Saturday, June 2, 2012

മുട്ടനാടിന്റെ മണം- 1978 -ലെ ഡയറി കുറിപ്പുകളുടെ കൂടെ കിട്ടിയ ഒരു മിനി കഥ





എനിക്കൊരു അച്ചാച്ചന്‍ ഉണ്ടായിരുന്നു...കെ.കെ. ദാമോദരന്‍ മാസ്റര്‍ എന്ന പേരാമ്പ്ര യത്തീംഖാന എല്‍.പി. സ്കൂളിലെ റിട്ടയര്‍ഡ്‌ ഹെഡ്‌ മാസ്റര്‍, എന്റെ അമ്മയുടെ അച്ഛന്‍ ..ഇപ്പൊ ജീവിച്ചിരിപ്പില്ല..അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്‍ അന്തരിച്ചു. മരിക്കുന്നതിനു ഒരു വര്‍ഷത്തോളം മുന്‍പേ തന്നെ ഞാന്‍ പുതിയതായി വാങ്ങിയ ക്യാമറയില്‍ സുന്ദരമായൊരു ഫോട്ടോ എടുപ്പിച്ചു എന്നെകൊണ്ട്...

മരിക്കുന്നതിനു തലേ ദിവസം..ആ ഫോട്ടോയും ഒരു കുറിപ്പും അമ്മയെ ഏല്‍പ്പിച്ചിട്ട് പറഞ്ഞു..മരണ ശേഷം പത്രത്തില്‍ കൊടുക്കാനുള്ള ന്യൂസ് ആണതെന്നു..

അന്ന് ഞാന്‍ ബാംഗ്ലൂരില്‍ കോറമംഗലയിലെ പിംഗാരയില്‍ തഥാഗതന്‍, ചന്ത്രക്കാറന്‍, മഴനൂല്‍ തുടങ്ങിയ ബ്ലോഗേഴ്സ്മായി സൗഹൃദം പങ്കിട്ടിരിക്കുകയായിരുന്നു...പെട്ടെന്ന് വന്ന ഒരു ഫോണ്‍ കോളില്‍, കിട്ടിയ ബസ്‌ പിടിച്ച് നാട്ടിലേക്ക്‌ പോന്നു..ശൂന്യമായിരുന്നു അന്നു മനസ്സ്‌..

മരണാനന്തര ചടങ്ങുകള്‍ക്ക്‌ ശേഷം അമ്മാവന്‍ ആ കുറിപ്പും ഫോട്ടോയും എന്നെ ഏല്‍പ്പിച്ചു..ഞാന്‍ വായിച്ചു നോക്കി. ഇത്രയും വിശദമായ/വെല്‍ എഡിറ്റടായ ഒരു ചരമ വാര്‍ത്ത കണ്ടതില്‍ എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല..കാരണം, മലയാളത്തില്‍ ഇറങ്ങിയിരുന്ന എല്ലാ പത്രങ്ങളും വായിക്കുമായിരുന്ന (വായനക്കാരുടെ കത്തുകളില്‍ എന്ന പക്തിയില്‍, കുറിക്കു കൊള്ളുന്ന ചില കത്തുകള്‍ അയയ്ക്കു മായിരുന്ന )അച്ചാച്ചന്‍ ആദ്യം വായിച്ചിരുന്നത് ചരമകോളമായിരുന്നു എന്നത് എനിക്കറിയാമായിരുന്നു.

എന്നെ, പുസ്തകങ്ങളുടെ ലോകത്തേക്ക്‌ കൊണ്ട് വന്നത് അച്ചാച്ചന്‍ ആയിരുന്നു..ഈ ബ്ലോഗിന്റെ വലതു വശത്ത് കുറിച്ചിട്ട പോലെ, അച്ചാച്ചന്‍ പറഞ്ഞു തന്നിരുന്ന കഥകള്‍ തന്നെയാണ് ഞാന്‍ കേട്ട ഏറ്റവും മനോഹരമായ കഥകള്‍. ഒരു  പാടു നല്ല പുസ്തകങ്ങളുടെ കലവറ ആയിരുന്നു എന്റെ സമ്മര്‍ വെക്കെഷനുകള്‍..പേരാമ്പ്രയിലെ ആ ചെറിയ വീടിന്റെ ഗ്രില്ലിട്ട തിണ്ണയില്‍ ഇരുന്നു പഴയ മാതൃഭൂമി ആഴ്ചപതിപ്പുകള്‍(70-80 period) ഞാന്‍ ആര്‍ത്തിയോടെ തിന്നു തീര്‍ത്തിട്ടുണ്ട്..അതിനിടെ വന്നു പോകുന്ന പതിവ് സന്ദര്‍ശകര്‍ക്കും, വഴി തെറ്റി വന്നു കയറുന്ന ഭ്രാന്തത്തി ചീരു, കേലേം ബാലന്‍ തുടങ്ങിയ നിരുപദ്രവകാരികള്‍ക്കും മനസ്സ്‌ പിടി കൊടുക്കാതെ എത്രയോ കഥകളും ലേഖനങ്ങളും വായിച്ചു തള്ളിയിരുന്നു...ആ പഴയ മാതൃഭൂമി ആഴ്ചപതിപ്പുകള്‍ എല്ലാം ഇന്നും കേടു കൂടാതെ ഇരിപ്പുണ്ട് എന്നത് അത്ഭുതം ആണ്..

അച്ചാച്ചന്റെ ഡയറികുറിപ്പുകള്‍ ആയിരുന്നു മറ്റൊരു കൌതുകം...സ്ഥിരമായി നല്ല വടിവൊത്ത കയ്യക്ഷരത്തില്‍ ചുരുങ്ങിയ വാക്കുകളില്‍ ഡയറി എഴുതുന്ന  ശീലം അച്ച്ച്നുണ്ടായിരുന്നു...എന്റെ അമ്മയുടെ ആദ്യ ജോലി, അച്ചന്‍ അമ്മയെ കാണാന്‍ വന്നത് തുടങ്ങി  ചില്ലറ വരവ് ചെലവ് കണക്കുകള്‍, പത്ര തലക്കെട്ടുകള്‍ വരെ. 1978 ഈ ഡയറി കുറിപ്പുകള്‍ വായിക്കൂ: 1978 January 2 തിങ്കള്‍
കാലത്തെ റേഡിയോ വാര്‍ത്ത : ഇന്നലെ 8:30 (രാത്രി ) ബോംബയില്‍ നിന്നു ദുബായി ലേക്ക് പറന്നുയര്‍ന്ന ബോയിംഗ് 747  സാമ്രാട്ട് അശോക്‌ പൊട്ടിത്തെറിച്ച് കടലില്‍ വീണു 212 പേര്‍ മരിച്ചു..
കായികമേളയില്‍ കേരളം വിജയിച്ചു. വിദ്യാലയങ്ങള്‍ക്ക് അവധി.

ഡയറി കുറിപ്പുകളില്‍ എനിക്ക് ഏറ്റവും പ്രിയം 1981 ഏപ്രില്‍ ആദ്യവാരത്തിലെ കുറിപ്പുകള്‍ ആണ് - ആ ഇടക്കായിരുന്നല്ലോ എന്റെ (ഞങ്ങളുടെ )ജനനം. രാത്രി 9:30 പ്രസവം നടന്നു രണ്ടു കുട്ടികള്‍ !! 8 ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന എന്റെ ഇരട്ട സഹോദരന്റെ മരണത്തെകുറിച്ചുള്ള ഡയറിതാളുകള്‍, പഴയ  അമിതാഭ് ബച്ചന്‍-ശശി കപ്പൂര്‍ സിനിമകളിലെ സ്ഥിരം ഫോര്‍മുല- സഹോദരങ്ങളുടെ കൂടി ചേരലുകള്‍ -കാണുമ്പോള്‍ ഒന്നു കൂടെ വായിച്ച് നോക്കും.
-----------------------------------------------------------------------------------------------------
ഇത്തവണ, മോള്‍ക്ക്‌ വായിച്ചു കേള്‍പ്പിക്കാന്‍ കുഞ്ഞുണ്ണി മാസ്ടരുറെ കവിതകള്‍ തിരയുന്നതിനിടയില്‍ ആണ് ആ 78 ലെ ഡയറി വീണ്ടും കയ്യില്‍ പെട്ടത്...അതില്‍ ഒരു "പണ പയറ്റു "(മലബാറിലെ പ്രസിദ്ധമായ കുറികല്യാണങ്ങള്‍ )ഇന്‍വിറ്റേഷന്‍ കുറിപ്പില്‍ അച്ചാച്ചന്‍ എഴുതിയതെന്നു ഞാന്‍ വിശ്വസിക്കുന്ന ഈ മിനി കഥ കിട്ടുന്നത് (കൂട്ടി ചേര്‍ക്കലുകള്‍ ഇല്ലാതെ ):
                           
                                                        മുട്ടനാടിന്റെ മണം
                                                 ------------------------------------

ഇന്റര്‍വ്യൂവിനു ശേഷം ഓഫീസിലെ ക്ലാര്‍ക്കായി നിയമനക്കല്പന ലഭിച്ചപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ആഹ്ലാദം തോന്നി. ഒരു കുടുംബം രക്ഷപ്പെട്ടല്ലോ എന്നു കരുതി അച്ഛനമ്മമാരും സന്തോഷിച്ചു. ആദ്യത്തെ ശമ്പളം കിട്ടുമ്പോള്‍ കൊച്ചു പെങ്ങള്‍ക്ക് നല്ലൊരു ഉടുപ്പ് കിട്ടണമെന്നു അവള്‍ ശാഠയം പിടിച്ചു

ഉള്ള ഷര്‍ട്ടും മുണ്ടും അലക്കിത്തേച്ച് സര്‍ട്ടിഫിക്കറ്റുകളുമായി പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ നാഴികള്‍ക്കകലെയുള്ള പട്ടണത്തിലേക്ക്‌ ഞാന്‍ ബസ്സ് കയറി. ഓഫീസിന്റെ പടിവാതില്‍ക്കലെത്ത്തിയപ്പോള്‍ നല്ല സ്വീകരണം. പലരും പരിചയ ഭാവത്തില്‍ തന്നെ. അവരുടെ ഭാഗ്യത്തിനാണ് ഞാന്‍ അവിടെ എത്തിയതെന്ന തോന്നലാണ് അവര്‍ക്ക്‌. താമസ സൌകര്യത്തെപ്പറ്റിയും മറ്റും ഞങ്ങള്‍ സംസാരിച്ചു. നഗരത്തിലെ പ്രധാന ഹോട്ടലിനെപ്പറ്റിയും അവര്‍ പുകഴ്ത്തി .

എന്തോ എനിക്കൊരു വല്ലായ്മ. ചര്‍ദ്ദിക്കുമെന്ന് തോന്നി. നഗരത്തില്‍ ബസ്സിറങ്ങി ഉടനെ ഞാന്‍ ആ ഹോട്ടലില്‍ കയറി ചായ കഴിച്ചിരുന്നു. പുറത്തിറങ്ങിയപ്പോള്‍ അവിടെ കണ്ട മുട്ടനാടുകളുടെ മണം എനിക്ക് പിടിച്ചില്ല. ചായക്കും അതെ മണമുണ്ടോ എന്നൊരു സംശയം. വയ്യ, ആ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് നഗരത്തില്‍ ജോലി ചെയ്യാന്‍ വയ്യ. ഞാന്‍ ജോലിയില്‍ പ്രവേശിക്കാതെ തിരിച്ചു നടന്നു..


(ഒരു പക്ഷെ ഈ കഥയ്ക്ക് തുടര്‍ച്ച ഉണ്ടായിരുന്നിരിക്കാം...പക്ഷെ എന്റെ കയ്യില്‍ ഇത്രയേ കിട്ടിയുള്ളൂ....)