Thursday, November 17, 2011

കടല്‍ പ്രണയം




കടലിനൊരു പ്രണയമുണ്ട്..തിരകളതെത്ര മായ്ച്ചാലും..മറുതിരകളുടെ കൈകളില്‍ പെട്ട് തീരത്തടിയുന്ന ചിപ്പികളിലുംശംഖുകളിലും,അടര്‍ന്ന പവിഴപുറ്റുകളിലും എഴുതി വെച്ച പ്രണയം..പകലിനോടുള്ള തീക്ഷ്ണമായ പ്രണയം...

രാത്രി ശാലീന സുന്ദരിയായി..ഒരു കുളിര്‍കാറ്റിന്‍ അകമ്പടിയോടെരാത്രി മുല്ലകളുടെ സുഗന്ധം മുടിയിഴയില്‍ ചൂടി വന്നു എന്നും ചോദിക്കും "എന്താണ്..പകലിനോടിത്ര പ്രണയമെന്നു"..കടല്‍ ചിരിക്കും..പിന്നെ രാവിന്റെ കറുത്ത മാറില്‍ കിടന്നു, മേലെ വിണ്ണില്‍ ചിരിതൂകുന്ന ചന്ദ്രബിംബം നോക്കിയുറങ്ങും...അടുത്ത ദിവസം പകലിന്റെ വരവോര്‍ത്തു സ്വപ്നം കണ്ടു കണ്ടു..

പകല്‍ തീക്ഷണമാണ്...അവളുടെ ജ്വലിക്കുന്ന കണ്ണുകളിലേക്ക് നോക്കാന്‍ പോലും കടലിനു കഴിയുമായിരുന്നില്ല..പകലിനും കടലിനെഇഷ്ടമാണ്..അവളുടെ സ്നേഹം കടലിനെ ചൂടുപിടിപ്പിക്കുന്നത് അവള്‍ക്കും അറിയാം...ചിലപ്പോള്‍ വീണുകിടക്കുന്ന ഒരു ഇലചാര്‍ത്തില്‍അല്ലെങ്കില്‍ തീരത്ത്‌, പാതി തകര്‍ന്ന കളി വീടുകള്‍ക്കുള്ളില്‍ആരും കാണാതെ കടല്‍ തിരനീട്ടി..നിഴലായ്‌ മയങ്ങുന്ന പകലിനെ പതിയെതൊടും...പകലിന്‍ മുടിയിഴയില്‍ ചൂടിയ പൊന്‍ വെയില്‍ വാടി വീഴും മുന്‍പേ പറയാത്ത പ്രണയം അവളിലേക്ക് എത്തിക്കാന്‍ നോക്കും....

ചുവന്നു തുടുത്ത മുഖവുമായി, ഒരു സന്ധ്യാകുങ്കുമപ്പൂവായ്‌ രാത്രി പരിഭവം പറഞ്ഞെത്തുമ്പോഴേക്കും പകല്‍ വിട പറയാതെ മറഞ്ഞിട്ടുണ്ടാവും...!!!!ഒരു ചെറുവിരഹത്തിന്റെ സുഖത്തില്‍ കടല്‍, ദേശാടനകിളികളുടെ കൂട്ടം പറന്നകന്ന ചക്രവാളങ്ങള്‍ നോക്കി രാവിന്‍ മടിയിലുറങ്ങും !!!!പകലിനെക്കുറിച്ചോര്‍ത്ത് !!!!

Monday, November 7, 2011

ചരിത്രവും, വാട്ടുകപ്പ പുഴുങ്ങിയതും

ഉപ്പ് സത്യാഗ്രഹവും, റഷ്യന്‍/ഫ്രഞ്ച് വിപ്ലവത്തിനും അപ്പുറത്തേക്ക് ചരിത്രം പഠിക്കാത്ത ഒരുപാടു മണ്ടന്മാരില്‍ ഒരാളാണ് ഈയുള്ളവനും ...

എങ്കിലും ചരിത്രത്തില്‍ എപ്പോഴും എഴുതപ്പെട്ടിട്ടുള്ളത് കുടിയേറ്റങ്ങളും / കുടിയേറ്റങ്ങള്‍ മൂലമുണ്ടായിട്ടുള്ള യുദ്ധങ്ങളും ആവും ..രക്തം ചിന്തിയതും അല്ലാത്തതുമായ കുടിയേറ്റങ്ങള്‍ എടുത്തു തുന്നികെട്ടിയാല്‍ അത് തന്നെ നല്ലൊരു ചരിത്രമാവും... ജീവജാലങ്ങള്‍ എല്ലാം മനുഷ്യനുള്‍പ്പെടെ കുടിയേറ്റങ്ങളിലൂടെയാണ് വളര്‍ച്ച നേടുന്നത് എന്ന് നിസംശയം പറയാം.. കുടിയേറ്റത്തിന്റെ കാര്യത്തില്‍ പി എച്ച് ഡി യും പോസ്റ്റ്‌ ഡോക്ടറേറ്റും നേടിയവരാണല്ലോ മലയാളികള്‍..


ലോകത്ത് ജീവ യോഗ്യമായ എല്ലായിടങ്ങളിലും മലയാളികളുടെ സാന്നിധ്യം ഉണ്ട് എന്നത് വാസ്തവം ആണ്..മലയാളികള്‍ ഇന്ത്യക്ക്‌ അകത്തും പുറത്തും നടത്തിയ/നടത്തുന്ന കുടിയേറ്റങ്ങള്‍ വര്‍ത്തമാന കാലത്തും തുടരുന്നു... പുരാതന കേരളത്തില്‍ നടന്ന ഒരു കുടിയേറ്റം അതാണ്‌ ഇവിടെ എഴുതുന്നത്... മധ്യ തിരുവിതാംകൂറില്‍ നിന്നും - ഇന്നത്തെ കോട്ടയം, ഇടുക്കി ജില്ലകളില്‍ - പ്രത്യേകിച്ചും മീനച്ചിലാറിന്റെ തീരങ്ങളില്‍ നിന്നും കടുത്ത ക്ഷാമവും / പട്ടിണിക്കും കെടുതികള്‍ക്കും വശപ്പെട്ടു..ഉള്ളതെല്ലാം വിറ്റു പെറുക്കി വടക്കന്‍ മലബാറിലെ മലയോ ര വനമേഖലകളിലേക്ക്‌ പുതു ജീവനും കൃഷി ചെയ്യാന്‍ കുറച്ച് ഭൂമിയും തേടി ഒരു ജനത നടത്തിയ കുടിയേറ്റം ചരിത്രത്തിന്റെ എത്ര താളുകളില്‍ എഴുതപ്പെട്ടു എന്നത് അറിയില്ല ...


ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളില്‍ കടുത്ത ക്ഷാമം നേരിട്ട തിരുവതാംകൂറിനെ, ക്ഷാമത്തില്‍ നിന്നും രക്ഷ നേടാനായി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയുള്ള യാത്രകളായിരുന്നു മലബാറിലേക്കുള്ള കുടിയേറ്റങ്ങള്‍..ബ്രിട്ടീഷ്‌ മദ്രാസ്‌ പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാറിലെ കൃഷിയോഗമായ സ്ഥലങ്ങളെക്കുറിച്ച് മലബാറില്‍ നിന്നും തിരുവതാംകൂറിലെത്തിയ മാപ്പിളമാരില്‍ നിന്നാവണം തിരുവതാംകൂര്‍ അറിയുന്നത്..പലഘട്ടങ്ങളായി കുടുംബങ്ങളും / അയല്‍ക്കാരും എല്ലാം പുത്തന്‍ ഇടങ്ങള്‍ തേടി നടന്നും, വഞ്ചിയിലേറിയും, കാളവണ്ടിയിലും, മലബാറിന്റെ ചരിത്രത്തിലേക്ക് കുടിയേറി..


കാടു പിടിച്ച് കിടന്ന പ്രദേശങ്ങള്‍ വേലികെട്ടി തിരിച്ച് കൃഷിയും കുടിലുകളും കെട്ടി, പുത്തന്‍ സ്വപ്‌നങ്ങള്‍ നെയ്യാന്‍ വന്ന അവരെ കാത്തിരുന്നത് മലമ്പനിയും, കാട്ടുപന്നിയും, കാട്ടാനയും മറ്റു വന്യമൃഗങ്ങളും തീരത്ത വെല്ലുവിളികളായിരുന്നു.. തിരുവതാംകൂറില്‍ നിന്നും പുറപ്പെട്ടവരില്‍ കുറേപ്പേര്‍ ജീവന്‍ നഷ്ടപെട്ടു, കുറെപേര്‍ തിരികെ പോയി...പോരാടിയവര്‍ പുതിയ സ്ഥലങ്ങള്‍ സൃഷ്ടിച്ചെടുത്തു..ക്രിസ്തീയ സഭയുടെ പിന്തുണയോടെ നടന്ന കുടിയേറ്റം പുതിയ ഗ്രാമങ്ങളും, പള്ളികളും, പള്ളിക്കൂടങ്ങളും, ആതുരാലയങ്ങളും സൃഷ്ടിച്ചെടുത്തു... കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ എല്ലാ മലയോരഗ്രാമങ്ങളിലെയും പുരോഗതി തിരുവതാംകൂറില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ ഫലമായിരുന്നു...തിരുവമ്പാടി, കൂടരഞ്ഞി, തോട്ടുമുക്കം, പെരുവണ്ണാമുഴി, ചക്കിട്ടപ്പാറ , കൂരാച്ചുണ്ട്, ഇരിട്ടി, ചമല്‍, കോടഞ്ചേരി, വഴിക്കടവ്‌, കരുവാരക്കുണ്ട്....ലിസ്റ്റ് നീണ്ടതാണ്...


ഇന്നത്തെ മലബാര്‍ മലയോര മേഖലയുടെ പുരോഗതിയുടെ അടിസ്ഥാനമായ ആ കുടിയേറ്റത്തെക്കുറിച്ച് അധികം കഥകളോ സിനിമകളോ വന്നതായി അറിവില്ല ...പഴശിരാജയും/ഉണ്ണിയാര്‍ച്ചയുടെയും കഥകള്‍ പോലെ എഴുതേണ്ടത് തന്നെയാണ് കുടിയേറ്റത്തിന്റെ കഥകളും...


കുടിയേറ്റങ്ങള്‍ പുതു രുചികളും / ഭക്ഷണങ്ങളും തന്നിട്ടുണ്ട് നമുക്ക്‌...ബിരിയാണിയും, അപ്പവും, കപ്പയും, വറ്റല്‍ മുളകും എല്ലാം കുടിയേറ്റങ്ങളുടെ ഫലമായിരുന്നെന്ന്‍ ഭക്ഷണ ചരിത്രത്തെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ പറഞ്ഞു വെച്ചിട്ടുണ്ട് ... മണ്ണിനോടും, പ്രകൃതിയോടും, വിധിയോടും പടപൊരുതി ജയം കൊയ്യാന്‍ പുറപ്പെട്ട ഒന്നാം/രണ്ടാം തലമുറ കുടിയേറ്റ കര്‍ഷകന്റെ ഭക്ഷണമായിട്ടാവാം വാട്ടുകപ്പ മലയാളത്തിന്റെ രുചികളോടു പൊരുത്തപ്പെട്ടതു..കൃഷി ചെയ്ത കപ്പ, വറുതികാലത്തേക്ക് സൂക്ഷിച്ച് വെക്കാന്‍ അവന്‍ കണ്ടു പിടിച്ചതാവാം വാട്ട് കപ്പ.. പിന്നീടു വന്ന തലമുറയുടെ കൂട്ടായ്മകള്‍, ഒരു സംസ്കാരത്തിന്റെ ഭാഗമായി വാട്ടി, ഉണക്കിയ കപ്പ. അയല്‍ക്കാരും, സുഹൃത്തുക്കളും, കര്‍ഷക കുടുംബങ്ങളും കപ്പ പറിക്കുന്ന സീസണില്‍ ഒത്തു ചേര്‍ന്നു, കപ്പ പിഴുതെടുത്ത്..അത് വെള്ളത്തിലിട്ടു തിളപ്പിച്ച്, ഇളം വെയിലില്‍ ഉണക്കിയെടുത്ത് വരാന്‍ പോകുന്ന മഴകാലത്തെക്ക് ഉണക്കിയെടുക്കുന്നു.. കാര്‍ഷിക/ഗ്രാമീണ സംസ്കാരവുമായി ബന്ധപ്പെട്ട ഇത്തരം കൂട്ടായ്മകളില്‍ ഭാഗമാകാന്‍ ഈയുള്ളവന്റെ കുട്ടികാലത്ത് സാധിച്ചിരുന്നു..

 ഇന്ന് അത്തരം ഒത്തു ചെരലുകള്‍ ഉണ്ടോ എന്നറിയില്ല...


 ഇനി നമുക്ക്‌ ആ വാട്ട് കപ്പ(ഉണക്ക കപ്പ) പുഴുങ്ങിയെടുക്കാം.. തലേ രാത്രി വെള്ളത്തിലിട്ടു തിളപ്പിച്ച ഉണക്ക കപ്പ - ഒന്നോ രണ്ടോ പിടി.. കപ്പ നന്നായി കഴുകി, ചെറു കഷണങ്ങളാക്കി നുറുക്കി (വെറുതെ കൈ കൊണ്ട് നുറുക്കിയാല്‍ മതി, കത്തി ആവിശ്യമില്ല )ചെറു നാളത്തില്‍ തിളപ്പിക്കുക..(15-20 മിനിട്ട് ) നന്നായി ചിരകിയ തേങ്ങ, ചെറിയുള്ളി, വെളുത്തുള്ളി, പച്ചമുളക്(കാന്താരി മുളകാണ് ബെസ്റ്റ്‌) , ഉപ്പ് (ക്രിസ്ടല്‍ സാള്‍ട്ട് ), മഞ്ഞപ്പൊടി എന്നിവ ചതച്ചെടുക്കുക.. കപ്പ വെന്തു കഴിയുമ്പോള്‍, അരച്ച് വെച്ച ചേരുവ ചേര്‍ത്ത്‌ നന്നായി കുഴച്ചെടുക്കുക...രുചിയേറിയ പുഴുക്ക് റെഡി... :) ഇനി ഉണക്ക സ്രാവ് കറിവെച്ചതോ, ഉണക്ക മുള്ളന്‍ വറുത്തതോ കൂട്ടി വയറു നിറയെ കഴിക്കാം... 

ഇനി അഥവാ കഴിക്കാന്‍ പറ്റിയില്ലെന്കില്‍ പഴയ ഒരു കഥ വായിച്ച് തൃപ്തിപ്പെടുക ...



 സമര്‍പ്പണം: ചരിത്രവും ഭക്ഷണവും, പ്രണയവും കൂട്ടി സിനിമയെടുത്ത ആഷിക് അബു/ശ്യാം പുഷ്കരന്‍ ടീമിന്.. ഭക്ഷണത്തിന്റെ രുചി തേടി നാട് ചുറ്റി ആ രുചികള്‍ നമ്മളിലെക്കെത്തിക്കുന്ന രാജ് കലേഷിനും / നൗഷാദിനും

Sunday, June 12, 2011

ചരിത്രത്തില്‍, നഷ്ടമായ ഒരു ക്യാമറ-ഒരു കള്ളന്‍, ഒരു അന്വേക്ഷകന്‍ (എന്തൊരു ബോറന്‍ ടൈറ്റില്‍ !!!!)

Watch The Trailer Here





ഞാന്‍ ആകെ അസ്വസ്ഥന്‍ ആണ്..മനസ്സില്‍ ഉറവപൊട്ടിയ ചില കഥാ ബീജങ്ങള്‍ വാക്കുകള്‍ക്കു വേണ്ടിയുള്ള വിശപ്പ് എന്നെ ഇടക്കിടെ അറിയിച്ച് കൊണ്ടിരിക്കുന്നു.. ആവര്‍ത്തിക്കാന്‍ കഴിയാത്തത്രവണ്ണം പറഞ്ഞു പഴകിയ ചില ആശയങ്ങള്‍ മാന്തിയെടുത്ത്‌ ലാപ്‌ ടോപ്പിലെ മംഗ്ലീഷ് കീ ബോര്‍ഡില്‍ ടൈപ്പ്‌ ചെയ്തു, ആരും വായിക്കാത്ത ചില താളുകളില്‍ കുറിച്ചിടാനുള്ള ആവേശം പണ്ടേ നഷ്ടമായ ഒരുവനായി മാറിയതില്‍പ്പിന്നെ കഥകള്‍ എന്നെ തേടി വരാറില്ല!!!

ഇനി ഒരു പക്ഷെ, പഴയ ചില കേസുകെട്ടുകളിലൂടെ, ചികഞ്ഞു പോയെങ്കില്‍ ഒരു പുതു നൂലിഴ പോലുള്ള സന്ദര്‍ഭങ്ങളില്‍ നിന്നും ചില കഥകളിലേക്ക് മാറി വരാന്‍ കഴിഞ്ഞെന്കിലോ എന്നോര്‍ത്താണ് അന്ന് ഞാന്‍ വീണ്ടും ആ കേസ്‌ ഡയറി പുറത്തെടുത്തത്...
അധികം കുഴപ്പം പിടിച്ച കേസുകളൊന്നും ഈ കാലത്തിനിടയില്‍ കൈകാര്യം ചെയ്ത അനുഭവം ഇല്ല. ഇക്കാലംമത്രയും ചില അവിഹിത ബന്ധങ്ങള്‍ ചികഞ്ഞു പോകുക എന്ന ബോറന്‍ കേസുകള്‍ക്കപ്പുറം മറ്റൊന്നും എന്നെ തിരഞ്ഞു വരാറുണ്ടായിരുന്നില്ല...ഭാര്യയുടെ നടപ്പ്
ദോഷം ചികയുന്ന ഭര്‍ത്താവ്‌,..മകന്റെ ജീവിതം ദൂരെ അമേരിക്കയിലിരുന്ന് സ്പൈ വര്‍ക്ക്‌ നടത്തി ആശ്വസിക്കുന്ന അച്ച്ചനമ്മമാര്‍..ലൈംഗീക ആരോപണങ്ങളുടെ നടുവില്‍പെട്ട് സ്ഥാനം തെറിച്ച മന്ത്രിയുടെ പേരിലുള്ള കുറ്റം യാഥാര്‍ഥ്യം ആണോ എന്ന് അന്വേക്ഷിക്കുന്ന ഭാര്യ..ഇങ്ങിനെ ഉള്ള ചില അരസികന്‍ കേസുകള്‍..(ആധുനീക കേരളത്തില്‍ ഇത്തരം അറുബോറന്‍ കേസ്സുകള്‍ക്ക് യാതൊരു പഞ്ഞവുമില്ലായിരുന്നൂ ).

ഈ കുറിപ്പ്‌ ഞാന്‍ എഴുതുന്നത് മറ്റൊരു കേസ്സിനെ കുറിച്ചാണ്..ഒരു രസകരമായത്‌...കുറച്ചു നാള്‍ മുന്‍പ്‌ പരാജയപ്പെട്ടു എന്ന പേരില്‍ ഞാന്‍ തന്നെ അടച്ചു പൂട്ടിയ ഒരു കേസ്..ഇന്ന് പഴയ കേസ് ഡയറികള്‍ പൊടി തട്ടി എടുത്തപ്പോള്‍ മുന്നില്‍ വന്നു പെട്ട്..ഒരു ജോലി
എന്നതിനപ്പുറം പാഷനായി എടുക്കാത്ത ഈ തൊഴിലില്‍ ആദ്യമായി കൌതുകം തോന്നിയ ഒരു കേസ്‌..ഓര്‍മ്മകളുടെ ചില ഫ്രെയിമുകളിലെവിടെയോ ഇരുന്നു കൊത്തിപ്പറിക്കുന്നു...ഒരു വാടക അന്വേക്ഷകന്റെ മുന്നിലേക്ക്‌ ഏറെ മിസ്റ്ററിയും അതിലേറെ ചുറ്റു പിണഞ്ഞു കിടക്കുന്നതുമായ ഒരു കേസ്‌...കേസുമായി വന്നതോ, ഈ നാട്ടിലെ രാഷ്ട്രീയ മണ്ഡലത്തില്‍ യുവരാജാവായ ഒരു ചെറുപ്പക്കാരന്‍..സ്വാതന്ത്ര്യ സമരങ്ങളിലെ നായകനിരകളില്‍ നിറഞ്ഞു നിന്ന “റോയല്‍” കുടുംബത്തിലെ പിന്‍തുടര്ച്ച്ചക്കാരന്‍ ...അയാള്‍ എന്തിനു / എങ്ങിനെ എന്നെ തിരഞ്ഞെത്തി ഇന്നും അറിയില്ല...

തന്റെ മുതു മുത്തച്ചന്‍ അദ്ദേഹത്തിന്റെ യൗവനകാലത്ത് സ്വന്തമാക്കിയ ഒരു ഹാസേല്ബ്ലാദ്(Hasselblad) ക്യാമറ കളവു പോയിരിക്കുന്നൂ...മുംബയിലെ ഒരു പ്രശസ്ത മ്യൂസിയത്തില്‍ നിന്നും..അതീവ രഹസ്യമായി...ഇത് വരെയും പ്രോസസ് ചെയ്യാത്ത ഒരു ഫിലിം റോള്‍ ഉള്‍പ്പെടെ...!!!!

യുവരാജാവിന്റെ മുതു മുത്തച്ചന്‍ പണ്ട് തന്റെ നല്ല പ്രായത്തില്‍ ഉലകം ചുറ്റാന്‍ പോയിരുന്നു എന്നും, ആ യാത്രക്കിടയിലെപ്പോഴോ യൂറോപ്പ്യന്‍ രാജ്യത്ത്‌ നിന്നും വാങ്ങിയതാണ് ആ ക്യാമറ..അതില്‍ ഷൂട്ട്‌ ചെയ്ത ചിത്രങ്ങള്‍ ഒരു പക്ഷെ അപൂര്‍വ്വ ചരിത്ര
പ്രാധാന്യമുള്ളവയും അതെ സമയം വിവാദ വിഷയമാവാന്‍ എന്ത് കൊണ്ടും സാധ്യത ഉള്ളവയും ആണു എന്നത് ആ വ്യവസായ/രാഷ്ട്രീയ കുടുംബത്തെ ഒട്ടൊന്നുമല്ല വിഷമിപ്പിക്കുനത്...

മുതു മുത്തച്ചന്‍ സിംഹത്തിന്റെ ചില ചെറുപ്പകാലത്തെ സ്വഭാവ വൈചിത്ര്യങ്ങള്‍ സംബന്ധിച്ച് വിദൂരമായ സൂചനകളുള്ള പുസ്തകങ്ങള്‍ വരെ വന്‍ ഇടപെടലുകളിലൂടെ മാറ്റിയെഴുതിച്ച് ശീലിച്ച ആ കുടുംബത്തിനു ആ മഹാന്റെ പേര് ചീത്തയാക്കാന്‍ സാധ്യത ഉള്ള ഒരു
ക്യാമറയും റോളും മോഷണം പോവുക എന്നത് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറം ആയിരുന്നു..ഒരു പക്ഷെ അതു ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉള്ള ഏതെന്കിലും പാപ്പരാസികളുടെ കയ്യിലെത്തുമോ എന്നത് അവരെ ആശങ്കാകുലരാക്കിയിരിക്കാം...

ക്യാമറ എന്ന ഉപകരണം അത്യാവിശ്യം ചില ചിത്രങ്ങള്‍ എടുക്കാന്‍ ഉപയോഗിച്ചിട്ടുണ്ട് എന്നതല്ലാതെ അതിന്റെ മറ്റു സാങ്കേതിക വശങ്ങളിലേക്കോ, ചരിത്ര പരമായ പ്രാധാന്യമോ ഒന്നും എനിക്കറിയില്ല..എങ്കിലും ഇത്രയും വര്ഷം പഴക്കമുള്ള ഒരു ക്യാമറയിലെ ഇനിയും നശിച്ചു പോകാത്തതു എന്ന് കരുതപ്പെടുന്ന ഒരു റോള്‍ ഫിലിം തിരഞ്ഞു സമയം മിനക്കെടുത്താണോ എന്ന ചോദ്യം യുവരാജാവിന്റെ നേരെ ഉതിര്ത്തില്ല!! പറയാതെ തന്നെ അറിയാം ആ കുടുംബ പാരമ്പര്യത്തിലെ ഓരോ കണ്ണിക്കും എന്ത് മാത്രം വിലയേറിയതാണ് ആ നഷ്ടമായ ക്യാമറ എന്നത്..ലോകം ആരാധിക്കുന്ന ഒരു വിഗ്രഹം തകര്ന്നുടയാതെ നിര്‍ത്തേണ്ടത് അവരുടെ കടമ ആണല്ലോ..
അന്വേഷണത്തിന്റെ ആദ്യ നാളുകളില്‍ വിലയിരുത്തപ്പെട്ട നിഗമനങ്ങള്‍ ഇവയായിരുന്നു
1. അജ്ഞാതനായ ഒരു പാപ്പരാസി അല്ലെങ്കില്‍ ആ ചിത്രങ്ങളുടെ വിപണന മൂല്യത്തെക്കുറിച്ച് ധാരണ ഉള്ള ഒരാള്‍ (വിപണി മൂല്യം നിശ്ചയിക്കുന്നത്, ഒരു വിഗ്രഹത്തെ തകര്ത്തുടക്കാനുള്ള സാധ്യത നില നില്‍ക്കുമ്പോള്‍ പതിന്മടങ്ങ്‌ ആവും..)
2. കയ്യില്‍ കിട്ടുന്നതെല്ലാം മോഷ്ടിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു സാദാ കള്ളന്‍ -
3. ഏതോ ഒരു ക്യാമറാ ഭ്രാന്തന്‍
4. ആ കുടുംബത്തിലെ തന്നെ ഏതോ ഒരു പുകഞ്ഞ കൊള്ളി...പിന്നീട് ബ്ലാക്ക്‌ മെയിലിംഗ്‌ ചെയ്യാന്‍ വേണ്ടി ഒളിച്ചു വെച്ചിരിക്കുന്നു.
സാധ്യതകള്‍ എല്ലാം ഒരുമിച്ചു കൂടി നമ്മെ നോക്കി പരിഹസിച്ച് ചിരിക്കുമ്പോള്‍..എങ്ങിനെ ഒരു ഉത്തരത്തിലേക്ക് നമ്മള്‍ എത്തി ചേരും??
പോപ്പുലര്‍ സിനിമകളുടെ ചട്ടകൂട്ടിലായിരുന്നു എന്റെ ഈ അന്വേഷക വേഷം എങ്കില്‍ നിമിഷ നേരത്തെ കൂര്‍മ്മ ബുദ്ധി വിശകലനങ്ങള്‍ക്കും/ഭിത്തിയില്‍ ഒട്ടിച്ച് വെച്ചിരിക്കുന്ന മഞ്ഞ സാധ്യത പോസ്റ്റിറ്റു (post-it)കള്‍ക്ക് നേരെ നിറയൊഴിച്ച് ഒടുവില്‍ ഒരുത്തരത്തിലേക്ക് എളുപ്പത്തില്‍ എത്തി ചേരാമായിരുന്നൂ..പക്ഷെ ഞാന്‍ വെറും ഒരു കുറ്റാന്വേഷകനല്ലേ..ചെയ്യുന്ന ജോലിയില്‍ വളരെ കുറച്ച് പാഷന്‍ മാത്രമുള്ള ഒരാള്‍..

യാദൃശ്ചികമായി ആണ് ഞാന്‍ ആ ഗൂഗിള്‍ സെര്‍ച്ച് പേജുകളിലൂടെ കടന്നു വന്നത്..കേസ്‌ അന്വേഷണം ആരംഭിച്ച് അന്നേക്ക് രണ്ടാഴ്ചയോളം കടന്നു പോയിരുന്നു..ഇത്തരത്തിലുള്ള കേസുകളെ കുറിച്ചുള്ള സേര്‍ച്ചുകള്‍ എല്ലാം ഒരു ബന്ധവുമില്ലാത്ത ചില വീഡിയോ
ലിങ്കുകളിലാണ് എത്തിപ്പെട്ടത്..ദിനോസറിന്റെ മുട്ടകള്‍ മുതല്‍ വാന്‍ഗോഗിന്റെ പെയിന്റിംഗുകള്‍ വരെ മ്യൂസിയങ്ങളില്‍ നിന്നും കളവു പോയിരുന്നെങ്കില്‍ കൂടിയും ഒരു ക്യാമറ മോഷണവുമായി ബന്ധപ്പെട്ട കേസുകള്‍ ഇന്റര്‍നെറ്റ് ചികഞ്ഞു തന്നിരുന്നവയില്‍ കണ്ടിരുന്നില്ല..
പിന്നെ, പതുക്കെ ക്യാമറകളെ പറ്റിയായി അന്വേഷണം..ഹാസല്ബ്ലാദ്‌ ക്യാമറകളെ പറ്റി ഒരു വിശദ പഠനം തന്നെ നടത്തി വരുന്നതിനിടയിലാണ്, ചരിത്ര പുരുഷന്മാരുടെ ക്യാമറ പ്രണയത്തെ പറ്റിയുള്ള ഒരു ബ്ലോഗ്ഗില്‍ എത്തിപ്പെട്ടത്...
മുതു മുത്തച്ചന്‍ സിംഹം ഉപയോഗിച്ചിരുന്ന ഹാസേല്ബ്ലെദ് ക്യാമറയെക്കുറിച്ചുള്ള ഒരു ലഘു വിവരണം കണ്ടു..അതിനു നേരെ ഒരു വിരുതന്‍ ഒരു ചിരിചിഹ്നം (smiley) ഉപയോഗിച്ച് അടയാളപ്പെടുത്തിയിരിക്കുന്നു...ദുര്‍ബ്ബലമായ ഒരു ക്ലൂ..എന്തായാലും ഒരു കണക്ഷന്‍
തോന്നുന്നൂ...അല്ലെങ്കില്‍ ഏതോ ഒരാളുടെ പഴയ ക്യാമറാ പ്രണയത്തിന്റെ കുറിപ്പിന് നേരെ ഒരു പരിഹാസ ചിരി ചിരിച്ചു കടന്നു പോവാന്‍ ഒരു ബന്ധവും ഇല്ലാത്തവന്‍ തുനിയുമോ...
പിന്നെ ആ കമന്റിന്റെ പിന്നാലെ...

ദുര്‍ബലമെന്നെന്നു തോന്നുന്ന ചില നിമിത്തങ്ങള്‍ ഒരു പക്ഷെ വലിയ ചില കണ്ടെത്തലുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന ചൂണ്ടു പലകകള്‍ ആവാമല്ലോ..അത് പോലെ ആ അജ്ഞാത ക്യാമറക്കള്ളനെ തിരഞ്ഞുള്ള എന്റെ യാത്ര(കള്‍) അവിടെ തുടങ്ങി..യാത്രകള്‍ തന്നെയാണ്
യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്..നിങ്ങള്‍ക്കറിയാവുന്ന പോലെ, ഒരു മടിയനായ ഡിറ്റക്ടീവ് ആണ് ഞാന്‍..യാത്രകള്‍ ബോറടിപ്പിക്കുന്നവയും..മടിയന്മാര്‍ക്ക് സ്ഥാനമില്ലാത്ത ഈ മത്സര ലോകത്തില്‍ നിന്നും, ഒരു ക്യാമറാ ഭ്രാന്ത് പിടിച്ച ഏതോ ഒരു കള്ളനെ തിരഞ്ഞു പോകുക അതിലും ബോറന്‍ കാര്യം...

അവന്റെ പേര്‍ എനിക്ക് ഇന്നും അറിയില്ല...യാഥാര്‍ത്ഥ്യമായി ഒന്നും ഇല്ലാത്ത ഇന്റര്‍നെറ്റ്‌ ലോകത്ത്‌ അവന്റെ പേര്‍ വെറും "ക്യാമറ ബഫ്" എന്ന് മാത്രം...ആ പേരിലൊരു സിനിമ കണ്ടതോര്‍ക്കുന്നൂ..പഴയ ഒരു പോളിഷ് സിനിമ..തന്റെ കുഞ്ഞിന്റെ ചിത്രങ്ങള്‍
എടുക്കാന്‍ ക്യാമറ വാങ്ങുന്ന ഒരുവന്‍ അവന്‍ പകര്‍ത്തിയെടുത്ത ചിത്രങ്ങള്‍ വഴി മറ്റു പല ലോകത്തിലേക്കും എത്ത്തിപ്പെടുന്നതുമായ കഥ പറഞ്ഞ ഒരു ചിത്രം ..ഒരു പക്ഷെ ഈ ക്യാമറ ബഫ് ന്റെയും ഇഷ്ട ചിത്രമാവാം അത്...അവന്‍ കുറിച്ചിട്ടു പോകുന്ന ഐ.പി
അഡ്രസ്സുകള്‍ അവന്റെ മാറി മറയുന്ന ഭൂമികകളെ രേഖപ്പെടുത്തിക്കൊന്ടെയിരുന്നൂ...ഈ ലോകം ചെറുതായികൊണ്ടിരിക്കെ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാളെ കണ്ടെടുക്കുക അത്ര പ്രയാസമുള്ള കാര്യമല്ല..
(തുടരും...)

(Abstract from the story of a Short Movie : "The Case of chasing a camera thief-copy right Sijith Nair/Black Frames 2011"ഒരു ഷോര്‍ട്ട് ഫിലിം എടുക്കുവാന്‍ വേണ്ടി ആദ്യം ഒരു സ്ക്രിപ്ടായും പിന്നെ ഒരു കഥയായും രൂപാന്തരപ്പെട്ട ഒരു ത്രെഡ്..ഈ കഥ ഒരു ഷോര്‍ട്ട് ഫിലിമിനു ഉതകുന്ന രൂപത്തില്‍ ചില വീഡിയോ ദൃശ്യങ്ങളായി ഈ ലാപ്‌ ടോപ്പില്‍ ഉറങ്ങുന്നു.. )

Friday, June 3, 2011

ഒരു മാതൃഭൂമി ലേഖനത്തിനുള്ള പ്രതികരണം...

( ഇന്ന് വായിച്ച ഒരു വാര്‍ത്ത അത് അസ്വസ്തമാക്കിയപ്പോള്‍ കുറച്ച് കുത്തിക്കുറിച്ച് കമന്റായി ഇട്ടു..അവര്‍ അത് പ്രസിദ്ധീകരിക്കുമോ എന്നറിയില്ല..ഇവിടെ പോസ്ടുന്നൂ..എന്താണ് നിങ്ങളുടെ അഭിപ്രായം..)
റിപ്പോര്‍ട്ട് : http://www.mathrubhumi.com/health/mental-health/new-generation-lifestyle-109102.html

എന്റെ കമന്റ്:

നമ്മുടെ മാധ്യമങ്ങള്‍ക്ക്‌ (മാതൃഭൂമി ഉള്‍പ്പെടെ)ഒരു കുഴപ്പമുണ്ട്..തങ്ങളുടെതല്ലാത്തതും, തങ്ങള്‍ക്കറിവില്ലാത്തതുമായ (തൊഴില്‍) മേഖലകളെ പറ്റിതികച്ചും സ്റ്റീരിയോ ടൈപ്പ്‌ ആയ കാര്യങ്ങള്‍ ഒരു ശാസ്ത്രീയ പഠനം എന്ന നിലയില്‍ അവതരിപ്പിക്കുക..ഈ ലേഖനത്തിന്റെ റിപ്പോര്‍ട്ടര്‍ എത്രമാത്രം യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നാണ് കാര്യങ്ങള്‍ അവതരിപ്പിച്ചത് എന്നറിയില്ല..എങ്കിലും സര്‍ക്കുലേഷന്‍ കൂട്ടാനായിരുന്നെന്കില്‍ ഇതിലും നല്ല ടോപ്പിക്കുകള്‍ കണ്ടെത്താമായിരുന്നൂ മാതൃഭൂമിക്ക്..

കഴിഞ്ഞ എട്ടു വര്‍ഷമായി ബാംഗ്ലൂര്‍ ഐ.ടി /സോഫ്റ്റ്‌വെയര്‍/എന്‍ജിനീയറിംഗ് (20 പേരുള്ള ചെറിയ കമ്പനിയില്‍ ജോലി ആരംഭിച്ച്, രണ്ടു ലക്ഷം പേരുള്ള മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ഇപ്പോള്‍ ) ജോലി ചെയ്യുന്ന ഒരാളാണ് ഞാന്‍..അത്രയും കാലം തന്നെ മലയാളത്തിലെ വിവിധ മാധ്യമങ്ങളില്‍ ഐ.ടി രംഗത്തെപ്പറ്റി/ബാംഗ്ലൂര്‍ മെട്രോ ലൈഫിനെ പറ്റി ഊതി പെരിപ്പിച്ച ലേഖനങ്ങള്‍ വായിച്ചിട്ടുമുണ്ട്..

നിങ്ങള്‍ ഒരു ചെറിയ ശതമാനം കാര്യങ്ങള്‍ മാത്രമേ ഇതു വരെ പ്രോജക്റ്റ്‌ ചെയ്തിട്ടുള്ളൂ..അധികവും ഇത്തിരി ഇക്കിളിക്കു സ്കോപ്പുള്ള കാര്യങ്ങള്‍ ആണെന്ന് എന്നതൊഴിച്ചാല്‍ എത്രമാത്രം വസ്തുത ഉണ്ടെന്നറിയില്ല..

ഐ.ടി/സോഫ്റ്റ്‌വെയര്‍ മേഖലയെയും ബി.പി.ഓ മേഖലയെയും എത്രമാത്രം കൂട്ടിക്കുഴചച്ച് ജെനറലൈസ് ചെയ്യാമെന്ന് അറിയില്ല..പിന്നെ മദ്യപാനം/പബ്‌ , അതിനെ ഒരു തൊഴില്‍ മേഖലയുമായി ബന്ധപ്പെടുത്തുന്നതില്‍ എന്താണ് അര്‍ത്ഥം..മാധ്യമ പ്രവര്‍ത്തകര്‍ പാതിരാവു വരെ ക്ലബ്ബുകളില്‍ വെള്ളമടിച്ച് ഇരിക്കുന്നത് ഞങ്ങളും "സിനിമകളില്‍" കണ്ടിട്ടുണ്ട്..എന്നു വെച്ച് മാധ്യമലോകം ഫുള്‍ ടൈം തണ്ണിയടിയാ എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ..
മദ്യപിക്കുന്ന(പബ്ബില്‍ പോയും അല്ലാതെയും) ഒരു പാടു ഐ.ടി പ്രോഫഷനല്സിനെ ഈയുള്ളവന്‍ കണ്ടിട്ടുണ്ട് ..അത് പോലെ തന്നെ മദ്യപിക്കാത്ത ഒരുപാടധികം പേരെയും..വിവാഹ മോചനം നേടിയവരെയും..അടിച്ചു പിരിഞ്ഞവരെയും..ജോലി-ജീവിതം (work-life balance) നല്ല രീതിയല്‍ കൈകാര്യം ചെയ്തു സുഖമായി കുടുംബം ആയി ജീവിക്കുന്ന വളരെയധികം സുഹൃത്തുക്കളെയും കാണാറുണ്ട്‌..കൂട്ടിച്ചേര്‍ക്കട്ടെ മറ്റേതൊരു തൊഴില്‍ മേഖലയിലേതും പോലെ..

പിന്നെ, ബാംഗ്ലൂര്‍ ഐ.ടി രംഗം ഞങ്ങള്‍ക്ക്‌ തന്നിട്ടുള്ള ഒരുപാടു നല്ല കാര്യങ്ങള്‍ ഉണ്ട്..ഒന്ന് ഒരു ജോലിക്കായി ഒരു സമുദായ/മത നേതാവിന്റെയും, രാഷ്ട്രീയ നേതാവിന്റെയും, പ്രമാണിമാരുടെയും ശുപാര്‍ശക്കത്തിനു വേണ്ടി യാചിക്കേണ്ടി വന്നിട്ടില്ല..സീനിയര്‍സിന്റെയും, സുഹൃത്തുക്കളുടെയും സഹായം വഴിയാവും അധികം പേര്‍ക്കും ജോലി ലഭിച്ചത്‌..തികച്ചും മെറിറ്റില്‍...

രണ്ടു - ജീവിത വീക്ഷണത്തില്‍ മാറ്റം വന്നൂ..കാരണം ഹിന്ദി സംസാരിക്കുന്ന, ബംഗാളി സംസാരിക്കുന്ന, തമിഴും കന്നടയും, തെലുങ്കും, ആസാമീസും, ഒറിയയും, സംസാരിക്കുന്ന..വിവിധ സംസ്കാരങ്ങളും വിവിധ സ്വഭാവങ്ങളുമുള്ള ഒരു ഇന്ത്യയെ കാണണമെങ്കില്‍ നിങ്ങള്‍ ബാംഗ്ലൂരിലെ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ വന്നാല്‍ മതി..ഇന്ത്യക്ക് പുറത്തുള്ള വിവിധ സംസ്കാരങ്ങള്‍ ഞങ്ങളുടെ വീക്ഷണത്തില്‍ മാറ്റം വരുത്തി..(നാളെ, ബസ്സില്‍ ക്യൂ നിന്ന് കയറാം എന്ന് വിചാരിക്കുമ്പോള്‍..ഇടിച്ച് കയറുന്ന ഞങ്ങളെ കണ്ടാല്‍ ക്ഷമിക്കുക..നാടോടുമ്പോള്‍ നടുവേ ഓടണം എന്നാണു കാരണവന്മാര്‍ പഠിപ്പിച്ചത്..:) )

ലോകത്തിനു മുന്‍പില്‍ ഇന്ത്യന്‍ ടെക്നോളജിക്ക് ഒരു സ്ഥാനം ഉണ്ടാക്കി തന്നത് നിങ്ങള്‍ പലപ്പോഴും പുച്ഛത്തോടെ വിളിക്കുന്ന ടെക്കികള്‍ തന്നെയാണ്..ഇവിടെ നിന്നും അത്യാധുനിക ടെലിക്കമ്മ്യൂനിക്കേഷന്‍ സാങ്കെതികവിദ്യ മുതല്‍..മെഡിക്കല്‍ ഉപകരണങ്ങള്‍ വരെയും..ബാങ്കിംഗ് പ്രോഡക്ട്കള്‍ മുതല്‍, മികച്ച ഈ കൊമേഴ്സ് പോര്‍ട്ടലുകള്‍ വരെയും നിര്‍മ്മിക്കപ്പെടുന്നു..ലോകത്തിലെ ഏതു ടെക്നോളജി കമ്പനിക്കും ബാംഗ്ലൂരില്‍ ഒരു ഡെവലപ്മെന്റ് ക്യാമ്പസ്‌ ഉണ്ട്..റോഡ്‌ ടാക്സ്‌, എമ്പ്ലോയ്മെന്റ്റ്‌ ടാക്സ്‌, ഇന്‍കം ടാക്സ്‌, മറ്റു ടാക്സുകള്‍..സപ്പോര്‍ട്ടിംഗ് മേഖലകളില്‍ (ഹോട്ടലുകള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ആശുപത്രികള്‍, സ്കൂളുകള്‍, ഗതാഗതം )തുടങ്ങി നിരവധി മേഖലകളില്‍ സൃഷ്ടിച്ച തൊഴിലവസരങ്ങള്‍.. അത്തരം പോസിറ്റീവ് കാര്യങ്ങളെ കാണാതെ പറഞ്ഞു പഴകിയ ചില പൈങ്കിളി റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പോകുന്നത് പരിതാപകരം..

നിങ്ങളില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് ഇതല്ല..ഒരു സാധാരണ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ (അങ്ങിനെ ഒന്നുണ്ട് സുഹൃത്തെ..ടാക്സും, വാടക/ഹോം ലോണ്‍, സ്കൂള്‍ ഫീ, മറ്റു ചിലവുകള്‍ എല്ലാം കഴിഞ്ഞാല്‍ നിങ്ങള്‍ പ്രോജക്റ്റ്‌ ചെയ്യുന്ന ആഡംബര സാലറി ഒന്നിനും തികയില്ല..) ബാംഗ്ലൂരില്‍ നേരിടുന്ന ഒരു പാടു പ്രശ്നങ്ങള്‍ ആരും കാണാതെ കിടക്കുന്നൂ..

൧. റിയല്‍ എസ്റ്റേറ്റ്‌ മേഖലയിലെ ചൂഷണം..നല്ല ഒരു വീട്/ബാങ്ക് ലോണ്‍ ഒരു മിഥ്യ തന്നെയാണ് പലര്‍ക്കും!! നാല്‍പ്പതും അന്‍പതും ലക്ഷങ്ങള്‍ക്ക് മേലേക്ക്‌ വില നിശ്ചയിച്ച് കഴിഞ്ഞു റിയല്‍ എസ്റ്റേറ്റ്‌ ലോബി (നിങ്ങള്‍ കളര്‍ പേജു പരസ്യം കൊടുക്കുന്നവര്‍ വരെ )..തട്ടിപ്പുകള്‍/ഗുണ്ടായിസം ധാരാളം (ആപ്പിള്‍ എ ഡേ പോലെ..)
൨. സ്കൂള്‍ ഫീസ്‌ : പോലീസ്‌, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ മറ്റു മോഷ്ടാക്കള്‍ തുടങ്ങിയവര്‍ക്ക് സ്കൂള്‍ മാനേജ്മെന്റ് കൊടുക്കുന്ന കൈക്കൂലികള്‍ വരെ ചേര്‍ത്ത ഫീ കൊടുക്കാന്‍ വിധിക്കപ്പെടുന്നത് സാധാരണക്കാരന്‍
൩. വെള്ളം - കൂടുതല്‍ ഒന്നും പറയുന്നില്ല..ടാങ്കര്‍, ബോര്‍വേല്‍ ഉള്ളവര്‍ രാജാക്കന്മാര്‍ ...
൪. വാടക : ട്രാഫിക്കില്‍ പെടാതെ, മുന്‍പ്‌ പറഞ്ഞ വര്‍ക്ക്‌ ലൈഫ്‌ ബാലന്സിനായി കുടുംബവുമായി കൂടുതല്‍ സമയം ചിലവഴിക്കണം എന്നുണ്ടോ ..ഒരു ദയയും ആരും കാണിക്കില്ല (അതിനു മലയാളി, ഹിന്ദി വേര്‍തിരിവില്ല )വാടക കൊടുക്കണം..കനപ്പെട്ടത്. വൈറ്റ്‌ ഫീല്‍ഡ്‌ ഏരിയയില്‍ ഒരു നല്ല (സെക്ക്യുരിറ്റി/പാര്‍ക്കിംഗ് ) മൂന്നു മുറി ഫ്ലാറ്റിനു കൊടുക്കണം രൂപ ഇരുപതിനായിരം മുകളിലേക്ക് (ഒരു റിപ്പോര്‍ട്ട്‌ എഴുതി അതാരും കുറയ്ക്കുമെന്ന് പ്രതീക്ഷ ഇല്ല..)
൫. ഒന്നു നാട്ടില്‍ പോണം ...മൂന്നു മാസം മുന്‍പ്‌ പ്ലാനിംഗ്..തത്ക്കാല്‍ ആണെങ്കില്‍ രണ്ടു ദിവസം മുന്‍പ്‌ ക്യൂ അല്ലെങ്കില്‍ നിമിഷങ്ങള്‍ക്കകം കാലിയാവുന്ന ഓണ്‍ ലൈന്‍ റിസര്‍വേഷന്‍..ഉത്സവ സീസണുകളിലെ പ്രൈവറ്റ്‌ ബസ്സുകാരുടെ വക സ്പെഷ്യല്‍ ബസ്സ്‌ പീഡനം വേറെ..ഇനി മലബാറുകാരന്‍ ആണെങ്കിലോ ആകെയുള്ളതു രണ്ടു മൂന്നു പ്ലാറ്റ്ഫോമുകളില്‍ മാത്രം സ്റൊപ്പുള്ള ഒരു ട്രെയിനും (സഞ്ചാര സ്വാതന്ത്ര്യം കോടതികള്‍ക്ക് പോലും പുല്ലു വില )..മര്യാദക്ക് ഓടുന്ന ട്രയിനുകള്‍ ഒരു സുപ്രഭാതത്തില്‍ നിര്‍ത്തലാക്കി സുഖിപ്പിക്കുന്നത് ബസ് ലോബിയോ, പബ്ബില്‍ പോകുന്ന "കുറ്റം" ചെയ്യുന്ന ഐ.ടി തലമുറയോ...

ഇത് പോലുള്ള കാര്യങ്ങള്‍ക്ക് വേണ്ടി ശ്രമിക്കാത്ത ഒരു പ്രസിദ്ധീകരണവും നാളെ ഇക്കിളി ലക്‌ഷ്യം വെച്ച് കപട സദാചാരത്തിന്റെ മുഖം മൂടിയും ഇട്ടു ദയവുചെയ്ത് ഞങ്ങളെ ദ്രോഹിക്കരുത്‌..
ഇതു ഒരു സാധാരണ ഐ.ടി എന്‍ജിനീയറുടെ അപേക്ഷയാണ്..

അനുബന്ധമായി മറ്റു ചിലത് കൂടി..
കുറച്ചു മാസം മുന്‍പ്‌ ബാംഗ്ലൂര്‍ - എറണാകുളം ട്രെയിന്‍ യാത്രക്ക് മുന്‍പ്‌ കണ്ടതും കേട്ടതും..
സ്ഥലം : കൃഷ്ണരാജപുരം റെയില്‍വേ സ്റേഷന്‍..കാമുകിയെ (ഒരു പക്ഷെ ഭാര്യയാവാം.. )യാത്രയാക്കാന്‍ വന്ന യുവാവ്‌..ആളൊഴിഞ്ഞ ഒരു മൂലയില്‍ നിന്ന് അവര്‍ സംസാരിക്കുന്നൂ..ചിരിക്കുന്നൂ..പിണങ്ങുന്നൂ..അവര്‍ ആരുമായിക്കോട്ടേ..
എന്റെ തൊട്ടരികില്‍ ഒരു വലിയ വിനോദ യാത്രാ സംഘം..നാട്ടില്‍ നിന്നും ബാംഗ്ലൂര്‍ ചുറ്റാന്‍ വന്നു തിരിച്ച് പോകാന്‍ നില്‍ക്കുന്നൂ..കുഞ്ഞുങ്ങളും, ഭാര്യ/അമ്മ/സഹോദരി/അമ്മായി/മുത്തശ്ശി/അമ്മാവന്‍/അച്ചന്‍ തുടങ്ങി എല്ലാ ലവലിലും ഉള്ള മലയാളി ഗ്രൂപ്‌..
അവര്‍ക്ക് ദൂരെ മാറി നിന്നും കിന്നരിക്കുന്ന ആ കപ്പിള്‍സ്‌ നെ അത്ര പിടിച്ചില്ല എന്ന് തോന്നുന്നൂ...ഇന്നത്തെ ജനറേഷന്‍ വഴി പിഴച്ചു എന്ന മട്ടിലായി അവരുടെ പരസ്പരമുള്ള സംസാര വിഷയം..ബാംഗ്ലൂര്‍ നഗരക്കാഴ്ച്ചകളില്‍ കണ്ട "ഇമ്മോരല്‍"അനുഭവങ്ങള്‍ മസാല ചേര്‍ത്ത്‌ വിളമ്പാന്‍ തുടങ്ങി അവര്‍..
പിള്ളേരുടെ സദാചാരം ഇല്ലായ്മയെ എല്ലാവരും കിട്ടിയ ചാന്‍സില്‍ നന്നായി വിമര്‍ശിച്ചു.."ബാംഗ്ലൂരിലെത്തിയാല്‍ മലയാളി പെണ് പിള്ളേരെല്ലാം പെഴയാ എന്ന് ഒരു സ്ത്രീ പറയുന്നത് കേട്ടു..അതിനെ പിന്‍ തുണച്ചു കൂടെയുണ്ടായിരുന്ന എല്ലാവരും ചിരിച്ചു..."


ഗ്രൂപ്പ്‌ ട്രെയിനില്‍ കയറി..എന്റെ കമ്പാര്‍ട്ട്മെന്റില്‍ തന്നെ..ട്രെയിന്‍ ഓടി തുടങ്ങിയപ്പോള്‍ കൂട്ടത്തില്‍ ഒരാള്‍ ഒരു പെപ്സി ബോട്ടിലുമായി ടോയ്ലെറ്റില്‍ കയറി..കൂടെ ബാക്കി അച്ചായന്മാരും..കുപ്പി മിക്സ് ചെയ്തു അടിക്കാന്‍..ഇത്രേം നേരം സദാചാരം പ്രസംഗിച്ചത് ഇവരാണല്ലോ..


ടി . നാട്ടില്‍ തന്നെയാണ് ട്രെയിനില്‍ ഒറ്റക്ക് യാത്ര ചെയ്ത ഒരു പെണ്‍കുട്ടി ക്രൂരമായി ട്രാക്കില്‍ തള്ളിയിട്ട് ബലാത്സംഗം ചെയ്യപ്പെട്ടു കൊല്ലപ്പെട്ടത്‌ ...ഈ കേരളത്തില്‍ തന്നെയാണ് ഒരു നേര്സറിപ്രായമുള്ള കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നു മരപ്പോത്ത്തില്‍ ഒളിപ്പിച്ച്ചത്...ഇതേ നാട്ടിലാണ് ആണും പെണ്ണും ബസ്സിലും/ക്ലാസ്സിലും വെവ്വേറെ സീറ്റില്‍ ഇരിക്കുകയും എന്നിട്ടും പീഡിപ്പിക്കപ്പെടുകയും ചെയ്യപ്പെടുന്നത്..


ഇവിടെയാണ് രാത്രി തനിച്ച് വീട്ടിലേക്ക്‌ മടങ്ങിയ ഒരു യുവതി..ഓട്ടോ ഡ്രൈവര്‍ തന്നെ പീഡിപ്പിക്കും എന്ന ഭയത്തില്‍ ഓട്ടോയില്‍ നിന്നും എടുത്തു ചാടി മരണത്തോടു മല്ലടിക്കുന്നത്...

Friday, January 7, 2011

ടെര്‍മിനല്‍ 2B

സമയം അറിഞ്ഞു കൂടാത്ത ഏതോ ഒരു രാത്രി..ഒരു റയില്‍വേ സ്റ്റേഷന്‍ ബഞ്ചില്‍ കിടന്നുറങ്ങുകയാണു ഞാന്‍…അരിച്ചിറങ്ങുന്ന ആ തണുപ്പില്‍ ബഞ്ചില്‍ വിരിച്ചിട്ട ഇന്ത്യന്‍ എക്സ്പ്രസ്സിലും,മാതൃഭൂമിയിലും കിടക്കയുടെ സുഖം കണ്ടെത്തി ഉറങ്ങുമ്പോള്‍- ഒരു സ്വപ്നം, എല്ലായിപ്പൊഴും നീണ്ടയാത്രകള്‍ക്കു മുന്‍പെ എന്നെ പേടിപ്പെടുത്താറുള്ള അതേ സ്വപ്നം..മിസ്സ്‌ ആവുന്ന ട്രയിന്‍..നീണ്ട്‌ പോവുന്ന യാത്രകള്‍…
അതിവേഗത്തില്‍ പാഞ്ഞു വരുന്ന ട്രെയിന്‍, നീളമുള്ള പച്ച ബോഗിക്കള്‍ക്ക് പിന്നാലെ കുറെ പെട്ടികളുമായി ഓടുകയാണ് ഞാന്‍...ഓടും തോറും അവസാനികാത്ത പ്ലാട്ഫോം.....എനിക്ക് വേണ്ടി കാത്ത്‌ നില്‍ക്കാതെ കൂവി വിളിച്ച് അകന്നു പോവുന്ന ട്രെയിന്‍.

പെട്ടെന്നു എന്നെ മറികടന്ന് ഒരു രൂപം...എന്റെ ദേഹത്തിനു മുകളിലൂടെ കടന്നുപോയി...ഞെട്ടിയെഴുന്നെറ്റു..കണ്ണു തിരുമ്മി..ഞാന്‍ റയില്‍വേ സ്റ്റേഷനിലും അല്ല, ട്രയിനിലും അല്ല..അതും ഒരു സ്വപ്നം മാത്രം ആയിരുന്നു..

ഇപ്പോള്‍ ബാഗ്ദാദിനു മുകളിലൂടെയാണു പറക്കുന്നതെന്നു എന്റെ തൊട്ടടുത്ത സീറ്റില്‍ ഉറപ്പിച്ചു വച്ചിരിയ്ക്കുന്ന സ്ക്രീനിലെ പച്ച മാപ്പുകളിലെ ചുവന്ന വരകള്‍ ഓര്‍മ്മിപ്പിച്ചു…..എയര്‍ ഫ്രാന്‍സ്‌ 121 ബാംഗളൂര്‍-പാരീസ്‌ ഫ്ലൈറ്റിലെ 32ഡി സീറ്റിലെ യാത്രക്കാരനാകുന്നു ഞാനിപ്പോള്‍..

ഫ്ലൈറ്റ്‌ കറക്റ്റ്‌ സമയമായ 2:20 am നു തന്നെ ടേക്കൊഫ്ഫ്‌ ചെയ്തിരുന്നു..നിരവധി സമയരേഖകള്‍ മുറിച്ചു കടന്നു, എന്റെ പ്രിയപ്പെട്ടവര്‍ക്ക് പിന്നില്‍, 13 1/2 മണിക്കൂര്‍ വൈകി മാത്രം സൂര്യന്‍ ഉദിക്കുന്ന പസഫിക്‌ തീരങ്ങിളിലെക്കുള്ള എന്റെ യാത്ര തുടങ്ങിയിട്ടേയുള്ളൂ…32E യില്‍ ഒരു സ്ത്രീയാണു..ഭാഗ്യം എന്റെ കൂടെ ഇല്ലത്തതു കൊണ്ടു, എന്റെ സഹയാത്രിക ഒരു 65 കഴിഞ്ഞ ചെറുപ്പക്കാരിയാണു….കഴുത്തു നിറയെ രുദ്രാക്ഷ മാലയണിഞ്ഞ ഒരു മദാമ്മ സന്യാസ്സിനി…അവരാണു കുറച്ചു മുന്‍പെ എന്റെ തൊട്ടുമുകളിലൂടെ ചാടി എന്റെ സ്വപ്നങ്ങളെ മുറിച്ചുണര്‍ത്തിയത്‌….!

ഇനിയും മണിക്കൂറുകള്‍ കാത്തിരിയ്ക്കണം പാരീസ് എത്താന്‍..പാരീസില്‍ നിന്നും 9:25 എ.എം നു ള്ള ഡെല്‍റ്റ എയറില്‍ അറ്റ്ലാന്റയ്ക്കു പറക്കണം..പക്ഷെ ഇപ്പൊള്‍ ചാവുകടല്‍ കീറിപ്പറക്കുന്ന ഈ ഫ്ലൈറ്റ് പാരീസിലെത്തുമ്പൊളേക്കും 8:45 കഴിയും..പിന്നെയും ദൂരെയെവിടെയോ ഉള്ള 2ഇ ടെര്‍മിനല്‍ തേടിപ്പിടിച്ചു വേണം അറ്റ്ലാന്റാ ഫ്ലൈറ്റ് പിടിക്കാന്‍….

വീണ്ടും ഉറക്കത്തിന്റെ ആഴങ്ങളിലേക്ക്‌ ഊളിയിട്ടു...ക്രമം തെറ്റി സ്വപ്‌നങ്ങള്‍ ഒരു ജിഗ്സോ പസില്‍ പോലെ പിന്തുടര്‍ന്നു..ഉറക്കം വീണ്ടും വിട്ടുമാറി..പുറകിലുള്ള എന്റെ സഹ "വര്‍ക്കി" കളെ നോക്കി.. അവര്‍ രണ്ടു പേരും നല്ല ഉറക്കമാണ്..വിന്‍ഡോ സ്ക്രീന്‍ വലിച്ചിട്ടു, കണ്ണുകള്‍ക്ക്‌ മുകളില്‍ പാഡ് കെട്ടി ഉറക്കമാണ് മിക്കവരും.

നടുവിലത്തെ സീറ്റാണ് എനിക്ക് കിട്ടിയത്..എന്റെ നിരയിലെ വിന്‍ഡോ സീറ്റുകാരന്‍ ഉറക്കം വരാത്തത് കൊണ്ടാവണം..വിന്‍ഡോ സ്ക്രീന്‍ ഉയര്‍ത്തി വെച്ച് പുറത്തേക്ക് നോക്കി ഇരിപ്പാണ്...പിന്നോട്ടാക്കി ഓടി മറയുന്ന കൂറ്റന്‍ കെട്ടിടങ്ങളോ, വന്മരങ്ങളോ ഒന്നുമില്ല...വരക്കാന്‍ അറിയാത്ത ആരോ വരച്ചിട്ട കുറച്ചു വെള്ള മേഘങ്ങള്‍ മാത്രം അനങ്ങാതെ നില്‍പ്പുണ്ട്...ഒരു നിശ്ചലചിത്രം പോലെ..

സമയം പൊവാന്‍ വേണ്ടി ടി.വി സ്ക്രീനില്‍ ചാന‍ല്‍ മാറ്റിമറിയ്ക്കാന്‍ തുടങ്ങി..പേരറിയാത്ത ഒരു ഫ്രെഞ്ച് ഫിലിം..രസമുണ്ട്..അതിലെ നായികയ്ക്കു നമ്മുടെ രജനി അണ്ണനെ പെരുത്തിഷ്ടം ആണത്രെ..
സിനിമ കഴിഞ്ഞു...വീണ്ടും ഉറക്കവും കൂട്ടം തെറ്റിയ സ്വപ്നങ്ങളും മുറിവേല്‍പ്പിചു തുടങ്ങി…
ചില യാത്രകള്‍ നമ്മെ മടുപ്പിക്കും …ചിലതു നമ്മെ കൊതിപ്പിയ്ക്കും..
മണിക്കൂറുകള്‍ ചിറകറ്റു വീഴുന്ന ബംഗളൂരു–പാരീസ് യാത്രയും മടുപ്പിന്റെ താളം മുറുകിതുടങ്ങിയിരുന്നു..

ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട വിരസതക്കൊടുവില്‍, അറിയിപ്പ് വന്നൂ...ഏതാനും മിനിറ്റുകള്‍ക്കകം പാരീസില്‍ ലാന്‍ഡ്‌ ചെയ്യാന്‍ പോവുന്നു...എയര്‍ ഹോസ്റ്റസ് സുന്ദരികള്‍(!!???) പ്രഭാത ഭക്ഷണവുമായെത്തി...മുട്ട കൊണ്ടുണ്ടാക്കിയ വിഭവം ഒപ്പം കുറെ സാലഡുകളും, ബ്രഡും, ജ്യൂസുകളും...പഞ്ചസാര, ക്രീം(!!), ബ്ലാക്ക്‌ കോഫി..പാകമാകാത്ത മധുരം, പാല്‍, കടുപ്പം ഇവയോട് കൂടി സ്വയം ഉണ്ടാക്കിയ കാപ്പി കഴിച്ചതൊടു കൂടി അബ്ഡോമന്‍ ഏരിയാകമ്മിറ്റി ചില മുറുമുറുപ്പുകള്‍ ഉയര്ത്തിതുടങ്ങി..ഫ്ലൈറ്റ്‌ ഉടനെ ലാന്‍ഡ്‌ ചെയ്തേക്കാം..കൂടാതെ പിന്നിലെ ടോയ്‌ലറ്റ്‌ പരിസരങ്ങളില്‍ നിലവില്‍ വലിയ ക്യൂ.. ഇനി "പോളിറ്റ്‌ബ്യൂറോ" സന്ദര്‍ശനം എയര്‍പ്പോര്ട്ടില്‍ ചെന്നതിനു ശേഷമാവും ഉചിതം....

ലാന്‍ഡ്‌ ചെയ്യുന്നതിന് മുന്‍പുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു..സീറ്റ്‌ ബെല്‍റ്റ്‌ മുറുക്കാനുള്ള സന്ദേശം വന്നൂ..സീറ്റ്‌ ബെല്‍റ്റ്‌ ഇട്ടോ എന്നറിയാന്‍ എയര്‍ ഹോസ്റ്റസ് ചിരി പശയിട്ട് ഒട്ടിച്ച് വെച്ച മുഖവുമായി വന്നൂ...

പൈലറ്റ്, വിമാനം പാരീസ്‌ നഗരത്തിനു മുകളിലൂടെ വട്ടമിട്ടു പറത്തി...നഗരത്തിനു പുറത്തുളള ഗ്രാമങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവ ചതുരക്കളങ്ങളായി കാണപ്പെട്ടു...അവയ്ക്കു അരികിലായി കളപ്പുരകള്‍, വെയര്‍ഹൌസുകള്‍...നഗരത്തിലൂടെ പാഞ്ഞു പോവുന്ന സബര്‍ബന്‍ട്രെയിനുകള്‍..എയര്‍പ്പോര്‍ട്ട് ലക്ഷ്യമാക്കി നീങ്ങുന്ന കാറുകള്‍...അവയില്‍ ഒരു പക്ഷേ ചിലര്‍ തങ്ങളുടെ പ്രിയപ്പെട്ടവരേ യാത്രയാക്കാനോ, സ്വീകരിക്കാനോ വരുന്നവരാകാം...എനിക്ക് ഒരു നീണ്ട യാത്രയുടെ ഒന്നാം ഘട്ടം ഇവിടെ തീരുന്നു..
*********************************
പാരീസ് സമയം 8:38 നു ഫ്ലൈറ്റ് ഇന്റെര്‍നാഷണല്‍ "നെടുമ്പാശ്ശേരിയായ" ചാര്‍ല്സ് ഡീഗൌല്‍ – ല്‍ ലാന്റ് ചെയ്തു..പ്രതീക്ഷിച്ഛ്തിലും 2000 മി.സെക്ക്ന്റ് നേരത്തെ..
ഫ്രാന്‍സ് ഇന്‍ഡ്യയ്ക്കു പുറത്തുള്ള എന്റെ ആദ്യ രാജ്യം..ആദ്യ ഇന്റെര്‍നാഷനല്‍ ഫൈറ്റ് യാത്ര ഇവിടെ അവസാനിക്കുന്നു…
ഫ്രാന്‍സ്, ഈഫല്‍ ടവറിന്റെയും, റെയ്നോള്‍ഡ്സ് പേനയുടേയും, ഫ്രെഞ്ച് കിസ്സിന്റേയും നാട്..എന്റെ സഹയാത്രികരും സഹ "വര്‍ക്ക"ന്മാ രുമായ മറ്റുരണ്ടുപേരുടേയും (ഇനി അങ്ങൊട്ടു വഴി അറിയില്ലല്ലൊ..)കൂടെ ഞാനും തിരക്കിട്ടിറങ്ങീ…
ഫ്ലൈറ്റിന്റെ വാതില്‍ക്കല്‍ നിന്ന മദാമ്മ പറഞ്ഞ ബൊണ്‍ഷൂര്‍ മൈന്റ് ചെയ്യാതെ മുന്നൊട്ടു വച്ചടിച്ചു..പാസ്സേജിന്റെ വളവില്‍ അറ്റ്ലാന്റ എന്ന ഡിസ്പ്ലേയുമായി ഒരു ഫ്രെഞ്ച് സായിപ്പും..കറുത്ത ഒരു ഫ്രെഞ്ച് വീന‍സ് വില്ല്യംസും നില്‍പ്പുന്നുണ്ടായിരുന്നു..
നേരായ വഴിക്ക് പോയാല്‍ ഫ്ലൈറ്റ്‌ മിസാകാന്‍ സാധ്യത ഉള്ളതിനാല്‍ എയര്‍ ഫ്രാന്‍സ്‌ ഉദ്യോഗസ്ഥര്‍ കണ്ടു പിടിച്ച ഒരു ഷോര്‍ട്ട്കട്ട് ആണ് എന്ന് മനസ്സിലാക്കി ഞാനും സഹപ്രവര്‍ത്തകരും ആ ക്യൂവില്‍ ചേര്‍ന്നു.

സമയം 8:45 കഴിഞ്ഞു പെട്ടെന്നു ഞങ്ങളില്‍ ചിലരേയും വിളിച്ചു സായിപ്പു പുറത്തേക്കു കടന്നു..
നല്ല തണുപ്പുണ്ട്..6 ഡിഗ്രി..(പുറത്തെ സമയവും, താപനിലയും ലാന്‍ഡ്‌ ചെയ്യുമ്പോള്‍ പൈലറ്റ്‌ അനൌണ്‍സ് ചെയ്തിരുന്നു..)എന്റെ കട്ടികുറഞ്ഞ ജാക്കറ്റിനും ടീഷര്‍ട്ടിനും സഹിക്കാവുന്നതിലും അപ്പുറത്തുള്ള തണുപ്പ്….
ആദ്യമായി ഒരു വിദേശ് മണ്ണില്‍ കാല്‍ പതിപ്പിക്കുവാണു..മൂടിക്കെട്ടിയ അന്തരീക്ഷം..പുറത്ത് ചെറിയ ഒരു ചാറ്റല്‍ മഴ..മറ്റുള്ളവരുടെ പുറകെ ഞാനും പുറത്തേക്കിറങ്ങി..
6 പേര്‍സണ്‍സിനു ഒക്ക്യുപൈ ചെയ്യാന്‍ പറ്റുന്ന ഒരു വാനിലേക്കു സായിപ്പു ഞങ്ങളെ കയറ്റി..ഇടയ്ക്കിടെ അയാള്‍ ഫ്രെഞ്ചില്‍എന്തൊക്കെയൊ പറയുന്നുണ്ട്..ഡോര്‍സ് എല്ലാം അടച്ച ശേഷം അയാള്‍ ഡ്രൈവിങ്ങ് സീറ്റില്‍ കയറി ഇരുന്ന് സ്റ്റാര്‍ട് ചെയ്തു…
മൊഫ്യൂസല്‍ സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തിയിട്ടിരിയ്ക്കുന്ന പോലെ പാര്‍ക്കു ചെയ്തിട്ടിരിക്കുന്ന ചെറുതും വലുതുമായ കിങ്ഫിഷെറുകള്‍(വിമാനം എന്നു വായിക്കുക…)ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു 10 മി. കൊണ്ട് ഞങ്ങളേയും കൊണ്ട് വാന്‍ 2ഇ ടെര്‍മിനല്‍ ന്റെ പിന്‍ വാതിലില്‍ എത്തി…

കൃത്യ സമയത്തു തന്നെ ടെര്‍മിനലില്‍ എത്തിച്ച ഡ്രൈവര്‍ സാഹിബിനു നന്ദി പറയണം എന്നു വിചാരിച്ചെങ്കിലും അതു അയാള്‍ ഒരു ക്രെഡിറ്റായെടുത്തു അഹങ്കരിച്ചാലോ എന്നു കരുതി തനി മലയാളിത്തതോടെ അതു വേണ്ട എന്നു വച്ചു..
സമയം തിരിച്ചറിയാന്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാത്തതു കൊണ്ടു സഹവര്‍ക്കി ഒന്നിനോട്‌ ചോദിച്ചു സമയം 9:05 ആയെന്നും ഇനിയും ഇരുപതു മിനിറ്റുകൂടി ബാലന്‍സ്‌ ഉണ്ടെന്നും മനസിലാക്കി ആശ്വാസനെടുവീര്‍പ്പിട്ടു..
ആ നെടുവീര്‍പ്പു അസ്ഥാനത്താണെന്നു പിന്നീട്‌ നടന്ന സംഭവ വികാസങ്ങള്‍ ക്രിസ്റ്റല്‍ ക്ലിയറില്‍ മനസിലാക്കി തന്നു..
ചുമ്മാ അങ്ങു സ്കിപ്പു ചെയ്തു പിന്‍വാതിലിലൂടെ എളുപ്പത്തില്‍ ടെര്‍മിനലിലേക്കു കയറിപ്പോവാന്‍ പറ്റില്ല എന്നും, സെക്യൂരിറ്റി ചെക്കപ്പ്‌ കഴിയാതെ ഏതു ബിന്‍ ലാദന്‍ ആയാലും ഉള്ളിലെത്താനവില്ലെന്നും പതുക്കെ പതുക്കെ തിരിച്ചറിഞ്ഞു..എത്തിപ്പെട്ടിരിക്കുന്നതു ഒരു സെക്യൂരിറ്റി ചെക്കിങ്ങ്‌ റൂമില്‍ ആണെന്നും പിടികിട്ടി..
ആറാം തമ്പുരാന്‍ റിലീസായ അന്നു, കോഴിക്കോട്‌ ബ്ലൂഡയമണ്ട്‌ തീയെറ്ററില്‍ ഗേറ്റ്‌ തുറക്കുവാന്‍ കാത്തു നിന്ന അതെ ആങ്ക്സൈറ്റിയോടെ ഞങ്ങള്‍ (ഞാനടക്കം പത്തു സഹ്യയാത്രികര്‍..‍) കാത്തു നിന്നു…
തീയെറ്ററിലെ പോലെ മതില്‍ ചാടിക്കിടക്കാന്‍ യാതോരു ഓപ്ഷനും ഇല്ലെന്നും, സ്ഥാപന ജ്ഗമ വസ്തുക്കളായ മൊബീല്‍, പേര്‍സ്‌, ഷൂ, സോക്സ്‌,ബാഗ്‌ തുടങ്ങിയതില്‍ അഴിക്കാന്‍ പറ്റുന്നവ അഴിച്ചും, അല്ലാത്തവ എടുത്തും ഓരോ ബേസിന്‍ ഉള്ളില്‍ വച്ചു,
എന്തിനും ഏതിനും തയ്യാര്‍ ആയി..മെറ്റല്‍ ഡിക്റ്റ്‌റ്റര്‍ എന്ന പുനര്‍ജന്മ കവാടത്തിലൂടെ കടന്നു പോവണം എന്നു അറിയാവുന്നതു കൊണ്ട്‌ ആ സ്വര്‍ഗ്ഗവാതില്‍ ഓപ്പണ്‍ ആവാന്‍ വെയിറ്റു ചെയ്തും, ഇടയ്ക്കിടെ സമയം ചോദിച്ചും സമയം കളഞ്ഞു..

*************************************************************
"പ്ലീസ്‌ വെയിത് ഫോര്‍ ഫൂ മിനുട്സ്, ദിസ്‌ വില്‍ബി റെഡി സൂണ്‍.." എയര്‍പ്പോര്‍ട്ട് സെക്യൂരിറ്റി ടീമിലെ ഫ്രഞ്ച് സുന്ദരി പാതി ആംഗലേയത്തില്‍ അഭ്യര്‍ത്ഥിച്ചു...
പല സൈസില്‍ ഉള്ള ഇരുമ്പ് ഗോളങ്ങള്‍ മെറ്റല്‍ ഡിക്റ്റ്‌റ്ററിലൂടെ ട്രയല്‍ നടത്തുന്നതില്‍ മുഴുകിയിരിക്കുകയാണ് അവര്‍...ഇനി അത് ടെസ്റ്റ്‌ ചെയ്തു..സുരക്ഷ ഉറപ്പാക്കിയിട്ട് വേണം യാത്രക്കാര്‍ ഓരോരുത്തരും അതിലൂടെ കടന്നു പോവേണ്ടത്...സമയം പോവുംതോറും ഞങ്ങള്‍ ഓരോരുത്തരുടെയും ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു....
ഇനി പത്തു മിനിറ്റ്‌ കൂടി ബാലന്‍സ്‌....

(തുടരും ...)

Disclaimer: നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ആരംഭിച്ച ഈ ബ്ലോഗിലെ, ആദ്യത്തെ പോസ്റ്റ്‌ ചില മിനുക്കു പണികള്‍ക്ക് ശേഷം വീണ്ടും പോസ്റ്റിയത്...

Thursday, January 6, 2011

2010- പുസ്തകങ്ങള്‍, സിനിമകള്‍

വൈകിയ പുതുവത്സരാശംസകള്‍....
കഴിഞ്ഞുപോയ വര്ഷം വായിച്ച കുറച്ചു പുസ്തകങ്ങളും, കണ്ട കുറച്ചു സിനിമകളെയും കുറിച്ചു...:

സിനിമകള്‍
1, പ്രാഞ്ചിയേട്ടന്‍
ലളിതമായ നര്‍മ്മത്തില്‍ പൊതിഞ്ഞ വലിയ സത്യങ്ങളെ വ്യത്യസ്തമായ ട്രീറ്റ്മെന്റ് വഴി അവതരിപ്പിച്ചിരിക്കുന്നു...ഒന്നു ക്‌ുടി കാണുവാന്‍ തോന്നിപ്പിച്ച ഒരു ചിത്രം...
2, ഹരിച്ച്ചന്ദ്രാജി ഫാക്ടറി (മറാത്തി)
ലളിതം, ഹൃദ്യം...കൂടുതല്‍ ഒന്നും പറയാനില്ല...
3, കോക്ടെയില്‍
ബട്ടര്‍ഫ്ലൈ ഓണ്‍ വീല്‍സ് കണ്ടിരുന്നില്ല...അനൂപ്‌ മേനോന്‍, ജയസൂര്യ, സംവൃത എന്നിവരുടെ പെര്ഫോര്‍മെന്‍സ്‌ കൊണ്ടും, സംഭാഷനങ്ങളുടെ സ്വാഭാവികത കൊണ്ടും, സംവിധാന മികവും കൊണ്ടും, പശ്ചാത്തല സംഗീതം കൊണ്ടും ഇഷ്ടമായി..
4, BABEL (ENGLISH)
വൈകിയാണെങ്കിലും കഴിഞ്ഞ വര്ഷം കാണുവാന്‍ കഴിഞ്ഞ ഒരു നല്ല ചിത്രം..
5, ISHQIYA (Hindi)
വിദ്യാ ബാലന്‍, നസറുദ്ദീന്‍ ഷാ, അര്‍ഷാദ്‌ വാര്‍ഷി എന്നിവരുടെ പെര്‍ഫോര്‍മന്‍സ്‌..സംഗീതം ഇവ കൊണ്ട്ട് ആകര്‍ഷകമായ ഒരു ചിത്രം..
6, അപൂര്‍വ രാഗം
അപ്രതീക്ഷിത ട്വിസ്റ്റുകള്‍..നല്ല കാസ്റ്റിംഗ്...
7, മേരിക്കുണ്ടൊരു കുഞ്ഞാട്: funny
8, DABAANG
ഒരു മാസ് Entertainer !!!

The list of Movies I missed and would love to see if I get a second chance/DVD:

1. Inception(will happen this weekend ;) )
2. Malarvaadi Arts Club
3. Social Network
4. Tere Bin laden
5, T D Dassan 6th Std

Movies I am waiting for to see in 2011:
1, Arjunan Sakshi (Malayalam)
2, Traffic (Malayalam)
3, Cassanova (Malayalam)
4, Tezz (Hindi)
5, Dil To Bacha He.. (Hindi)

Best Books I have read last year
----------------
1, എന്‍മകജെ
2, ആടുജീവിതം
3, ഫ്രാന്‍സീസ്‌ ഇട്ടിക്കോര
4, Jesus Lived In India
5, "വീണ്ടും" കൊടകരപുരാണം
6, ആല്‍കെമിസ്റ്റ്
7, 2 States

2010 പുസ്തകങ്ങളുടെ ഉറവിടം:

Flipkart
എറണാകുളം-ബാംഗ്ലൂര്‍ സൂപര്‍ ഫാസ്റ്റ്‌ ട്രെയിന്‍ :)
കുറെ നല്ല പുസ്തകങ്ങള്‍ (കൊടകരപുരാണം ഉള്‍പ്പടെ) ലഭിച്ചത് ട്രെയില്‍ ട്രിപ്പില്‍ വെച്ച്...

Best Interview:
Interview with Gopikrishnan (Pioneer Journalist) on DD

Best Comedy Program watched:
Infact, That was not in 2010, was today on Manorama news Channel 9PM news Hour:
ശ്രീനിജന്‍ കട്ടാലും, ഉണ്ണിത്താന്‍ പെണ്‍ പിടിച്ചാലും പാര്‍ട്ടിക്ക്‌ കിടക്കപൊറുതി കിട്ടും എന്ന് തോന്നുന്നില്ല.. :)

കഴിഞ്ഞ വര്‍ഷം കഴിച്ച മികച്ച ഭക്ഷണം;
പുട്ടും കടലയും ...

അപ്പൊ ശരി.. ഒരു കിടുക്കന്‍ പുതു 2011 ആശംസിക്കുന്നൂ...
നന്ദി നല്ല നമസ്കാരം !!!!!!!!