Thursday, September 3, 2015

ഒരു യാത്രയുടെ അന്ത്യത്തില്‍ - നോട്ടിഫിക്കെഷന്‍സ് ഫ്രം മെമ്മറി ലൈന്‍സ് !!


ഇത് എങ്ങിനെ എഴുതണം എന്ന്‍ എനിക്കറിയില്ല..കുറേ കാലം മുന്‍പ് വരെ യാഥാര്‍ഥ്യത്തിനും സ്വപ്നത്തിനും ഇടയിലുള്ള ഒരു ഭ്രമിപ്പിക്കുന്ന അവസ്ഥയില്‍ മനസ്സില്‍ നിലനിന്നിരുന്ന ചില ചിതറിയ വിഷ്വലുകള്‍ (എന്റെ എല്ലാകാലത്തെയും എഴുത്ത് കുത്തുകള്‍ അങ്ങിനെ ഉള്ളവ ആയിരുന്നു എന്ന്‍ വിശ്വസിക്കാനാണ് എനിക്കിഷ്ടം എന്ന്‍ കൂട്ടി ചേര്‍ക്കട്ടെ )ആയിരുന്നു ആ രാത്രി യാത്രയും..അന്നുണ്ടായ സംഭവങ്ങളും.  
വര്‍ഷം ഏതെന്നു ഓര്‍മ്മയില്ല..ഒരു പക്ഷെ ഞാന്‍ പ്രൈമറി ക്ലാസ്സുകളില്‍ ഒന്നില്‍ പഠിക്കുകയാവും..എങ്കിലും കുറച്ച് മിനക്കെട്ടാല്‍ വര്‍ഷം ഏതെന്നു എളുപ്പത്തില്‍ കണ്ടു പിടിക്കാമായിരിക്കാം ..പക്ഷെ എന്ത് ചെയ്യാം, എഴുതി പൂര്‍ത്തിയാക്കാനുള്ള ആവേശത്തില്‍ സംഭവം നടന്ന വര്‍ഷം ചികഞ്ഞു കണ്ടെത്തുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു പോയി. എങ്കിലും, സംഭവം നടന്ന ഓര്‍ഡറില്‍ ഇവിടെ രേഖപ്പെടുത്തട്ടെ...

ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളിലെ അവസാനം, ഏതോ ഒരു രാത്രിയാത്ര (അതെ, വീണ്ടും നോസ്ടാല്ജിയ തന്നെ ) ..കോഴിക്കോട് വെച്ചായിരുന്നു ആ വര്‍ഷം സംസ്ഥാന യുവജനോത്സവം..കോഴിക്കോടും, മാവൂരും ആയിരുന്നു കലോത്സവ വേദികള്‍..കലോത്സവ വേദിയില്‍ വിനീത് (നഖക്ഷതം ഫെയിം വിനീത്) ഭരതനാട്യം ആടി തിമര്‍ക്കുന്നത് കണ്ടു തീര്‍ന്നിട്ടാണ് ഞങ്ങള്‍ രാത്രി ഏറെ വൈകിയുള്ള ബസ്സില്‍ മാവൂരേക്ക് യാത്ര തിരിച്ചത്..ഏറെകുറെ കാലിയായിരുന്ന ബസ്സില്‍ ഞങ്ങള്‍ എല്ലാവരും ഇരിപ്പുറപ്പിച്ചു..രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ബസ് ലക്ഷ്യ സ്ഥാനത്തേക്ക് സഞ്ചരിച്ചു. റോഡിനു ഇരുവശങ്ങളിലും ഉള്ള വീടുകളില്‍ വെളിച്ചം അണഞ്ഞു തുടങ്ങുന്നത് തണുത്ത കാറ്റ് മുഖത്ത് അടിച്ചു കൊണ്ടിരിക്കെ എനിക്ക് കാണാമായിരുന്നു.

ബസ്സിന്റെ ജനാലകള്‍ക്ക് ഷട്ടര്‍ ഇല്ലായിരുന്നു, പകരം മങ്ങിയ കറുപ്പ് നിറത്തിലുള്ള ശീലവലിച്ച് കെട്ടിയിരൂന്നു. അമ്മ ജനല്‍ ശീല താഴേക്ക് വലിച്ച് കെട്ടി അരിച്ചിറങ്ങാന്‍ പാകത്തില്‍ മാത്രം കാറ്റിനെ തടുത്ത് നിറുത്തി. ഞാന്‍ അമ്മയുടെ മടിയില്‍ തല ചായ്ച്ച് ഉറക്കത്തിലേക്ക് മയങ്ങി വീണു. 

ഒരു വലിയ ബഹളം കേട്ട് ഞെട്ടി ഉണര്‍ന്നപ്പോഴാണ് ബസ്സ്‌ നിന്ന കാര്യം ഞാന്‍ അറിയുന്നത്  തന്നെ. ബസ്സിനു മുന്നില്‍ കത്തുന്ന തീപന്തങ്ങളുമായി ഒരു കൂട്ടം ആളുകള്‍. അവര്‍ ഡ്രൈവറെ സീറ്റില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിക്കുന്നു. കാര്യം എന്താണെന്ന്‍ അറിയില്ല (ഇന്നും !!) ബന്ദോ സമരമോ വഴി തടയലോ ബന്ധപ്പെട്ട് എന്തെങ്കിലും ആവാം..!! എന്ത് ആയാലും ബസ്സിലെ മുഴുവന്‍ യാത്രക്കാരേയും പുറത്ത് ഇറക്കി ബസ്സിനു തീയിടുക ആയിരുന്നു അവരുടെ ഉദ്ദേശ്യം എന്ന്‍ തോന്നുന്നു. ബസ്സിന്റെ മുന്നില്‍ തീ പന്തങ്ങള്‍ ആളിക്കത്തി. കത്തിക്കരുത് എന്ന്‍ യാചിച്ച് ഡ്രൈവര്‍. കുട്ടികളും സ്ത്രീ ജനങ്ങളും ഉള്‍പ്പെടെ ഉള്ള യാത്രക്കാര്‍  ഓര്‍ക്കാപ്പുറത്ത് ഉള്ള ആക്രമണത്തില്‍ ഭയന്നിട്ടാവും നിശബ്ദരായി !!
 ഞങ്ങളുടെ കുടുംബ സുഹൃത്തും മാവൂര്‍ റയോണ്‍സ് ഫാക്ടറി ക്വാര്‍ട്ടെര്‍സില്‍ താമസിക്കുന്ന അമ്മച്ചി എന്ന്‍ ഞാന്‍ വിളിക്കുന്ന പാത്തുമ്മച്ചി(കുഞ്ഞു കുട്ടിയായിരുന്നപ്പോള്‍, കൊളംബലത്ത് വാടകവീട്ടില്‍ അയല്‍ മുറിയില്‍ താമസ്സിച്ചിരുന്ന കുടുംബം ആയിരുന്നു അമ്മച്ചിയുടേത്..അമ്മയും അച്ഛനും ജോലിക്കായി സ്കൂളില്‍ പോയി കഴിഞ്ഞാല്‍ മിക്കവാറും നോക്കിയിരുന്നത് ഇവര്‍ ആയിരുന്നു..അന്ന് ഉണ്ടായ അടുപ്പം ആണ് എന്റെ കുടുംബത്തിനു അമ്മച്ചിയോടും കുടുംബത്തിനോടും - വാടകവീടുകളെ കുറിച്ച് ഇവിടെ എഴുതിയിട്ടുണ്ട് - http://kuttanskadhakal.blogspot.com/2010/05/blog-post.html ) പെട്ടെന്ന്‍ സംസാരിക്കാനായി ബസ്സില്‍ നിന്നും ഇറങ്ങി മുന്നോട്ട് വന്നു. അവര്‍ ആദ്യം മനുഷ്യത്തിന്റെ പേരില്‍ അഭ്യര്ഥിച്ചു..എന്ത് തന്നെയാണെങ്കിലും യാത്രക്കാരെ  ബുദ്ധിമുട്ടിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു ...
സമയം പാതിരാവാണ്..ഇനിയൊരു വാഹനം കിട്ടി കുട്ടികളും സ്ത്രീജനങ്ങളും ഉള്‍പ്പടെയുള്ളവര്‍ക്ക് വീടെത്താന്‍ ബുദ്ധിമുട്ടാണ്..അവര്‍ യാചിച്ചു. അക്രമികള്‍ക്ക് വെറുതെ വിടാന്‍ ഒരുക്കം ഉണ്ടായിരുന്നില്ല.

അവര്‍ വീണ്ടും വര്‍ദ്ധിച്ച വാശിയോടെ തീപന്തങ്ങളുമായി ബസ്സിലേക്ക് ഇരച്ച് കയറാന്‍ ഒരുങ്ങി നിന്നു..എല്ലാ യാത്രക്കാരെയും വലിച്ചിറക്കി തീയിട്ടെ മടങ്ങു എന്ന്‍ അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു...പിന്നെ കേട്ടത് ഒരു അലര്‍ച്ച ആയിരുന്നു. ഉമ്മച്ചിയുടെ ശബ്ദം ഉയര്‍ന്നു കേട്ടു..ബസ്സിനു തീയിടുന്നെങ്കില്‍ ആദ്യം ഞങ്ങളെ എല്ലാവരെയും കൂടെ കൂട്ടി തന്നെ തീയിടണം എന്ന്‍ അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. ഇനി മരിക്കാന്‍ ആര്‍ക്കെങ്കിലും പേടി ഉണ്ടെങ്കില്‍..തനിയെ പൊള്ളിചാവാന്‍ താന്‍ ഒരുക്കം ആണെന്ന് അവര്‍ ജ്വലിക്കുന്ന കണ്ണുകളോടെ വിളിച്ചു പറഞ്ഞു...സത്യം പറയാമല്ലോ..ഉമ്മച്ചിയുടെ നിശ്ചയദാര്‍ദ്ദ്യത്ത്തിനു മുന്നില്‍ എതിര്‍ത്ത് നില്‍ക്കാന്‍ വഴി തടയാന്‍ വന്നവര്‍ക്ക് ആവില്ലായിരുന്നു...അവര്‍ ബസ്സടക്കം ഞങ്ങളെ യാത്ര തുടരാന്‍ അനുവധിച്ചു. 

സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ ഒരുപാടായി. രണ്ടു വര്‍ഷം മുന്പ് വരെ ഈ സംഭവം ഒരു സ്വപ്നമാണോ അതോ കണ്ടു മറന്ന ഏതെങ്കിലും സിനിമയിലെ രംഗമാണോ എന്ന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ആരോടും ചോദിക്കാന്‍ മിനക്കെട്ടില്ല എന്നതാവും സത്യം !!

കാലത്തിന്റെ കപ്പലോട്ടത്തിനിടെ ഉമ്മച്ചിയും കുടുംബവും ആയുള്ള ബന്ധം അറ്റു..തമ്മില്‍ കണ്ടു മുട്ടാനുള്ള സന്ദര്‍ഭങ്ങള്‍ പരസ്പരം അകന്നു പോകുന്ന റെയില്‍ പാളങ്ങളെ പോലെ സംഭവിക്കാതെ മാറി സഞ്ചരിച്ചു. ഇടക്കെപ്പോഴോ ഉമ്മച്ചി കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ സിപിഐ കൌണ്‍സിലര്‍ ആയി എന്ന്‍ പത്രത്തില്‍ വായിച്ചറിഞ്ഞു..അന്നും നേരില്‍ കാണാന്‍ കഴിഞ്ഞില്ല...ഒടുവില്‍ രണ്ടു വര്‍ഷം മുമ്പ് ഒരു കുടുംബ ചടങ്ങിനായി ഉമ്മച്ചിയും കുടുംബവും വീട്ടിലെത്തി. പിരിയുന്നതിനു മുമ്പ് ഞാന്‍ ചോദിച്ചു...പണ്ട് കണ്ട ഒരു സ്വപ്നത്തെ പറ്റി...തീപന്തവും, കല്ലുകളുമായി ഒരു രാത്രിയാത്രക്ക് വഴി മുടക്കം സൃഷ്ടിച്ച അക്രമികളെ തീയില്‍ കുരുത്ത വാക്കുകള്‍ കൊണ്ട് അടിയറവ് പറയിപ്പിച്ച ഒരു രാവിനെ കുറിച്ച്..അവര്‍ ഒന്നും മിണ്ടിയില്ല..ഒന്നുറക്കെ ചിരിച്ചു...മകനും എന്റെ "ഫസ്റ്റ് ഫ്രണ്ടും" ആയ നിഷാദ്  ആണ് മറുപടി പറഞ്ഞത്..അത് സ്വപ്നം അല്ല..നടന്നതാണ്...ശരിയാണ് നിഷാദും കൂട്ടുണ്ടായിരുന്നു ആ യാത്രയില്‍.  

അന്നത്തെക്കാള്‍ ഫയര്‍ ഉണ്ട് ഇപ്പൊ ചില സമയത്ത് എന്ന്‍ നിഷാദ് ചിരിക്കിടെ കൂട്ടി ചേര്‍ത്തു....