കൂടി യാത്ര പറഞ്ഞിറങ്ങി..

രംഗം 2
------

ബി.എം.ടി.സി ബസ്‌ സ്റ്റേഷന്‍...(ടാര്‍ചെയ്യാത്ത പാര്‍ക്കിംഗ്‌ ഏരിയ..ബസ്‌ കാത്തു നില്‍ക്കുന്ന ആള്‍ക്കൂട്ടം..പിച്ചിപ്പൂ ചൂടി, നെറ്റിയും മൂക്കും ജോയ്ന്‍ ചെയ്യുന്ന സംഗമസ്ഥാനത്ത്‌ പൊട്ട്‌ തൊട്ട അര്‍ദ്ധസുന്ദരികളും..)

ഒരു ബസ്‌ വന്നു..ബേക്കറിയില്‍ ജിലേബി അടുക്കിവച്ചിരിക്കുന്നതു പോലെ നിരത്തി വച്ചിരിക്കുന്ന അക്ഷരക്കൂട്ടങ്ങള്‍ വായിക്കാന്‍ അറിയില്ലാത്തതു കൊണ്ട്‌ പതിവുപോലെ നമ്പറിനെ ആശ്രയിച്ചു..പോകേണ്ട സ്ഥലത്തേക്കുള്ള ബസ്‌ തന്നെ..

ഏതു തിരക്കുള്ള ബസ്സിലും കയറിപ്പറ്റി സീറ്റുപിടിക്കാം എന്നുള്ള പതിവ്‌ അഹങ്കാരത്തോടെ ബസിലേക്കു ചാടിക്കയറി..അണ്‍ ഫോര്‍ച്ച്യുണേറ്റിലി നോ സീറ്റ്‌സ്‌..കയറിയടുത്തു തന്നെ നിന്നു..ബസിന്റെ നടുക്കാണു വാതില്‍..പൊതുവെ ഈ മെട്രോയില്‍ ആരും ഡോര്‍വിട്ട്‌ കളിക്കുന്നത്‌ കണ്ടിട്ടില്ലാത്തതു കോണ്ട്‌ നമ്മളും നിന്നും ഡോറിനോടു ചേര്‍ന്നു തന്നെ...

വനിതാ കണ്ടക്ടര്‍ ആണ്‌.."എല്ലി സാര്‍???" (അതായിരിക്കും ചോദിച്ചത്‌)..ഏറ്റവും ലാസ്റ്റ്‌ സ്റ്റോപ്പിലേക്കുള്ള ടിക്കറ്റെടുത്തു..

"സാര്‍ ഇന്തേ ഹോഗി.."..എന്താണാവോ..???

കണ്ടക്ടര്‍ മുന്‍പോട്ടുതന്നെ പോവുന്നൂ..മുന്‍പില്‍ വലിയ തിരക്കില്ല..ഒരു പക്ഷെ അങ്ങോട്ടു നീങ്ങി നില്‍ക്കാന്‍ പറയുന്നതായിരിക്കും..ഞാന്‍ നീങ്ങി നിന്നു..പിന്നേയും.."ഇന്തേ ഹോഗീ സാര്‍"..ലേഡീസ്‌ കണ്ടക്ടര്‍ ആണെങ്കിലും ദേക്ഷ്യം കൂടുതല്‍ ആണു..കുറച്ചുകൂടി മുന്‍പോട്ടു നില്‍ക്കണമായിരിക്കും..ഇനി പെണ്ണുങ്ങള്‍ കയറിയാല്‍ പിന്നോട്ടു പോവാന്‍ പറഞ്ഞു വരരുത്‌ , മനസ്സിലൊര്‍ത്തുകോണ്ട്‌ വീണ്ടും മുന്നോട്ടു നീങ്ങിക്കൊടുത്തു...

ഇത്തവണ ഇന്തേ ഹോഗീയുടെ കൂടെ വേറെ കുറെ കന്നടപദങ്ങള്‍ ഒഴുകി വന്നു..ഇനീപ്പം ഞാന്‍ മുന്നീപ്പോയി ഡ്രൈവറുടെ അടുത്ത്‌ പോയിരിക്കണോ..????

വീണ്ടും മുന്നോട്ടു നീങ്ങിക്കൊടുത്തു..ഇത്തവണ എന്റെ ക്ഷമയെ പരീക്ഷിച്ചുകൊണ്ട്‌ മറ്റു യാത്രക്കാരും കൂടി, ഉച്ചത്തില്‍ കയര്‍ക്കാന്‍..

ഇതെന്തൊ പ്രശ്നമുള്ള കേസാണെന്നു തോന്നുന്നു..ഒന്നും നോക്കിയില്ല... അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി..കാലിയായ ബസ്‌ വരുന്നതു വരെ നോക്കി നിന്നു ലേറ്റായി ഓഫീസില്‍ ചെന്നു...

രംഗം-3
------

ഓഫീസ്‌..അഞ്ചാറു ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള റിസപ്ഷണിസ്റ്റ്‌ പതിവുപോലെ ചിരിച്ചു..സ്ഥിരം കുശലാന്വേക്ഷനങ്ങള്‍ക്കു ശേഷം..ലേഡി കണ്ടക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ മറ്റാര്‍ക്കോ പറ്റിയതാണു എന്ന വ്യാജേന അവതരിപ്പിച്ചു..

"ഇന്തേ ഹോഗീ" അര്‍ഥം മാറ്റീത്രേ..അതിന്റെ അര്‍ത്ഥം പിന്നോട്ടു പോവാന്‍ എന്നാണെന്നു അവള്‍ പറഞ്ഞിട്ടു കൂടി വിശ്വസിക്കാന്‍ മനസ്സു സമ്മതിച്ചില്ല..

വിശ്വസിച്ചെ മതിയാവു ഇല്ലെങ്കില്‍ ഇനിയും ഈ പരിപാടി കാണിച്ചാല്‍ നല്ല മെട്രോ പെടകിട്ടും എന്നു മനസ്സിനകത്തിരുന്നു ചില കാര്യങ്ങള്‍ പറഞ്ഞു പേടിപ്പിക്കാറുള്ള മനസാക്ഷി ഓര്‍മ്മിപ്പിച്ചു...

"ഇന്തേ ഹോഗീടെ" അര്‍ത്ഥം പിന്നോട്ട്‌ പോവുകാന്നു അറിയില്ലയിരുന്നു പെങ്ങളെ എന്നു ഒരു നൂറുപ്രാവിശ്യം മനസ്സില്‍ പറഞ്ഞു സാഷ്ടാംഗം പ്രണമിച്ചു...


ബാംഗ്ലൂര്‍ടൈംസ് തുടരും.....( ഭീക്ഷണി ആണോ ??? )

Thursday, June 28, 2007

താജിനൊരോട്ട്-- ഈ-മെയില്‍ പൊളിറ്റിക്സ്.....

ഇനിയും എഴുതാതിരിക്കാന്‍ വയ്യ..തലനാരിഴപൊലും ഇടയില്ലാത്ത ജോലിത്തിരക്കിനിടയിലും ഇതെഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്‌ തുടര്‍ച്ചയായി കിട്ടിക്കൊണ്ടിരിക്കുന്ന ഈമൈയില്‍ ശൃംഖലകളാണു..

ഞാന്‍- ഇന്ത്യയിലെ ദേശസ്നേഹമില്ലാത്ത, പാരമ്പര്യത്തില്‍ വിശ്വാസമില്ലാത്ത മടിയനും,ഉത്തരവാദിത്തമില്ലാത്തവനുമായ കോടാനുകോടി ഭാരതീയരില്‍ ഒരുവന്‍. എന്നെപ്പോലുള്ള ഭാരതീയരുടെ നിരുത്തരവാദ സമീപനം മൂലം വെറും 0.7% വോട്ട്‌ മാത്രം ലഭിച്ച്‌ 14ആം സ്ഥാനത്തേക്ക്‌ താഴ്‌ന്ന് പോവുന്നത്‌ താജ്‌മഹല്‍ എന്ന ലോകാത്ഭുതം ആണു

പ്രസക്തഭാഗങ്ങള്‍ ഇവിടെ വായിക്കാം :

Is India Sleeping????
Please read this article from BBC
http://news.bbc.co.uk/1/hi/world/south_asia/6762755.stm TAJ AT 14th Position (Only 0.7% Votes) Hello Every One................. This Message Is For Only True Indians. If You Love Your Country Then Only Read This Message Further.......... =============================================
So Now The News Is That These Days People Around The World AreVoting
To Select New 7 (Seven) Wonders. Because Of Less Voting By Lazy Indians Our TAJ MAHAL is at 14th Position (Only 0.7% Votes).
TAJ Is Pride Of India. I Want That You Vote For TAJ And IncreaseThe Vote%, So That Our TAJ Get Place In 7 Wonders. If You Have Already Voted Then Forward This To Your Friends Indian as well as OthersCountries.
Who Ever Get This Message Arrange 100 Votes In Favour Of TAJMAHAL.
Make It A Mission Wake Up Indians
LAST DATE IS 7th JULY
THREE WAYS TO CAST YOUR VOTE IN FAVOUR OF TAJ
1. SMS: type TAJ and send to 4567
2. BSNL land line: call 125 5545
3. WEB: Log on to
http://www.new7wonders.com/index.php

മാധ്യമങ്ങള്‍,പരസ്യക്കമ്പനികള്‍,മൊബയില്‍ കമ്പനികള്‍,എന്നു വേണ്ട സകല കുണ്ടാമണ്ടികളും കൂടി പുറപ്പെട്ടിറങ്ങി താജ്‌മഹല്‍ വോട്ടിംഗ്‌ കാമ്പയില്‍ വേണ്ടി..രാഷ്ടീയപാര്‍ട്ടികള്‍ ആഹ്വാനങ്ങള്‍ നടത്തി..കേന്ദ്രമന്ത്രിമാര്‍ വോട്ടവകാശം രേഖപ്പെടുത്തിയ ചൂണ്ടു വിരല്‍ കാണിച്ച്‌ പ്രചരണം നടത്തി..എ.ആര്‍ റഹ്മാന്‍ പാട്ട്‌ ചിട്ടപ്പെടുത്തി നമ്മള്‍ അത്‌ കഷ്ടപ്പെട്ടു ഡൗണ്‍ലോഡ്‌ ചെയ്തു കേട്ടു..ശിവസേനക്കാര്‍ താജിനൊരോട്ട്‌ ഒപ്പം കമ്പോഡിയയിലെ മഹാക്ഷേത്രത്തിനും ഒരു വോട്ട്‌ എന്നഭ്യര്‍ത്ഥിച്ചു..

ജനം വോട്ടിങ്ങിന്റെ പാറ്റേര്‍ണുകള്‍ ചര്‍ച്ച ചെയ്തു വോട്ടിട്ടു..

പത്രം വായിക്കുന്നവനും, അല്ലാത്തവനും,രാഷ്ട്രീയമുള്ളവനും, ഇല്ലാത്തവനും,ജന്മത്ത്‌ പൊളിംഗ്‌ ബൂത്തില്‍ കയറിട്ടില്ലാത്തവനും,രാജ്യസ്നേഹം വോട്ട്‌ ചെയ്തും ടാകസടച്ചും മാത്രം രേഖപ്പെടുത്തുന്നവനും വരെ ചെയ്തു ഒരു വോട്ട്‌..

എന്തിനേറെപ്പറയുന്നു..ഞാനും ചെയ്തു ഒരു വോട്ട്‌..

ഇനി ഇത്‌ വായിക്കുക :

http://www.madhyamam.com/fullstory.asp?nid=39962&id=1
http://whc.unesco.org/en/news/352
http://www.ibnlive.com/news/world/06_2007/7-wonders-list-private-has-no-heritage-%20link-unesco-43551.html

വിഡ്ഢികളായത്‌ ആര്‌..നമ്മള്‍ തന്നെ...പണം കൊയ്തത്‌ ബുദ്ധിയുള്ളവരും.....

നവീന ഈ-മെയില്‍ പൊളിറ്റിക്സിലും,മാധ്യമ രാഷ്ട്രീയത്തിലും പെട്ടു പൊകുന്നവര്‍ക്കിതൊരു മുന്നറിയിപ്പാവട്ടെ...!!!!!!

അനുബന്ധം : മനസ്സുനൊന്ത്‌ കേരളം ഉപേക്ഷിച്ച്‌ രാജു നാരായണസ്വാമി ലോകപര്യടനം നടത്തി..കിട്ടിയ ഈ-മെയില്‍ ഫോര്‍വേര്‍ഡുകളുടെ കണക്കു വെച്ച്‌ പഠനത്തില്‍ വളരെ മിടുക്കനായ ഞാന്‍ ഏറെ ആദരിക്കുന്ന ഇടുക്കി ജില്ലാ കളക്ടര്‍..രാഷ്ട്രീയ ഇടപെടലുകള്‍ കാരണം അമേരിക്ക,പാരീസ്‌ തുടങ്ങിയ രാജ്യങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണത്രെ ഇപ്പോള്‍..!!!!

വിഗ്രഹങ്ങളെ സൃഷ്ടിക്കുന്നതില്‍ എപ്പോളും മുന്നില്‍ നില്‍ക്കുന്നവരാണു മാധ്യമങ്ങള്‍..ഇന്റര്‍നെറ്റ്‌ അതില്‍ നിന്നും ഒട്ടും പിന്നിലല്ല എന്ന് ദിനംപ്രതി പ്രചരിച്ചു കൊണ്ടിരിക്കുന്ന മെയില്‍ ശ്രംഖലകള്‍ ഓര്‍മ്മപ്പെടുത്തുന്നു...

Wednesday, May 16, 2007

അവര്‍ മൂന്നുപേര്‍ --- (2)

അവര്‍ മൂന്നുപേര്‍ ഒന്നാം ഭാഗം ഇവിടെ

മൂന്ന്
----

" സുബൈര്‍ നിന്റെ നോവല്‍ ഒരു കണ്ടിന്യൂറ്റി തരുന്നില്ല"

അമ്മു ടൈപ്‌ ചെയ്തു..വേണ്ട അവനു പിടിച്ചില്ലെങ്കിലോ അവളുടെ കൈവിരലുകള്‍ ബാക്‍സ്പേസില്‍ പ്രസ്സ്‌ ചെയ്ത്‌ എഴുതിയതത്രയും മായ്ച്ച്‌ കളഞ്ഞു. വിമര്‍ശനം സ്വാഗതം ചെയ്യുന്നൂ എന്നു വീമ്പെളുക്കുമെങ്കിലും എടുത്തടിച്ച പോലൊരു അഭിപ്രായം അവന്‍ അത്രക്കു ഇഷ്ടപ്പെടുമായിരിക്കില്ല..ഒരു പക്ഷെ നോവല്‍ തുടര്‍ന്നെഴുതുന്നതു തന്നെ അവന്‍ വേണ്ട എന്നു വെച്ചേക്കും

"ഹെല്ലോ..എവിടെപ്പോയി..അവിടില്ലെ..അതോ മറ്റേതെങ്കിലും ചാറ്റുകാരനെ കിട്ടിയോ.." സുബൈറാണു..

"ഏയ്‌ ഇല്ല..ഞാന്‍ പൊതുവേ ചാറ്റ്‌ ചെയ്യുന്നത്‌ ഇഷ്ടമില്ലാത്ത കൂട്ടത്തിലാണു..വെറുതെ ഒരു ടൈം പാസ്‌.." അമ്മു പറഞ്ഞു..

"അത്‌ നിങ്ങള്‍ വിപ്ലവ പാര്‍ട്ടികള്‍ക്ക്‌ മുഴുവന്‍ ഉള്ള ഒരു വികാരമാണല്ലൊ.ചാറ്റ്‌, മെയില്‍, ഓര്‍ക്കൂട്ട്‌, ബ്ലോഗ്ഗെഴുത്ത്‌..ഇതെല്ലാമെന്ന് കേട്ടാല്‍ ഒരു തരം പുച്ഛൈതം.."

"മാഷെ ഞാന്‍ അത്രക്കൊരു വിപ്ലവകാരിയൊന്നുമായിരുന്നില്ല ഒരിക്കലും..ഏതൊ ഒരു ക്യാമ്പസ്‌ ഇലക്ഷണില്‍ ലേഡി റെപ്‌ ആയും, വൈസ്‌ ചെയര്‍മാനായും മല്‍സരിച്ച്‌ ജയിച്ചു അത്രതന്നെ..അതും എനിക്ക്‌ താല്‍പ്പര്യം ഉണ്ടായിരുന്നിട്ടായിരുന്നില്ല..നിര്‍ബന്ധം സഹിക്കാന്‍ഞ്ഞിട്ട്‌ മാത്രം..ഒരു തരം കാലില്‍ കുരുക്കിട്ട്‌ വീഴ്‌ത്തല്‍..പിന്നെ അത്രക്ക്‌ ചുവപ്പുണ്ടാരുന്നേല്‍ ഈ കമ്പ്യൂട്ടറിന്റെ മുന്നില്‍ ഏതൊ ഒരു സായിപ്പ്‌ നിര്‍ദ്ദേശിക്കുന്ന റിക്ക്വയര്‍മന്റ്‌ സ്പെക്കുകള്‍ക്കുതകുന്ന കോഡും ടൈപ്‌ ചെയ്തിരിക്കുമൊ ..പിന്നെ എന്റെ ആ പഴയ ബാക്‌ ഗ്രൗണ്ടുകള്‍ ഞാന്‍ തന്നെ മറന്നു പോയിരിക്കുന്നു..ഒരു കാര്യം ചോദിക്കാന്‍ വിട്ട്‌ പോയി..മലയാളഭാഷക്ക്‌ സുബൈര്‍ എന്ന ബ്ലോഗ്ഗെഴുത്തുകാരന്‍ സമ്മാനിച്ച പുതിയ വാക്കാണൊ ഈ പുച്ഛൈതം.. :) .."

"ക്ഷമിക്കെന്റെ അമ്മൂസെ..സോറി..അമ്മൂസ്‌ തോട്ട്‌സ്‌ എന്ന ബ്ലൊഗ്ഗിന്റെ ജീവനാഡി..നിന്റെ ലാസ്റ്റ്‌ പോസ്റ്റ്‌ ഞാന്‍ വായിച്ചു..ബാംഗ്ലൂരിലെ ആ മഴയെകുറിച്ചുള്ള കഥ..കമന്റിടാന്‍ നോക്കിയപ്പോഴെക്കും നീയത്‌ ഡിലീറ്റ്‌ ചെയ്തു കളഞ്ഞു..എന്തു പറ്റി.."

"ഒന്നുമില്ല..എനിക്ക്‌ തന്നെ ചിലപ്പോള്‍ തോന്നുന്ന ഒരു തരം മടുപ്പ്‌..കമന്റ്‌ വീഴുന്നതിനു മുന്‍പെ ഞാന്‍ തന്നെയാണത്‌ ഡിലീറ്റ്‌ ചെയ്ത്‌ കളഞ്ഞത്‌..ചില നേരങ്ങളില്‍ ബ്ലൊഗ്‌ തുറക്കാന്‍ തന്നെ തോന്നാറില്ല..നമുക്ക്‌ കോമഡി എഴുതാന്‍ അറിയില്ലല്ലോ....:) "

"കോമഡി എഴുതി ഫലിപ്പിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഒരുതരം കഴിവു തന്നെയാണു..ഒരു പക്ഷെ ചിലര്‍ക്ക് മാത്രം പറ്റുന്ന ഒരു കഴിവ്‌..;)..പിന്നെ.അമ്മൂസെ ഈ ബ്ലൊഗ്ഗെന്നു പറഞ്ഞാല്‍ തന്നെ ഒരു നോട്ടീസ്‌ ബോര്‍ഡ്‌ പോലാണു..നമ്മള്‍ നമ്മടെ ഓര്‍മ്മകളും, കള്ളത്തരങ്ങളും,കാഴ്ചപാടുകളും എല്ലാം ഒരു മതിലില്‍ പതിക്കുന്നു..ചിലര്‍ അത്‌ വായിച്ചിട്ട്‌ അതെ മതിലില്‍ തന്നെ അവരുടെ അഭിപ്രായം പുതിയ നോട്ടീസായോ, ചിലപ്പോള്‍ നമ്മുടെ തന്നെ നോട്ടീസിന്റെ അടിയിലോ എഴുതി ചേര്‍ക്കും..ചിലര്‍ നമ്മളെ പുകഴ്ത്തും,പുലി എന്നു വിളിക്കും, ചിലപ്പോള്‍ ഒരു ചുക്കും അറിയാത്തവന്‍ എന്നു മുദ്ര കുത്തും..എന്നാലും, ഏതെങ്കിലും പത്ര മുതലാളിയുടെ ഒരു കീറ പേപ്പറിന്റെ ഔദാര്യം കാത്തിരിക്കേണ്ടി വരുന്നില്ലല്ലോ നമ്മുടെ വാക്കുകള്‍ക്ക്‌..എന്നെ സമ്പന്ധിച്ചെടുത്തോളം..എത്രയോ ചവറ്റുകുട്ടകള്‍ക്കും, സ്റ്റാമ്പൊട്ടിച്ചയച്ച കവറുകളില്‍ മടക്കി അയച്ചു കിട്ടിയ പത്രാധിപരുടെ മറുപടി എഴുത്തുകള്‍ക്കും ഇടയില്‍ നിന്നൊരു ആശ്വാസം..അത്രേ ഉള്ളൂ..."

"ഒ.കെ..പിന്നെ എന്താണു തന്റെ നോവലിന്റെ ബാക്കി എഴുതാത്തത്‌..കണ്ടിന്യൂറ്റി നഷ്ടപ്പെട്ടൊ..അതൊ ഈ നോവലും പകുതിക്കല്‍ വെച്ചു നിര്‍ത്തിയോ.."

"സമയം കിട്ടുന്നില്ല..പിന്നെ നമ്മള്‍ ഒരു മുഴുവന്‍ സമയ എഴുത്തുകാരന്‍ അല്ലല്ലോ..എഴുതണം.."

“നീ ഇത്രയുമെഴുതിയത്‌ വെച്ച്‌ ചോദിക്കട്ടെ..ആരാ നിന്റെ മോഡല്‍..:) "

"കുറേപ്പേര്‍..ചിലയിടങ്ങളില്‍ ഈ എന്നെ തന്നെയും.."

"ഇനി നീ എന്താണു എഴുതാന്‍ പോവുന്നത്‌.."

"അറിയില്ല കുട്ടീ..ഒന്നും പ്ലാന്‍ഡ്‌ അല്ല..""പോവ്വാന്‍ നേരമായി പിന്നെ കാണാം..."

അമ്മു പോയി..വളരെക്കുറച്ച്‌ കാലമായി തുടങ്ങിയൊരു ബന്ധമാണു..പേടിക്കേണ്ട പ്രണയം ഒന്നുമല്ല..പ്രണയിക്കാന്‍ പേടിയാണു സത്യം പറഞ്ഞാല്‍..മുന്‍പ്‌ ഒരു പ്രണയം ഉണ്ടായിരുന്നൂ..അകലങ്ങളില്‍ ഇരുന്ന് പരസ്പരം കാണാന്‍ പോലും കഴിയാതെയുള്ള ഒരു തരം ടെലിപ്രണയം..ചില നേരങ്ങളില്‍ അവളെ കാണണം എന്നു തോന്നുമ്പോള്‍ എത്ര ശ്രമിച്ചാലും മുഖം മറന്നു പോകും..സ്മൃതിഭൃംശം വന്നതു പോലെ..ആ പ്രണയം പാതി വഴിയില്‍ നഷ്ടമായി..പിന്നെ പ്രണയം ആവിശ്യമാണെന്നു തോന്നിയില്ല..

എഴുതി തുടങ്ങിയ നോവല്‍ ഇന്നെങ്കിലും തുടര്‍ന്നെഴുതണം..ലാപ്‌ടോപ്പെടുത്തു..ബ്രീസര്‍ അടപ്പു തുറന്നടുത്തു വച്ചു..ഫാനിന്റെ പരുക്കന്‍ ശബ്ദത്തെ താളമായി മനസ്സിലേക്കാവാഹിച്ച്‌ കൊണ്ട്‌ വിരലുകള്‍ കീ ബോര്‍ഡിലൂടെ പാഞ്ഞു..

**************************

നാല്
-----

തനിച്ച് തുടങ്ങിയതാണു ജീവിതം..ഗ്വാലിയോര്‍ റയോണ്‍സിലെ ജീവനക്കാരനായ അപ്പന്‍ പിന്നെ റയോണ്‍സ്‌ സമ്മാനിച്ചതെന്നു കരുതിപ്പോന്ന കാന്‍സര്‍ തന്നെ വന്നു മരിച്ച്‌ വീണു..കമ്പനി പൂട്ടുന്നതിനും രണ്ട്‌ ആഴ്ച്ചക്കു മുന്‍പെ..നരിച്ചീറുകളും, മാറാലകളും പകുത്തെടുത്ത കോട്ടേര്‍സ്‌ ഒഴിഞ്ഞു കൊടുത്ത്‌ അമ്മയുടെ കൈയ്യും പിടിച്ച്‌ തനിച്ച്‌ തുടങ്ങിയ യാത്ര..

അങ്ങിനെ എത്തിച്ചേര്‍ന്നതാണു ആ മലയോര കുടിയേറ്റ ഗ്രാമത്തില്‍..റബ്ബര്‍ക്കാടുകള്‍ക്കും, പാറക്കൂട്ടങ്ങള്‍ക്കും ഇടയില്‍ മലമ്പാമ്പിനേയും കുറുക്കന്‍ പടകളേയും കൂസാതെ മണ്‍ ചുവര്‍ താങ്ങി നിര്‍ത്തുന്ന ഓലക്കൂരക്കു ചുവട്ടില്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ അക്ഷരങ്ങള്‍ കൂട്ടിയെടുത്ത്‌ തുന്നിയുണ്ടാക്കിയ ജീവിതം..പേന പിടിച്ചു തുടങ്ങിയപ്പോള്‍ തന്നെ റബ്ബര്‍ കത്തി ഉപയോഗിക്കാനും പഠിച്ചു..സ്വന്തമായുള്ള ഇരുപത്തഞ്ച്‌ റബ്ബര്‍ വെട്ടി പാലും എടുത്ത്‌ ശേഷം മാത്രമെ സ്കൂളില്‍ പോവാറുള്ളൂ..

കുന്നിറങ്ങി..ചെറു തോടുകള്‍ താണ്ടി..കല്ലിന്‍ കൂട്ടങ്ങള്‍ക്കും, മുള്ളിന്‍ കാടുകള്‍ക്കും ഇടയിലൂടെ..കീരികള്‍ ഒളിച്ച്‌ പാര്‍ക്കുന്ന കാട്ടുപൊന്തകള്‍ പകുത്ത്‌ കടന്ന്..പാമ്പിണകളുടെ രതിക്രീഢകള്‍ ഒളിഞ്ഞുകണ്ടുള്ള യാത്ര..കാലം തെറ്റി വരുന്ന മഴക്കാലം ചിലപ്പോള്‍ കാട്ടരുവികളുടെ ഭാവമാറ്റത്തിനു കാരണമാവും..മുളന്തണ്ടുകള്‍ കൂട്ടികെട്ടി നാട്ടുകാര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന നടപ്പാലങ്ങള്‍ക്ക്‌ ഉറപ്പ്‌ പോരാതെ വരും അപ്പോള്‍..പിന്നെ മലവെള്ളം അവശേഷിപ്പിച്ച മുളങ്കാലുകള്‍ക്കിടയിലൂടെ..ബാലന്‍സ്‌ ചെയ്തുള്ള ഒരു യാത്ര..അതായിരുന്നൂ സ്കൂള്‍ ജീവിതകാലം..

തെരുവപ്പുല്ലുകള്‍ നിറഞ്ഞു നില്‍ക്കുന്ന പാമ്പിന്‍ കാവു മലകയറുമ്പൊഴേക്കും ഇരുട്ട്‌ വീഴും..നാട്ടു വെളിച്ചം തീരെ ഇല്ലാതാവും..പിന്നങ്ങോട്ട്‌ ഒറ്റക്കാണു..കൂട്ടുകാരൊന്നുമില്ലാത്ത യാത്ര..നേര്‍ത്ത മലഞ്ചെരുവുകളിലെ ഒറ്റയടിപ്പാതകളും, കൂര്‍ത്ത പാറക്കെട്ടുകളും കടന്നു..സീസണായാല്‍ കശുമാമ്പഴ മണം നിരഞ്ഞു നില്‍ക്കുന്ന ആമപ്പെട്ടി തോട്ടവും കഴിഞ്ഞാല്‍ പിന്നെ കണ്ണില്‍ പേടി കയറും..സര്‍പ്പങ്ങള്‍ ഉണ്ടാവാം.കാട്ടു മാളങ്ങള്‍ക്കരികില്‍ തിളങ്ങുന്ന വൈരക്കല്ലുകള്‍ കണ്ടാല്‍ ഉറപ്പിക്കാം..വഴു വഴുപ്പുള്ള വളയങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതു പോലെ തോന്നാറുണ്ട്‌ ചിലപ്പോഴൊക്കെ..

ഉയര്‍ന്നു നില്‍ക്കുന്ന ഒരു പാലമരമുണ്ടവിടേ..പാലച്ചോട്ടിലേക്കാരും പോവാറില്ല..പകല്‍ രാജവെമ്പാലയായും രാത്രി മോഹിപ്പിക്കുന്ന പിശാശായും അവള്‍ അവിടെ ഉണ്ടാവാം..ചില നിലാവുള്ള രാത്രികളില്‍ പാലപ്പൂ മണത്തോടൊപ്പം ഉലഞ്ഞാടുന്ന വെളുത്ത്‌ സാരിത്തുമ്പും അവന്നനുഭവപ്പെടാറുണ്ട്‌..കുറച്ചധികം ദൂരമുണ്ടവിടേക്കെങ്കിലും ഇതു വരെ സന്ധ്യ വീണു കഴിഞ്ഞാല്‍ പിന്നെ അങ്ങോട്ടേക്ക്‌ നോക്കാനുള്ള ധൈര്യം ഉണ്ടാവാറില്ല അവനു..

ഒരിക്കല്‍ ചകോരങ്ങള്‍പ്പോലും ഉച്ചമയക്കത്തിലാവുന്ന ഒരു ഉച്ചക്കു..എന്തോ ആവിശ്യത്തിനു ആ വഴി പോവേണ്ടി വന്നു അവനു..അപരിചിതമായ ഒരു ശീല്‍ക്കാരം കേട്ടാണു അവന്‍ അവിടെക്ക്‌ നോക്കിയത്‌..നിലത്ത്‌ വീണു കിടക്കുന്ന പാലപ്പൂവുകള്‍ക്കു നടുവില്‍ രണ്ടു പേര്‍ ഒരാണും ഒരു പെണ്ണും..അവനു തികച്ചും പരിചിതമല്ലാത്ത എന്തൊക്കെയോ സംഭവിക്കുന്നു..പാമ്പുകള്‍ ഇണ ചേരുന്നതു പോലെ..നിലത്ത്‌ നിന്നും പൊന്തി ഉയര്‍ന്ന്..താളത്തില്‍..നൃത്ത ചുവടുകളോടെ..ഒരു പക്ഷെ സര്‍പ്പങ്ങള്‍ മനുഷ്യരൂപം പൂണ്ട്‌ ഇണ ചേരുന്നതായിരിക്കാം..അല്ലെങ്കില്‍ ദൂരെ ആകാശക്കോട്ടകള്‍ക്കക്കരെ നിന്നും കിന്നരയിണകള്‍ പറന്നിറങ്ങിയതാവാം..കൂടുതല്‍ ഒന്നും കാണാന്‍ നില്‍ക്കാതെ അവന്‍ അവിടെ നിന്നും തിരിച്ച്‌ നടന്നു..

പിറ്റേന്ന് പാലച്ചുവട്ടില്‍ ഒരു സര്‍പ്പം ജീവസറ്റു കിടപ്പുണ്ടായിരുന്നൂ...

കാലുറപ്പിച്ചാല്‍ ഇളകിവീഴുന്ന കല്‍പ്പാളികള്‍ ചവിട്ടിക്കയറി മലയടിവാരത്തൂന്ന് പുലയന്മാര്‍ വന്നൂ..പാമ്പിന്‍ തോലുരിഞ്ഞു ചാക്കില്‍ കെട്ടി പാമ്പിനെ ചുട്ട്‌ തിന്ന് കശുമാമ്പഴം വാറ്റിയ ചാരായവും കുടിച്ച്‌ അവര്‍ കിണറടപ്പന്‍ ചന്തയിലേക്ക്‌ നടന്നു പോയി..

സുബൈര്‍ എഴുതി നിര്‍ത്തി...തുടര്‍ച്ചയായി എഴുതാന്‍ കഴിയുന്നതെ ഇല്ല..

Sunday, March 25, 2007

അവര്‍ മൂന്നുപേര്‍ - നോവല്‍

ഒന്ന്
----
അരണ്ട വെളിച്ചം ഉറക്കം നടിച്ചു കിടക്കുന്ന കണ്ണാടി മുറികളില്‍ ഒന്നില്‍ അവന്‍ നിര്‍വ്വികാരതയോടെ ഇരുന്നു. എവിടെ നോക്കിയാലും അവനു അവനെത്തന്നെ കാണാം..അവനെ മാത്രം.

മങ്ങിയ ചുവപ്പുവിളക്കുകള്‍ സ്വയം പ്രതിബിംബങ്ങളാവുന്ന, എരിഞ്ഞടങ്ങുകയാണോ എന്നു തോന്നിപ്പിക്കുന്ന ഫിലമെന്റുകളെ നോക്കി മടുപ്പിക്കുന്ന നിര്‍വ്വികാരതയോടെ അവന്‍ അവള്‍ക്കൊപ്പം ഇരുന്നു..അവള്‍ അവനെ കൈപിടിച്ച്‌ കൂട്ടിക്കൊണ്ട്‌ വന്നതായിരുന്നൂ ആ കുടുസ്സ്‌ മുറിയിലേക്കു. ബിക്കിനിധാരികളായ ഒട്ടനവധി സുന്ദരികളില്‍ നിന്നും എന്തുകൊണ്ടോ അവന്‍ തിരഞ്ഞെടുത്തത്‌ അവളെ ആയിരുന്നൂ..

മുറുകിയ താളച്ചുവടുകളോടെ അര്‍ദ്ധനഗ്നകളായ ബാര്‍ഗേള്‍സ്‌ പോള്‍ ഡാന്‍സ്‌ തുടങ്ങിയിരിക്കുന്നു.

"യു വാന്‍ഡ്‌ മി റ്റു പ്ലേ അഗൈന്‍.." അവള്‍ ചോദിച്ചു.ഒരു പാട്ട്‌ കഴിഞ്ഞിരുന്നു.യാന്ത്രികവും, കൃതൃമവുമായ ചലനങ്ങളോടെ, അഭിനയിച്ച്‌ ഫലിപ്പിക്കാവുന്ന വികാരപ്രകടനങ്ങളോടെ, അവനെ തൊട്ടു,തൊടാതെ അവള്‍ ഡാന്‍സ്‌ ചെയ്തു.എന്തുകൊണ്ടോ ഒരു തരത്തിലുമുള്ള വികാരവും കരോളിന്‍ എന്ന ആ സ്റ്റ്രൈപ്‌ ബാര്‍ഗേളിനു അവനില്‍ ഉണര്‍ത്തുവാനായില്ല..

"വില്‍ ഗോ ഫോര്‍ അനൊതര്‍ സോങ്ങ്‌"-അവള്‍ വീണ്ടും ചോദിച്ചു.."നോ താങ്ക്സ്‌..കരോളിന്‍ ഐ എന്‍ജോയ്ഡ്‌ എ ലോട്‌..താങ്ക്യൂ അഗൈന്‍".."ഓകേയ്‌..പ്ലീസ്‌ ഗിമ്മീ 40 ഡോളേര്‍സ്‌ ആന്‍ഡ്‌ ദി ടിപ്സ്‌ യൂ കാന്‍ ഡിസൈഡ്‌..". കാലിയായ പോക്കറ്റുമായി പുറത്തേക്ക്‌ കടന്ന് അവന്‍ കാര്‍ സ്റ്റാര്‍ട്‌ ചെയ്തു..

-------------------------------------------------

അത്രയും എഴുതിയപ്പോഴേക്കും അവനു ഉറക്കംവരാന്‍ തുടങ്ങിയിരുന്നു..സമയം 11:30 കഴിഞ്ഞിരിക്കുന്നു.അടുത്ത റൂമുകളില്‍ നിന്നും അരിച്ചിറങ്ങിയ ഉറക്കം അവന്റെ ചുമരുകളില്‍ മാറാലപോലെ പറ്റിപ്പിടിച്ചിരിക്കുന്നുണ്ടായിരുന്നു..കുറേക്കാലമായി മനസ്സില്‍ ഉള്ള ഒരു നോവല്‍ ആണു..സ്വന്തമായി ഒരു ബ്ലോഗ്‌ തുടങ്ങുമ്പോള്‍ ഇടണം, അതിനു വേണ്ടിയാണു എഴുതുന്നത്‌. തന്റെ പ്രവാസ ഏകാന്തതയ്ക്‌ ഒരു ആശ്വാസമാകുമെങ്കില്‍ അത്രയും ആവട്ടെ.ടോയ്‌ലെറ്റില്‍ നിന്നും അപ്പോളും വെള്ളം വീഴുന്ന ശബ്ദം ഉയര്‍ന്നു കേള്‍ക്കാം.ഇനി ഉറങ്ങാം. ജനാല കര്‍ട്ടന്‍ നീക്കി പുറകില്‍ നിലാവു വീണു കിടക്കുന്ന മൊട്ടക്കുന്നുകളും, പിന്മുറ്റത്ത്‌ നിര്‍ത്തിയിട്ടിരിക്കുന്ന കറുത്ത കാറുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചെറുമഴത്തുള്ളികളും നോക്കി ഉറക്കം അവനെ കീഴ്‌പ്പെടുത്തിതുടങ്ങി....

**************************

മൂന്നര വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ജനുവരിമാസം..ബാംഗ്ലൂര്‍ മജസ്റ്റിക്‌ ബസ്‌ സ്റ്റേഷന്‍..അവന്‍ ആദ്യമായി ആ നഗരത്തില്‍ ചേക്കേറിയത്‌ അന്നാണു..ഏതൊരു പ്രൊഫഷണല്‍ ബിരുദദാരിയേയും പോലെ, പ്രതീക്ഷകളും, സ്വപ്നങ്ങളും ആയി..പിന്നീടുള്ള പ്രഭാതങ്ങളില്‍ പതിവു മോര്‍ണിംഗ്‌ വാക്കുകള്‍ക്കിടയില്‍ നിരവധി പുതുമുഖങ്ങള്‍, തോളത്ത്‌ തൂക്കിയ ബാഗുകളും, മനസ്സില്‍ കനം വെച്ച പ്രതീക്ഷകളും ആയി വന്നിറങ്ങി നടന്ന് പോവുന്നത്‌ കാണുമ്പോള്‍, അവന്‍ അവനെത്തന്നെ ഓര്‍ക്കാറുണ്ടായിരുന്നു..

അതിനും വര്‍ഷങ്ങള്‍ക്കു ശേഷം, കടുത്ത വരള്‍ച്ചയിലും,ആഭ്യന്തര കലാപത്തിലും ബാംഗ്ലൂര്‍ നഗരം ചിറകുടഞ്ഞു വീണതിനും മുന്‍പേ, സ്വയം ഭരണാധികാരിയായി അഥവാ സി.ഇ.ഒ ആയി സൃഷ്ടിച്ച അവസരങ്ങളുടെ ഗ്രാമം അഥവാ ഓപ്പര്‍ച്യൂണിറ്റി വില്ലേജിലെ അത്യാധുനിക ഓഫീസ്‌ മുറിയില്‍ ഇരുന്ന്, ചുറ്റും പരന്നുകിടക്കുന്ന പൂപ്പാടങ്ങള്‍ക്കും, പച്ചക്കറി തോട്ടങ്ങള്‍ക്കും, ടെക്‌ സിറ്റിക്കും മുകളിലൂടെ കാഴ്ച്ക മറച്ചു നില്‍ക്കുന്ന എന്റര്‍ടൈന്‍മന്റ്‌ പാര്‍ക്കിലെ റൈഡുകളില്‍ പുത്തന്‍ പ്രതീക്ഷകളുമായി വന്ന് ചേരുന്ന യുവാക്കളില്‍ സ്വന്തം പ്രതിബിംബങ്ങള്‍ തിരയുന്ന പതിവ്‌ തുടര്‍ന്നു പോന്നിരുന്നു..ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന ആ പഴയ കെട്ടിടക്കാടുകള്‍ക്കു പകരം സുന്ദരമായ ഒരു നഗരം തന്നെ അയാള്‍ (അവനില്‍ നിന്നും അയാളിലേക്കുള്ള ദൂരം വളരെ ആയിരുന്നെങ്കില്‍ കൂടിയും..)പണിതീര്‍ത്തിരുന്നു. കുട്ടിക്കാലത്ത്‌ തന്റെ അച്ചന്റെ കൂടെ/അച്ചന്റെ ജോലിസ്ഥലമായ പ്രതാപം മങ്ങിത്തുടങ്ങിയ ആ വ്യവസായ ടൗണ്‍ഷിപ്പില്‍ കുറേനാള്‍ താമസിച്ചതിന്റെ ഓര്‍മ്മപുതുക്കല്‍ കൂടിയായിരുന്നൂ, തന്റെ സ്വപ്നപദ്ധതികള്‍ക്കു വേണ്ടി ആ സ്ഥലം തന്നെ തിരഞ്ഞെടുക്കാന്‍ അയാളെ പ്രേരിപ്പിച്ചത്‌..

****************************************************************

രണ്ട്‌
-----

പുഴയില്‍ കുറേ നെറ്റിയെല്‍പൊട്ടന്മാര്‍ ഉണ്ടായിരുന്നൂ..അവനും കൂട്ടുകാരനും കൂടി അതില്‍ കുറേ മീനുകളെ തോര്‍ത്തുമുണ്ട്‌ ചേര്‍ത്തുണ്ടാക്കിയ വലയില്‍ കുടുക്കുകയും ചെയ്തു. സമയം സന്ധ്യ അടുത്തിരിക്കുന്നു. സ്കൂള്‍ വിട്ട്‌ കുറെ നേരം കഴിഞ്ഞു. ഇനിയും കുറെ മലകള്‍ കയറി ഇറങ്ങണം വീടെത്താന്‍. ഇന്ന് മുള്ളിന്‍ കായ പറിച്ച്‌ സമയം കളയരുത്‌..സമയം വൈകിയാല്‍ അമ്മ തല്ലും. അവന്‍ അതുവരേയും പിടിച്ച പരല്‍ക്കുഞ്ഞുങ്ങളേയും,നെറ്റിയേല്‍പൊട്ടന്മാരേയും ചോറ്റുപാത്രത്തില്‍ ചേര്‍ത്തടച്ചു..

പുഴയില്‍ ചാഞ്ഞുകിടക്കുന്ന പാറകളിലും, ആറ്റുവഞ്ചിക്കൊമ്പുകളിലും നിറയെ പൂമ്പാറ്റകള്‍ ആയിരുന്നു.അവരുടെ കാല്‍പ്പെരുമാറ്റങ്ങളില്‍ അവയെല്ലാം പറന്നുയര്‍ന്നു.മഞ്ഞയും,നീലയും,പുള്ളികളും നിറഞ്ഞ പൂമ്പാറ്റകളെക്കൊണ്ട്‌ നിറഞ്ഞ ആകാശം.

അന്നു രാത്രി അവന്‍ കുറേ സ്വപ്നം കണ്ടു..പുഴയില്‍ ഒഴുകിനടക്കുന്ന സുന്ദരങ്ങളായ പൂവുകള്‍. ചുവപ്പും,ഓറഞ്ചും നിറത്തിലുള്ളവ..അവയ്ക്കാകെ ഒരു വല്ലാത്ത സുഗന്ധവും..മനോഹരമായ സുഗന്ധം. എവിടെനിന്നാണെന്നറിയാന്‍ അവന്‍ ഓളങ്ങള്‍ക്കെതിര്‍ ദിശയില്‍ നടന്നു. കുത്തിയൊലൊച്ച്‌ ആര്‍ത്ത്‌ വരുന്ന കാട്ടരുവികളൊന്നിന്റെ കൈവരികളില്‍ ഓരം ചേര്‍ന്ന് ഉള്‍ക്കാടുകളിലേക്കു അവന്‍ നടന്നു കയറി. ആവിടെ ഒന്നും പൂമരങ്ങള്‍ ഇല്ലായിരുന്നു..എന്നിട്ടും കുറേയെറെ പൂക്കള്‍ പുഴയുടെ കരയില്‍ വന്നടിഞ്ഞിരുന്നു..മണമുള്ള പൂക്കള്‍. നടന്നു നടന്നു അവന്‍ ഒരു വെള്ളച്ചാട്ടത്തിനടുത്തെത്തി..
അവന്റെ കാല്‍പ്പെരുമാറ്റത്തില്‍ നിലത്തു വീണു കിടന്നിരുന്ന കരിയിലകള്‍ എല്ലാം ശാപമോക്ഷം കിട്ടിയ ചിത്രശലഭങ്ങള്‍ ആയി പറന്ന് ഉയര്‍ന്നു..

പല നിറത്തിലുള്ള, മണമുള്ള ശലഭങ്ങള്‍..

ആറ്റിന്‍കരയില്‍ പകുതി ചാഞ്ഞു കിടക്കുന്ന കറുത്ത പാറകളില്‍ ഒന്നില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി ഇരിക്കുന്നു..മുഖം മറിച്ച്‌ നീണ്ട്‌ കിടക്കുന്ന മുടിയിഴകള്‍ വെള്ളത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നുണ്ട്‌..അവളുടെ കവിളിണകളിലൂടെ ഒരുകി വരുന്ന കണ്ണുനീര്‍ത്തുള്ളികള്‍ പുഴയില്‍ ചേരുമ്പോള്‍ മനോഹരമായ പൂക്കള്‍ ആയി മാറുന്നുണ്ടായിരുന്നു..അവള്‍ അവനെ കണ്ടില്ല..അവള്‍ക്കു ചുറ്റും പറന്നു വന്നിരുന്ന ചിത്രശലഭങ്ങള്‍ അവളെ തൊട്ടു..അവള്‍ അവനെ തിരിഞ്ഞു നോക്കി..അവന്റെ വിരലുകള്‍ അവളുടെ കണ്ണീരൊപ്പി..അവള്‍ രാജകുമാരിയും അവന്‍ എഴു കടലും കടന്നു പൂക്കള്‍ക്കു പുറകെ സുഗന്ധം തേടിവന്ന രാജകുമാരനും ആയി മാറി...

പിന്നീട്‌ താന്‍ സൃഷ്ടിച്ച എന്റര്‍ടൈന്‍മന്റ്‌ പാര്‍ക്കുകളില്‍ ഒന്നില്‍ അവന്‍ ആ മനോഹരമായ സ്വപ്നത്തിനു പുന:സൃഷ്ടി നടത്തി..അവിടെ അവന്‍ കാടും, കാട്ടരുവിയും,കരയുന്ന സുന്ദരിയേയും,പറന്നു നടക്കുന്ന ചിത്രശലഭങ്ങളേയും പുന:ജ്ജീവിപ്പിച്ചു..പുഴയില്‍ നിറയെ സുഗന്ധമുള്ള,സ്വയം പ്രകാശിക്കുന്ന പൂക്കള്‍ ഒഴുകി നടന്നു..

Wednesday, February 14, 2007

പ്രണയകാലം..

യൂണിയന്‍ ആഫീസിന്റെ പാതിചാരിയിട്ട വാതിലിന്റെ വിടവിലൂടെ എനിക്കവളെ കാണാം..
കോണ്‍ക്രീറ്റിട്ട അരമതിലില്‍ എന്റെ വരവും കാത്തവള്‍ ഇരിക്കാന്‍ തുടങ്ങിയിട്ട്‌ ഇതു ഒരു ഒന്നൊന്നര മണിക്കൂറെങ്കിലും ആയിക്കാണും..

ക്യാമ്പസ്‌ ജീവിതത്തിലെ അവസാന യൂണിയന്‍ മീറ്റിംഗ്‌ ആണിത്‌..പങ്കെടുത്തില്ലെങ്കിലും ഒന്നും സംഭവിക്കല്ലായിരിക്കാം..എങ്കിലും ചില സൗഹൃദങ്ങള്‍ അത്‌ എനിക്ക്‌ ഒഴിവാക്കാന്‍ പറ്റില്ല..പ്രണയമാണോ, സൗഹൃദമാണൊ, സംഘടനയാണോ വലുത്‌..തീര്‍ച്ചയായും പ്രണയം തന്നെ എന്റെ കാമുകമനസ്‌ ഇടയ്ക്കിടയ്ക്ക്‌ ഓര്‍മ്മപ്പെടുത്തി..

ചുവന്ന കസേരകള്‍ക്കും, ഭിത്തിയില്‍ തൂക്കിയിട്ട ദേശാഭിമാനി കലണ്ടറിനും, മുറിയില്‍ അലങ്കോലമായി കിടക്കുന്ന പോസ്റ്ററുകള്‍ക്കും,വരാന്‍ പോവുന്ന സമരങ്ങള്‍ക്കും, തിരഞ്ഞെടുപ്പുകള്‍ക്കും വേണ്ടി സ്വരുക്കൂട്ടിവച്ച ചുവപ്പ്‌ തോരണങ്ങള്‍ക്കും ഇടയില്‍ പതിവ്‌ യൂണിറ്റ്‌ മീറ്റിംഗ്‌ അജണ്ട ആരോ വായിച്ചു..

കഴിഞ്ഞു പോയ മീറ്റിംഗ്‌ കാലയളവില്‍ മണ്മറഞ്ഞുപോയ എല്ലാ രക്തസാക്ഷികള്‍ക്കും വേണ്ടി ഒരു മിനിറ്റ്‌ മൗനമാചരിച്ച്‌ നിന്നപ്പോളും, എന്റെ ശ്രദ്ധ പുറത്തിരിക്കുന്ന അവളിലായിരുന്നൂ..

മുറിക്കുള്ളിലെ ചുവപ്പ്‌ പടര്‍ന്നിട്ടാണോ എന്തോ പുറത്തും അന്ന് സന്ധ്യ കുറെ ചുവന്നിരുന്നു..

ഇരുട്ടില്‍ കാമുകിയെ തനിയെ വിട്ട്‌, യൂണിയന്‍ മീറ്റിംഗ്‌ അറ്റെന്റ്‌ ചെയ്യുന്ന ഒരു വിഡ്ഠി..അതും പ്രണയത്തിന്റെ ആദ്യ കാലം.. മനസ്സിന്റെ ശത്രു ഭാഗം ആക്രമണത്തിനുള്ള എല്ലാ സന്നാഹവും തുടങ്ങി..

പുറത്ത്‌ തനിച്ചിരിക്കുന്ന എന്റെ പ്രിയപ്പെട്ടവള്‍ക്ക്‌ മനസ്സും,കണ്ണും കൊടുത്ത്‌ എന്റെ ശരീരം ആ ഇരുണ്ട മുറിയില്‍ തീപാറുന്ന ചര്‍ച്ചകളില്‍ നിറഞ്ഞു..

ഒടുവില്‍, കമ്മിറ്റി ബുക്കില്‍ യാന്ത്രികമായി ഒപ്പ്‌ വച്ച്‌ ഹാജര്‍ തികച്ച്‌ ഞാന്‍ ഓടി..എന്നെ കാത്തിരുന്നു തളര്‍ന്ന രണ്ട്‌ കണ്ണുകള്‍ക്ക്‌ മുന്‍പിലേക്കു..

ഇവള്‍ എന്റെ ജീവിതസഖി എന്ന് മനസ്സില്‍ ഒരു നൂറുവട്ടം ഉറപ്പിച്ച്‌..

**************

ഹോസ്റ്റലിലേക്കു പിരിയുന്ന വഴികളില്‍ സന്ധ്യപെയ്യുമ്പോള്‍ കണ്ണും നോക്കിയിരുന്ന് വരാന്‍ പോകുന്ന ഒരു രാത്രി തീര്‍ക്കുന്ന നേര്‍ത്ത വിടവിനെ ശപിച്ച്‌ കഴിഞ്ഞ നാളുകള്‍..

കശുമാവിന്‍ തൈയുടെ ചുവട്ടില്‍ കോണ്‍ക്രീറ്റ്‌ ബഞ്ചില്‍ ഇരുന്ന് പതുക്കെ , ആരും കാണാതെ വിരലുകള്‍ ചേര്‍ക്കാന്‍ തുടിച്ച വൈകുന്നേരങ്ങള്‍..

"നീ കൂടെയുണ്ടെങ്കില്‍ എന്നും വാലന്റൈന്‍സ്‌ ഡേ ആണെന്നു പലകുറി പറഞ്ഞ പ്രണയകാലങ്ങള്‍..."

**********

പിന്നെ നീണ്ട വിരഹങ്ങള്‍...പ്രതീക്ഷിക്കാത്ത കൂടിക്കാഴ്ച്ചകള്‍..വീണ്ടും നീളുന്ന വിരഹം..മുടങ്ങാത്ത ഇ-മെയിലുകള്‍..പിന്നെ, .......

Monday, February 12, 2007

 
Posted by Picasa

മരം പെയ്യുന്നത്...

ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ മഴയാണ്..അമേരിക്കയില്‍ വന്നതിനുശ്ശേഷം ആദ്യമായിട്ടാണു മഴ കാണുന്നത്..
ചന്നം പിന്നം ഐസ് കട്ടകള്‍ ചിതറി വീഴുന്നതു പോലുള്ള മഴ..
കഴിഞ്ഞ പകല്‍ മുഴുവനും ഡിസ്നിലാന്റില്‍ ആയിരുന്നൂ..ഒരു ഫാന്റസിവേള്‍ഡ്..മുത്തശ്ശിക്കഥകളിലും, കോമിക്സുകളിലും പരിചയമുള്ള, വേറെ ഏതൊ ഒരു ലോകത്തെത്തിയ പോലത്തെ അനുഭവങ്ങള്‍..
നല്ല ക്ഷീണമുണ്ടായിരുന്നൂ..വന്നു കിടന്നുറങ്ങിയതെ ഓര്‍മ്മയുള്ളൂ..അത്താഴം പോലും കഴിച്ചില്ല..അല്ലെങ്കിലും ഇവിടെ വന്നതിനുശ്ശേഷം അങ്ങിനെ ഒരു പതിവില്ല..തനിച്ച് ഒരു ഹോട്ടല്‍ റൂമില്‍, ആരും മിണ്ടാനും പറയാനും ഇല്ലാതെ..സ്ഥിര്‍ം ഒരേ സിനിമകള്‍ മാത്രം കാണിക്കുന്ന ചാനലുകള്‍ കുറെ സ്കിപ് ചെയ്തു കളിക്കുന്നതിലും ഭേദം ഉറങ്ങുന്നതാണ് എന്നു തോന്നി..
ഉണര്‍ന്നപ്പോള്‍ പുറത്ത് നല്ല മഴപെയ്യുന്നതാണു കണ്ടത്..പിന്മുറ്റത്ത് പാര്‍ക്കു ചെയ്തിരിക്കുന്ന കാറുകളിലൂടെ അമേരിക്കന്‍ മഴത്തുള്ളികള്‍ ഒലിച്ചിറങ്ങുന്നു..
നാട്ടില്‍ ഇപ്പൊ സമയം രാത്രി 8-8:30 ആയിട്ടുണ്ടാവും..വീട്ടിലേക്കു ഒന്നു വിളിക്കണം..അമ്മച്ചി(അച്ചന്റെ അമ്മ) സുഖമില്ലാതെ കിടക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസം ആയി..കഴിഞ്ഞ തവണ വിളിച്ചെങ്കിലും സംസാരിക്കാന്‍ കഴിഞ്ഞില്ല..
ഇന്നേതായാലും സംസാരിക്കാം..ഇനി തിരിച്ച് ചെല്ലാന്‍ കുറച്ച് ദിവസം കൂടിയെ ഉള്ളൂ..കുഴപ്പമൊന്നുമില്ല വീട്ടിലേക്കു പോന്നു എന്നാണു കഴിഞ ദിവസം അച്ചന്‍ പറഞ്ഞതു..
5 ഡോളര്‍ കൊടുത്ത് വാങ്ങിയ ഫോണ്‍ കാര്‍ഡ് ബാഗില്‍ നിന്നും എടുക്കുമ്പൊഴേക്കും ഫോണ്‍ റിംഗ് ചെയ്തു..കസിന്‍ ആണ്..പതിവില്ലാത്ത ഒരു വിളി..”എടാ അമ്മച്ചി മരിച്ചു..ഒരു മണിക്കൂര്‍ മുന്‍പ്..നാളെയാണു ചടങ്ങ്..നിന്നോട് തിരക്കുപിടിച്ച് വരണ്ടാ എന്നു പറയാന്‍ പറഞ്ഞു...“
വാക്കുകള്‍ക്കു ഇടര്‍ച്ച വന്നു തുടങ്ങിയപ്പോഴെക്കും ഫോണ്‍ കട്ട്ചെയ്തു..
ഞാന്‍ കടലുകടന്നു പറക്കുന്നതില്‍ ഏറ്റവും കൂടുതല്‍ അഭിമാനം ഉണ്ടായിരുന്നത് അമ്മച്ചിക്കായിരുന്നൂ..കൊച്ചുമകന്‍ അമേരിക്കക്കു (അത് കേവലം ഒരു മാസത്തേക്കണെങ്കില്‍ കൂടിയും) പോവുന്നത് അഭിമാനത്തോടെ കണ്ടിരുന്നൂ എന്നു തോന്നുന്നൂ..
കുറച്ചു നാള്‍ മുന്‍പ് ..വിസ കിട്ടിയതിനു ശേഷം നാട്ടില്‍ ചെന്നപ്പോള്‍ എടുത്തു പറയുകയും ചെയ്തു..”നീ പോന്ന കാര്യം എല്ലാരോടും ഞാന്‍ പറയും..കഷ്ടപ്പെടുന്നതിന്റെ ഒക്കെ സന്തോഷം നമുക്കുണ്ടാവേണ്ടത് വയസ്സുകാലത്താണു..ആ സന്തോഷം ഇപ്പൊ എനിക്കുണ്ട്..“
ഇപ്പോള്‍ 13 - 13 1/2 മണിക്കൂറുകള്‍ക്കു പിന്നില്‍, ദു:ഖം പങ്കു വെയ്ക്കാന്‍ ആരുമില്ലാതെ ഞാനിരിക്കുന്നു..
ദൂരെ എനിക്കു പറന്നെത്തുവ്വാന്‍ പോലും കഴിയാത്തത്ര ദൂരെ ഒരു ശരീരം ചിതയിലേക്കു എടുക്കുന്നതു പോലും കാണാന്‍ കഴിയാതെ.........

മഴ തോര്‍ന്നിരിക്കുന്നൂ....മരം പെയ്യുന്നുമുണ്ട്..ആകാശം കുറെ കരഞ്ഞ് പിന്നെ ശാന്തനായ വഴക്കാളിക്കുട്ടിയെ പോലെ കൊഞ്ചി കൊഞ്ചി തെളിഞ്ഞു വരുന്നൂ..
ശരിക്കും മഴപെയ്യുന്നുണ്ടായിരുന്നോ, അതൊ കണ്ണില്‍, പുറത്തു വരാതെ കണ്ണുനീര്‍ നിറഞ്ഞത് കൊണ്ട് തോന്നിയതോ...

Friday, February 9, 2007

മംഗലശ്ശേരി നീലകണ്ഠന്‍...

ഒരു മലയുടെ മുകളില്‍ ആയിരുന്നു എന്റെ വീട്‌..ആ കാലത്തു നാട്ടിലേക്കു ആകെയുള്ള ബസ്സുകളുടെയും അവയുടെ ആകെയുള്ള ട്രിപ്പുകളുടേയും എണ്ണം, എങ്ങിനെ എണ്ണിയാലും ഒരു കൈയിലെ വിരലുകളില്‍ ഒതുക്കാം എന്ന ഒരു പ്രയോജനം മാത്രമെ ഉണ്ടാക്കിയിരുന്നുള്ളൂ..

ബസ്സിറങ്ങി ചുറ്റിവളന്‍ഞ്ഞു കിടക്കുന്ന കുന്നിന്‍ ചെരുവിലൂടെ കയറി, റോഡവസാനിക്കുന്നിടത്തു തുടങ്ങുന്ന മംഗലശ്ശേരി കുടുംബത്തിന്റെ പുരയിടവും കടന്നാലെ വീട്ടിലെത്താന്‍ കഴിയുമായിരുന്നുള്ളൂ..
ചേട്ടന്‍, അനിയന്മാരായി മൂന്നോളം വീടുകളിലായി വ്യാപിച്ചു കിടക്കുന്ന മംഗലശ്ശേരി കുടുംബത്തിന്റെ, കുടുംബ കാവല്‍ നായ നീലകണ്ഠന്‍ എന്ന് ഞാന്‍ ചെല്ലപ്പേരിട്ടു വിളിക്കുന്ന ജീവിയായിരുന്നു എന്റെ എക്കാലത്തേയും വലിയ ശത്രു..
അതിന്റെ gender ഏതാണു എന്നു നോക്കുവനുള്ള ശേക്ഷി അന്നും (ഇന്നും) ഇല്ലാത്തതു കൊണ്ട്‌ ഇട്ടപേര്‍ ഇടക്കു മാറ്റേണ്ട ഒരു ഗതികേട്‌ ഇതു വരെ ഉണ്ടായിട്ടില്ല...
ഇരിട്ടി തുടങ്ങുന്ന നേരത്തു ..ദൂര യാത്രയും കഴിഞ്ഞവശനായി, ഒരു കലം ചോറു തിന്നാനുള്ള ആര്‍ത്തിയുമായി വീട്ടിലേക്കു ഓടുന്ന എന്റെ കാലുകള്‍ സ്ലൊമോഷന്‍ ശീലിച്ചു തുടങ്ങിയത്‌ ഒരു പക്ഷെ മംഗലശ്ശേരി നീലകണ്ഠനുമായുള്ള എന്റെ ശത്രുത തുടങ്ങിയതോടെ ആയിരിക്കാം..

എന്റെ സ്മെല്‍ അടിച്ചാല്‍ മതി ഏത്‌ ചിക്കന്‍ ലെഗ്ഗിന്റെ മുന്നിലാണെങ്കില്‍ പോലും ഒരു മനോവിഷമവും കൂടാതെ ഓടിവരുക എന്നത്‌ നീലകണ്ഠന്റെ ഒരു ഹോബി ആയിരുന്നൂ...ഓടിവന്നു ഇരുളിന്റെ മറവില്‍ നിന്നും പെട്ടെന്നു കുരച്ച്‌ എന്റെ പ്രാണന്‍ പോസ്‌ ചെയ്തു നിര്‍ത്തുക ആ മഹാമനസ്കന്റെ ചില കുസൃതികളില്‍ പെടും..

ജന്മനാ ഒരു പട്ടി ഫോബിയാക്‌ ആയതു കൊണ്ട്‌ ഓര്‍ക്കപ്പുറത്തുള്ള ഇത്തരം എന്‍കൗണ്ടറുകള്‍ എന്റെ മനോവീര്യം കൂടുതല്‍ തകര്‍ക്കുന്നതിനെ ഉപകരിച്ചുള്ളൂ...
എല്ലാ വീട്ടിലും ഒരു പട്ടി എന്ന പ്രിന്‍സിപ്പലില്‍ അടിയുറച്ചു വിശ്വസിച്ചിരുന്നവരുടെ ഇടയില്‍ എന്നെ പോലുള്ളവരുടെ ജീവിതം ദുഷ്ക്കരം ആയിരുന്നൂ...
അങ്ങിനെ കാല ചക്രം തിരിഞ്ഞു മറിഞ്ഞു...എന്റെ മീശപോലുള്ള രോമങ്ങള്‍ കട്ടി വച്ചു തുടങ്ങി...ഒപ്പം നീലകണ്ഠന്റെ ബോഡിയും, എന്നോടുള്ള പകയും..
ആനപ്പകപോലുള്ള ഒരു പട്ടിപ്പക...
അതിന്റെ കാരണം തിരഞ്ഞു തിരഞ്ഞു ഞാന്‍ ഗതികിട്ടാ പ്രേതം കണക്കെ അലഞ്ഞു തിരിഞ്ഞു..ഇന്നാണങ്കില്‍ ഒരു പക്ഷെ വിക്കിപീഡിയായില്‍ പോയി തിരഞ്ഞാല്‍ മതിയായിരുന്നു..
മൂന്നു കുടുംബങ്ങളുടേയും ആരോമല്‍ ഉണ്ണിയായിരുന്നതു കൊണ്ട്‌ ക്രിസ്തുമസ്സും, ഈസ്റ്ററും പള്ളിപ്പെരുന്നാളും ആഘോക്ഷിച്ച്‌ നീലകണ്ഠന്‍ കൊഴുത്തു തടിച്ചൊരു സിംഹക്കുട്ടി കണക്കെ ആയിരുന്നൂ..
നീലകണ്ടനെ പേടിച്ചു മംഗലശ്ശേരി കുടുംബത്തിന്റെ പുരയിടം ഒഴുവാക്കി കിലോമീറ്റര്‍സ്‌ ആന്റ്‌ കിലോമീറ്റേര്‍സ്‌ നടന്നു ഞാന്‍ നൂലുപോലെ മെലിഞ്ഞും തുടങ്ങി..
അങ്ങിനെ എങ്ങ്നീയൊക്കെയൊ വിവരം നാട്ടുകാരും അറിഞ്ഞു.. അപമാന ഭാരത്തില്‍ എന്റെ പുരുഷത്വം തിളച്ചു മറഞ്ഞു..
ബുഷ്‌ സദ്ദാംഹുസ്സൈനെ എന്ന പോലെ, എന്നെ ടോര്‍ച്ചര്‍ ചെയ്യുന്ന ആ മാരണത്തെ എങ്ങിനെയെങ്കിലും അവസാനിപ്പിക്കണം എന്നു ഞാന്‍ തീരുമാനിച്ചുറച്ചു.അലുവയില്‍ തുടങ്ങി, മത്തിയില്‍ വരെ എത്തി നിക്കുന്ന വിഷ പ്രയോഗങ്ങളെ കുറിച്ചുള്ള പ്ലാനുകള്‍ പക്ഷെ, അച്ചന്‍ അമ്മമാരുടെ ഭീക്ഷണിക്കും വിരട്ടലിനും മുന്‍പില്‍ ഫ്ലോപ്പായി..
ചിലര്‍ പറഞ്ഞു, ഈ പകയ്ക്കു കാരണം എന്റെ കുട്ടിക്കാലത്തെ ചില കുസൃതികളില്‍ എറിഞ്ഞ കല്ലുകള്‍ ആയിരിക്കാം എന്നു..ചിലര്‍ പറഞ്ഞു പൂര്‍വ ജന്മത്തിലെ ഏതെങ്കിലും പകയായിരിക്കും എന്നു..
പിന്നെ പിന്നെ, എന്റെ സ്വപ്നങ്ങളില്‍ നീലകണ്ടന്‍ എന്റെ മുന്‍ ജന്മങ്ങളിലേതോ ഒന്നില്‍ ഞാന്‍ വഞ്ചിച്ക എന്റെ കാമുകിമാരില്‍ ഒരാളായി..
ചില സ്വപ്നങ്ങളില്‍ ഞാന്‍ കംസനും അവന്‍ കൃഷ്ണനും ആയി..
അപൂര്‍വ്വം സ്വപ്നങ്ങളില്‍ എന്നെ ജീവിതകാലം മുഴുവന്‍ ഓടിച്ച്‌ ഓടിച്ച്‌ ഒടുവില്‍ മോക്ഷം കിട്ടുന്ന അപ്സരസ്സായി അവന്‍...
സ്വപ്നങ്ങള്‍ക്കു ശേഷമുള്ള ദിവസങ്ങളില്‍ എന്നെ ഓടിച്ച്‌ പേടിപ്പിച്ചാണെങ്കിലും ഒരു നായക്കെങ്കിലും ശാപമോക്ഷം കിട്ടട്ടെ എന്ന് ഞാനും കരുതി തുടങ്ങി..
ഇതു ഒരു കഥയായിരുന്നെങ്കില്‍ എനിക്കു വേണമെങ്കില്‍, പിന്നീടെപ്പൊഴോ ഞാന്‍ അറിയാതെ ഒടുങ്ങി തീര്‍ന്ന നീലകണ്ഠന്റെ മരണത്തില്‍ നിര്‍ത്താമായിരുന്നൂ...
ഒരു സത്യം ഇപ്പോളും എനിക്കറിയില്ല, അവന്‍ ആ പഴയ പകയോടെ എന്നെ കാത്തു നില്‍പ്പുണ്ടോ എന്നു..

കാലം കഴിഞ്ഞു..ബാംഗ്ലൂര്‍ നഗരത്തില്‍ സ്ഥിരതാമസമാക്കി.., ഏതൊരു പുതിയ റോഡ്‌ ടാര്‍ ചെയ്താലും ആദ്യ കാല്‍പ്പാടുകള്‍ നായയുടേതായിരിക്കും എന്നുറപ്പുള്ള സ്ട്രീറ്റ്കളിലൂടെ എന്നും വന്നും പോയിയും ഇരിക്കുമ്പോഴും ഞാന്‍ ഇരുളില്‍ നിന്നുള്ള അപ്രതീക്ഷിത കുരകളെ ഇന്നും ഭയപ്പെടുന്നൂ...
(കടപ്പാട്‌ : മംഗലശ്ശേരി നീലകണ്ഠനു...)

Wednesday, January 31, 2007

ഒരു കമേര്‍ഷ്യല്‍ ബ്രേക്ക്...

മലയാളം ബ്ലോഗ്ഗുകളെക്കുറിച്ചു അറിഞ്ഞൂ തുടങ്ങിയിട്ട് അധികം നാളാവുന്നില്ല...സഹമുറിയന്‍ ആയ അനില്‍ ആണ് ആദ്യമായി കൊടകരപുരാണവും, കുറുമാന്‍ കഥകളും, ഇടിവാലും, പെരിങ്ങോടനും ഒക്കെ അനുഭവങ്ങള്‍ തകര്‍ത്തു പെയ്യുന്ന ഈ പുതിയ ലോകവും ആയി അടുപ്പിച്ചതു...

പിന്നങ്ങോട്ട് ബ്ലോഗുഗളിലൂടെ ഒരു യാത്ര...
പണ്ട് സായിപ്പു കൊഴുക്കട്ട കണ്ടപ്പൊള്‍ തോന്നിയ അതെ അന്താളിപ്പോടെ ഞാനും നോക്കിനിന്നു..ഇതൊക്കെ എങ്ങിനെ ഇതിന്റെ ഉള്ളില്‍ കേറ്റി..
പണ്ടെപ്പൊഴൊ കുഴിച്ചു മൂടിയ വാക്കുകളെ എടുത്ത് പകല്‍ വെളിച്ചം കാണിച്ചാലോ എന്ന അത്യാഗ്രഹം മനസ്സിലേക്കിടിച്ചു കയറിയതങ്ങിനെയാണു..
ഒടുവില്‍ അമേരിക്കന്‍ നാടുകളിലേക്കുള്ള യാത്രകളില്‍ വായിക്കാന്‍ ഒരു പിടി ബ്ലോഗ്ഗുകളും മനസില്‍ സൂക്ഷിച്ചു ഫ്ലൈറ്റ് കയറി..
വഴിയില്‍ കളഞ്ഞ് കിട്ടിയതും..ആരോ നേര്‍ക്ക് വലിച്ചെറിഞ്ഞതുമായ ചില അനുഭവങ്ങളെ കുറിച്ചിടാന്‍ ഇടം ഒരുക്കി..ഈ ബ്ലോലോകത്തില്‍ ഒരു സ്റ്റാളും ഇട്ട് ഞാനും ഇരിക്കുന്നു...
ഇപ്പോള്‍ എന്റെ ഓരോ ഉറക്കങ്ങളും ഉണരുന്നത് ബ്ലോഗില്‍ കമന്റ്സ് വീഴുന്നോ എന്ന് നോക്കാന്‍ വേണ്ടി മാത്രം..
കുട്ടിക്കാ‍ലത്ത് ഞാന്‍ നട്ട ചെടികള്‍ ഓരോന്നും പുലര്‍ച്ചെ പിഴുതു നൊക്കുന്ന ഒരു ശീലം ഉണ്ടായിരുന്നു എനിയ്ക്കു..വേരു മുളച്ചോ എന്നറിയാന്‍..അതെ കുട്ടിമനസുമാ‍യി..ഇന്നും എന്റെ ബ്ലോഗിനു വേരു മുളച്ചോ എന്നുള്ള ഉല്‍കണ്ഃയ് മായി ഞാന്‍ ഉറക്കമുണരുന്നു...
ഈക്കഴിഞ്ഞ ജനുവരിയിലെ ഒരു തണുപ്പന്‍ ദിവസത്തില്‍ ഞാന്‍ നടത്തിയ ഒരു കാലിഫോര്ണി‍യ യാത്രയാണു ടെര്‍മിനല്‍ 2ബി...
എന്നെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവര്‍ക്കും നന്ദി...വിശാല്‍ജിക്കു പ്രത്യേകിച്ചും...

Saturday, January 27, 2007

ടെര്‍മിനല്‍ 2ബി തുടരുന്നൂ.....

ഇനിയും മണിക്കൂറുകള്‍ കാത്തിരിയ്ക്കണം പാരീസ് എത്താന്‍..പാരീസില്‍ നിന്നും 9:25 എ.എം നു ള്ള ഡെല്‍റ്റ എയറില്‍ അറ്റ്ലാന്റയ്ക്കു പറക്കണം..പക്ഷെ ഇപ്പൊള്‍ ചാവുകടല്‍ കീറിപ്പറക്കുന്ന ഈ ഫ്ലൈറ്റ് പാരീസിലെത്തുമ്പൊളേക്കും 8:45 കഴിയും..പിന്നെയും ദൂരെയെവിട്യൊ ഉള്ള 2ഇ ടെര്‍മിനല്‍ തേടിപ്പിടിച്ചു വേണം അറ്റ്ലാന്റാ ഫ്ലൈറ്റ് പിടിക്കാന്‍....
സമയം പൊവാന്‍ വേണ്ടി ടി.വി സ്ക്രീനില്‍ ചാന‍ല്‍ മാറ്റിമറിയ്ക്കാന്‍ തുടങ്ങി..പേരറിയാത്ത ഒരു ഫ്രെഞ്ച് ഫിലിം..രസമുണ്ട്..അതിലെ നായികയ്ക്കു നമ്മുടെ രജനി അണ്ണനെ പെരുത്തിഷ്ടം ആണത്രെ..
സിനിമ കഴിഞ്ഞു വീണ്ടും ഉറക്കവും ക്രമം തെറ്റിയ സ്വപ്നങ്ങളും മുറിവേല്‍പ്പിചു തുടങ്ങി...
ചില യാത്രകള്‍ നമ്മെ മടുപ്പിക്കും ...ചിലതു നമ്മെ കൊതിപ്പിയ്ക്കും..
മണിക്കൂറുകള്‍ ചിരകറ്റു വീഴുന്ന ബംഗളൂരു--പാരീസ് യാത്രയും മടുപ്പിന്റെ താളം മുറുകിതുടങ്ങിയിരുന്നു..
പാരീസ് സമയം 8:38 നു ഫ്ലൈറ്റ് ഇന്റെര്‍നാഷണല്‍ നെടുമ്പാശ്ശേരിയായ ചാര്‍ല്സ് ഡീഗൌല്‍ - ല്‍ ലാന്റ് ചെയ്തു..പ്രതീക്ഷിച്ഛ്തിലും 2000 മി.സെക്ക്ന്റ് നേരത്തെ..
ഫ്രാന്‍സ് ഇന്‍ഡ്യയ്ക്കു പുറത്തുള്ള എന്റെ ആദ്യ രാജ്യം..ആദ്യ ഇന്റെര്‍നാഷനല്‍ ഫൈറ്റ് യാത്ര ഇവിടെ അവസാനിക്കുന്നു...
ഫ്രാന്‍സ്, ഈഫല്‍ ടവറിന്റെയും, റെയ്നൂള്‍ഡ്സ് പേനയുടേയും, ഫ്രെഞ്ച് കിസ്സിന്റേയും (ഒരു പ്രാസമൊപ്പിച്ചു പറഞ്ഞതാ...കിംഗ് സ്റ്റൈലില്‍.. )നാട്..എന്റെ സഹയാത്രികരും സഹ വര്‍ക്കന്മാ രുമായ മറ്റുരണ്ടുപേരുടേയും (ഇനി അങ്ങൊട്ടു വഴി അറിയില്ലല്ലൊ..)കൂടെ ഞാനും തിരക്കിട്ടിറങ്ങീ...
ഫ്ലൈറ്റിന്റെ വാതില്‍ക്കല്‍ നിന്ന മദാമ്മ പറഞ്ഞ ബൊണ്‍ഷൂര്‍ മൈന്റ് ചെയ്യാതെ മുന്നൊട്ടു വച്ചടിച്ചു..പാസ്സേജിന്റെ വളവില്‍ അറ്റ്ലാന്റ എന്ന ഡിസ്പ്ലേയുമായി ഒരു ഫ്രെഞ്ച് സായിപ്പും..കറുത്ത ഒരു ഫ്രെഞ്ച് വീന‍സ് വില്ല്യംസും നില്‍പ്പുന്നുണ്ടായിരുന്നു..
ത്രിശ്ശൂര് സ്റ്റാന്റിന്റെ പുറത്ത് ഏര്‍ണാകുളം ടാക്സിക്കു ആളേ വിളിച്ചു കൂട്ടണമാതിരി ഉള്ള ഉടായിപ്പ് കുരിപ്പുകളു വല്ലതും ആണെങ്കിലൊ എന്നൊന്നന്തിക്കാടായി നിന്നെങ്കിലും ..പണ്ടു പള്ളീപോയപോ എല്ലാരും മുട്ടുകുത്തിയപ്പൊ ഞാനു‌മ്മുട്ടുകുത്തിയപോലെ ഒരു ലിങ്ക് ലിസ്റ്റ് ഫൊര്‍മ് ചെയ്തു അവരുടെ കൂടെ കൂടി...
സമയം 8:45 കഴിഞ്ഞു പെട്ടെന്നു ഞങ്ങളില്‍ ചിലരേയും വിളിച്ചു സായിപ്പു പുറത്തേക്കു കടന്നു..
നല്ല തണുപ്പുണ്ട്..6 ഡിഗ്രി..എന്റെ കട്ടികുറഞ്ഞ ജാക്കറ്റിനും ടീഷര്‍ട്ടിനും സഹിക്കാവുന്നതിലും അപ്പുറത്തുള്ള തണുപ്പ്....
ആദ്യമായി ഒരു വിദേശ് മണ്ണില്‍ ഫൂട്ടറ് പതിപ്പിക്കുവാണു..മൂടിക്കെട്ടിയ അന്തരീക്ഷം..പുറത്ത് നല്ല മഴ..മറ്റുള്ളവരുടെ പുറകെ ഞാനും പുറത്തേക്കിറങ്ങി..
6 പേര്‍സണ്‍സിനു ഒക്ക്യുപൈ ചെയ്യാന്‍ പറ്റുന്ന ഒരു വാനിലേക്കു സായിപ്പു ഞങ്ങളെ കേറ്റി..ഇടയ്ക്കിടെ അയാള്‍ ഫ്രെന്‍ചില്‍ എന്തൊക്കെയൊ പറയുന്നുണ്ട്..വാതായനങ്ങള്‍ എല്ലാം അടച്ച ശേഷം അയാള്‍ ഡ്രൈവിങ്ങ് സീറ്റില്‍ കയറി ഇരുന്ന് സ്റ്റാര്‍ട് ചെയ്തു...
മൊഫ്യൂസല്‍ സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തിയിട്ടിരിയ്ക്കുന്ന പോലെ പാര്‍ക്കു ചെയ്തിട്ടിരിക്കുന്ന ചെറുതും വലുതുമായ കിങ്ഫിഷെറുകള്‍(വിമാനം എന്നു വായിക്കുക...)ക്കിട്യിലൂടെ വളഞ്ഞു പുളഞു 10 മി. കൊണ്ട് ഞങ്ങളേയും കൊണ്ട് വാന്‍ 2ഇ ടെര്‍മിനല്‍ ന്റെ പിന്‍ വാതിലില്‍ എത്തി...

Friday, January 26, 2007

ടെര്‍മിനല്‍ 2B

(ഒരു അമേരിക്കന്‍ യാത്രയുടെ അനുഭവങ്ങള്‍..യാത്രാവിവരണം അല്ല)
കുട്ടിക്കാലത്തിലേക്കു മടങ്ങും മുന്‍പെ പുതിയ ലോകങ്ങളില്‍ നിന്നും തുടങ്ങാം..

സമയം അറിഞ്ഞു കൂടാത്ത ഏതോ രാത്രി.. ഒരു റയില്‍വേ സ്റ്റേഷന്‍ ബഞ്ചില്‍ കിടന്നുറങ്ങുകയാണു ഞാന്‍...അരിച്ചിരങ്ങുന്ന ആ തണുപ്പില്‍ ബഞ്ചില്‍ വിരിച്ചിട്ട ഇന്ത്യന്‍ എക്സ്പ്രസ്സിലും,മനോരമയിലും കിടക്കയുടെ സുഖം കണ്ടെത്തി ഉറങ്ങുമ്പോള്‍- ഒരു സ്വപ്നം, എല്ലായിപ്പൊഴും നീണ്ടയാത്രകള്‍ക്കു മുന്‍പെ എന്നെ പേടിപ്പെടുത്താറുള്ള അതേ സ്വപ്നം..മിസ്സ്‌ ആവുന്ന ട്രയിന്‍..നീണ്ട്‌ പോവുന്ന യാത്രകള്‍...

പെട്ടെന്നു എന്നെ കവച്ചു വെച്ചു ഒരു രൂപം കടന്നു പോയി..ഞെട്ടിയെഴുന്നെറ്റു..കണ്ണു തിരുമ്മി..കണ്ണു തിരുമ്മി..ഞാന്‍ റയില്‍വേ സ്റ്റേഷനിലും അല്ല, ട്രയിനിലും അല്ല..അതും ഒരു സ്വപ്നം മാത്രം ആയിരുന്നു..

ഇപ്പോള്‍ ബാഗ്ദാദിനു മുകളിലൂടെയാണു പറക്കുന്നതെന്നു എന്റെ തൊട്ടടുത്ത സീറ്റില്‍ ഉറപ്പിച്ചു വച്ചിരിയ്ക്കുന്ന സ്ക്രീനിലെ പച്ച വരകള്‍ ഓര്‍മ്മിപ്പിച്ചു.....എയര്‍ ഫ്രാന്‍സ്‌ 121 ബാംഗളൂര്‍-പാരീസ്‌ ഫ്ലൈറ്റിലെ 32ഡി സീറ്റിലെ യാത്രക്കാരനാകുന്നു ഞാനിപ്പോള്‍..

ഫ്ലൈറ്റ്‌ കറക്റ്റ്‌ സമയമായ 2:20 am നു തന്നെ ടേക്കൊഫ്ഫ്‌ ചെയ്തിരുന്നു..നിരവധി സമയരേഖകള്‍ മുറിച്ചു കടന്നു, എന്റെ പ്രിയപ്പെട്ടവള്‍ക്കു പിന്നില്‍, 13 1/2 മണിക്കൂര്‍ വൈകി മാത്രം സൂര്യന്‍ ഉദിക്കുന്ന പസഫിക്‌ തീരങ്ങിളിലെക്കുള്ള എന്റെ യാത്ര തുടങ്ങിയിട്ടേയുള്ളൂ...32E യില്‍ ഒരു സ്ത്രീയാണു..ഭാഗ്യം എന്റെ കൂടെ ഇല്ലത്തതു കൊണ്ടു, എന്റെ സഹയാത്രിക ഒരു 65 കഴിഞ്ഞ ചെറുപ്പക്കാരിയാണു....കഴുത്തു നിറയെ രുദ്രാക്ഷ മാലയണിഞ്ഞ ഒരു മദാമ്മ സന്യാസ്സിനി...അവരാണു കുറച്ചു മുന്‍പെ എന്റെ തൊട്ടുമുകളിലൂടെ ചാടി എന്റെ സ്വപ്നങ്ങളെ മുറിച്ചുണര്‍ത്തിയത്‌....

കുട്ടന്റെ കഥകള്‍

മാളോരേ,

ഇവിടെ ഞാന്‍ എന്റെ കഥകള്‍ കുറിച്ചിടട്ടെ..ആദ്യമായി വായിക്കാന്‍ തുടങ്ങിയതെപ്പോളെന്നു ഓര്‍ക്കുന്നില്ലെങ്കിലും ആദ്യ നോവല്‍ ഓര്‍മയിലുണ്ടു.."ഒരു ദേശത്തിന്റെ കഥ "..
നാലാം ക്ലാസില്‍ വേനലവധിക്കാലം അങ്ങിനെ അതിരാണിപ്പാടത്തിന്റെ കുന്നിന്‍ ചെരുവുകളില്‍ മേഞ്ഞു നടന്നു..

അതിനും മുന്‍പെ അച്ച്ച്ച്ന്റെ മടിയില്‍ കിടന്നു പരുക്കന്‍ ശബ്ദത്തില്‍ കെട്ടുറങ്ങിയ റഷ്യന്‍ നാടോടി കഥകളും ഇപ്പോളും കുറച്ചൊക്കെ മനസിലുണ്ട്‌..

അങ്ങിനെ അങ്ങിനെ എപ്പൊളൊ എഴുതി തുടങ്ങി..
പിന്നീട്‌ വാക്കുകള്‍ പനിപിടിച്ചുറങ്ങി..പതുക്കെ ഞാനും മറന്നു..

വീണ്ടും ഓര്‍മകളുടെ ചുടുകാപ്പി കൊടുത്തുണര്‍ത്തി ഇവിടെ ചിലതു ഞാന്‍ കുറിക്കട്ടെ..