Wednesday, August 24, 2016

കബ്‌സ !!


(കബ്‌സ - Kabsa ഒരു മിഡിൽ ഈസ്റ്റ് ഡിഷ് ആണ്..രൂപ,രുചി ഭാവത്തിൽ ബിരിയാണിയെ പോലിരിക്കും..കഴിഞ്ഞ ദിവസം വീടിനടുത്തുള്ള ഒരു ലബനീസ് റെസ്റ്റോറന്റിൽ കബ്‌സ കഴിച്ച് കൊണ്ടിരുന്നപ്പോൾ മനസ്സിലേക്ക് ആദ്യം വന്നത് സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി കഥ ആണ്..ഒരു സ്പൂഫ് പോലെ കുസൃതിക്ക് എഴുതി തുടങ്ങിയതാണ്..ഒടുവിൽ ഭാവം മാറി പൂർത്തിയായ രൂപത്തിൽ ഷെയർ ചെയ്യുന്നു..)

കബ്‌സ !!

"ഡ്യൂഡ്..എവിടെയാണ് നീ പറഞ്ഞ റെസ്റ്റോറന്റ്..ഈ റോഡിൽ ഇത് രണ്ടാം തവണ ആണ് നമ്മൾ..."

" ഡാൻ ..ഇവിടെ അടുത്തെവിടെയോ ആണ്..ഞാൻ മുന്പൊരിക്കൽ വന്നതാണ്..28 ത്ത് സ്ട്രീറ്റിൽ നിന്നും ആരാപഹോ അവന്യൂവിലേക്ക് വലത്തോട്ടു തിരിയുന്പോൾ ആദ്യം കാണുന്ന ഷോപ്പിംഗ് ഏരിയയിൽ കാണേണ്ടതാണ്..എന്തോ ഇന്നത് എന്റെ കണ്ണിൽ പിടിക്കുന്നില്ല..മോറോവർ, പെട്ടെന്ന് വലത്തോട്ട് എടുത്ത് പാർക്കിംഗ് ഏരിയയിലേക്ക് കയറുവാനും പറ്റിയില്ല..അപ്പൊ പിന്നെ, ഒരു യൂടേൺ എടുത്ത് തിരിച്ച് വരികയല്ലേ നിവൃത്തിയുള്ളൂ.." ഒരു ദീർഘ നിശ്വാസത്തോടെ..വലത്തെ സൈഡ് മിററിൽ നിന്നും കണ്ണെടുക്കാതെ ഞാൻ പറഞ്ഞു..

വലത്തെ ലെയിനിലൂടെ നിര നിരയായി വാഹനങ്ങൾ ആണ്..ഒരിടം കിട്ടിയാൽ എന്റെ കാർ തിരുകി കയറ്റാം ..പക്ഷെ പിന്നിൽ വരുന്ന ആ കൂറ്റൻ എസ്‌.യു.വി എന്നെ വലത്തെ ലെയിനിലേക്ക് കയറുവാൻ സമ്മതിക്കുന്നെ ഇല്ല..ഇതേ പോലൊരു കാർ കാരണം ആണ്..കുറച്ച് മിനിറ്റുകൾക്ക് മുന്നേ, റെസ്റ്റോറന്റ് ഇരിക്കുന്ന ആ കോംപ്ലക്സിലേക്ക് കാർ തിരിക്കാൻ പറ്റാതെ നേരെ പോയി, അടുത്ത ജംക്ഷനിൽ നിന്നും യു ടേൺ എടുത്ത് വരേണ്ടി വന്നത്..വീണ്ടും അത് ആവർത്തിച്ചാൽ എന്റെ വലത് വശത്തെ സീറ്റിൽ ഇരിക്കുന്ന ഡാനിയേൽ പെറ്റിറ്റ് എന്ന സായിപ്പ്..എന്റെ ക്ലയന്റ് കന്പനിയുടെ ഐടി ഡയറക്ടർ ...എന്റെ കന്പനിയുമായുള്ള സകല ഇടപാടുകളും അറുത്ത് മുറിച്ചു കളയും..!!

തലയ്ക്കു മുകളിൽ എനിക്ക് മാത്രം കാണാവുന്ന ഒരു കൂർത്ത മുനയുള്ള വാൾ തൂങ്ങികിടക്കുന്നതായി വീണ്ടും എനിക്ക് അനുഭവപ്പെട്ടു....

എസ് യു വി ട്രാഫിക്കിനൊപ്പം മുന്നോട്ട് പോയി, എന്റെ കാറിന് കഷ്ടിച്ച് കയറി നിൽക്കാനുള്ള ഇടം ലഭിച്ചപ്പോഴേ..ഡാനിനെ അധികം പാനിക് ആക്കാതെ, വലത് വശത്തേക്ക് കയറി, ഉടൻ തന്നെ റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്ന പാർക്കിംഗ് കോംപ്ലക്സിലേക്ക് വണ്ടി കയറ്റി ഞാൻ..

"ഓ..ഇതാണോ..നിന്റെ ഇന്ത്യൻ സ്റ്റൈൽ ഡ്രൈവിംഗ്.." ഡാൻ അയാളുടെ പൊണ്ണത്തടിയൻ ശരീരം ഒരു ചിരിയിൽ ഇളക്കി മറിച്ച് കൊണ്ട് ചോദിച്ചു...!!

ആ ചിരിയിൽ ഒരു പുഞ്ചിരി ചേർത്ത് കൂടെ ചിരിച്ചെന്ന് വരുത്തി ഞാൻ അയാളെ റെസ്റ്റോറന്റിന് നേർക്ക് ക്ഷണിച്ചു..

അല്ലെങ്കിലും ചിരിക്കാനുള്ള ഒരു മൂഡിൽ ആയിരുന്നില്ല ഞാൻ...എന്നെ സംബദ്ധിച്ചിടത്തോളം..അതി പ്രധാനമായ ഒരു മീറ്റിങ് ആണിത്..ഡാൻ എന്റെ കമ്പനിയുടെ മുന്നോട്ടുള്ള പ്രോജെക്ട്കൾക്ക് അനിവാര്യം ആയ ഒരു ഡിസിഷൻ മേക്കർ ആണ്...അടുത്ത് ഓപ്പൺ ആവാൻ ഇടയുള്ള ഒരു രണ്ടു മില്യൺ യു എസ് ഡോളർ പ്രോജക്ടിന്റെ ടെണ്ടറിൽ പങ്കെടുക്കാനും അതിൽ വിജയിക്കാനും ഡാൻ മനസ്സുവെച്ചാൽ മാത്രമേ കഴിയൂ...

ഡാൻന്റെ കീഴിൽ ജോലി ചെയ്യുന്ന എഡ് വോൺ ബൊക്മാൻ എന്ന സീനിയർ മാനേജർ എന്റെ തന്നെ വലിയ സപ്പോർട്ടർ ആണ്..അയാളാണ് നിർബ്ബന്ധിച്ചത്..
"സീ പത്ത് വർഷത്തിന് ശേഷം ആദ്യമായാണ് ഈ കന്പനി ഔട്ട്സോഴ്‌സിംഗ് അനുകൂലമായി ചിന്തിക്കുന്നത്..മുൻപൊരിക്കൽ ഔട്ട് സോഴ്‌സിംഗ് ചെയ്ത് കൈ പൊള്ളിയ ഒരാളാണ് ഡാൻ..സൊ അയാളാണ് ഈ ഐഡിയക്ക് എതിർക്കുന്ന ഏക ആൾ..സോ, നീ എന്ത് മാജിക് എങ്കിലും കാണിച്ചു അയാളെ കൺവിൻസ് ചെയ്തേ പറ്റൂ..അയാളെ വിളിച്ച് കൊണ്ട് പോയി ഒരു ലഞ്ച് കൊടുക്കൂ..വലിയ തീറ്റ ഭ്രാന്തൻ ആണ് തടിയൻ.."

എഡ് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്..പൊതുവെ ഇന്ത്യക്കാരോട് താത്പര്യം ഇല്ലാത്ത ഒരാളാണ് ഡാൻ..പോരാത്തതിന്..ഒരു പ്രോട്ടോ ടൈപ്പ് പ്രോജക്ട് ചെയ്ത വകയിൽ ഇന്ത്യയിലെ ടീമിന് പറ്റിയ അബദ്ധത്തിന്റെ പേരിലുണ്ടായ പുകിലുകൾ ഒരു വിധത്തിൽ കെട്ടടങ്ങിയതേ ഉള്ളൂ...

"ഡാൻ, മുൻപ് എപ്പോഴെങ്കിലും മിഡിൽ ഈസ്റ് ഫുഡ് ട്രൈ ചെയ്തിട്ടുണ്ടോ.." -റെസ്റ്റോറന്റിനെ വാതിൽ തുറന്ന് കൊടുത്ത് കൊണ്ട് ഞാൻ അയാളോട് ചോദിച്ചു.

"പിന്നെ, ഞാൻ കുറെ കാലം പേർഷ്യയിൽ ആയിരുന്നു..ഓയിൽ മൈനിംഗ് ..." -അയാൾ സാമാന്യം നല്ല രീതിയിൽ തന്നെ പരിഹസിച്ച് ചിരിച്ചു.

താരതമ്യേനെ പുതിയ ഭക്ഷണ ശാലയാണ്...അലാദിൻ ഗ്രിൽസ്. മുൻപ് ഇവിടെ ഒരു തായ് റെസ്റ്റോറന്റ് ആയിരുന്നു..ആള് കൂടാത്തത് കൊണ്ടോ മറ്റോ ആവണം..അത് പൂട്ടി പകരം ഇവിടെ ഈയിടെ ആണ് ഈ മിഡിൽ ഈസ്റ് ഭക്ഷണശാല തുറന്നത്...!!!

പഴയ ഏതോ പള്ളിയുടെ തടി ജനാലകളിൽ ഒന്ന്..ബില്ലിംഗ് കൗണ്ടറിനോട് ചേർന്ന് ഒട്ടിച്ച് വെച്ചിട്ടുണ്ട്...കടും പച്ച നിറത്തിൽ ചായം പൂശിയ അതിന്റെ അരികുകൾ സ്വർണ്ണ വർണ്ണമാണ്..ചുവരുകളിൽ പരവതാനിയും, ജിന്നും അലാദീനും വരച്ച് ചേർത്ത ഗ്രാഫിക്..

അതിനിടയിൽ പലയിടത്തായി, ഡമാസ്കസിലെ തെരുവുകളുടെ ബ്ളാക് ആൻഡ് വൈറ്റ് ചിത്രങ്ങൾ ഫ്രയിം ചെയ്തു വെച്ചിരിക്കുന്നു. ഡമാസ്കസിലെ പഴയ കൊട്ടാരങ്ങൾ..ജനം തിരക്ക് കൂട്ടിയ തെരുവുകൾ..ചത്വരങ്ങൾ എല്ലാം എല്ലാം പഴയകാല പ്രൗഢി വിളിച്ചോതും വിധം ചുവരുകളിൽ നിറഞ്ഞിരിക്കുന്നു..

" ഓ..ഇതൊരു സിറിയൻ റെസ്റ്റോറന്റ് ആയിരുന്നോ..ഒരു പക്ഷെ ഇതിന്റെ ഉടമകൾ സിറിയയിൽ നിന്നും ഓടിപോന്നവർ ആവും..ഒരു പക്ഷെ..പഴയ രാജാക്കന്മാരുടെ അനന്തരാവകാശികൾ..അല്ലെങ്കിൽ അനധികൃത കുടിയേറ്റക്കാർ...ഈ രാജ്യം ഇവരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചത് കണ്ടില്ലേ.." ഡാൻ അടക്കി പിടിച്ച ശബ്ദത്തിൽ പറഞ്ഞു...

റെസ്റ്റോറന്റിൽ വലിയ തിരക്ക് ഇല്ലായിരുന്നു...അടുക്കളയിൽ നിന്നും ഒരുപക്ഷെ റെസ്റ്റോറന്റ് ഉടമ ആവണം..ഒരു സ്ത്രീ പുറത്തേക്ക് വന്നു...!!

അവർ പറഞ്ഞു..

"സോറി...ഇന്നത്തെ ലഞ്ച് ടൈം കഴിഞ്ഞു.."

"പക്ഷെ..ഒരു മണിയല്ലേ ആയുള്ളൂ...പോരാത്തതിന് ബിസിനസ് അവേഴ്സ് രണ്ടര വരെ എന്നാണു വെബ്‌സൈറ്റിൽ കാണുന്നത്..മാത്രമല്ല..നിങ്ങളുടെ വാതിലിൽ ഇപ്പോഴും ഓപ്പൺ എന്ന ബോർഡ് തൂക്കിയിരിക്കുന്നത് കണ്ടില്ലേ.." ഞാൻ ഒരു തർക്കത്തിലേക്ക് പെട്ടെന്ന് തന്നെ കയറി ചെന്ന്..വളരെ കഷ്ടപ്പെട്ടാണ് ഡാൻ നെ ഈ മീറ്റിങ്നായി കൊണ്ട് വന്നത്..ഇന്ന് പിടിച്ച പിടിയാലേ അയാളിൽ നിന്നൊരു സമ്മതം കിട്ടിയില്ല എങ്കിൽ..എന്റെ കാര്യം പോക്കാണ്..

"ശരിയാണ്..ഓപ്പൺ ബോർഡ് ഞാൻ മാറ്റാം...പക്ഷെ..എന്റെ കുക്ക് ഇന്നത്തെ പണി മതിയാക്കി...ഇനി ആരെയും സെർവ് ചെയ്യാൻ പറ്റും എന്ന് തോന്നുന്നില്ല.." വളരെ നിഷ്കളങ്കമായി ആ സ്ത്രീ പറഞ്ഞു...

"സീ..ഞങ്ങൾ നിങ്ങളുടെ കസ്റ്റമർ ആണ്..പോയി നിങ്ങളുടെ കുക്കിനോട് പറയൂ..എന്തെങ്കിലും പെട്ടെന്ന് ഉണ്ടാക്കി തരാൻ...ഇനി വേറൊരു റെസ്റ്റോറന്റ് അന്വേഷിച്ച് പോകാനുള്ള ക്ഷമ ഇല്ല..പോരാത്തതിന് നല്ല വിശപ്പും.." ഒഴിഞ്ഞു കിടക്കുന്ന ഒരു ടേബിളിനു ചുറ്റുമുള്ള കസേരയിൽ തന്റെ പൊണ്ണത്തടി ഉറപ്പിച്ച് ഡാൻ കനത്ത ശബ്ദത്തിൽ പറഞ്ഞു...

"ഓകെ...ഞാൻ ഒന്ന് പോയി എന്റെ കുക്കിനോട് ചോദിക്കട്ടെ..നിങ്ങൾ ഇരിക്കൂ.." അവർ അടുക്കളയിലേക്ക് മടങ്ങി..

ബാക്കിയുണ്ടായിരുന്ന ഒന്ന് രണ്ടു കസ്റ്റമേഴ്സും റെസ്റ്റോറന്റിൽ നിന്നും പുറത്തേക്ക് പോയി..ഡാൻ മൂലയിൽ ഉള്ള ഒരു ചെറിയ ഫ്രിഡ്ജ് തുറന്ന് അതിൽ നിന്നും ഒരു കോൾഡ് ഡയറ്റ് കോക് ടിൻ എടുത്ത് എന്റെ നേരെ നീട്ടി..ഞാനത് നിരസിച്ചു..

അയാൾ ഒന്ന് എടുത്ത് അടപ്പ് തുറന്ന് ചുണ്ടിനോട് ചേർത്ത് വലിച്ചു കുടിച്ചു...എന്നിട്ട് മുഖം ഉയർത്തി സംഭാഷണം തുടർന്നു..

"മുൻപ് ഞാൻ പറഞ്ഞല്ലോ..കഴിഞ്ഞ ആഴ്ചത്തെ ആ മിസ് അത് ഞാൻ കണ്ടില്ല എന്ന് നടിക്കാം..എന്നാലും, നിങ്ങളുടെ കന്പനിയുടെ ക്വാളിറ്റി എനിക്ക് ഇപ്പോഴും സംശയം ആണ്..."

"ഡാൻ..അതിനി ആവർത്തിക്കില്ല...ആവശ്യം ഉള്ള കാര്യങ്ങൾ ഞാൻ നേരിട്ട് നോക്കി കൊള്ളാം...പിന്നെ.." ഞങ്ങളുടെ സംഭാഷണം മുറിച്ച് കൊണ്ട്..അടുക്കളയിൽ നിന്നും സ്ത്രീ തിരികെ വന്നു...

"ഹുസ്സൈൻ, എന്റെ കുക്ക് ആകെ മടുത്ത് ഇരിക്കുകയാണ്..എങ്കിലും നിങ്ങളെ കരുതി അയാൾ പെട്ടെന്ന് എന്തെങ്കിലും ഉണ്ടാക്കി തരാം എന്ന് പറഞ്ഞു..ലാന്പ് കബ്‌സ ഉണ്ട്..ലാന്പ് ഗ്രിൽ ചെയ്യണം..അത്രയും ടൈമേ എടുക്കൂ..."

"എന്തായാലും കുഴപ്പമില്ല..പെട്ടെന്ന് കൊണ്ട് വരൂ.." ഡാൻ പെട്ടെന്ന് ഇടക്ക് കയറി പറഞ്ഞു..

ഭക്ഷണശാലയിലെ സ്ത്രീ അകത്തേക്ക് പോയ സമയം നോക്കി..എന്റെ വിഷയം അവതരിപ്പിക്കാനെന്നോണം ഞാൻ മുരടനക്കി..ഡാൻ വളരെ പെട്ടെന്ന് തന്നെ മുറിഞ്ഞു പോയ സംഭാഷണത്തിലേക്ക് തിരിച്ചു വന്നു..!

"സീ നിങ്ങളുടെ കമ്പനിയുടെ പ്രൊപോസൽ എനിക്ക് ഇഷ്ടമായി..എന്റെ കന്പനിക്ക് നല്ലൊരു മില്യൺ ഡോളർ സേവിംഗ്‌സ് ഉണ്ടാക്കി തരും നിങ്ങളാ മൊബൈൽ ആപ്ലിക്കേഷൻ ഉണ്ടാക്കി തന്നാൽ...എന്റെ ബോർഡ് മെംബേഴ്സിന് വളരെ ഇഷ്ടവും ആവും അങ്ങിനെ ഒരു ലാഭം ഉണ്ടാവുന്നതിൽ..അവർക്ക് ലാഭം എങ്ങിനെ കൂട്ടാം എന്ന് മാത്രമേ നോക്കേണ്ടതുള്ളൂ...പ്രശ്നം അതല്ല..തനിക്ക് അറിയുമോ എന്നറിയില്ല, ഈ പ്രോജക്ട് നടന്നാൽ എന്റെ ഫീൽഡ് സ്റ്റാഫിൽ നല്ല ഒരു ശതമാനം ആളുകൾക്ക് ജോലി പോവും.."

"അറിയാം ഡാൻ...ഏകദേശം നൂറ്റി ഇരുപത് ഫീൽഡ് സ്റ്റാഫ്..നിങ്ങളുടെ പത്ത് സപ്പോർട്ട് സ്റ്റാഫ്..അവരെയൊക്കെ ഫയർ ചെയ്യണം...എന്നിട്ട് ആ ബാക് ഓഫീസ് ജോലി ഞങ്ങളുടെ കന്പനി വളരെ ലാഭത്തിൽ ഇന്ത്യയിലേക്ക് ഔട്ട് സോർസ് ചെയ്തു തരും...ഞാൻ പറയുന്നത് നിങ്ങളുടെ വർഷാവർഷമുള്ള സേവിംഗ്‌സ് അഞ്ചു മില്യൺ ആണ്....പിന്നെ, അടുത്ത വര്ഷം ഞാൻ താങ്കളെ കാണുന്പോൾ..മിനിമം ഒരു സി.ടി.ഓ ആയിട്ടുണ്ടാവും നിങ്ങൾ.."

"സുഹൃത്തെ...അതല്ല പ്രശ്നം..ജോലി നഷ്ടപ്പെടുന്ന ആ നൂറ്റി മുപ്പത് പേര് ആണെന്റെ പ്രശ്നം..."

ഡാൻ...പക്ഷെ..കന്പനിക്ക് ഉണ്ടാവുന്ന ലാഭം..നിങ്ങളുടെ കരിയർ ഗ്രോത്..ജോലി നഷ്ടപ്പെടുന്നവർക്ക് വേറെ ജോലി ലഭിക്കും..നിങ്ങൾ എന്തിനാണ് അതോർത്തു വിഷമിക്കുന്നത്..എനിക്കറിയാം അതൊരു സെന്റിമെന്റൽ ഡിസിഷൻ ആണെന്ന്..എങ്കിലും..താങ്കളുടെ കന്പനിയിൽ ആദ്യമായല്ലല്ലോ പിങ്ക് സ്ലിപ്..കഴിഞ്ഞ ക്രിസ്തുമസ് വെക്കേഷന് മുന്നേ നിങ്ങളുടെ കന്പനി പറഞ്ഞു വിട്ടത് ചുരുങ്ങിയത് അൻപത് പേരെ ആണ്..അല്ലെ..

സുഹൃത്തേ ഞാനൊരു തർക്കത്തിനില്ല...പക്ഷെ..എന്റെ കീഴിൽ ജോലി ചെയ്യുന്ന ഒരാൾ പോലും, ലോസ്റ്റ് ജോബ്, നോ ഇൻകം പാരെന്റ് ..കുഞ്ഞുങ്ങളെ നോക്കാൻ സഹായിക്കണം എന്ന ബോർഡുമായി തെരുവിൽ, ട്രാഫിക് ലൈറ്റിന് മുന്നിൽ താഴുന്ന കാർ വിൻഡോകൾക്ക് വേണ്ടി കാത്ത് നിൽക്കരുത് എന്നുണ്ട്..അങ്ങിനെ ധാരാളം പേരെ നിങ്ങൾക്കിവിടെ കാണാം അല്ലെ..അതോ, പണം എന്ന മാസ്മരികതക്ക് മുന്നിൽ നിങ്ങളുടെ കണ്ണിൽ തടഞ്ഞില്ലേ..

ഡാനിനെ എനിക്കറിയാം..അയാൾ അങ്ങിനെയാണ്..കാഴ്ചയിൽ ഒരു പണക്കൊഴുപ്പ് ആയി തോന്നുമെങ്കിലും..അയാൾക്ക് മറ്റുള്ളവരെ പറ്റി ചിന്തയുണ്ട്..തലയ്ക്കു മുകളിൽ തൂങ്ങിയാടുന്ന കൂർത്ത വാൾ മുനയുടെ തോന്നലിനു മുന്നിൽ അതൊക്കെ എനിക്ക് നിസ്സാരമായി തോന്നി..

ഡാനിനു മൂന്നു മക്കൾ - മൂത്ത മകൻ നഗരത്തിലെ ഒരു കരിയർ ഗൈഡൻസ് സ്ഥാപനത്തിൽ കരിയർ ഗൈഡ് ആയി ജോലി നോക്കുന്നു...രണ്ടാമൻ പാരാമെഡിക്കൽ സ്റ്റാഫ് ആണ്..ഡാനിന്റെ വീടിന്റെ തൊട്ടടുത്തു താമസിക്കുന്നു..എന്നും വൈകുന്നേരം കൊച്ചു മകനെ കാണാൻ കഴിയും എന്നതാണ് ഡാനിന്റെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്ന്...ഏറ്റവും ഇളയ മകൾ സാമൂഹ്യ ശാസ്ത്രത്തിൽ റിസർച്ച് ചെയ്യുന്നു..ന്യൂയോർക്ക് സിറ്റിയിലെ ഹോം ലെസ് ആളുകളുടെ ജീവിതമാണ് റിസർച്ച് ടോപിക്...

മകൾ ഇടക്കെപ്പോഴോ എത്യോപിയയിൽ ആയിരുന്നു...അവിടെ പാവപ്പെട്ടവർക്ക് വീട് വെച്ച് കൊടുക്കാൻ സഹകരിച്ച് കുറച്ച് കാലം ...ഒരു മൂന്നു മാസത്തോളം അവൾ ഒരു മിഷനറിയോടൊപ്പം തായ്‌ലൻഡിലെ വേശ്യാലയങ്ങളിൽ ജോലി ചെയ്യുന്ന പെൺകുട്ടികളെ പുനരധിവസിപ്പിക്കുന്ന പ്രൊജക്ടിൽ ഏർപ്പെട്ടു..ചില ദിവസങ്ങളിൽ അവൾക്ക് ചില ബ്രോത്തസിൽ പോവേണ്ടി വരും...പെൺകുട്ടികളെ അവിടെ നിന്നും രക്ഷിച്ചു കൊണ്ട് വരാൻ അവരുമായി സംസാരിക്കേണ്ടി വരും..മകളുടെ തായ്‌ലൻഡ് ജീവിതകാലമാവും ഒരു പക്ഷെ ഡാൻ ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ച കാലഘട്ടം...

ഞാൻ സംഭാഷണം തുടരാൻ ശ്രമിച്ചു

"ഡാൻ...."
അടുത്ത സംഭാഷണത്തിലേക്ക് കടക്കും മുന്നേ...മുഖത്ത് ഒരു വരുത്തി തീർത്ത ചിരിയുമായി സ്ത്രീ അടുക്കളയിൽ നിന്നും പുറത്തേക്ക് വന്നു...

" സോറി..ഹുസൈൻ കുക്ക് ചെയ്തു കൊണ്ടിരിക്കുന്നു...വൈകുന്നതിൽ ക്ഷമിക്കുമല്ലോ.."

"കുഴപ്പം ഇല്ല...തിരക്ക് ഒരു പക്ഷെ ഈ ചെറുപ്പക്കാരന് ആവും..എന്നെ എത്രയും പെട്ടെന്ന് ചാക്കിലിറക്കാൻ ആണ് അവന്റെ ഉദ്ദേശ്യം..എന്നാലല്ലേ അവന്റെ അടുത്ത മാസ ബോണസ് അകൗണ്ടിൽ വരൂ..അല്ലെ.." ഡാൻ തന്റെ പൊണ്ണത്തടി ഇളക്കി കൊണ്ട് ഉറക്കെ ചിരിച്ചു..

കറുത്ത പർദ്ദക്ക് ഉള്ളിൽ നിന്നും വെളുത്ത സുന്ദര ചിരി മറുപടിയായി അവർ തന്നു...

"നിങ്ങൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ ഞങ്ങൾ കിച്ചണിൽ വന്നു ഹുസ്സൈൻ എന്താണ് ചെയ്യുന്നത് എന്ന് നോക്കട്ടെ.." ഡാൻ എന്റെ തോളത്ത് തട്ടി അടുക്കളയിലേക്കുള്ള വാതിലിനടുത്തേക്ക് ക്ഷണിച്ചു..

ഹുസ്സൈൻ...അടുക്കളയിൽ ഒരു കന്പിയിൽ കോർത്ത ആട്ടിറച്ചി ഗ്രിൽ ചെയ്യുന്നു...
ഹുസ്സൈൻ കാഴ്ചയിൽ എത്യോപിയയിൽ നിന്നോ മറ്റും ആണെന്ന് തോന്നിപ്പിച്ചു..മെലിഞ്ഞു നീണ്ടു കറുത്ത ഉടൽ. നീളമുള്ള കൈകൾ..നീണ്ട മുഖം..കുഴിഞ്ഞ കണ്ണുകൾ..മുഖത്ത് കടുത്ത നിരാശ...

അയാൾ ഞങ്ങളെ കണ്ടു പുഞ്ചിരിച്ചു...എന്നിട്ടു തന്റെ റെസ്റ്റോറന്റ് നടത്തിപ്പുകാരിയോട് ചോദിച്ചു..

"ഫൈസാ..ഞാനിപ്പോൾ കൊണ്ട് വന്നേനെയെല്ലോ...സോറി ജെന്റിൽമെൻ..ഞാൻ വീട്ടിലേക്ക് പോവാൻ ഇറങ്ങുകയായിരുന്നു...സൊ ഉണ്ടാക്കി വെച്ച ഭക്ഷണം എല്ലാം തീർക്കേണ്ടി വന്നു..."

"സാരമില്ല..ഹുസ്സൈൻ..സോറി, നിങ്ങളുടെ പ്ലാൻ മാറ്റേണ്ടി വന്നതിൽ.." ഡാൻ മറുപടിയായി പറഞ്ഞു.

എന്റെ ഊഹം തെറ്റിയില്ല..എത്യോപിയക്കാരൻ ആണ് ഹുസ്സൈൻ..എത്യോപിയിലെ ഏതോ ഗോത്ര ഗ്രാമത്തിൽ നിന്നും ആഭ്യന്തര സംഘർഷം മൂർഛിച്ച കാലത്ത് നാട് വിട്ട് ഓടുന്പോൾ അവനു പത്തോ പന്ത്രണ്ടോ വയസ്സ്..അതിർത്തികൾ കടന്ന്..നടന്നും ഓടിയും..കിട്ടിയ വാഹനങ്ങളിൽ അള്ളി പിടിച്ച് കയറിയും അവൻ ഒടുവിൽ എത്തി പെട്ടത് സിറിയയിൽ..കുറച്ചു കാലം നല്ലതായിരുന്നു..ഡമാസ്കസിനോട് ചേർന്ന് ഒരു ചെറു പട്ടണത്തിൽ ..ഒരു സിറിയൻ കുടുംബത്തിൽ പുറം പണിക്ക് നിന്നു..ഒടുവിൽ, അറബ് വസന്തത്തിന്റെ അലയടികൾക്ക് പിന്നാലെ എത്തിയ പ്രക്ഷോഭങ്ങളെ ആസാദിന്റെ സൈന്യം അടിച്ചമർത്തലുകൾക്ക് പിന്നണിയായി തുടങ്ങിയ സിവിൽ വാർ..വീണ്ടും നിലക്കാത്ത, എവിടെയെത്തും എന്നറിയാത്ത പലായനത്തിലേക്ക് അവനെ വലിച്ചിട്ടു..സിറിയയിൽ നിന്നും ലബനോണിലേക്ക്, ഒരു പക്ഷെ അവിടെ നിന്നും ഇവിടെ വരെയെത്താൻ ഹുസ്സൈൻ നടത്തിയ യാത്രകൾ അതെ പടി പകർത്തി വെച്ചാൽ ഫൈസയുടെ ജീവിതമാവും...ഹുസ്സൈൻ ലബനാനിലെ നിന്നും ഒരു ചെറു ബോട്ടിൽ വൻകര ലക്ഷ്യമാക്കി യാത്ര ചെയ്തു...മരിച്ചു വീഴേണ്ടിയ എണ്ണപ്പെടാനാവാത്തത്ര അഭയാർത്ഥി പ്രവാഹത്തിലെ ഒരു ചെറു തരികളിലൊരാളായി അവൻ എങ്ങിനെയോ ഗ്രീക്കിൽ എത്തി പെട്ടു...അവിടെ നിന്നും പല വഴികളിലൂടെ..പല യാത്ര സംഘങ്ങളുടെ ഭാഗമായി...നടന്നും..വഴിയരികിൽ ഉറങ്ങിയും..ലക്ഷ്യമില്ലാതെ ഒച്ച വെച്ചും...ഫ്രാൻസിലെ ഏതോ അഭയാർത്ഥി ക്യാംപിൽ...അവിടെ നിന്നും മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അമേരിക്കയിലും..അതിനിടെ ചില സമയങ്ങളിലെ ക്രൂരമായ ലൈംഗീക അതിക്രമങ്ങൾ ഉൾപ്പെടെ നേരിടേണ്ടി വന്ന പീഡനങ്ങൾ......കൊടും വിശപ്പ്..അതെല്ലാം..അവന്റെ കുഴിഞ്ഞ കണ്ണുകളിൽ നിന്നും ഊറി വരുന്നുണ്ടായിരുന്നു എന്ന് എനിക്ക് തോന്നി...

തലക്ക് മുകളിൽ അത് വരെയും തൂങ്ങി ആടി കൊണ്ടിരുന്ന ഒരു അദൃശ്യ വാൾ ഉള്ള കാര്യം കുറെ നേരത്തേക്ക് ഞാൻ മറന്നു...ഡാൻ മറ്റെന്തോ ചിന്തകളെ തന്റെ തടിച്ച ശരീരം കൊണ്ട് മറച്ച് കേട്ടു നിന്നു...!!

ഹുസ്സൈൻ..കുറെ കാലം..സാൾട്ട് ലേക് സിറ്റിയിൽ ആയിരുന്നു...അവിടെ എത്യോപിയയിൽ നിന്നും, സൊമാലിയയിൽ നിന്നും വന്ന മറ്റു അഭയാർത്ഥികൾക്കൊപ്പം അയാൾ ജോലി നോക്കി..ആഫ്രിക്കയിലെ പുൽ മേടുകളിൽ തലമുറകളായി ചെയ്തിരുന്ന ജോലി- ആട്‌ മേക്കൽ.

റോക്കി മൗണ്ടൻറെ അടിവാരത്ത് നീണ്ടു കിടക്കുന്ന പുൽമേടുകളിൽ വേലി കെട്ടി തിരിച്ച്..മഞ്ഞും വെയിലും വക വെക്കാതെ അവർ കൂട്ടമായി ആട് വളർത്തി ജീവിച്ചു...

ഒടുവിൽ ഒരു ദിവസം..ഫൈസയുടെ ഭർത്താവ് ഫയാസിനെ കാണുന്നത് വരെ. ഫയാസ് തന്റെ റെസ്റ്റോറന്റിലേക്ക് ആവശ്യമുള്ള ആടുകളെ തിരഞ്ഞായിരുന്നു യൂട്ടയിലെ ആ അഭയാർത്ഥി ഗ്രാമത്തിൽ എത്തിയത്...തിരിച്ചു പോന്നപ്പോൾ...കൂടെ ഹുസൈനും പോന്നു...!

പാർട് ടൈമായി യൂബർ ടാക്സി ഓടിക്കുന്നുണ്ട് ഫയാസ്...!

മനുഷ്യൻ ജീവിച്ചു തീർക്കാൻ നടത്തുന്ന നൂൽ പാലങ്ങൾ ...!!

ഉരുളക്കിഴങ്ങും, കാരറ്റും, തക്കാളിയും ചേർത്ത് വേവിച്ചെടുത്ത മഞ്ഞ ചോറിനു മുകളിൽ ഹുസ്സൈൻ മസാല ചേർക്കാതെ ഗ്രിൽ ചെയ്ത ആട്ടിൻ കഷ്ണങ്ങൾ നിരത്തി വെച്ചു....രണ്ടു പ്ളേറ്റുകളിലായി അതെടുത്ത് അയാൾ ഭക്ഷണശാലയുടെ ഹാളിലേക്ക് പ്രവേശിച്ചു...ടേബിളിൽ അത് നിരത്തി വെച്ചു...
വിശപ്പ് അലറി വിളിക്കുന്ന ആർത്തിയോടെ ഞാൻ എന്റെ സ്പൂണുകൾ ആ ഭക്ഷണ കൂന്പാരത്തിലേക്ക് കുതറിയിറക്കി...ഡാൻ എന്നെ വിലക്കി..
അയാൾ ഹുസൈനെ അടുത്തേക്ക് വിളിച്ചു..അയാൾ ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചു..
അങ്ങിനെ ചോദിക്കാതിരുന്നതിൽ എനിക്കൊട്ടും ലജ്ജ തോന്നിയതേ ഇല്ല...

ഇല്ല..തിരക്കായത് കൊണ്ട് കഴിക്കാൻ കഴിഞ്ഞില്ല..അയാൾ മറുപടി പറഞ്ഞു..
ഡാൻ തന്റെ പ്ളേറ്റിൽ നിന്നും ഭക്ഷണം പകുത്തെടുത്തു ഒരു സൈഡ് പ്ളേറ്റിലെടുത്തു ഹുസൈന് നേരെ നീട്ടി...അയാൾ..മുഖം തിരിച്ച് ഫൈസയെ നോക്കി...!

ഫൈസയുടെ മുഖത്തു ഭാവമാറ്റങ്ങൾ ഇല്ലായിരുന്നു....

എന്തോ ഹുസൈന്റെ സാമീപ്യം എനിക്ക് ഇഷ്ടമാവുന്നുണ്ടായിരുന്നില്ല..അവന്റെ കഷ്ടപ്പാടിന്റെ കഥകൾ എന്നെ ഒരു തരി പോലും സ്പർശിച്ചതേയില്ല എന്നതായിരുന്നു സത്യം..എന്റെ മുന്നിൽ, ഡാനിൽ നിന്നും തീർപ്പ് പറഞ്ഞു വാങ്ങേണ്ടിയിരുന്ന പ്രോജക്ട് മാത്രമേ ഉണ്ടായിരുന്നുള്ളു...! തലയ്ക്കു മുകളിൽ എനിക്ക് മാത്രം കാണാവുന്ന അകാലത്തിൽ തൂങ്ങി കിടക്കുന്ന ഒരു മൂർച്ചയേറിയ വാൾമുന എന്റെ മനസ്സിലേക്ക് വീണ്ടും തികട്ടി വന്നു...

ഏതു വിധേനയും എന്റെ സംഭാഷണത്തിലേക്ക് ഡാനിനെ തിരിച്ചു കൊണ്ട് വരണം എന്നെനിക്ക് തോന്നി...എന്റെ വിശപ്പിന്റെ കിണർ മൂടുവാൻ ആവിശ്യമുള്ളതിനേക്കാൾ ഭക്ഷണം ഞാൻ കഴിച്ച് കഴിഞ്ഞത് കൊണ്ട് തന്നെ, ഒരു സംഭാഷണത്തിലേക്ക് എത്രയും പെട്ടെന്ന് ഡാനിനെ തിരിച്ചു കൊണ്ട് വരാൻ ഞാൻ തിടുക്കം കൂട്ടി..

അത് ഗൗനിക്കാതെ ഡാൻ ഹുസൈന്റെ കഥകളിൽ അലിഞ്ഞു ഒഴുകി നടന്നു...ചുവരിലെ അലാദീൻ പരവതാനികളിൽ..ഹുസ്സൈൻ ഇരിക്കുന്നത് പോലെ തോന്നി..അടുത്ത് തടിയൻ ജിന്നായി ഡാനും...

എനിക്ക് മാത്രം കാണുവാൻ കഴിയുന്ന ആ കൂർത്ത മുനയുള്ള വാൾ...എന്റെ കഴുത്ത് ലക്ഷ്യമാക്കി കൂടുതൽ അടുക്കുന്നതായി എനിക്ക് തോന്നി...കുറച്ച് മുന്നേ, ഹുസ്സൈൻ ഉണ്ടാക്കി തന്ന കബ്‌സ കടന്നു പോയ എന്റെ കഴുത്തിനടുത്തേക്ക് ആ വാൾ കൂടുതൽ അടുത്ത് വന്നു...പിന്നെ...തുളഞ്ഞു കയറി ...

ഒരു പിടച്ചിലിൽ ഉലഞ്ഞു ഞാൻ നിലത്ത് വീണതായി എനിക്ക് തോന്നി..എന്റെ കണ്ണിൽ നിന്നും കണ്ണ് നീർ ഒഴുകിയിറങ്ങി...

ഹുസൈന്റെ കഥകളിൽ അലിഞ്ഞു...അവന്റെ അടിമയായ ജിന്നായി ഡാൻ അപ്പോഴും അവിടെ എങ്ങും പരവതാനി തുന്പിനൊപ്പം ഒഴുകി നടക്കുന്നുണ്ടായിരുന്നു അപ്പോഴും...!!!

1 comment:

സുധി അറയ്ക്കൽ said...

കൊള്ളാം.നല്ല കഥ.!!!