Saturday, October 13, 2012

സിനിമ പറദീസോ | Cinema Paradiso


ചില കഥകള്‍ അങ്ങിനെയാണ്...

വെള്ളി ചിറകും നീല നീളന്‍ വാലുമുള്ള തുമ്പികളെ പോലെ...താഴ്ന്നു, നമ്മുടെ കൈവിരല്‍ തുമ്പെത്തുവോളം കൊതിപ്പിച്ചു കുഞ്ഞു ചിറക്‌ ചലിപ്പിച്ച് അങ്ങിനെ നില്‍ക്കും...നമ്മള്‍ തൊട്ടു തോട്ടില്ലാ എന്നാവുമ്പോള്‍ പെട്ടെന്ന് പിടിതരാതെ ഒരു പറക്കലാണ്...ഒരു സ്വപ്നത്തിന്റെ ആഴമില്ലാത്തഅല്പ്പവിരാമങ്ങളിലാവും ചില കഥാ തന്തുക്കള്‍ നമ്മളെ തേടി വരിക...ഇതു വരെ കേട്ടിട്ടില്ലാത്ത ഈണങ്ങളുടെ, വരികളുടെ മധുരത്തോടെ അത് മനസ്സില്‍ തുളുമ്പി നില്‍ക്കും...ഒന്ന് കണ്ണ് ചിമ്മി ഉണരുമ്പോഴേക്കും, മറവിയുടെ മഹാതിരകളില്‍ പെട്ട് മറഞ്ഞിട്ടുണ്ടാവും അവ...


എണ്‍പതുകളുടെ അന്ത്യപാദങ്ങളില്‍, മനസ്സിന്റെ പഴകിയ സ്കൂള്‍ ഡയറിത്താളില്‍ കയറി കൂടിയ ഒരു കഥ ....

ഒരു പാടു തുമ്പികള്‍ പാറി നടന്നിരുന്ന സായാഹ്നങ്ങള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചിരുന്നു സ്കൂള്‍ വിടുന്നതിനു മുന്‍പുള്ള ആ ഡ്രില്‍ പിരീഡ്...തുമ്പികള്‍ എന്ന് പറയുമ്പോള്‍പല തരത്തിലുള്ളവ..ഞാന്‍ മുന്‍പ്‌ പറഞ്ഞ പിടി തരാത്ത തുമ്പികളെ ഞങ്ങള്‍ ഫാസ്റ്റ്‌ പാസഞ്ചര്‍ തുമ്പികള്‍ എന്നായിരുന്നു വിളിച്ചിരുന്നത്...പിന്നെ ചിലടൈപ്പ്‌ ഉണ്ട്...ഉരുണ്ടു, തിളങ്ങുന്ന തലയും നേരിയ ഓറഞ്ച് ചിറകുമുള്ള ഹെലികോപ്റ്റര്‍ തുമ്പികള്‍...തൊട്ടടുത്തുള്ള റബ്ബര്‍ എസ്റ്റേറ്റില്‍ മരുന്ന്(കീടനാശിനി)തളിക്കാന്‍ വന്ന ഹെലികോപ്റ്റര്‍ കണ്ട ഏതോ കക്ഷി ഇട്ടതാണ് ആ പേര്...ഹെലികോപ്ടറിനെ പോലെ...വായുവില്‍ ചിറകടിച്ച് നില്‍ക്കാന്‍ മിടുക്കരാണ് ഹെലികോപ്ടര്‍ തുമ്പികള്‍...

പത്ത് ദിവസം ഓടിയാല്‍ പത്ത് ദിവസം ട്രിപ്പ്‌ മുടക്കുന്ന നാലുകണ്ടി സൂപ്പര്‍ഫാസ്റ്റ്‌ എന്ന ഒറ്റ ബസ്‌ ആയിരുന്നു സ്കൂള്‍ വിട്ടാല്‍ ഞങ്ങള്‍ക്ക് ആശ്രയം...ട്രിപ്പ്മുടക്കങ്ങള്‍ പതിവായതോടെ സ്കൂളില്‍ നിന്നും വീട്ടിലേക്കുള്ള ട്രിപ്പുകള്‍ നടരാജ മോട്ടോര്‍സ് ഏറ്റെടുത്തു.

ഒരു പാടു നടന്ന വഴികള്‍ ഞങ്ങളെ എന്നും കാത്തിരിക്കും..

വെള്ളാരംകല്ലുകള്‍ നിറഞ്ഞ പുഴകളും...ചിത്രശലഭങ്ങള്‍ ഉറക്കം തൂങ്ങികിടക്കുന്ന ആറ്റുവഞ്ചികള്‍ ഏറെയുള്ള പുഴയോരങ്ങളും...മണ്‍വരമ്പുകളും,ഒറ്റയടിപാതകളും...തൊട്ടാവാടിയും, മുള്ളിന്‍കായും, പേരറിയാത്ത ഒരു പാടു കിളികളും കൂട്ടു പോരുന്ന നടത്തങ്ങള്‍...അതിനിടയില്‍ വഴിപിരിയുന്നതിനു മുന്‍പേ പറഞ്ഞു തീര്‍ക്കുന്ന കഥകളും...മിക്കവയും ആയിടത്ത് കാണാന്‍ കഴിഞ്ഞ സിനിമകളുടെ കഥകള്‍ ആവും...ആവനാഴിയില്‍മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങള്‍ അഭിനയിച്ചു കുന്നിന്‍ ചെരിവുകളിലൂടെ ഓടുമ്പോഴായിരുന്നു കാര്‍ലോസ് ആ വെടി പൊട്ടിച്ചത്‌..നമുക്കും സിനിമഎടുത്താലോ...സ്റ്റണ്ട് ഉള്ള സിനിമ...ഇന്ദ്രജാലം സിനിമ കണ്ടതിനു ശേഷം അവന്‍ സ്വയം ഇട്ട വിളിപ്പേര്‍ ആയിരുന്നു കാര്‍ലോസ്..യഥാര്‍ത്ഥ പേര് ടോജോ..

സമ്മര്‍ വെക്കേഷനുകളില്‍ പേരാമ്പ്ര സംഘത്തിലും, മേഘയിലും കളിക്കുന്ന സിനിമകള്‍ അമ്മാവനോടൊപ്പം പോയി കണ്ടു ഒരു തരം സിനിമാഭ്രമംബാധിച്ചിരുന്ന എനിക്ക് മറ്റാരെക്കാളും  ഐഡിയ ഇഷ്ടമായി...

അതിപ്പോ കാര്‍ലോസ് ...നമ്മള്‍ എങ്ങിനാ സിനിമ എടുക്കുക...അതിനു കഥ വേണ്ടേ...അഫിനയിക്കാന്‍ ആളോള് വേണ്ടേ..സിനിമ എങ്ങിനാപിടിക്കുവാന്ന്‍ അറിയണ്ടേ...സിനിമ കണ്ടിട്ടുല്ലതല്ലാതെ ആരേലും സിനിമ പിടിക്കുന്നത് കണ്ടിട്ടുണ്ടോ...സുബൈര്‍ ചോദിച്ചു...

ഞാന്‍ ചുറ്റും നോക്കി...ഇല്ലാ ആരും ഇല്ല ഒരുത്തരം കൊടുക്കുവാന്‍...പിന്നെ, സ്വയം മുഴുവന്‍ കൊണ്ഫിടന്സും സംഭരിച്ച് പറഞ്ഞു...ഞാന്‍കണ്ടിട്ടുണ്ട് സിനിമ പിടിക്കുന്നത്...പോരാത്തതിന് ഞാന്‍ സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്...

ഗുണ്ട്.

ഞങ്ങളുടെ സംസാരം മുഴുവനും ശ്രദ്ധിക്കാതെ മാറി നിന്നു ചോറ്റു പാത്ര അടപ്പില്‍ തോട്ടില്‍ നിന്നും അരിച്ച് കയറ്റിയ നെറ്റിയില്‍ പൊട്ട് ഉള്ള കുഞ്ഞു മീന്‍കൂട്ടത്തിനെ തോട്ടിലേക്ക് തിരികെ ഒഴുക്കി ഷിന്റോ മാനുവല്‍ ഉറക്കെ പറഞ്ഞു..

ഗുണ്ടാണ് ..ഇവന്‍ ഗുണ്ടിന്റെ ആശാനാണ്...പണ്ട് ഇവന്‍ ഇത് പോലെ ഒരു ഗുണ്ടടിച്ചത് ഓര്‍മ്മയില്ലേ..എന്തായിരുന്നു അത്...ഇവന്റെ വീട്ടില്‍ കുട്ടി കുതിര ഉണ്ടെന്നു...എന്നും രാവിലെ ഇവന്‍ അതിന്റെ പുറത്ത്‌ സവാരി നടത്താറുണ്ട് എന്ന്...പിന്നെ, ഞാന്‍ പോയി നോക്കിയല്ലേ മനസ്സിലാക്കിയത്‌ ഇവന്റെ വീട്ടില്‍ കുതിര പോയിട്ട് ഒരു പശുകിടാവ് പോലുമില്ല എന്ന്...ആകെയുള്ള ഒരു ആട്, കഴിഞ്ഞ മഴയ്ക്ക് കഴുത്തില്‍ കുരുക്ക് വീണു ചത്തും പോയി...അത് പോലൊരുഗുണ്ടാ ഇത്...ഒരു ചിനിമക്കാരന്‍ ..

ഷിന്റോ ഇത് ഗുണ്ടല്ലടാ...സത്യമാ....

സത്യമാണെങ്കില്‍ നീ മാതാവിനെ പിടിച്ച് ആണയിട്ട് പറ..
.
അതിനു ഞാന്‍ ഹിന്ദുവല്ലേ...കൃഷ്ണനെ പിടിച്ച് ആണയിടാം...ഇത് സത്യം...

മതി..എപ്പോഴാ നീ സിനിമേല്‍ അഭിനയിച്ചത്..

രണ്ടു വര്‍ഷം മുമ്പേ...ഞങ്ങള്‍ അച്ഛന്റെ സ്കൂളീന്നു ടൂര്‍ പോയില്ലേ ഊട്ടിക്ക്‌ ..ആപ്പേ അവിടെ ഷൂട്ടിംഗ് ഉണ്ടാരുന്നു...ഏതോ തമിഴ്‌ പടത്തിന്റെ..ഒരു പാട്ട് സീന്‍ആണെന്നാ തോന്നുന്നേ...ഭാഗ്യരാജ് നായികക്ക് ഒരു പൂവ്‌ എറിഞ്ഞു കൊടുക്കുമ്പോള്‍ അത് നിലത്ത് വീഴും..അതെടുത്ത്‌ നായികക്ക് കൊടുക്കുന്ന ഒരു കുട്ടിയില്ലേ..അത്...ഞാനാ..

ങാ...ഞങ്ങള്‍ കണ്ടില്ല...നീ കണ്ടോ..

ഇല്ല..തമിഴ്‌ പടം കാണാന്‍ വീട്ടി സമ്മതിക്കില്ല..അത് കൊണ്ട്  സീന്‍ വന്നോ എന്നറിയില്ല...
ഏതാ പടം..

ആവോ...പക്ഷെ ഒരു കാര്യം എനിക്കറിയാം..സിനിമ എടുക്കണേല്‍ ക്യാമറ വേണം...

ക്യാമറ ഇപ്പൊ എവിടുന്നു ഒപ്പിക്കും...എടാ ഷിന്റോ നിന്റപ്പന്‍ സ്റ്റുഡിയോയില്‍ അല്ലെ..അപ്പനോട് ചോദിച്ചാ കാര്യം നടക്കുമോ...

അപ്പന്‍ ചന്തിക്കിട്ട് നല്ല അടി വെച്ച് തരും..ഒന്നാലോചിച്ചിട്ടു അവന്‍ പറഞ്ഞു...ക്യാമറ കിട്ടില്ല..ഞാന്‍ രണ്ടു ലെന്‍സ്‌ അടിച്ചു മാറ്റിവെച്ചിട്ടുണ്ട്..അതെടുത്ത് വരാം...

അപ്പൊ ക്യാമറ റെഡി...ഇനി കഥ വേണ്ടേ...

നമ്മടെ ക്ലാസിലെ ശോഭന ഇല്ലേ..അവളുടെ കയ്യില്‍ നല്ലൊരു കഥയുണ്ട്..ഇന്നാളു സാഹിത്യ സമാജത്തിന്  ജോസാര്‍ വായിച്ച് കേള്‍പ്പിചില്ലേ അവളെഴുതിയ കഥ...മറ്റേ...പുഴെടെ സൈഡില്‍ ഇരുന്നു ഒരു പെണ്‍കുട്ടി കരയുന്നതും...അവളുടെ കണ്ണീര്‍ പുഴയില്‍ വീഴുമ്പോള്‍ പൂക്കളാവുന്നതും...ആപൂക്കള്‍ തിരഞ്ഞു തിരഞ്ഞു ഒടുവില്‍ ഒരു രാജകുമാരന്‍ അവളെ തേടി എത്തുന്നതും ഒക്കെയുള്ള ഒരു കഥ...സാറ് പറയുകേം ചെയ്തു..മനസ്സില്‍സങ്കടമുള്ളവര്‍ക്കാണ് നല്ല കഥഎഴുതാന്‍ കഴിയുക എന്ന്..ഒറ്റ ശ്വാസത്തില്‍ അലക്സ്‌ പറഞ്ഞു നിറുത്തി..

അപ്പൊ നമ്മള്‍ക് സങ്കടം ഇല്ലാത്തത്‌ കൊണ്ടാ നല്ല  കഥ കിട്ടാത്തത്..സുബൈര്‍ വിക്കലുകള്‍ക്ക് ഇടയിലൂടെ ചോദിച്ചു..

നമുക്കെന്തിനാ കഥ..ഇന്നാള് സ്കൂളീന്നു കൊണ്ട് പോയി കാണിച്ച സിനിമയില്ലേ..ആഫ്രിക്കന്‍ സഫാരി..അതിലെവിടാ കഥ...നമുക്ക്‌ കഥ വേണ്ട...നമുക്ക്‌വൈകുന്നേരത്തെ തുമ്പി പിടുത്തം സിനിമയാക്കിയാല്‍ മതി..അതാവുമ്പോ കഥയും വേണ്ട...ശോഭനേടെ കഥയൊക്കെ സിനിമയാക്കണേല്‍ ഭയങ്കര ചിലവാ...ജോസ്‌ സാര്‍ അവളെ പുകഴ്ത്തി പറഞ്ഞത്‌ അന്നെ സുഖിക്കാത്ത ഞാന്‍  കുശുമ്പ് മറച്ചു വെക്കാതെ വെളിപ്പെടുത്തി..

അപ്പൊ കഥ വേണ്ട...ക്യാമറ റെഡി...ഇനി നായിക വേണ്ടേ...ചോദിച്ചത് ടോജോ എന്ന കാര്‍ലോസ്  ..

എടാ ..നമുക്ക്‌ ജെസിയെ നായിക ആക്കിയാലോ..അവക്കാണേല്‍ നിന്നെ ഇഷ്ടോം ഉണ്ട്..- അലക്സ്‌ ചോദിച്ചു

ഏതു ജെസി...ആ കറമ്പിയോ...-ഞാന്‍..

അതെന്നാടാ സിനിമേല് വെളുത്ത പെണ്ണുങ്ങളെ നായിക ആവാന്‍ പാടുള്ലോ..നിന്റെ സിനിമയാ എന്ന് പറഞ്ഞാന്‍ അവള്‍ ഫ്രീ ആയി അഫിനയിക്കും..ഈഷിന്റോ തന്നെ നിനക്ക് തരാനാ എന്ന് പറഞ്ഞു അവളുടെ വീട്ടീന്നു എത്ര പ്രാവിശ്യം അവളെക്കൊണ്ട് ശീമനെല്ലിക്കയും, ചാമ്പക്കയും, റോസ് ആപ്പിളും ഒക്കെ കൊണ്ട്വരീച്ചിട്ടുണ്ട്...അവള്‍ അഫിനയിക്കും എടാ..

ഛീ..എനിക്ക് ദേഷ്യം വരാന്‍ തുടങ്ങി...

ശരി നമുക്ക്‌ നായിക വേണ്ട...എപ്പോഴാ നമ്മള്‍ സിനിമ പിടിക്കുന്നെ...ഷിന്റോ തിരക്ക് കൂട്ടി..
നാളെ .. - ഞാന്‍ പറഞ്ഞു...

ശരി ഞാന്‍ നാളെ ലെന്‍സ്‌ കൊണ്ട് വരാം...സുബൈര്‍ നീ നാളെ ഒരു വെളുത്ത തുണി കൊണ്ട് വരണം...

അതെന്തിനാ..

സിനിമ കാണിക്കണ്ടേ...തീയേറ്ററില്‍ കണ്ടിട്ടില്ലേ..വെളുത്ത തുണീല്‍ അല്ലെ സിനിമ കാണിക്കുന്നേ....

അന്ന് ഞങ്ങള്‍ പിരിഞ്ഞു...ആ രാത്രിയില്‍ ഞങ്ങള്‍ എല്ലാവരും ഒരേ സ്വപ്‌നങ്ങള്‍ മാറി മാറി കണ്ടു...എല്ലാം സിനിമയായിരുന്നു....

ഉച്ചയൂണിനു ശേഷം മൂത്രപ്പുരയില്‍ സന്ധിച്ചപ്പോള്‍ ഞങ്ങള്‍ അവരവരുടെ റോളുകള്‍ പറഞ്ഞുറപ്പിച്ചു...ഷിന്റോ ക്യാമറമാന്‍..ഞാന്‍ സംവിധായകന്‍..ഏറ്റവുംദൂരേക്ക്‌ മൂത്രം ഒഴിക്കുന്നയാള്‍ നായകനും...സുബൈര്‍ വിജയിച്ചു...നായകന്‍ ആയി.

പിന്നീട് നടന്ന പിരിയീട്കളില്‍ ഒന്നും ഞങ്ങള്‍ ക്ലാസ്സില്‍ മനസ്സ് കൊണ്ട് ഇരുന്നില്ല....ഡ്രില്‍ പിരിയഡ് വേഗം ആവാന്‍ ഓരോരുത്തരും പ്രാര്‍ഥിച്ചു...പി.ടി സാര്‍അന്ന് ലീവായത്‌ കൊണ്ട് ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത്‌ ചെയ്യാം...

തുമ്പികള്‍ ഇളം വെയിലിനോടോപ്പം പറന്നിറങ്ങി...ഞങ്ങളുടെ ക്ലാസ് മുറിയുടെ നേരെ മുന്നില്‍ ആണ് ഗ്രൌണ്ട്... ദ്രവിച്ചു തുടങ്ങിയ... തടികൊണ്ടുള്ള ജനലുകള്‍ എല്ലാം അടച്ചിട്ട് ക്ലാസ്‌മുറിയില്‍ ഇരുട്ട് വരുത്തുവാന്‍ ആദ്യമേ ഞങ്ങള്‍ തീരുമാനിച്ചിരുന്നു....അത് ആദ്യം ചെയ്തു...ക്ലാസിലെ പെണ്കുട്ടികളെയും, ചില ആണ്‍കുട്ടികളെയും ആദ്യമേ തന്നെ ചട്ടം കെട്ടിയിരുന്നു പ്രേക്ഷകര്‍ ആവാന്‍...അവര്‍ അക്ഷമയോടെ ഇരുന്നു...

ക്ലാസ്‌ മുറിയുടെ വാതില്‍ അടച്ചു...ജനാലയുടെ വിടവില്‍ ഷിന്റോ ലെന്‍സ്‌ ചേര്‍ത്ത് വെച്ചു....ഒരു ലെന്‍സ്‌ വെക്കാന്‍ പാകത്തില്‍ വട്ടമുള്ള  വിടവ്‌കണ്ടു പിടിച്ച അവന്റെ സാമര്‍ഥ്യത്തെ ഞാന്‍ മനസ്സ് കൊണ്ട് പുകഴ്ത്തി...

അലക്സ്‌ വെള്ളത്തുണിയുമായി എതിര്‍ വശത്തുള്ള ചുമരില്‍ പോയി നിന്ന്...സുബൈര്‍ "അഫിനയിക്കാന്‍" തയ്യാറായി പുറത്തെ വരാന്തയില്‍ നിന്ന്...പരി പൂര്‍ണ്ണനിശബ്ദത....എല്ലാവരും വെള്ള സ്ക്രീനിലെക്കും എന്റെ ചുണ്ടിലെക്കും അക്ഷമയോടെ നോക്കി നില്‍ക്കുന്നു....

ഊട്ടിയില്‍ കണ്ട ഷൂട്ടിംഗിന്റെ അനുഭവ ഓര്‍മ്മയില്‍ ഞാന്‍ അലറി...ആക്ഷന്‍.....

സുബൈര്‍ വരാന്തയിലൂടെ നടന്നു....
ഞങ്ങള്‍ എല്ലാവരും സ്ക്രീനിലേക്ക് നോക്കി...
മഴവില്ലിന്റെ നിറത്തില്‍ ഒരു മങ്ങല്‍ മാത്രം...ഒന്നും വ്യക്തമല്ല...ഷിന്റോ ലെന്‍സ്‌ അഡ്ജസ്റ്റ്‌ ചെയ്തു...കുറച്ച് മാറ്റി പിടിച്ചു...മങ്ങല്‍ മാറുന്നില്ല....അവന്‍ അലക്സിനെ തുണിയുമായി അടുത്തേക്ക് വരാന്‍ വിളിച്ചു...

ഒരു ആരവത്തിന്റെ കൈയ്യടിയില്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു....ദൃശ്യങ്ങള്‍ വ്യക്തമാവുന്നുണ്ട്...ഒരു ചെറിയ ചതുരത്തിന്റെ ഫ്രെയിമില്‍ ഞങ്ങള്‍ക്ക്‌ കാണാം ചിലനിഴലനക്കങ്ങള്‍....സുബൈര്‍ നടക്കുന്നുണ്ട്...മഴവില്‍ നിറങ്ങള്‍ അരികുകളില്‍ പറ്റി പിടിച്ചിരിക്കുന്നു...

പെട്ടെന്ന്‍ എല്ലാവരും ചിരിച്ചു...സുബൈര്‍ നടക്കുന്നത് തല കുത്തനെ ആണ്...

പ്രശനം ആയല്ലോ...എനിക്ക് ടെന്‍ഷന്‍ കയറി..

ഷിന്റോ മാത്രം ഒന്നും പറഞ്ഞില്ല...അവന്‍ ചെറിയ ഒരു ചിരിയോടെ പോക്കറ്റില്‍ നിന്നും മറ്റൊരു ലെന്‍സ്‌ എടുത്തു...കൈനോട്ടക്കാരുടെ പക്കല്‍ കണ്ടു വരുന്നത് പോലത്തെ നീളന്‍ പിടിയുള്ള ഒരു ലെന്‍സ്‌...തനിക്ക്‌ ഒരു റോളും ചെയ്യാനില്ലാത്ത വിഷമത്തില്‍ മാറി നിന്നിരുന്ന ടോജോയെ വിളിച്ച് അവന്‍ ആ ലെന്‍സ്‌ കൈമാറി..ഞങ്ങളുടെ അസിസ്റന്റ് ക്യാമറാ മാന്‍...എനിക്ക് ഷിന്റോയോട് ബഹുമാനം വര്‍ദ്ധിച്ചു...അവന്‍ ടോജോക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തു...ഞാന്‍സുബൈര്‍നോട് നടക്കാന്‍ പറഞ്ഞു...സുബൈര്‍ ഡാന്‍സ്‌ കളിച്ചു...

എല്ലാവരും ആകാംഷയോടെ സ്ക്രീനിലേക്ക് നോക്കി....കാണാം ഇപ്പൊ ഞങ്ങള്‍ക്ക്‌ വ്യക്തമായി കാണാം...മഴവില്‍ വര്‍ണ്ണത്തില്‍ ചെറു ഫ്രെയിമിനുള്ളില്‍ ഡാന്‍സ്‌ കളിക്കുന്ന സുബൈര്‍...എല്ലാവരും കയ്യടിച്ചു...

പെട്ടെന്ന്‍ റോസ്മേരി ചോദിച്ചു...
 പടത്തില്‍ പാട്ടില്ലേ...

ഉണ്ട് പാട്ടുണ്ട്..ഞാന്‍ പറഞ്ഞു..സാഹിത്യ സമാജത്തിലെ സ്ഥിരം പാട്ടുകാരന്‍ ജോസഫിനെ ഞാന്‍ വിളിച്ചു..ഒരു പാട്ട് പാടാന്‍ പറഞ്ഞു, തിരശീലക്കടുത്തെക്ക് ചേര്‍ത്ത് നിര്‍ത്തി...അവന്‍ തിരശീലയോടു ചേര്‍ന്ന് നിന്ന് മുരടനക്കി...പതിവ് ഗാനം പാടാന്‍ തയ്യാറെടുത്തു...ഷിന്റോ അഭിമാനത്തോടെ എന്നെ നോക്കുന്നത് ഇടം കണ്ണിട്ടു ഞാന്‍ ശ്രദ്ധിച്ചു...

ജോസഫ്‌ പാടി തുടങ്ങി..

കൂത്തമ്പലത്തില്‍ വെച്ചോ...കുറുമൊഴി കുന്നില്‍ വെച്ചോ..
കുപ്പി വള ചിരിച്ചുടഞ്ഞു...നിന്റെ കുപ്പിവള ചിരിച്ചുടഞ്ഞു..
കുളപ്പുര കല്ലില്‍ വെച്ചോ...ഊട്ടുപുരക്കുള്ളില്‍ വെച്ചോ..
അരമണി നാണം മറന്നു....നിന്റ അരമണി നാണം മറന്നു...
----------------------------------
-------------------------------
വരികളുടെ അര്‍ഥം അറിയാതെ അവന്‍ പാടി തകര്‍ക്കുകയാണ്...

സുബൈര്‍ ഡാന്‍സ്‌ നിറുത്തിയിട്ടില്ല....ഞാനും ഷിന്റോയും ആദ്യ സിനിമ വിജയിച്ച സന്തോഷത്തില്‍ പരസ്പരം അഭിമാനത്തോടെ നോക്കി..എല്ലാവരുംകയ്യടിച്ചു....ഞങ്ങളുടെ സിനിമക്കോ, ജോസഫിന്റെ പാട്ടിനോ എന്നറിയാതെ അഭിമാനം പടര്‍ന്നിരുന്നു ഞങ്ങളുടെ മുഖത്ത്‌....

സൂര്യന്‍ തീക്ഷ്ണതയോടെ കുന്നിന്‍ ചെരുവിലെക്ക് ഒന്ന് ഇടറി...ഒരു കൂട്ടം അഗ്നിചാപങ്ങള്‍..ലെന്സുകളില്‍ തട്ടി ഊര്ജമേറി തിരശീലയിലേക്ക്‌പടര്‍ന്നു...തീ പിടിച്ചത്‌ ലെന്‍സിനോ തുണിക്കോ എന്നറിയാതെ...ഷിന്റോയും ടോജോയും ഒരേ സമയം ലെന്‍സുകള്‍ താഴെയിട്ടു...മഴവില്‍ തുണ്ടുകളായി അവസിമിന്റ് പരുക്കന്‍ ഇട്ട തറയില്‍ വീണുടഞ്ഞു...

അപ്പോഴും ഞങ്ങളുടെ(എന്റെ, ഷിന്റോയുടെ, സുബൈറിന്റെ, അലക്സിന്റെ, ടോജോയുടെ )കണ്ണുകളില്‍ അഭിമാനം പൂത്തു നില്‍ക്കുന്നത്‌ ഒരു സ്ലോമോഷന്‍ ഷോട്ട് പോലെ ..എനിക്ക് കാണാമായിരുന്നു......


Thursday, October 11, 2012

മരിച്ചവരെ സ്വപ്നം കാണുന്നത് ?



സിമന്റ് തേച്ച് മിനുസം വരുത്തിയ ഇറയത്ത്‌ മഴ വെള്ളി നിറം ചാലിച്ച് ഒഴുകുന്നുണ്ടായിരുന്നു..പഴകിയ ഓടിനും ഇടയിലൂടെ ഒഴുകി വീണ മഴചാലുകളില്‍, ഓടില്‍, പറ്റിപിടിച്ചു കിടന്നിരുന്ന മാവില ഞരമ്പുകള്‍ ഇറയത്ത് ആകെ ഒട്ടി ചേര്‍ന്ന് കിടക്കുന്നു. ദ്രവിച്ച കഴുക്കോല്‍, താങ്ങി നിറുത്തിയിരിക്കുന്ന, ചിതലെടുത്ത് തുടങ്ങിയെ തൂണില്‍ കാല്‍ പിണച്ച്, ചേര്‍ന്ന് നിന്ന് ഞാന്‍ മുറ്റത്തേക്ക് നോക്കി !!!

മഴ ഓട്ടു പാത്തികളില്‍ നിന്നും വഴുതി വീണു നിറഞ്ഞൊഴുകുന്ന ചെറു വെള്ളക്കെട്ടില്‍ നിലകിട്ടാതെ നീന്തിയകലുന്ന ഉറുമ്പിന്‍ കൂട്ടങ്ങളെ നോക്കി നില്‍ക്കാന്‍ നല്ല രസമാണ്..

അന്നെനിക്ക് അഞ്ചോ ആറോ വയസ്സ് ഉണ്ടാവും

ബസ്‌ വരാന്‍ ഇനിയും സമയമുണ്ടെന്നു അച്ചന്‍ പറഞ്ഞത് കൊണ്ടാണ് പഴയ പരിചയകാരനായ ഒരാളുടെ പീടികയുടെ തിണ്ണയില്‍ ഞങ്ങള്‍ കയറി നിന്നത്...അദ്ദേഹത്തിന്റെതു ഒരു പുസ്തകശാലയാണ്..മഴ പെയ്യുന്നത് നോക്കി നിന്ന് മുഷിഞ്ഞു തുടങ്ങിയപ്പോള്‍ ഞാന്‍ കടയ്ക്കുള്ളിലേക്ക് നീങ്ങി നിന്നു..എന്നെ കണ്ടതും അകത്തേക്ക്‌ വരാന്‍ പറഞ്ഞു അദ്ദേഹം ക്ഷണിച്ചു. ഏതു ക്ലാസില്‍ ആണ് പഠിക്കുന്നത് എന്ന് ചോദിച്ചു..

അറുപത് വയസ്സുള്ള..ഇരു നിറത്തില്‍ വലിയ കുടവയറും നരകയറിയ കഷണ്ടിയുള്ള ഒരാള്‍..ചിരിക്കുമ്പോള്‍ സ്വര്‍ണ്ണ പല്ലുകള്‍ കാണാം..നീണ്ടമൂക്കും വീര്‍ത്ത കവിളും ചേര്‍ന്ന് ആയിടെ കണ്ട ഏതോ ഒരു സിനിമയിലെ കഥാപാത്രത്തെ ഓര്‍മ്മിപ്പിച്ചു...
അയാള്‍ വീണ്ടും എന്നെ അകത്തേക്ക് വിളിച്ചു..അച്ഛന്‍ അയാളോട് എന്തോ പഴയ കഥകള്‍ പറയുന്ന തിരക്കിലാണ്..ഞാന്‍ അകത്തേക്ക്‌ ചെന്നു..ഒരു

മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം മാത്രമുണ്ട്...പുറത്ത്‌ നല്ല മഴ ആയത് കൊണ്ടാവണം നല്ല ഇരുട്ടാണ്..കറന്റും ഇല്ല...പുസ്തകം വായിക്കുന്നത് ഇഷ്ടമാണോ എന്നയാള്‍ ചോദിച്ചു...അതെ എന്ന ഉത്തരത്തിനു ഇഷ്ടമുള്ളതെടുത്തോ എന്ന് പറഞ്ഞു പുസ്തകങ്ങള്‍ നിരത്തി
വെച്ചിരിക്കുന്ന അലമാരയുടെ അടുത്തേക്ക് എന്റെ ശ്രദ്ധ ക്ഷണിച്ചു...ഞാന്‍ ആദ്യമായിട്ടായിരുന്നു അത്തരമൊരു പുസ്തകശാലയില്‍കയറുന്നത്...ചെറുതും വലുതുമായ ഒരു പാടു പുസ്തകങ്ങള്‍ അടുക്കി വെച്ചിരിക്കുന്നു...ഉയരത്തിലുള്ളവ എടുക്കാനായി ഒരു സ്റ്റൂള്‍ അടുത്ത്‌തന്നെയിട്ടിട്ടുണ്ട്..ഓരോ തരം പുസ്തകങ്ങളും അതാതിനത്തിനോടു ചേരുംവണ്ണം അടുക്കി വെച്ചിരിക്കുന്നു..എല്ലാ പുസ്തകങ്ങളും ഒരുമിച്ചു കണ്ടതു കൊണ്ടാവണം ഞാന്‍ അമ്പരന്നു നിന്നു...അദ്ദേഹം എന്നെ കുട്ടികളുടെ പുസ്തക ശേഖരത്തിനു അടുത്തെത്തിച്ചു അവയില്‍ നിന്നും മാലിയുടെ
പുരാണകഥാമാലിക എടുത്തു നീട്ടി...പിന്നെ തവിട്ടു പുറം ചട്ടയോടു കൂടിയ സ്വാമി വിവേകാനന്ദന്റെ ജീവചരിത്രവും...

അപ്പോഴേക്കും ബസ്‌ വന്നൂ...പുസ്തകങ്ങള്‍ എനിക്ക് നേരെ നീട്ടി എന്റെ കവിളില്‍ തട്ടി പഠിച്ചു വലുതാകണം എന്ന് ഉപദേശിച്ച് അദ്ദേഹംചിരിച്ചു. കുഴിഞ്ഞ കണ്ണുകളില്‍ നിന്നും പുറത്ത്‌ വന്ന പ്രകാശം ചിരിയില്‍ ചേര്‍ന്ന് നിന്നു..ഞങ്ങള്‍ ബസ്സില്‍ കയറി..പഴയ ഒരു ട്രാന്‍സ്പോര്‍ട്ട് ബസ്‌..കനത്ത മഴയായത് കൊണ്ട് വശങ്ങളില്‍ നരച്ച ശീല താഴ്ത്തിയിട്ടുണ്ട്..ബസ്‌ പതുക്കെ
നീങ്ങി തുടങ്ങി..കാറ്റില്‍ സൈഡ് കര്‍ട്ടന്‍ ഉയര്‍ന്നു താന്ന് വന്നു ...ഇടക്കിടെ കുറെ മഴത്തുള്ളികളെ മുഖത്തേക്ക്‌ ആഞ്ഞടിപ്പിച്ചു...പുറം കാഴചകള്‍ കാണാന്‍ കഴിയാത്തത്‌ എന്നെ നിരാശനാക്കി...
ബസ്‌ ഇടക്കെപ്പോഴോ നിറുത്തി ഡ്രൈവര്‍ മുന്‍ വശത്തെ ചില്ലുകള്‍ തുടച്ചു വൃത്തിയാക്കുന്നു..ഒപ്പം അയാള്‍ തോരാ മഴയെ ശപിക്കുന്നുമുണ്ട്..ബസ്‌ വീണ്ടും ഓടിതുടങ്ങി

മഴയുടെ ഈര്‍പ്പമുള്ള ജനാലതൂണില്‍ മുഖം ചായ്ച്ച് ഞാന്‍ പതുക്കെ ഉറക്കം തുടങ്ങി..
എന്റെ കയ്യില്‍ ഇരുന്നു പുസ്തകങ്ങള്‍ ഓരോ പേജുകളായി ഇളകുന്നുണ്ട്...ചില അക്ഷരങ്ങള്‍ മഴത്തുള്ളികള്‍ വീണു നശിക്കാതിരിക്കാന്‍ എന്റെ മടിയിലേക്ക് ചേര്‍ന്നിരുന്നു...എത്ര ദൂരം പോയെന്നറിയില്ല ...പെട്ടെന്ന് എന്റെ മുത്തശന്റെ വിളി കേട്ട് ഞാനുണര്‍ന്നു...എന്റെ മടിയിലെ
പുസ്തകങ്ങള്‍ മഴയില്‍ കുതിര്‍ന്നെനെ...പക്ഷെ മരിച്ചു പോയ മുത്തശന്‍ എന്നെ എങ്ങിനെ വിളിക്കാനാ...ഞാന്‍ വീണ്ടും ഉണര്‍ന്നു...ഇത്തവണ എന്റെ ബെഡ്ഡില്‍ എന്റെ തൊട്ടരുകില്‍ പുരാണകഥാമാലികയുടെ പുതിയ എഡിഷന്റെ പേജുകളിലേക്ക് എന്ടെ കൈ തട്ടി വീണ ബോട്ടിലില്‍ നിന്നും വെള്ളം ഊര്ന്നിറങ്ങുന്നു ....ഞാന്‍ ഉണര്‍ന്നു..
എല്ലാം സ്വപ്നമായിരുന്നു...എന്നോ, എപ്പോഴോ മരിച്ചകന്നവര്‍ കണ്ണില്‍ നിറഞ്ഞു നിന്നു, ഒടുവില്‍ വിളിച്ചുണര്‍ത്തി സ്വയം മാഞ്ഞു പോയ ഒരു സ്വപ്നം..
എങ്കിലും,  മരിച്ചവരെ നമ്മള്‍ സ്വപ്നം കാണുന്നത് എന്തു കൊണ്ടാവണം  ??

Saturday, June 2, 2012

മുട്ടനാടിന്റെ മണം- 1978 -ലെ ഡയറി കുറിപ്പുകളുടെ കൂടെ കിട്ടിയ ഒരു മിനി കഥ





എനിക്കൊരു അച്ചാച്ചന്‍ ഉണ്ടായിരുന്നു...കെ.കെ. ദാമോദരന്‍ മാസ്റര്‍ എന്ന പേരാമ്പ്ര യത്തീംഖാന എല്‍.പി. സ്കൂളിലെ റിട്ടയര്‍ഡ്‌ ഹെഡ്‌ മാസ്റര്‍, എന്റെ അമ്മയുടെ അച്ഛന്‍ ..ഇപ്പൊ ജീവിച്ചിരിപ്പില്ല..അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്‍ അന്തരിച്ചു. മരിക്കുന്നതിനു ഒരു വര്‍ഷത്തോളം മുന്‍പേ തന്നെ ഞാന്‍ പുതിയതായി വാങ്ങിയ ക്യാമറയില്‍ സുന്ദരമായൊരു ഫോട്ടോ എടുപ്പിച്ചു എന്നെകൊണ്ട്...

മരിക്കുന്നതിനു തലേ ദിവസം..ആ ഫോട്ടോയും ഒരു കുറിപ്പും അമ്മയെ ഏല്‍പ്പിച്ചിട്ട് പറഞ്ഞു..മരണ ശേഷം പത്രത്തില്‍ കൊടുക്കാനുള്ള ന്യൂസ് ആണതെന്നു..

അന്ന് ഞാന്‍ ബാംഗ്ലൂരില്‍ കോറമംഗലയിലെ പിംഗാരയില്‍ തഥാഗതന്‍, ചന്ത്രക്കാറന്‍, മഴനൂല്‍ തുടങ്ങിയ ബ്ലോഗേഴ്സ്മായി സൗഹൃദം പങ്കിട്ടിരിക്കുകയായിരുന്നു...പെട്ടെന്ന് വന്ന ഒരു ഫോണ്‍ കോളില്‍, കിട്ടിയ ബസ്‌ പിടിച്ച് നാട്ടിലേക്ക്‌ പോന്നു..ശൂന്യമായിരുന്നു അന്നു മനസ്സ്‌..

മരണാനന്തര ചടങ്ങുകള്‍ക്ക്‌ ശേഷം അമ്മാവന്‍ ആ കുറിപ്പും ഫോട്ടോയും എന്നെ ഏല്‍പ്പിച്ചു..ഞാന്‍ വായിച്ചു നോക്കി. ഇത്രയും വിശദമായ/വെല്‍ എഡിറ്റടായ ഒരു ചരമ വാര്‍ത്ത കണ്ടതില്‍ എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല..കാരണം, മലയാളത്തില്‍ ഇറങ്ങിയിരുന്ന എല്ലാ പത്രങ്ങളും വായിക്കുമായിരുന്ന (വായനക്കാരുടെ കത്തുകളില്‍ എന്ന പക്തിയില്‍, കുറിക്കു കൊള്ളുന്ന ചില കത്തുകള്‍ അയയ്ക്കു മായിരുന്ന )അച്ചാച്ചന്‍ ആദ്യം വായിച്ചിരുന്നത് ചരമകോളമായിരുന്നു എന്നത് എനിക്കറിയാമായിരുന്നു.

എന്നെ, പുസ്തകങ്ങളുടെ ലോകത്തേക്ക്‌ കൊണ്ട് വന്നത് അച്ചാച്ചന്‍ ആയിരുന്നു..ഈ ബ്ലോഗിന്റെ വലതു വശത്ത് കുറിച്ചിട്ട പോലെ, അച്ചാച്ചന്‍ പറഞ്ഞു തന്നിരുന്ന കഥകള്‍ തന്നെയാണ് ഞാന്‍ കേട്ട ഏറ്റവും മനോഹരമായ കഥകള്‍. ഒരു  പാടു നല്ല പുസ്തകങ്ങളുടെ കലവറ ആയിരുന്നു എന്റെ സമ്മര്‍ വെക്കെഷനുകള്‍..പേരാമ്പ്രയിലെ ആ ചെറിയ വീടിന്റെ ഗ്രില്ലിട്ട തിണ്ണയില്‍ ഇരുന്നു പഴയ മാതൃഭൂമി ആഴ്ചപതിപ്പുകള്‍(70-80 period) ഞാന്‍ ആര്‍ത്തിയോടെ തിന്നു തീര്‍ത്തിട്ടുണ്ട്..അതിനിടെ വന്നു പോകുന്ന പതിവ് സന്ദര്‍ശകര്‍ക്കും, വഴി തെറ്റി വന്നു കയറുന്ന ഭ്രാന്തത്തി ചീരു, കേലേം ബാലന്‍ തുടങ്ങിയ നിരുപദ്രവകാരികള്‍ക്കും മനസ്സ്‌ പിടി കൊടുക്കാതെ എത്രയോ കഥകളും ലേഖനങ്ങളും വായിച്ചു തള്ളിയിരുന്നു...ആ പഴയ മാതൃഭൂമി ആഴ്ചപതിപ്പുകള്‍ എല്ലാം ഇന്നും കേടു കൂടാതെ ഇരിപ്പുണ്ട് എന്നത് അത്ഭുതം ആണ്..

അച്ചാച്ചന്റെ ഡയറികുറിപ്പുകള്‍ ആയിരുന്നു മറ്റൊരു കൌതുകം...സ്ഥിരമായി നല്ല വടിവൊത്ത കയ്യക്ഷരത്തില്‍ ചുരുങ്ങിയ വാക്കുകളില്‍ ഡയറി എഴുതുന്ന  ശീലം അച്ച്ച്നുണ്ടായിരുന്നു...എന്റെ അമ്മയുടെ ആദ്യ ജോലി, അച്ചന്‍ അമ്മയെ കാണാന്‍ വന്നത് തുടങ്ങി  ചില്ലറ വരവ് ചെലവ് കണക്കുകള്‍, പത്ര തലക്കെട്ടുകള്‍ വരെ. 1978 ഈ ഡയറി കുറിപ്പുകള്‍ വായിക്കൂ: 1978 January 2 തിങ്കള്‍
കാലത്തെ റേഡിയോ വാര്‍ത്ത : ഇന്നലെ 8:30 (രാത്രി ) ബോംബയില്‍ നിന്നു ദുബായി ലേക്ക് പറന്നുയര്‍ന്ന ബോയിംഗ് 747  സാമ്രാട്ട് അശോക്‌ പൊട്ടിത്തെറിച്ച് കടലില്‍ വീണു 212 പേര്‍ മരിച്ചു..
കായികമേളയില്‍ കേരളം വിജയിച്ചു. വിദ്യാലയങ്ങള്‍ക്ക് അവധി.

ഡയറി കുറിപ്പുകളില്‍ എനിക്ക് ഏറ്റവും പ്രിയം 1981 ഏപ്രില്‍ ആദ്യവാരത്തിലെ കുറിപ്പുകള്‍ ആണ് - ആ ഇടക്കായിരുന്നല്ലോ എന്റെ (ഞങ്ങളുടെ )ജനനം. രാത്രി 9:30 പ്രസവം നടന്നു രണ്ടു കുട്ടികള്‍ !! 8 ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന എന്റെ ഇരട്ട സഹോദരന്റെ മരണത്തെകുറിച്ചുള്ള ഡയറിതാളുകള്‍, പഴയ  അമിതാഭ് ബച്ചന്‍-ശശി കപ്പൂര്‍ സിനിമകളിലെ സ്ഥിരം ഫോര്‍മുല- സഹോദരങ്ങളുടെ കൂടി ചേരലുകള്‍ -കാണുമ്പോള്‍ ഒന്നു കൂടെ വായിച്ച് നോക്കും.
-----------------------------------------------------------------------------------------------------
ഇത്തവണ, മോള്‍ക്ക്‌ വായിച്ചു കേള്‍പ്പിക്കാന്‍ കുഞ്ഞുണ്ണി മാസ്ടരുറെ കവിതകള്‍ തിരയുന്നതിനിടയില്‍ ആണ് ആ 78 ലെ ഡയറി വീണ്ടും കയ്യില്‍ പെട്ടത്...അതില്‍ ഒരു "പണ പയറ്റു "(മലബാറിലെ പ്രസിദ്ധമായ കുറികല്യാണങ്ങള്‍ )ഇന്‍വിറ്റേഷന്‍ കുറിപ്പില്‍ അച്ചാച്ചന്‍ എഴുതിയതെന്നു ഞാന്‍ വിശ്വസിക്കുന്ന ഈ മിനി കഥ കിട്ടുന്നത് (കൂട്ടി ചേര്‍ക്കലുകള്‍ ഇല്ലാതെ ):
                           
                                                        മുട്ടനാടിന്റെ മണം
                                                 ------------------------------------

ഇന്റര്‍വ്യൂവിനു ശേഷം ഓഫീസിലെ ക്ലാര്‍ക്കായി നിയമനക്കല്പന ലഭിച്ചപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ആഹ്ലാദം തോന്നി. ഒരു കുടുംബം രക്ഷപ്പെട്ടല്ലോ എന്നു കരുതി അച്ഛനമ്മമാരും സന്തോഷിച്ചു. ആദ്യത്തെ ശമ്പളം കിട്ടുമ്പോള്‍ കൊച്ചു പെങ്ങള്‍ക്ക് നല്ലൊരു ഉടുപ്പ് കിട്ടണമെന്നു അവള്‍ ശാഠയം പിടിച്ചു

ഉള്ള ഷര്‍ട്ടും മുണ്ടും അലക്കിത്തേച്ച് സര്‍ട്ടിഫിക്കറ്റുകളുമായി പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ നാഴികള്‍ക്കകലെയുള്ള പട്ടണത്തിലേക്ക്‌ ഞാന്‍ ബസ്സ് കയറി. ഓഫീസിന്റെ പടിവാതില്‍ക്കലെത്ത്തിയപ്പോള്‍ നല്ല സ്വീകരണം. പലരും പരിചയ ഭാവത്തില്‍ തന്നെ. അവരുടെ ഭാഗ്യത്തിനാണ് ഞാന്‍ അവിടെ എത്തിയതെന്ന തോന്നലാണ് അവര്‍ക്ക്‌. താമസ സൌകര്യത്തെപ്പറ്റിയും മറ്റും ഞങ്ങള്‍ സംസാരിച്ചു. നഗരത്തിലെ പ്രധാന ഹോട്ടലിനെപ്പറ്റിയും അവര്‍ പുകഴ്ത്തി .

എന്തോ എനിക്കൊരു വല്ലായ്മ. ചര്‍ദ്ദിക്കുമെന്ന് തോന്നി. നഗരത്തില്‍ ബസ്സിറങ്ങി ഉടനെ ഞാന്‍ ആ ഹോട്ടലില്‍ കയറി ചായ കഴിച്ചിരുന്നു. പുറത്തിറങ്ങിയപ്പോള്‍ അവിടെ കണ്ട മുട്ടനാടുകളുടെ മണം എനിക്ക് പിടിച്ചില്ല. ചായക്കും അതെ മണമുണ്ടോ എന്നൊരു സംശയം. വയ്യ, ആ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് നഗരത്തില്‍ ജോലി ചെയ്യാന്‍ വയ്യ. ഞാന്‍ ജോലിയില്‍ പ്രവേശിക്കാതെ തിരിച്ചു നടന്നു..


(ഒരു പക്ഷെ ഈ കഥയ്ക്ക് തുടര്‍ച്ച ഉണ്ടായിരുന്നിരിക്കാം...പക്ഷെ എന്റെ കയ്യില്‍ ഇത്രയേ കിട്ടിയുള്ളൂ....)

Saturday, January 7, 2012

വെണ്മേഘമേ -


പത്ത് വര്‍ഷത്തെ സ്വപ്‌നങ്ങള്‍...... .ഒരു പിടി ഈണങ്ങള്‍ ...വരികള്‍.. എല്ലാം ..
പ്രണയത്തിന്റെ, വിരഹത്തിന്റെ ഈണങ്ങളുമായി ...

സംഗീതം: ശ്രീകാന്ത്‌ - ദിലീപ്‌-
നിര്‍മ്മാണം : ശ്രീകാന്ത്‌ - നവീന്‍
ഗാനരചന : ബിജോയ്‌ കോറോത്ത് - സിജിത്‌ (കുട്ടന്‍സ്)- സജിത്ത് ലാല്‍ - ശ്രീകാന്ത്‌

പാട്ടുകള്‍ സിഡികള്‍// / ഐട്യൂന്‍സ്‌