Tuesday, September 18, 2007

ദൈവം - ഒരു സാഡിസ്റ്റ്‌

മുറ്റത്തിലപൊഴിയും നാട്ടുമാവിന്‍ ചോട്ടില്‍
ഓലയാല്‍ മേഞ്ഞോരു പന്തലിട്ടു..
ഇടറുന്ന കാല്‍ വെച്ച്‌ വേച്ച്‌ വേച്ചെന്നുടെ-
ശവമഞ്ചമാരോ പുറത്തെടുത്തു...

മരണം മണക്കുന്ന ഇടനാഴി പിന്നിട്ട്‌,
ഒറ്റമുണ്ടില്‍ പുതപ്പിച്ച്‌, കുറി വരച്ചു നെറുകില്‍..
ചുറ്റും കരയുന്ന, പ്രിയമുള്ള ഓര്‍മ്മകള്‍-
മൂര്‍ദ്ധാവില്‍ ബന്ധിച്ച കീറത്തുണിപോലെ...

വാടകമുറിയുടെ കുമ്മായച്ചുമരിന്മേല്‍
കോടാനുകോടിയാം ദേവഭാവങ്ങളും-
നിലവിളക്കിന്‍ തിരിയെരിയുന്ന ഗന്ധവും-
ശമനതാളങ്ങളിലുയരുന്ന തേങ്ങലും..

കാലചക്രങ്ങള്‍ പതുക്കെ തിരിയവേ-
കാലം തികയാതെ വേര്‍പ്പെട്ടു പോന്നു ഞാന്‍-
കാലങ്ങളേറെയായ്‌ പലവാക്കു നല്‍കിയെന്‍-
പ്രിയതമയ്ക്കന്ത്യമായ്‌ ഒരു വാക്കു നല്‍കാതെ..

ഉദയാര്‍ക്കകിരണങ്ങള്‍ ഏറ്റുവാങ്ങി സ്ഥിരം-
ജോലികള്‍ ചെയ്യുവാന്‍ യാത്രപറയവേ-
മരണമൊരു കാറിന്റെ കുപ്പായമിട്ടിന്ന്,
മാടിവിളിക്കുമെന്നോര്‍ത്തില്ലതൊട്ടുമേ..

ദൈവമൊരു സാഡിസ്റ്റ്‌- ചിരിപെയ്ത കണ്ണില്‍ ദു:ഖം നിറക്കുന്നു
ദൈവമൊരു സാഡിസ്റ്റ്‌-ഇടനെഞ്ചിലെരിയുന്ന ചിതകള്‍ കൊളുത്തുന്നൂ..
ദൈവമൊരു സാഡിസ്റ്റ്‌- സ്വപ്നങ്ങള്‍ക്കതിരിട്ട്‌ ജീവനെടുക്കുന്നൂ..

****************

തെക്കേത്തൊടിയിലെ ചുടലപ്പറമ്പില്‍-
മൂന്നായ്‌ വലം വെച്ച്‌ ചിതയൊരുക്കീ ചിലര്‍
നെയ്യും,തേനും,ചന്ദനക്കഷ്ണവും-
ഒടുവിലൊന്നാളുവാന്‍ കര്‍പ്പൂരത്തിരികളും..

മോക്ഷപ്രാപ്തിക്കായി ബലിയൊരുക്കീ-
മണല്‍ത്തിട്ടകളില്‍ എള്ളും,ഒരു പിടിച്ചോറുമായ്‌-
കാകനായ്‌ പലജന്മം ചിറകടിച്ചവിടെത്തി-
കൂട്ടിനായ്‌ മുന്‍പേ നടന്ന പിതൃക്കളും-

കയ്യില്‍ മന്ത്രിച്ച ചരടുകള്‍ കോര്‍ത്താലും
നാമം ജപിച്ചെന്നും ശിലവലം വെച്ചാലും-
മറവിയുടെ ഇരുളിലേ നിഗൂഢലോകങ്ങളില്‍-
ബലിച്ചോറിനായ്‌ അലയണം -ഗതിയറ്റ്‌ ജന്മങ്ങള്‍....




[ഇന്നലെ രാത്രി ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തി കേട്ട ഒരു മരണവാര്‍ത്തയുടെ ഷോക്കില്‍ അസ്വസ്ഥമായ മനസ്സില്‍ നിന്നും പകര്‍ത്തിയെഴുതിയത്‌...

ചിരിനിറഞ്ഞ കണ്ണുകളിലെ സന്തോഷം കണ്ടിട്ടാവാം..മരണം അത്‌ കവര്‍ന്നെടുത്ത്‌ അവിടെ മഴക്കാറുകള്‍ നിറച്ചത്‌--
ആരാണു സാഡിസ്റ്റ്‌ ???
മരണമോ/ദൈവമോ ???]

5 comments:

കുട്ടന്‍സ്‌ | S.i.j.i.t.h said...

[ഇന്നലെ രാത്രി ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തി കേട്ട ഒരു മരണവാര്‍ത്തയുടെ ഷോക്കില്‍ അസ്വസ്ഥമായ മനസ്സില്‍ നിന്നും പകര്‍ത്തിയെഴുതിയത്‌...

ചിരിനിറഞ്ഞ കണ്ണുകളിലെ സന്തോഷം കണ്ടിട്ടാവാം..മരണം അത്‌ കവര്‍ന്നെടുത്ത്‌ പകരം മഴക്കാറുകള്‍ നിറച്ചത്‌--
ആരാണു സാഡിസ്റ്റ്‌ ???
മരണമോ/ദൈവമോ ???]

ശ്രീ said...

“ദൈവമൊരു സാഡിസ്റ്റ്‌- ചിരിപെയ്ത കണ്ണില്‍ ദു:ഖം നിറക്കുന്നു
ദൈവമൊരു സാഡിസ്റ്റ്‌-ഇടനെഞ്ചിലെരിയുന്ന ചിതകള്‍ കൊളുത്തുന്നൂ..
ദൈവമൊരു സാഡിസ്റ്റ്‌- സ്വപ്നങ്ങള്‍ക്കതിരിട്ട്‌ ജീവനെടുക്കുന്നൂ...”

നന്നായിരിക്കുന്നു വരികള്‍‌!

ഉപാസന || Upasana said...

കവിത കൊള്ളാം.
ആരാണ് മരിച്ചത്..
:(
ഉപാസന

മയൂര said...

:)

സു | Su said...

:)

:(