Wednesday, February 14, 2007

പ്രണയകാലം..

യൂണിയന്‍ ആഫീസിന്റെ പാതിചാരിയിട്ട വാതിലിന്റെ വിടവിലൂടെ എനിക്കവളെ കാണാം..
കോണ്‍ക്രീറ്റിട്ട അരമതിലില്‍ എന്റെ വരവും കാത്തവള്‍ ഇരിക്കാന്‍ തുടങ്ങിയിട്ട്‌ ഇതു ഒരു ഒന്നൊന്നര മണിക്കൂറെങ്കിലും ആയിക്കാണും..

ക്യാമ്പസ്‌ ജീവിതത്തിലെ അവസാന യൂണിയന്‍ മീറ്റിംഗ്‌ ആണിത്‌..പങ്കെടുത്തില്ലെങ്കിലും ഒന്നും സംഭവിക്കല്ലായിരിക്കാം..എങ്കിലും ചില സൗഹൃദങ്ങള്‍ അത്‌ എനിക്ക്‌ ഒഴിവാക്കാന്‍ പറ്റില്ല..പ്രണയമാണോ, സൗഹൃദമാണൊ, സംഘടനയാണോ വലുത്‌..തീര്‍ച്ചയായും പ്രണയം തന്നെ എന്റെ കാമുകമനസ്‌ ഇടയ്ക്കിടയ്ക്ക്‌ ഓര്‍മ്മപ്പെടുത്തി..

ചുവന്ന കസേരകള്‍ക്കും, ഭിത്തിയില്‍ തൂക്കിയിട്ട ദേശാഭിമാനി കലണ്ടറിനും, മുറിയില്‍ അലങ്കോലമായി കിടക്കുന്ന പോസ്റ്ററുകള്‍ക്കും,വരാന്‍ പോവുന്ന സമരങ്ങള്‍ക്കും, തിരഞ്ഞെടുപ്പുകള്‍ക്കും വേണ്ടി സ്വരുക്കൂട്ടിവച്ച ചുവപ്പ്‌ തോരണങ്ങള്‍ക്കും ഇടയില്‍ പതിവ്‌ യൂണിറ്റ്‌ മീറ്റിംഗ്‌ അജണ്ട ആരോ വായിച്ചു..

കഴിഞ്ഞു പോയ മീറ്റിംഗ്‌ കാലയളവില്‍ മണ്മറഞ്ഞുപോയ എല്ലാ രക്തസാക്ഷികള്‍ക്കും വേണ്ടി ഒരു മിനിറ്റ്‌ മൗനമാചരിച്ച്‌ നിന്നപ്പോളും, എന്റെ ശ്രദ്ധ പുറത്തിരിക്കുന്ന അവളിലായിരുന്നൂ..

മുറിക്കുള്ളിലെ ചുവപ്പ്‌ പടര്‍ന്നിട്ടാണോ എന്തോ പുറത്തും അന്ന് സന്ധ്യ കുറെ ചുവന്നിരുന്നു..

ഇരുട്ടില്‍ കാമുകിയെ തനിയെ വിട്ട്‌, യൂണിയന്‍ മീറ്റിംഗ്‌ അറ്റെന്റ്‌ ചെയ്യുന്ന ഒരു വിഡ്ഠി..അതും പ്രണയത്തിന്റെ ആദ്യ കാലം.. മനസ്സിന്റെ ശത്രു ഭാഗം ആക്രമണത്തിനുള്ള എല്ലാ സന്നാഹവും തുടങ്ങി..

പുറത്ത്‌ തനിച്ചിരിക്കുന്ന എന്റെ പ്രിയപ്പെട്ടവള്‍ക്ക്‌ മനസ്സും,കണ്ണും കൊടുത്ത്‌ എന്റെ ശരീരം ആ ഇരുണ്ട മുറിയില്‍ തീപാറുന്ന ചര്‍ച്ചകളില്‍ നിറഞ്ഞു..

ഒടുവില്‍, കമ്മിറ്റി ബുക്കില്‍ യാന്ത്രികമായി ഒപ്പ്‌ വച്ച്‌ ഹാജര്‍ തികച്ച്‌ ഞാന്‍ ഓടി..എന്നെ കാത്തിരുന്നു തളര്‍ന്ന രണ്ട്‌ കണ്ണുകള്‍ക്ക്‌ മുന്‍പിലേക്കു..

ഇവള്‍ എന്റെ ജീവിതസഖി എന്ന് മനസ്സില്‍ ഒരു നൂറുവട്ടം ഉറപ്പിച്ച്‌..

**************

ഹോസ്റ്റലിലേക്കു പിരിയുന്ന വഴികളില്‍ സന്ധ്യപെയ്യുമ്പോള്‍ കണ്ണും നോക്കിയിരുന്ന് വരാന്‍ പോകുന്ന ഒരു രാത്രി തീര്‍ക്കുന്ന നേര്‍ത്ത വിടവിനെ ശപിച്ച്‌ കഴിഞ്ഞ നാളുകള്‍..

കശുമാവിന്‍ തൈയുടെ ചുവട്ടില്‍ കോണ്‍ക്രീറ്റ്‌ ബഞ്ചില്‍ ഇരുന്ന് പതുക്കെ , ആരും കാണാതെ വിരലുകള്‍ ചേര്‍ക്കാന്‍ തുടിച്ച വൈകുന്നേരങ്ങള്‍..

"നീ കൂടെയുണ്ടെങ്കില്‍ എന്നും വാലന്റൈന്‍സ്‌ ഡേ ആണെന്നു പലകുറി പറഞ്ഞ പ്രണയകാലങ്ങള്‍..."

**********

പിന്നെ നീണ്ട വിരഹങ്ങള്‍...പ്രതീക്ഷിക്കാത്ത കൂടിക്കാഴ്ച്ചകള്‍..വീണ്ടും നീളുന്ന വിരഹം..മുടങ്ങാത്ത ഇ-മെയിലുകള്‍..പിന്നെ, .......

5 comments:

കുട്ടന്‍സ്‌ | S.i.j.i.t.h said...

ഒരു പ്രണയദിന ഓര്‍മ്മക്കുറിപ്പ്‌........

രമേഷ് said...

കുട്ടാ......... കഥ ഇഷ്ട്ടമായി... IHRD Calicutil എപ്പോഴാ പഠിച്ചത്? ഞാനും അവിടെ പഠിച്ചതാ(2000-2005)... my mail id is remeshneelamana@yahoo.co.in

മഴവില്ലും മയില്‍‌പീലിയും said...

"പ്രണയമാണോ, സൗഹൃദമാണൊ, സംഘടനയാണോ വലുത്‌..തീര്‍ച്ചയായും പ്രണയം തന്നെ "ഇതെനിക്കു വലരെ ഇഷ്ടപ്പെട്ടു.
.എന്നിട്ടു ആ കുട്ടിയെ കല്യാണം കഴിച്ചോ???

കുട്ടന്‍സ്‌ | S.i.j.i.t.h said...

Priyappetta Kaanamarayath..

Marupadi vaikiyathil sorry..Blog il ninnum valare doore aanippol...
"Iniyum theeratha oru kaathiruppu.." athanu thankalude chodyathinulla ente utharam

Vish..| ആലപ്പുഴക്കാരന്‍ said...

kutz., congrats man.. Ur the man..!