Thursday, October 11, 2012

മരിച്ചവരെ സ്വപ്നം കാണുന്നത് ?സിമന്റ് തേച്ച് മിനുസം വരുത്തിയ ഇറയത്ത്‌ മഴ വെള്ളി നിറം ചാലിച്ച് ഒഴുകുന്നുണ്ടായിരുന്നു..പഴകിയ ഓടിനും ഇടയിലൂടെ ഒഴുകി വീണ മഴചാലുകളില്‍, ഓടില്‍, പറ്റിപിടിച്ചു കിടന്നിരുന്ന മാവില ഞരമ്പുകള്‍ ഇറയത്ത് ആകെ ഒട്ടി ചേര്‍ന്ന് കിടക്കുന്നു. ദ്രവിച്ച കഴുക്കോല്‍, താങ്ങി നിറുത്തിയിരിക്കുന്ന, ചിതലെടുത്ത് തുടങ്ങിയെ തൂണില്‍ കാല്‍ പിണച്ച്, ചേര്‍ന്ന് നിന്ന് ഞാന്‍ മുറ്റത്തേക്ക് നോക്കി !!!

മഴ ഓട്ടു പാത്തികളില്‍ നിന്നും വഴുതി വീണു നിറഞ്ഞൊഴുകുന്ന ചെറു വെള്ളക്കെട്ടില്‍ നിലകിട്ടാതെ നീന്തിയകലുന്ന ഉറുമ്പിന്‍ കൂട്ടങ്ങളെ നോക്കി നില്‍ക്കാന്‍ നല്ല രസമാണ്..

അന്നെനിക്ക് അഞ്ചോ ആറോ വയസ്സ് ഉണ്ടാവും

ബസ്‌ വരാന്‍ ഇനിയും സമയമുണ്ടെന്നു അച്ചന്‍ പറഞ്ഞത് കൊണ്ടാണ് പഴയ പരിചയകാരനായ ഒരാളുടെ പീടികയുടെ തിണ്ണയില്‍ ഞങ്ങള്‍ കയറി നിന്നത്...അദ്ദേഹത്തിന്റെതു ഒരു പുസ്തകശാലയാണ്..മഴ പെയ്യുന്നത് നോക്കി നിന്ന് മുഷിഞ്ഞു തുടങ്ങിയപ്പോള്‍ ഞാന്‍ കടയ്ക്കുള്ളിലേക്ക് നീങ്ങി നിന്നു..എന്നെ കണ്ടതും അകത്തേക്ക്‌ വരാന്‍ പറഞ്ഞു അദ്ദേഹം ക്ഷണിച്ചു. ഏതു ക്ലാസില്‍ ആണ് പഠിക്കുന്നത് എന്ന് ചോദിച്ചു..

അറുപത് വയസ്സുള്ള..ഇരു നിറത്തില്‍ വലിയ കുടവയറും നരകയറിയ കഷണ്ടിയുള്ള ഒരാള്‍..ചിരിക്കുമ്പോള്‍ സ്വര്‍ണ്ണ പല്ലുകള്‍ കാണാം..നീണ്ടമൂക്കും വീര്‍ത്ത കവിളും ചേര്‍ന്ന് ആയിടെ കണ്ട ഏതോ ഒരു സിനിമയിലെ കഥാപാത്രത്തെ ഓര്‍മ്മിപ്പിച്ചു...
അയാള്‍ വീണ്ടും എന്നെ അകത്തേക്ക് വിളിച്ചു..അച്ഛന്‍ അയാളോട് എന്തോ പഴയ കഥകള്‍ പറയുന്ന തിരക്കിലാണ്..ഞാന്‍ അകത്തേക്ക്‌ ചെന്നു..ഒരു

മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം മാത്രമുണ്ട്...പുറത്ത്‌ നല്ല മഴ ആയത് കൊണ്ടാവണം നല്ല ഇരുട്ടാണ്..കറന്റും ഇല്ല...പുസ്തകം വായിക്കുന്നത് ഇഷ്ടമാണോ എന്നയാള്‍ ചോദിച്ചു...അതെ എന്ന ഉത്തരത്തിനു ഇഷ്ടമുള്ളതെടുത്തോ എന്ന് പറഞ്ഞു പുസ്തകങ്ങള്‍ നിരത്തി
വെച്ചിരിക്കുന്ന അലമാരയുടെ അടുത്തേക്ക് എന്റെ ശ്രദ്ധ ക്ഷണിച്ചു...ഞാന്‍ ആദ്യമായിട്ടായിരുന്നു അത്തരമൊരു പുസ്തകശാലയില്‍കയറുന്നത്...ചെറുതും വലുതുമായ ഒരു പാടു പുസ്തകങ്ങള്‍ അടുക്കി വെച്ചിരിക്കുന്നു...ഉയരത്തിലുള്ളവ എടുക്കാനായി ഒരു സ്റ്റൂള്‍ അടുത്ത്‌തന്നെയിട്ടിട്ടുണ്ട്..ഓരോ തരം പുസ്തകങ്ങളും അതാതിനത്തിനോടു ചേരുംവണ്ണം അടുക്കി വെച്ചിരിക്കുന്നു..എല്ലാ പുസ്തകങ്ങളും ഒരുമിച്ചു കണ്ടതു കൊണ്ടാവണം ഞാന്‍ അമ്പരന്നു നിന്നു...അദ്ദേഹം എന്നെ കുട്ടികളുടെ പുസ്തക ശേഖരത്തിനു അടുത്തെത്തിച്ചു അവയില്‍ നിന്നും മാലിയുടെ
പുരാണകഥാമാലിക എടുത്തു നീട്ടി...പിന്നെ തവിട്ടു പുറം ചട്ടയോടു കൂടിയ സ്വാമി വിവേകാനന്ദന്റെ ജീവചരിത്രവും...

അപ്പോഴേക്കും ബസ്‌ വന്നൂ...പുസ്തകങ്ങള്‍ എനിക്ക് നേരെ നീട്ടി എന്റെ കവിളില്‍ തട്ടി പഠിച്ചു വലുതാകണം എന്ന് ഉപദേശിച്ച് അദ്ദേഹംചിരിച്ചു. കുഴിഞ്ഞ കണ്ണുകളില്‍ നിന്നും പുറത്ത്‌ വന്ന പ്രകാശം ചിരിയില്‍ ചേര്‍ന്ന് നിന്നു..ഞങ്ങള്‍ ബസ്സില്‍ കയറി..പഴയ ഒരു ട്രാന്‍സ്പോര്‍ട്ട് ബസ്‌..കനത്ത മഴയായത് കൊണ്ട് വശങ്ങളില്‍ നരച്ച ശീല താഴ്ത്തിയിട്ടുണ്ട്..ബസ്‌ പതുക്കെ
നീങ്ങി തുടങ്ങി..കാറ്റില്‍ സൈഡ് കര്‍ട്ടന്‍ ഉയര്‍ന്നു താന്ന് വന്നു ...ഇടക്കിടെ കുറെ മഴത്തുള്ളികളെ മുഖത്തേക്ക്‌ ആഞ്ഞടിപ്പിച്ചു...പുറം കാഴചകള്‍ കാണാന്‍ കഴിയാത്തത്‌ എന്നെ നിരാശനാക്കി...
ബസ്‌ ഇടക്കെപ്പോഴോ നിറുത്തി ഡ്രൈവര്‍ മുന്‍ വശത്തെ ചില്ലുകള്‍ തുടച്ചു വൃത്തിയാക്കുന്നു..ഒപ്പം അയാള്‍ തോരാ മഴയെ ശപിക്കുന്നുമുണ്ട്..ബസ്‌ വീണ്ടും ഓടിതുടങ്ങി

മഴയുടെ ഈര്‍പ്പമുള്ള ജനാലതൂണില്‍ മുഖം ചായ്ച്ച് ഞാന്‍ പതുക്കെ ഉറക്കം തുടങ്ങി..
എന്റെ കയ്യില്‍ ഇരുന്നു പുസ്തകങ്ങള്‍ ഓരോ പേജുകളായി ഇളകുന്നുണ്ട്...ചില അക്ഷരങ്ങള്‍ മഴത്തുള്ളികള്‍ വീണു നശിക്കാതിരിക്കാന്‍ എന്റെ മടിയിലേക്ക് ചേര്‍ന്നിരുന്നു...എത്ര ദൂരം പോയെന്നറിയില്ല ...പെട്ടെന്ന് എന്റെ മുത്തശന്റെ വിളി കേട്ട് ഞാനുണര്‍ന്നു...എന്റെ മടിയിലെ
പുസ്തകങ്ങള്‍ മഴയില്‍ കുതിര്‍ന്നെനെ...പക്ഷെ മരിച്ചു പോയ മുത്തശന്‍ എന്നെ എങ്ങിനെ വിളിക്കാനാ...ഞാന്‍ വീണ്ടും ഉണര്‍ന്നു...ഇത്തവണ എന്റെ ബെഡ്ഡില്‍ എന്റെ തൊട്ടരുകില്‍ പുരാണകഥാമാലികയുടെ പുതിയ എഡിഷന്റെ പേജുകളിലേക്ക് എന്ടെ കൈ തട്ടി വീണ ബോട്ടിലില്‍ നിന്നും വെള്ളം ഊര്ന്നിറങ്ങുന്നു ....ഞാന്‍ ഉണര്‍ന്നു..
എല്ലാം സ്വപ്നമായിരുന്നു...എന്നോ, എപ്പോഴോ മരിച്ചകന്നവര്‍ കണ്ണില്‍ നിറഞ്ഞു നിന്നു, ഒടുവില്‍ വിളിച്ചുണര്‍ത്തി സ്വയം മാഞ്ഞു പോയ ഒരു സ്വപ്നം..
എങ്കിലും,  മരിച്ചവരെ നമ്മള്‍ സ്വപ്നം കാണുന്നത് എന്തു കൊണ്ടാവണം  ??