Thursday, November 17, 2011

കടല്‍ പ്രണയം




കടലിനൊരു പ്രണയമുണ്ട്..തിരകളതെത്ര മായ്ച്ചാലും..മറുതിരകളുടെ കൈകളില്‍ പെട്ട് തീരത്തടിയുന്ന ചിപ്പികളിലുംശംഖുകളിലും,അടര്‍ന്ന പവിഴപുറ്റുകളിലും എഴുതി വെച്ച പ്രണയം..പകലിനോടുള്ള തീക്ഷ്ണമായ പ്രണയം...

രാത്രി ശാലീന സുന്ദരിയായി..ഒരു കുളിര്‍കാറ്റിന്‍ അകമ്പടിയോടെരാത്രി മുല്ലകളുടെ സുഗന്ധം മുടിയിഴയില്‍ ചൂടി വന്നു എന്നും ചോദിക്കും "എന്താണ്..പകലിനോടിത്ര പ്രണയമെന്നു"..കടല്‍ ചിരിക്കും..പിന്നെ രാവിന്റെ കറുത്ത മാറില്‍ കിടന്നു, മേലെ വിണ്ണില്‍ ചിരിതൂകുന്ന ചന്ദ്രബിംബം നോക്കിയുറങ്ങും...അടുത്ത ദിവസം പകലിന്റെ വരവോര്‍ത്തു സ്വപ്നം കണ്ടു കണ്ടു..

പകല്‍ തീക്ഷണമാണ്...അവളുടെ ജ്വലിക്കുന്ന കണ്ണുകളിലേക്ക് നോക്കാന്‍ പോലും കടലിനു കഴിയുമായിരുന്നില്ല..പകലിനും കടലിനെഇഷ്ടമാണ്..അവളുടെ സ്നേഹം കടലിനെ ചൂടുപിടിപ്പിക്കുന്നത് അവള്‍ക്കും അറിയാം...ചിലപ്പോള്‍ വീണുകിടക്കുന്ന ഒരു ഇലചാര്‍ത്തില്‍അല്ലെങ്കില്‍ തീരത്ത്‌, പാതി തകര്‍ന്ന കളി വീടുകള്‍ക്കുള്ളില്‍ആരും കാണാതെ കടല്‍ തിരനീട്ടി..നിഴലായ്‌ മയങ്ങുന്ന പകലിനെ പതിയെതൊടും...പകലിന്‍ മുടിയിഴയില്‍ ചൂടിയ പൊന്‍ വെയില്‍ വാടി വീഴും മുന്‍പേ പറയാത്ത പ്രണയം അവളിലേക്ക് എത്തിക്കാന്‍ നോക്കും....

ചുവന്നു തുടുത്ത മുഖവുമായി, ഒരു സന്ധ്യാകുങ്കുമപ്പൂവായ്‌ രാത്രി പരിഭവം പറഞ്ഞെത്തുമ്പോഴേക്കും പകല്‍ വിട പറയാതെ മറഞ്ഞിട്ടുണ്ടാവും...!!!!ഒരു ചെറുവിരഹത്തിന്റെ സുഖത്തില്‍ കടല്‍, ദേശാടനകിളികളുടെ കൂട്ടം പറന്നകന്ന ചക്രവാളങ്ങള്‍ നോക്കി രാവിന്‍ മടിയിലുറങ്ങും !!!!പകലിനെക്കുറിച്ചോര്‍ത്ത് !!!!

No comments: