Friday, October 17, 2014

ഡ്രീംസ് അണ്‍ലിമിറ്റഡ് -

ഒരു  സ്ത്രീയുടെ സ്വപ്നങ്ങള്ക്ക് അതിരു കല്പ്പിക്കുന്നത് ആരാണു എന്നതായിരുന്നു മഞ്ജു വാര്യർ ചിത്രം ഹൗ ഓൾഡ്‌ ആർ യു - വുന്റെ ഹൈ ലൈറ്റ്..അതിൽ നിന്നും പുറകിലേക്ക് നടക്കാം..പുരുഷന്മാർക്കെന്താ സ്വപ്‌നങ്ങൾ ഇല്ലേ...അതോ പുരുഷ സ്വപ്‌നങ്ങൾ എല്ലാം ഓട്ടൊമാറ്റിക്കലി സാക്ഷാൽക്കരിക്കപ്പെടുന്നു എന്നാണോ വെയ്പ്പ് (ഒരു മെയിൽ ഷ്വാവനിസ്റ്റ് ആവാനുള്ള ശ്രമം അല്ല -അതിന്റെ ആവിശ്യം എനിക്ക് ഇല്ല..!!) കുറച്ച് വർഷങ്ങളായി ഉള്ളിൽ കൂടിയ ചില ചിതറിയ ചിന്തകൾ  കൂട്ടി വെക്കാനുള്ള ശ്രമം...

മലപ്പുറം ജില്ലയിലെ ഒരു കുടിയേറ്റ ഗ്രാമം, അവിടെ ആയിരുന്നു ജീവിതം..നഗര ജീവിതവുമായി താരതമ്യ പെടുത്തിയാൽ ലിമിറ്റഡ് റിസോർസസ് ഫോര് എന്റർടൈന്മെന്റ്...ആകെ ഉള്ളത് ഒരു തീയേറ്റർ. സിനിമ ഇറങ്ങി ആറോ ഏഴോ മാസങ്ങൾക്ക് ശേഷമാവും ആ സിനിമ ഞങ്ങളുടെ തീയേറ്റരിൽ വരിക. അടുത്തുള്ള "സിറ്റി" ആയ അരീക്കോട്ടെ വിജയ ടാക്കീസിൽ നിന്നും ഒരേയൊരു സിനിമയെ ഞാൻ എന്റെ ജീവിത കാലത്ത് കണ്ടിട്ടുള്ളു..- വാത്സല്യം. മറ്റൊരു നിയർ ബൈ മെട്രോ ആയ മുക്കം അഭിലാഷിൽ നിന്നും "ഉണ്ണികളേ ഒരു കഥ പറയാം" !! നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്നും കോഴിക്കോട് സിറ്റിയിലേക്ക് ടൂർ പോയപ്പോഴാണ് ഒരു റിലീസ് സിനിമ കാണുന്നത് - ബ്ലൂഡയമണ്ട് തീയേറ്റരിൽ - ചിരിക്കരുത് "വിയറ്റ്നാം കോളനി " ആയിരുന്നു ആ സിനിമ. ഒരു റിലീസ് സിനിമ കാണാൻ അത്രയും വൈകി എന്നർത്ഥം. 

എന്റെ ഇളയ അമ്മാവൻ നല്ല ഒന്നാന്തരം സിനിമ ഭ്രാന്തൻ ആയിരുന്നു (അന്നും, ഇന്നും :) ). അമ്മയുടെ വീട് കോഴിക്കോട്ടെ ഇടത്തരം മെട്രോ ആയ പേരാമ്പ്ര. അവിടെ നാല് തീയേറ്റർസ് - സംഘം, മേഘ, വര്ഷ ആന്ഡ് പിന്നീട് വന്ന കൃഷ്ണഗീത (സംവിധായകൻ രഞ്ജിത്ത് ന്റെ അമ്മാവന്റെ ആയിരുന്നു ഈ തീയേറ്റർ എന്നാണ് ഓര്മ്മ )! സമ്മർ വെക്കേഷൻ കാലം പൂർണ്ണമായും പേരാമ്പ്രയിൽ. അമ്മാവന്റെ സിനിമാ ഭ്രാന്ത് കൂടി..ഡെയിലി സിനിമ കാണാൻ ചെന്ന് തീയേറ്റർക്കാര് പുള്ളിക്ക് ബോണസ്  കൊടുക്കാൻ തുടങ്ങി എന്ന് ഞങ്ങൾ കളിയാക്കാറുള്ളത് കൊണ്ട്..സമ്മർ വെക്കേഷൻസ് ആയിരുന്നു പ്രധാന സിനിമാ ഫെസ്റ്റിവൽ ടൈം. റിലീസ് പടങ്ങൾ ചെയിഞ്ച് വരുന്നത് അവിടെ ആവും..ചിത്രം, താളവട്ടം..തുടങ്ങി ഇങ്ങു ദേശാടനം വരെ കണ്ടത് പേരാമ്പ്രയിലെ തീയേറ്റരുകളിൽ നിന്നാണു...!!!

ഇതിനിടയിൽ ഒരു അത്ഭുതം സംഭവിച്ചു...സിനിമ കാണും, അതിന്റെ കഥ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കും..പാട്ടു പുസ്തകം സംഘടിപ്പിച്ച് പാടി നടക്കും എന്നല്ലാതെ..സിനിമയെകുറിച്ച് വലിയ പിടി ഇല്ലായിരുന്നു..ആയിടക്കാണു തോട്ടുമുക്കം തോംസണിൽ മണിരത്നത്തിന്റെ "ബോംബെ" വരുന്നത്..പൊതുവെ അന്യഭാഷാ സിനിമകൾ കാണാൻ വീട്ടില് നിന്നും പെർമിഷൻ കിട്ടില്ലെങ്കിലും അന്ന് കിട്ടി..

രാജീവ് മേനോന്റെ ഫ്രെയിംസ് ആണൊ, ചിത്രത്തിന്റെ സംവിധാനം ആണൊ, റഹ്മാന്റെ സംഗീതം ആണൊ എന്തെന്നറിയില്ല..നട്ടെല്ലിനിടയിലൂടെ ഒരു തരിപ്പ് അരിച്ചു കയറി..ഒരു മിന്നൽ പിണർ പോലെ..ശരീരം മുഴുവൻ ഒരു കുളിർ...!! ബോംബെ ഒരു ടേണിംഗ് പോയിന്റ് ആവുന്നു !! പിന്നീട് അങ്ങോട്ട് കാണുന്ന സിനിമകൾ എല്ലാം ശ്രദ്ധിക്കാൻ തുടങ്ങി. 

എക്സെ ബഡ്കർ ഏക്‌, രംഗോളി, ചിത്രഹാർ, ചിത്രഗീതം, ഞായറാഴ്ച നാല് മണിക്ക് ദൂരദർശൻ ഭൂതല സംപ്രേക്ഷണം ചെയ്യുന്ന സിനിമ ഇതിനപ്പുറത്തെക്ക് സിനിമയോടുള്ള ശ്രദ്ധ വളർന്നു..ലേബർഇന്ത്യക്കപ്പുറം, മാതൃഭൂമി ആഴ്ചപതിപ്പ് പോലും കയറ്റാത്ത വീട്ടില് സിനിമാ വാരികകൾ കയറ്റില്ലായിരുന്നു.(അച്ചച്ചനു മാതൃഭൂമി ആഴ്ചപതിപ്പുകളുടെ നല്ലൊരു കളക്ഷൻ ഉണ്ടായിരുന്നു..അതെല്ലാം പല കുറി മറിച്ച് നോക്കി, സിനിമാ റിവ്യൂസ് വായിക്കുമായിരുന്നു- കോഴിക്കോടന്റെയും, അശ്വതിയുടെയും, നാദിർഷയുടേയും എല്ലാം )  ..ബാര്ബര് ഷോപ്പിൽ നിന്നും നാനയിലും വെള്ളിനക്ഷത്രത്തിലും വരുന്ന സംവിധായകരുടെ അഡ്രസ് കുറിച്ചെടുത്ത് അവര്ക്ക് കത്തുകൾ അയച്ച് തുടങ്ങി. സത്യൻ അന്തിക്കാട്‌, പ്രിയദർശൻ, ഷാജി കൈലാസ്, ലോഹിത ദാസ്..തുടങ്ങി എല്ലാവര്ക്കും...ഇതിൽ പലതും അഡ്രസ് തെറ്റി തിരികെ വന്നു...കീറിയ നിലയിൽ, "അതായത് രമണാ.".ആ കത്ത് കറങ്ങിയ പോസ്റ്റാഫീസുകളിലെ സകലമാന പോസ്റ്റുമാന്മാരും വായിച്ച നിലയിൽ. മോറൽ ഓഫ് ദി സ്റൊറി - "സിനിമാ വാരികകളിൽ വരുന്ന അഡ്രസ് കറക്ടാവില്ല "!!

കൂട്ടത്തിൽ സത്യൻ അന്തിക്കാടിനോടും, പ്രിയദർശനോടും ആയിരുന്നു താത്പര്യം. പ്രിയദര്ശന്റെ ഹിന്ദി സിനിമകളുടെ ട്രെയിലർ ദൂരദര്ശന്റെ നാഷണൽ ചാനലിലും, അന്ന് പോപ്പുലർ ആയിരുന്ന എടിഎൻ / ഇടിസി തുടങ്ങിയ ചാനലുകളിലും വരുമ്പോൾ സന്തോഷിക്കും.."അച്ഛാ പാന്റ്, പാന്റ്..അമ്മാവാ പാന്റ് പാന്റ് " ശൈലിയിൽ എല്ലാവരേയും വിളിച്ച് കാണിക്കും..!! പ്രിയദര്ശന്റെ അസിസ്സ്റ്റന്റ് ആവുക എന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ ആഗ്രഹം...പക്ഷെ അതൊക്കെ ആരൊടെങ്കിലും പറയുവാനുള്ള ധൈര്യം ഇല്ലായിരുന്നു..

ഒരു സംവിധായകൻ ആവണം എന്നതാണു നമ്മുടെ ലക്ഷ്യമെന്ന് ആദ്യം പബ്ലിക് ആയി നാല് പേരോടു പറയുന്നത് ഡിഗ്രിക്ക് ജോയിൻ ചെയ്ത കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയന്സ് ബിഎസ്സി ക്ലാസിലെ ആദ്യ ദിവസം ആണു..എന്നാ പിന്നെ നീ എന്തിനാാ ഇവിടെ ചേർന്നേ എന്ന് ക്ലാസ് ടീച്ചർ ഉൾപ്പെടെ പലരും അപ്പൊ തന്നെ ചോദിച്ചു !!!!ഉത്തരമില്ലായിരുന്നു മക്കളെ.. ഉത്തരമില്ലായിരുന്നു ..ബുദ്ധനും ശങ്കരനും തേടിയതും ഇതേ ചോദ്യത്തിനുത്തരം അല്ലായിരുന്നോ...!!! 
പക്ഷെ അന്ന് അവിടെ ഉണ്ടാക്കി തന്നത് ഒരുപാട് ഒരുപാടു സൌഹൃദങ്ങൾ ആയിരുന്നു !! സ്വപ്നങ്ങൾക്ക് ഗൈഡ് ചെയ്യാൻ ആരും ഇല്ലായിരുന്നു..എങ്കിലും പ്രോത്സാഹിപ്പിക്കാൻ ഒരു പാടു പേർ ഉണ്ടായിരുന്നു...ഒരു പാടു കഥകൾ പറഞ്ഞു !! ഒരു പാടു സ്വപ്‌നങ്ങൾ കണ്ടു...!! അന്നത്തെ ആ സെറ്റപ്പിലും ഗ്യാങ്ങിലും ഒരഞ്ചു വർഷം കൂടി പഠിച്ചിരുന്നു എങ്കിൽ -"ഫിലിം ബൈ സിജിത് "- എന്നൊരു ടാഗ് ലൈൻ ബിഗ്‌ സ്ക്രീനിൽ കണ്ടേനെ എന്നിപ്പോൾ തോന്നുന്നു !!!


ആദ്യമായി പാട്ടെഴുതി തുടങ്ങിയത്..ആ ക്ലാസ് മുറികളിൽ ഒന്നിൽ വെച്ചായിരുന്നു..ഏതോ ഒരു ബോറിംഗ് ക്ലാസ് അവറിൽ ഞാനും അടുത്ത ചെയറിലെ സൂരജും കൂടി ഒരു പുതിയ പാട്ട് ചിട്ടപ്പെടുത്തി കഴിഞ്ഞിരുന്നു. ഒരു ഓണക്കാല ബ്രേക്കിന് പിരിയുന്നതിനു മുന്പ് അടുത്ത ഗാനം റെഡി ആയിരുന്നു - സന്ദീപ്‌ ട്യൂണ്‍ ഇട്ട് അത് ആദ്യമായി ക്ലാസ് മുറിയിൽ എല്ലാവരുടേയും മുൻപേ പാടി കേട്ടപ്പോൾ -ശരിക്കും കരഞ്ഞു!!!(ദീർഘ നിശ്വാസം)!!

വീട്ടില് നിന്നും കോളേജിലേക്കുള്ള ഡെയിലി ഒന്നര-ഒന്നേമുക്കാൽ മണിക്കൂർ (തിരിച്ചും അതേ സമയം എടുക്കും..മിക്കവാറും കണ്‍സെഷൻ പിള്ളേരെ..ഇരിക്കാൻ പോലും സമ്മതിക്കില്ല ബസ് ജീവനക്കാര് )കമ്യൂട്ട് പ്രൊഡക്റ്റീവ് ആക്കിയത്..ബസ് യാത്രക്കൊടുവിൽ പൂര്ത്തീകരിക്കുന്ന കഥകൾ ആയിരുന്നു (അതിൽ ചിലത് മാതൃഭൂമിയിലെ ക്യാമ്പസ് കോളത്തിൽ പല പേരുകളിൽ പബ്ലിഷ് ചെയ്തു )..ഒരു ക്യാമ്പസ് ഫെസ്റ്റിവൽ മത്സരത്തിനു പാടുവാനുള്ള കവിത സ്വയം എഴുതിയത് അന്നേ ദിവസം രാവിലെ ഉള്ള ബസ് യാത്രയിൽ ആയിരുന്നു (അതിനു സെക്കണ്ട് പ്രൈസ് കിട്ടി..കവിതയുടെ പേരു. "എന്റെ മരണം"...മത്സരം എല്ലാം കഴിഞ്ഞു മാർക്കിട്ട ടീച്ചർ പറഞ്ഞത് ഓര്ക്കുന്നു "എന്റെ ഭാരതം" എന്ന ആ കവിത നന്നായിരുന്നു കേട്ടൊ എന്ന്..അതിർത്തിയിൽ യുദ്ധം ഉള്ള ടൈം ആയത് കൊണ്ട്..ദേശഭക്തി ഗാനം ആയിട്ടാവും അവര് കൂട്ടിയത്..:) )!!

ഇതിനിടയിൽ കുറച്ചു കൂടി പാട്ടുകൾ എഴുതി..ഒട്ടുമിക്കവയും സുഹൃത്തുക്കൾ തന്നെ കമ്പോസ് ചെയ്തു..

അതിനിടയിൽ കോളേജിലെ ആനുവൽ സെലിബ്രേഷൻ ചീഫ് ഗസ്റ്റായി ക്യാമറാമാൻ വിപിൻ മോഹൻ എത്തുന്നു...സത്യൻ അന്തിക്കാട്‌ ചിത്രം കൊച്ചു കൊച്ചു സന്തോഷങ്ങളുടെ ചർച്ചകൾക്കായി വന്നതാണു അദ്ദേഹം..പരിപാടി കഴിഞ്ഞപ്പോൾ ഒരു സുഹൃത്ത് വഴി അദ്ദേഹത്തെ അപ്രോച്ച് ചെയ്തു..പോകുന്നതിനു മുന്പ് ഒരു ദിവസം വന്നു കാണാൻ പറഞ്ഞു...ഒന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോൾ അദ്ദേഹം താമസ്സിച്ചിരുന്ന കാലിക്കറ്റ് ടവേര്സ് ഹോട്ടലിലെ മാനേജർ സുഹൃത്തിനെ വിളിച്ച് പറഞ്ഞു...ഇപ്പൊ വന്നാല വിപിൻ സാറിനെ കാണാം..പുള്ളി ഫ്രീ ആണു..
ക്ലാസ് കട്ട് ചെയ്ത് ..ഹോട്ടലിൽ എത്തി. വിപിൻ മോഹൻ എന്ന സത്യൻ അന്തിക്കാടൻ ഫ്രെയിമുകളുടെ ഉടമയെ നേരിട്ടു കണ്ടു..രണ്ടു മൂന്നു മണിക്കൂർ സംസാരിച്ചു എന്നായിരുന്നു ഓർമ്മ...സിനിമകളെ കുറിച്ച്..മഞ്ജു വാര്യർ എന്ന നടിയെ കുറിച്ച്..(മഞ്ജു വാര്യര് അഭിനയം നിറുത്തിയ ഉടൻ ആയിരുന്നു അത്)..മോഹൻലാൽ എന്ന നടന അത്ഭുതത്തെ കുറിച്ച്..കോഴിക്കോടിനു വന്ന മാറ്റങ്ങളെ കുറിച്ച്..ഗാന്ധി നഗർ സെക്കണ്ട് സ്ട്രീറ്റ് ചിത്രീകരിച്ച കാലഘട്ടത്തെ കുറിച്ച്..മകൾ മഞ്ജിമ അന്ന് സിനിമയിൽ ബാലതാരമായി വന്നിരുന്നു ..അതിനെ കുറിച്ച്..എല്ലാം (ബൈ ദി വേ..പിള്ളേർ മൂന്നു പേർ കോളേജ് മാഗസിന് വേണ്ടി ഇന്റർവ്യൂ എടുക്കാൻ വരുന്നുണ്ട് എന്നോ മറ്റോ ആവും ഹോട്ടൽ മാനേജര് പറഞ്ഞിട്ടുണ്ടാവുക ). തൊട്ടപ്പുറത്തെ മുറിയിൽ ശിഷ്യത്വം സ്വീകരിക്കണം എന്നഗ്രഹിച്ചിരുന്ന സത്യൻ സാർ ഉണ്ടായിരുന്നെങ്കിലും കാണാൻ കഴിഞ്ഞില്ല !!
സിവി ബാലകൃഷ്ണന്റെ ചെറുകഥ എടുത്തു കാണിച്ച് അദ്ദേഹം പറഞ്ഞു ..ഇതാണു നമ്മുടെ പുതിയ സിനിമ..
നായകന് ജയറാം..നായികയെ തിരഞ്ഞു കൊണ്ടിരിക്കുന്നു...ഡാൻസ് ഒക്കെ ചെയ്യണം !!
കിട്ടിയ ചാൻസിൽ ഞങ്ങൾ സജഷന്സ് തുടങ്ങി...സാർ - ലക്ഷ്മി ഗോപാലസ്വാമി !! ഏയ്‌ ഇല്ല അവരിപ്പം മമ്മൂട്ടിയുടെ നായികയായി മൂന്നു കുട്ടികളുടെ അമ്മ വേഷം ചെയ്തതല്ലേ ഉള്ളൂ...ജയറാമിന്റെ നായിക ആയി ഈ റോൾ സ്യൂട്ട് ആവുമോ എന്നറിയില്ല !! കാവ്യാ മാധവൻ - ഏയ്‌ ആ കുട്ടിക്ക് ഭയങ്കര തടി ആണു..ഹെവി റോൾ ആവും...എന്നാ പിന്നെ - ഭാനുപ്രിയ യോ - ഇപ്പൊ അത്ര ആക്റ്റീവ് അല്ലല്ലോ...സംയുക്ത ഡാൻസ് ഉള്ള കൊണ്ട് പറ്റും എന്ന് തോന്നുന്നില്ല..!! - അങ്ങിനെ സിനിമയുടെ പെർമ്യൂട്ടേഷൻസ് കോമ്പിനേഷൻസ് !!
ഇതിലെ സർപ്രൈസ് - ഒടുവിൽ സിനിമ വന്നപ്പോൾ ഇവർക്ക് മൂന്നു പേർക്കും തുല്യ പ്രാധാന്യം !!

വന്ന കാര്യം മറക്കരുതല്ലോ..എഴുതി വെച്ചിരുന്ന മൂന്നു പാട്ടുകൾ അദ്ദേഹത്തെ കേൾപ്പിച്ചു !! കൊള്ളാം..നന്നായിട്ടുണ്ട്..കുറച്ചു കൂടി സിനിമാറ്റിക് ആവണം...പിന്നെ, ഇതൊന്നും എന്റെ ഡിപാർട്ട്മെന്റ് അല്ല..കൈതപ്രം ഒക്കെ ഉണ്ടല്ലോ ഇവിടെ...എന്നെങ്കിലും സ്വന്തമായി ഒരു സിനിമ എടുക്കുകയാണെങ്കിൽ നിങ്ങളെ വിളിക്കാം...!! ആ യാത്രാ മൊഴിയിൽ ഞങ്ങൾ അവിടെ നിന്നിറങ്ങി..!!

ഈ അടുത്ത് -പല തവണ, തിരുവനന്തപുരത്ത് വച്ച് അദ്ദേഹത്തെ നേരിട്ട് / റസ്റ്റോറൻറ്റുകളിലെ അടുത്തടുത്ത കസേരകളിൽ കണ്ടിരുന്നെങ്കിലും പരിചയം പുതുക്കിയില്ല !!! 

പിന്നീട് ചില വർഷങ്ങൾക്കപ്പുറം യൂണിവേർസിറ്റി ഹോസ്റ്റലിലെ ഒരു സൌഹൃദ ചർച്ചയിൽ ഒന്ന് രണ്ട് പാട്ടുകൾ പാടി കേട്ടപ്പോൾ, നമ്മുടെ പ്രിയ കവി ടിപി വിനോദ് പറഞ്ഞു- സിജിത് നിന്റെ പാട്ടുകളിൽ മുഴുവൻ ബിംബങ്ങൾ  കാവും,ഉത്സവവും ചുറ്റിപറ്റിയാണു...ഒറ്റപ്പാലം സൈഡിൽ ആണോ വീടു..?? റബ്ബർ തോട്ടങ്ങൾക്ക് നടുവിൽ ഉള്ള നമ്മുടെ നാട്ടിൽ പേരിനു പോലും ഒരമ്പലം ഇല്ല, പിന്നല്ലേ കാവ്  എന്ന കാര്യം അന്ന് പറഞ്ഞില്ല എന്നേയുള്ളൂ മാഷെ :) 


ബാക്ക് ടു മെയിൻ സ്റ്റോറി..കാലം തിരിഞ്ഞു കൊണ്ടേ ഇരുന്നു !! (യുവർ ഓണർ - നോട്ട് ദി പോയന്റ് - കാലമല്ല ആരായാലും പ്രത്യേകിച്ച് പണി ഒന്നും ഇല്ലാതിരുന്നാൽ, ബോറടിച്ചാൽ ,  തിരിഞ്ഞു കൊണ്ടേ ഇരിക്കും...അതുകൊണ്ട് ചെങ്ങായി ലാവിഷായി തിരിയുന്നുണ്ട് ഈ കഥയിൽ ഇടക്കിടെ)

സിനിമാ പഠനം സീരിയസ് ആയി എടുക്കണം എന്ന് മനസ്സ് പറഞ്ഞു..ബുദ്ധി പിന്തിരിപ്പിക്കാൻ ശ്രമിച്ചു...എവിടെ നിന്ന് തുടങ്ങണം എന്നറിയില്ലായിരുന്നു..ക്ലാസ് കട്ട് ചെയ്തും അല്ലാതെയുമുള്ള സിനിമകൾ പതിവായി. അപ്സരാ തീയേറ്റരിനോടു ചേർന്നുള്ള കോസ്മോ ബുക്സിൽ ഇടക്കിടെ കയറും..ഫിലിം മേക്കിംഗിനെ കുറിച്ചുള്ള പുസ്തകങ്ങൾ തപ്പി പിടിച്ചെടുക്കും, അവിടെ ഇരുന്നു കൊണ്ട് പറ്റാവുന്നത്ര വായിക്കും..അങ്ങിനെ ഡെയിലി അവിടെ പോയിരുന്ന് ഒന്ന് രണ്ട് ചാപ്ടർ വായിച്ച് പതിവായതോടെ അവർ വാണ്‍ ചെയ്തു..ഈ പണി ശരിയാവൂല എന്നു പറഞ്ഞു…
പിന്നെ ഉള്ള ആശ്രയം പ്രകാശേട്ടൻ ആയിരുന്നു..കക്ഷി നമ്മുടെ സിനിമാ പ്രേമി അങ്കിളിന്റെ ബ്രദർ ഇന് ലോ !! അപ്സരക്ക് അടുത്ത് ബ്രെയിൻ വീഡിയോസ് എന്ന പേരിൽ വീഡിയൊ എഡിറ്റിംഗ് നടത്തുന്നു..കല്യാണ വീഡിയോ, ടെലി ഫിലിംസ് എന്നൊക്കെ പറഞ്ഞു പുള്ളി...ആളു ഒരു ചെറുകിട പുലി ആണു...കോഴിക്കോട്ടുള്ള സിനിമാക്കാരുമായി പരിചയവും ഉണ്ട്..എന്നാലും നേരിട്ട് കാര്യം പറഞ്ഞാൽ വീട്ടിലറിയും..അമ്മ നെഞ്ചത്തടിക്കും..നഹി നഹി..സോ..പുള്ളീടെ അടുത്ത് ക്രിസ്പ് ആയി ഒരു കാര്യം പറഞ്ഞു..പ്രകാശേട്ടാ നമ്മക്ക് ഒരു ഐഡിയ..ഒരു ഷൊർട്ട് ഫിലിം എടുക്കാൻ പോകുന്നു (അന്ന് ഷോർട്ട് ഫിലിംസ് ഫേമസ് അല്ല..എടുക്കൽ എളുപ്പവും അല്ല..മൊബൈലിൽ ക്യാമറ പോയിട്ട് മര്യാദക്ക് റെയിഞ്ച് പോലും കിട്ടാത്ത കാലം )കഥ റെഡിയായാൽ ക്യാമറ തരുന്ന കാര്യം പ്രകാശേട്ടൻ ഏറ്റു.. ആയിടെ മാതൃഭൂമിയിൽ പബ്ലിഷ് ചെയ്ത ഇലകൾ എന്ന കഥ സെലക്റ്റ് ചെയ്തു !!

ട്രോളി ഷോർട്ട് ഒക്കെ ഉന്തു വണ്ടിയും സൈക്കിളും ഒക്കെ സെറ്റ് ചെയ്ത് എടുക്കുന്ന ഐഡിയാസ് ഒക്കെ പുള്ളി വിവരിച്ചു തന്നു..പ്രകാശേട്ടൻ ബിസി ആയത് കൊണ്ട് നമ്മുടെ ജൂനിയര് റിതികേഷ് സംഗതി ഏറ്റെടുക്കാം എന്ന് വച്ചു (റിതികേഷ് ഇപ്പൊ മനോരമ ന്യൂസിൽ ക്യാമറാമാൻ ആണു-മുംബൈയിൽ :) ) ...എന്തൊക്കെ പറഞ്ഞാലും ശരി..ഷോർട്ട് ഫിലിം സ്വപ്നം പാതി വഴിയിൽ ഉപേക്ഷിച്ചു..ഇതേ പ്രകാശേട്ടൻ പിന്നീടു ഒരു ഭൂതത്തിനു ഇത് പോലെ ഐഡിയ പറഞ്ഞു വിട്ട് കുപ്പിയിൽ നിന്നും പുറത്ത് വിട്ടു എന്നത് ചരിത്രം...മലയാളം ഇന്നും ആഘോഷിക്കുന്ന (മലയാളി തെറി വിളി പബ്ലിക്കായി സെലിബ്രേറ്റ് ചെയ്തു മടുത്ത ) സന്തോഷ് പണ്ടിട്ടിന്റെ കൃഷ്ണനും രാധയും - മലയാളത്തിൽ ആദ്യമായി സെവൻ ഡി ക്യാമറ യൂസ് ചെയ്തത് അണ്‍ ഫോർച്യുണെറ്റിലി പ്രകാശേട്ടൻ ആയിരുന്നു--പുള്ളീടെ ഒറ്റവാക്കിൽ പറഞ്ഞാൽ - "വല്ലാത്തൊരു അബദ്ധായിപ്പോയി കുട്ടാ.."!!

കാലം വീണ്ടും ഉരുണ്ടു...അപ്സരാ തീയേറ്റരിന്റെ മതിലിനൊട് ചേർന്ന് തിരക്ക് പിടിച്ച് ക്യൂ നിന്ന്  റിലീസ് ഡേറ്റിൽ സിനിമ കണ്ടിരുന്ന കാലം ഒക്കെ പഴയതായി...

കുറച്ചു കാലം തിരുവനന്തപുരത്തെക്ക് !! ടാഗ് ലൈൻ പ്രൊജക്റ്റ് വർക്ക് ആയിരുന്നെങ്കിലും !! മിക്കവാറും സമയം കലാഭവനിൽ നടക്കുന്ന ചെറുകിട ഫിലിം ഫെസ്റ്റിവലുകൾക്കിടയിലാവും...ചലച്ചിത്രയുടെ ഫെസ്റിവൽ ഒന്നൊഴിയാതെ മുഴുവൻ കണ്ടു..അവിടെ വെച്ച് ലാൽ ജോസ് സാറിനെ കണ്ടു...രണ്ടാംഭാവം സിനിമ ഇറങ്ങി പരാജയപ്പെട്ടു നില്ക്കുന്ന സമയം ആയിരുന്നു...അദ്ദേഹത്തെ കണ്ടു കൈ കൊടുത്തു (നല്ല സോഫ്റ്റ്‌ കൈ ആയിരുന്നു എന്നത് ഓര്ക്കുന്നു ) സിനിമ വളരെ അധികം ഇഷ്ടമായ കാര്യം പറഞ്ഞു...അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു..!!

ഇടക്കെപ്പോഴോ കോഴിക്കോട് ആദ്യമായി ഐ.എഫ്.എഫ്.കെ വന്നു...യൂണിവേർസിറ്റി എക്സാം നടക്കുന്ന കാലം...ഒരാഴ്ച ലീവെടുത്ത് സിനിമ കാണാൻ പോയ ദിനേഷ് സാറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പുറപ്പെട്ടു...ഡെലിഗേറ്റ് പാസ് ഇല്ലാത്തത് കൊണ്ട് മുഴുവൻ ചിത്രങ്ങളും കാണാൻ കഴിഞ്ഞില്ല ...എങ്കിലും വളണ്ടിയെര്സിന്റെ യൂണിഫോമിനോടു മാച്ച് ചെയ്യുന്ന വെള്ള ടീ ഷർട്ട് ഉണ്ടായിരുന്നത് കൊണ്ട് ..കുറെ സിനിമകൾ ഓസിനു കണ്ടു !! ഒപ്പം അടൂര് ഗോപാലകൃഷ്ണൻ എന്നാ ലെജൻഡിനോട് എന്തൊക്കെയോ സംസാരിക്കാൻ കഴിഞ്ഞു !!

സുഹൃത്ത് സൂരജിന്റെ ഗിറ്റാർ ഗുരു ഉണ്ണി എന്ന ആസ്പിരിംഗ് മ്യൂസിക് ഡയരക്റ്റരെ പരിചയപ്പെടുന്നത് ആ ഇടക്കാണ്..സ്വല്പ്പം ഒരു ഇണ്ട്രോവേർട്ട് ആയ ഉണ്ണി...വലിയ ജീനിയസ് ആയിരുന്നെങ്കിലും രക്ഷപ്പെട്ടിരുന്നില്ല..ഉണ്ണിയുടെ വീട്ടിലെ സ്ഥിരം സന്ദർശകൻ ആവാൻ അധിക കാലം എടുത്തില്ല...ഉണ്ണിയെ ഇമ്പ്രസ് ചെയ്യാനായി ചില കഥകൾ ഒക്കെ പറയും..പുള്ളിക്ക് മർഡർ മിസ്റ്റ്രീസ് ഭയങ്കര ഇഷ്ടം ആയിരുന്നു..."ലജ്ജ" എന്ന് പേരിട്ട് ഒരു കഥ പുള്ളിക്ക് ഓണ്‍ ദി സ്പോട്ട് ഉണ്ടാക്കി പറഞ്ഞു കൊടുത്തു..അവൻ കിടിലൻ ബാക്ക് ഗ്രൌണ്ട് മ്യൂസിക് ഒരുക്കി കഥയും സീനുകളും വളര്ത്തി എടുത്തു...

അവന്റെ വീട്ടിലെ കൊച്ചു സ്റ്റുഡിയോയിൽ അവൻ ബാക്ക് ഗ്രൌണ്ട് സ്കോർസ് ഉണ്ടാക്കി..ഹെഡ്ഫോണ്‍ വെച്ച് തന്ന് പ്ലേ ചെയ്യും..കണ്ണടച്ച് സംഗീതം ആസ്വദിക്കാൻ പറയും..ഹോണ്ടിംഗ് ബാക്ക് ഗ്രൌണ്ട് മ്യൂസിക്കുകൾ കേൾപ്പിച്ച് തന്നിട്ടുണ്ട് ഉണ്ണി...ഇപ്പൊ എവിടെയാണു കക്ഷി എന്നറിയില്ല..കഥ പറഞ്ഞു ഒരുപാടു പറ്റിച്ചിട്ടുണ്ട് കക്ഷിയെ..

ഒന്നു രണ്ടു ടെലി ഫിലിമുകൾക്ക് സംഗീതം നല്കാൻ ചാൻസ് കിട്ടിയപ്പോൾ ഉണ്ണി വിളിച്ചു..പാട്ടുകൾ എഴുതിപ്പിച്ചു...അതിലൊരു ടെലി ഫിലിം ആയിടെ ലോഞ്ച് ചെയ്ത ജീവൻ ടിവിക്ക് വേണ്ടി ആയിരുന്നു !! കുട്ടികളുടെ ഒരു പ്രോഗ്രാം..ടൈറ്റിൽ സോംഗ് -പാട്ട് പ്രൊഡ്യൂസർക്ക് ഇഷ്ടമായി...ഞാൻ സന്തോഷിച്ചു..ആദ്യമായി സ്ക്രീനിൽ പേരു തെളിയാൻ പോവുന്നു !!!

പക്ഷെ, പാര സംവിധായകന്റെ വേഷത്തിൽ വന്നു...കക്ഷി ആയിടെ ഒരു സിനിമ ഒക്കെ എടുത്ത് പെട്ടിയിൽ ആക്കിയവൻ ആയിരുന്നു...നമ്മുടെ പാട്ട് ഔട്ട്..സംവിധായകൻ തന്നെ പാട്ട് എഴുതി.


അപ്പൊഴേക്കും നമ്മൾ കോഴിക്കോട് വിട്ടിരുന്നു..കോട്ടയം യൂണിവെർസിറ്റി ക്യാമ്പസ്സിലേക്ക്..

കണ്ടു മുട്ടുന്നവർ എല്ലാം, ഒന്നുകിൽ മിനിം ഒരു സിനിമാ / തിരക്കഥ ഡ്രീം ഉള്ളവനോ..എസ എഫ് ഐ ജില്ലാ/സ്റ്റേറ്റ് കമ്മിറ്റി മെമ്പറോ ആയിട്ടുള്ള ക്യാമ്പസ്...

ഒരു കുടയിൽ ഒരുമിച്ച് പോയവര് തമ്മിലുള്ള സംഭാഷണം പണ്ട് ഫേമസ് ആയിരുന്നു 
"ആരാ മനസ്സിലായില്ല..ആദ്യം കാണുവാണല്ലോ.."
"ഞാനോ..ഞാൻ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയിലൊക്കെ ഉള്ളതാ..നിങ്ങളോ "
"സ്റ്റേറ്റ് കമ്മിറ്റി.."
"ഓ ..പിന്നെ, ..ഒന്ന് വിടളിയാ..."
-ഇതിൽ ജില്ലാ കമ്മിറ്റി ഫേക്കും, സ്റ്റേറ്റ് കമ്മിറ്റി പിന്നീട് എം.പി ആയ നേതാവും ആയിരുന്നു എന്ന് കഥ !!

നരേന്ദ്ര പ്രസാദിന്റെ, വിനായ ചന്ദ്രൻ മാസ്റ്റരുടെ, ഇപ്പൊ ന്യൂ ജെൻ താരമായി തിളങ്ങുന്ന ബാല ചന്ദ്രൻ സാറിന്റെ, ഫാരിസ് സാറിന്റെ ഒക്കെ കോട്ടയായ സ്കൂൾ ഓഫ് ലെറ്റർസ് ഉള്ള മഹാത്മാ ഗാന്ധി യൂണി വേർസിറ്റി...അഡ്മിഷനു ചെല്ലുന്ന അന്ന് കാണുന്നത്..സ്കൂൾ ഓഫ് ലെട്ടേർസിൽ നിന്നും സമര ജാഥ സ്കൂൾ ഓഫ് ബിഹേവിയർ സയന്സ് പിന്നിട്ട് സ്കൂൾ ഓഫ് കെമിക്കൽ സയന്സിലെക്ക് നീങ്ങുന്ന ഒരു കാഴ്ച ആണു !!!

അന്ന് മനസ്സില് ഉറപ്പിച്ചു .. ഇതാണു നമ്മുടെ അടുത്ത തട്ടകം...

മെൻസ് ഹൊസ്റ്റലിലെ സംവിധായ മോഹികൾ എല്ലാവരും കഥയും തിരക്കഥയും ആയി പുറത്തിറങ്ങിയിരുന്നെങ്കിൽ മലയാള സിനിമകൾ ഓടാൻ കേരളത്തിലെ തീയേറ്റരുകൾ തികയാതെ വന്നേനെ...
(അതിൽ ചിലരെങ്കിലും, സംവിധായകരും, നിരൂപകരും ഒക്കെ ആയിമാറി എന്നത് അഭിമാനമുള്ള സന്തോഷം )

ഡോണ്‍ ചേട്ടനെയും, പ്രത്യൂഷേട്ടനെയും പോലുള്ളവർ പരിപോക്ഷിപ്പിചെടുത്ത ഇന്റർ നാഷണൽ ഫിലിം ക്ലബ് ..
മുടങ്ങാതെ ഐ എഫ് എഫ് കെ ക്ക് പോകുന്ന സിനിമാ ആസ്വാദകർ !!

അതിനിടയിലേക്ക് ആണു, അപ്സരയിലും ബ്ലൂഡയമണ്‍ഡിലും, ക്രൗണിലും കളിച്ചിരുന്ന സിനിമകൾ കണ്ടു ശീലിച്ചുള്ള നമ്മുടെ വരവ്...ആകെ ഉള്ള കൈ മുതൽ..വായിച്ചു കൂട്ടിയ പുസ്തകങ്ങളും, ഹോളിവുഡ് സിനിമകളുടെ ഉൾപ്പടെയുള്ള തിരക്കഥകളും മാത്രം !! 

പഴയ തിരുവനന്തപുരം സിനിമാ കാലത്തിനിടെ പരിചയപ്പെട്ട ആഷിക് ചേട്ടൻ പറഞ്ഞു തന്ന ഓർമ്മയിൽ..വീട്ടില് അറിയിച്ചു...ഈവനിംഗ് കോഴ്സ് ആയി മാസ് കമ്യൂണിക്കേഷൻ ആണ്ട് വിഷ്വൽ മീഡിയ കോഴ്സ് നു ചേരണം..കോട്ടയത്ത് ഏതോ ഒരു ഇൻസ്റ്റിറ്റ്യൂട്ട് കൊടുക്കുന്നുണ്ട് അത്...

ആരും സമ്മതിച്ചില്ല...ബന്ധുക്കളിൽ ആകെ ജേർണ്ണലിസ്റ്റ് എന്ന് പറയാവുന്നത് ബൈജു ചേട്ടൻ ആണ്..പുള്ളി കാലിക്കറ്റ് യൂണിവേർസിറ്റിയിൽ എസ.എഫ്.ഐ നേതാവ് കളിച്ച്, ഒടുവിൽ കൈരളിയിൽ ന്യൂസ് റിപ്പോർട്ടർ ആയിരുന്നു അന്ന് (അദ്ദേഹത്തിനു വരുമാനം കുറവാണെന്നും..സ്ട്രെഗിൽ ചെയ്യുക ആണെന്നും..ജോലി കിട്ടാൻ വിഷമം ആണെന്നും വീട്ടില് നിന്നും അറിയിപ്പ് വന്നു..ഒരു കാരണവശാലും ആ വഴി നോക്കേണ്ട എന്ന് തിട്ടൂരം ഇറക്കി )- ജേർണലിസ്റ്റ് മോഹം കുപ്പിയിൽ ഒതുക്കി...(ബൈജു ചേട്ടൻ എന്ന രാജേഷ് ചേട്ടൻ കൈരളി ഒക്കെ വിട്ട് ഇപ്പോൾ കോഴിക്കോട് സ്വന്തം പുസ്തക പ്രസാധന കമ്പനി സ്റ്റാർട്ട് ചെയ്തു )

അതിനിടെ ഒരു വർഷം കഴിഞ്ഞു പോയിരുന്നു....സ്വപ്ന ജീവിയിൽ നിന്നും താഴോട്ട് ഇറങ്ങാൻ പഠിച്ചു...!!! നമ്മുടെ സ്ട്രീം അത് വേറെ ആണു എന്ന് മനസ്സിനെ പഠിപ്പിച്ചു...എപ്പോഴോ അച്ചൻ വിളിച്ച് പറഞ്ഞു - നീ വേണമെങ്കിൽ ജേർണലിസം കോഴ്സിനു ചേർന്നോ..- സ്വപ്നം ആറി തണുത്തിരുന്നു...! അത് കൊണ്ട് വേണ്ട എന്ന് പറഞ്ഞു !! 

എന്നാലും ഇടക്കെപ്പോഴെങ്കിലും നല്ല ഒരു സിനിമ കണ്ടാൽ, നല്ലൊരു ഷോർട്ട് ഫിലിം കണ്ടാൽ ആ പഹയൻ സ്വപ്നം പിന്നേയും തിരിച്ചു വരും ...നെഞ്ചിൽ നീറ്റൽ തന്നു വേദനിപ്പിക്കും …തണുപ്പു കാലത്ത് പതിവ് തെറ്റാതെ വരുന്ന ന്യൂമോണിയ പോലെ !!!

സോ , സ്വപനങ്ങൾക്ക് അതിരു നിശ്ചയിക്കുന്നത് നാം തന്നെയാണു...!!!!

പരാജയപ്പെട്ടവനാണു..വിജയത്തെകുറിച്ച് ക്ലാസ് എടുക്കാൻ ഏറ്റവും യോഗ്യൻ എന്നാണല്ലോ യൂണിവേർസിറ്റി ട്രൂത്ത്‌ !! സിവിൽ സർവീസ് സെലക്ഷൻ ഫെയിൽ ആയവരാവും ഏറ്റവും നല്ല കോച്ചിംഗ് സെന്റർ നടത്തുന്നത് !!! അത് പോലെ...പറയട്ടെ..
സ്വപ്നം കണ്ട് ഞെട്ടി ഉണർന്നവനാവും ഏറ്റവും നന്നായി സ്വപ്നം കാണുന്നതിനെ പറ്റി പ്രചോദിപ്പിക്കാൻ ആവുക !!! സോ ഡ്രീം അണ്‍ ലിമിറ്റഡ് ആൻഡ്‌ വർക്ക് ടു ഫുൾഫിൽ ദാറ്റ്...സ്വപ്നങ്ങള്ക്ക് ഒരുറക്കം മാത്രമല്ല ആയുസ്...ഒരു സ്വപ്നം മുറിഞ്ഞു പോയാൽ അടുത്ത ഉറക്കത്തിൽ വീണ്ടും അതേ സ്വപ്നം കൂടുതൽ ഉജ്ജ്വലമായി കാണാൻ പ്രയത്നിക്കു !!!

------ഇതി വാർത്താഹാ --------