Tuesday, July 17, 2007

ബാംഗ്ലൂര്‍ ടൈംസ്‌ - 2

രംഗം -1
-------------
[ഫ്ലാഷ്ബാക്‌]

മൂന്നു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു ഞായറാഴ്ച്ച..സ്ഥലം കോട്ടയം മാര്‍കറ്റ്‌ കവല..അതിരമ്പുഴയിലെ കാമ്പസില്‍ നിന്നും ചെറിയാന്‍ ബസില്‍ വന്നിറങ്ങി ബേക്കര്‍ ജംഗ്ഷന്‍ ലക്ഷ്യമാക്കി നടന്നു നീങ്ങുന്ന ഞാനും എന്റെ സുഹൃത്ത്‌ നസീബും...

സമയം ഏകദേശം ഉച്ചകഴിഞ്ഞിരിക്കുന്നു..

പതിവുപോലെ വിശപ്പ്‌ തന്റെ ആര്‍ത്തി വിളിച്ച്‌ കൂവി എന്റെ ക്ഷമയെ പരീക്ഷിച്ചു തുടങ്ങിയിരിക്കുന്നു..

കാലുകളും മനസ്സും ഒരുമിച്ച്‌ തീരുമാനിച്ചുറപ്പിച്ചിട്ടെന്നവണ്ണം വേഗം കൂട്ടി കോട്ടയം ബോട്ട്‌ഹൗസ്‌ എന്ന റസ്റ്റോറണ്ട്‌ ലക്ഷ്യമാക്കി ഓടി...അവിടെ നിന്നും കപ്പയും കരിമീനും കഴിക്കാനുള്ള ഓട്ടമാണു..അതിനു ശേഷം രുക്‍മ ബസ്സില്‍ ബാംഗ്ലൂരിലേക്ക്‌ വരുവാനുള്ളതാണു...

ആദ്യമായി ഒരു ജോലി കിട്ടിയതിന്റെ ആഹ്ലാദത്തിലായിരുന്ന എന്നെ മുടിപ്പിക്കുക എന്ന ഒരേയൊരു ഉദ്ദേശത്തിലാണു നെസി എന്റെ കൂടെ കൂടിയത്‌..ഞായറാഴ്ച ആയതിനാല്‍ തീരെ ജനങ്ങളില്ല..

എം.ജി റോഡിലേയും, ലാല്‍ബാഗിലേയും മറ്റു വിശേഷങ്ങള്‍ പറഞ്ഞു അടച്ചിട്ട കടകള്‍ക്കുമുന്‍പിലൂടെ നടന്ന ഞങ്ങളെ ബ്ലോഗര്‍ ട്രേഡ്‌മാര്‍ക്കായ കുറു-തമനു താടിവച്ച ഒരാള്‍ തടഞ്ഞു നിര്‍ത്തി..

രംഗം - 2
------

കോട്ടയം ജോസ്കോ ജ്വല്ലേര്‍സ്‌..അടഞ്ഞു കിടക്കുന്ന ഷട്ടറുകള്‍ക്കു മുന്നില്‍ അയാളിരുന്നു...കുറുമാന്‍ സ്റ്റൈല്‍ താടിയില്‍ രോമങ്ങള്‍ വെളുപ്പണിഞ്ഞിട്ടുണ്ട്‌...മുഷിഞ്ഞ ലുങ്കിയും ഷര്‍ട്ടുമാണു വേഷം..

എന്നോട്‌ മുന്നിലിരിക്കാന്‍ പറഞ്ഞു...ഞാന്‍ ഇരുന്നു..

ഹനുമാന്റെ പടം ഒട്ടിച്ച ഒരു ബുക്‌ അയാള്‍ തുറന്നു...

"ദൂരെ യാത്രക്ക്‌ പോവുകയാണല്ലെ" - അയാള്‍ ചോദിച്ചു..
കയ്യില്‍ ഉണ്ടായിരുന്ന വലിയ ബാഗില്‍ പിടിമുറുക്കിക്കൊണ്ട്‌ ഞാന്‍ പറഞ്ഞു
" അതെ.."--
"ജോലി സംബന്ധമായ കാര്യത്തിനാരിക്കും യാത്ര..അല്ലെ"--
"അതെ"
"ഉം...."

(അയാളുടെ കണ്ണുകള്‍ പുസ്തകത്തിന്റെ താളുകളിലൂടെ നീങ്ങുമ്പോഴാണു ഞാനത്‌ ശ്രദ്ധിച്ചത്‌..അയാളില്‍ നിന്നും ഉയരുന്നത്‌ പാക്കറ്റ്‌ ചാരായത്തിന്റെ മണമല്ലെ...)

"വിശ്വാസമുണ്ടെങ്കില്‍ ഞാനൊരു കാര്യം പറയാം...എന്റെ പേരു ഇലഞ്ഞി വിജയന്‍..ഇലഞ്ഞി സ്ഥലം അറിയുമോ ???..അവിടാണെന്റെ വീട്‌...ഞങ്ങള്‍ അപ്പനപ്പൂപ്പന്മാരായി വലിയ ജ്യോത്സ്യമറിയുന്നവരാ...ഞാന്‍ നല്ല ഒന്നാന്തരം നായരാ..കുടു:ബപരമായി ജ്യോത്സ്യക്കാരാ എല്ലാരും.."

എന്റെ മൂളലുകള്‍ക്കിടയിലൂടെ അയാള്‍ തുടര്‍ന്നു...

"വല്യ വല്യ പണച്ചാക്കുകള്‍ വരെ എന്റടൂത്തൂന്ന് കൈ നോക്കി ഫലം അറിഞ്ഞിട്ടുണ്ട്‌..."

പിന്നെ രഹസ്യം പറയാനെന്നവണ്ണം ആഞ്ഞു അയാള്‍ മദ്യത്തിന്റെ രൂക്ഷഗന്ധം മിക്സ്‌ ചെയ്തു പറഞ്ഞു..

"ഈ കോട്ടയം ടൗണിലെ വല്യ ബിസിനസ്‌ കാരൊക്കെ എന്റെ വാക്കുകേട്ടിട്ടെ കച്ചോടം തുടങ്ങൂ...അയ്യപ്പാസ്‌ കാര്‍, ശീമാട്ടി..ജൊസ്കോ തുടങ്ങി എല്ലാരും...ചില മുയ്‌ലാളിമാര്‍ക്കെന്നെ പേടിയാ..എന്നാന്നറിയുമോ...ആ ചത്തു പോയ സിസ്റ്ററില്ല്യോ അഭയ്‌..ആ കന്യാസ്ത്രീ മരിച്ചതെങ്ങിനാന്നെനിക്കറിയാം...ഇവിടത്തെ ചില വലിയ വീട്ടിലെ പിള്ളേരു ----"

അയാള്‍ മുഴുമിപ്പിച്ചില്ല..വിഷയം മാറ്റാനെന്നവണ്ണം അയാള്‍ തുടര്‍ന്നു..

"എന്താ നാള്‍..നക്ഷത്രം..???"
ഞാന്‍ പറഞ്ഞു...

"കുറെ ശത്രുക്കളുണ്ടാവും.."

ശരിയാണു പാകിസ്താനും ചൈനയും എന്റെ ശത്രുക്കളാണാല്ലോ..പോരാത്തതിനു അമേരിക്ക വന്‍ പടയുമായി എന്റെ വീടിനു മുന്നില്‍ തമ്പടിച്ചിട്ടുമുണ്ട്‌..മനസ്സിലോര്‍ത്തു..പക്ഷെ പറഞ്ഞില്ല

"ജോലി സംബന്ധമായ കര്യത്തിനു പോവുവാന്നല്ലെ പറഞ്ഞെ...ഇത്‌ നടക്കത്തില്ല"

ഈശ്വരാ..എന്റെ ഹൃദയമിടിപ്പിനൊപ്പം ബാഗില്‍ കിടന്ന ഓഫര്‍ലെറ്റര്‍ വരെ കിടന്നുപിടഞ്ഞു...നിന്റെ ചിലവ്‌- ഞാന്‍ നസീബിനെ നോക്കി..

"പത്തീല്‍ കുറയാത്ത ഒരു ഒറ്റ നൊട്ട്‌ എട്ടായി മടക്കി കണ്ണടച്ച്‌ ഇങ്ങോട്ട്‌ വെച്ചെ..പേടിക്കെണ്ട ഞാന്‍ അവസാനം തിരിച്ച്‌ തരാം..."

അയാള്‍ പുസ്തകത്തിന്റെ താള്‍ തുറന്നു പിടിച്ചു..എന്റെ വിരലുകള്‍ ഒരു അഞ്ച്‌ രൂപാ നോട്ടിനു വേണ്ടീ കീശയില്‍ ഓടി നടന്നു....ഒടുവില്‍ കയ്യിലും മനസ്സിലും തടഞ്ഞ ഒരു പത്ത്‌ രൂപാ നോട്ട്‌ ഭദ്രമായി എട്ടായി മടക്കി ഞാന്‍ ആ പുസ്തകത്താളിലേക്ക്‌ വച്ചു...

നൂറടിക്കുമെന്ന് പ്രതീക്ഷിച്ച പോസ്റ്റിനു വെറും പത്ത്‌ കമന്റ്‌ മാത്രം ലഭിച്ച ബ്ലോഗറെപോലെ അയാള്‍ എന്നെ ഒന്നു രൂക്ഷമായി നോക്കി...പിന്നെ,കുറേ മന്ത്രങ്ങള്‍ ജപിച്ചു(ബുഷ്‌ മാഫിയാ,,,ലാദന്‍ മാഫിയാ സ്റ്റെയിലില്‍..)എന്നിട്ട്‌ പറഞ്ഞു..

"മണ്ടനാണു.." -- ഇതു പത്തുരൂപായുടെ ദേക്ഷ്യം..

"ങേ.." ഞാന്‍ ബാലരമ സ്റ്റൈലില്‍ ഒരു ചോദ്യമെറിഞ്ഞു...

"പഠിക്കാന്‍ മണ്ടനാണെന്ന്..."

എം.എസ്‌.സി ഫസ്റ്റ്‌ ക്ലാസില്‍ പാസ്സായെന്ന അഹങ്കാരം, നവവധു വരനൊടെന്നവണ്ണം നുള്ളിപ്പറിച്ചു...

"ഏതു വരെ പഠിച്ചു..??" -- അയാള്‍ ചോദിച്ചു..

"എസ്‌.എസ്‌.എല്‍.സി.."

"കണ്ടോ ..ഞാന്‍ പറഞ്ഞില്ലെ..എന്നിട്ട്‌ പാസ്സൊ..ഫെയില്‍ഡോ..???"

"ഫെയില്‍ഡ്‌.."-- ഞാന്‍ കൂട്ടിച്ചേര്‍ത്തു..

ഇടത്തെകയ്യ്‌ വലത്തെ കയ്യുടെ മേല്‍ കെട്ടിവെച്ച്‌ നിന്നിരുന്ന നസീബ്‌ അത്‌ മടുത്ത്‌ വലത്തെക്കയ്‌ ഇടത്തെകയ്യില്‍ ബന്ധിച്ച്‌ ഇവനിതെന്തിന്റെ സൂക്കേടാണെന്നുള്ള ഭാവത്തില്‍ നിന്നു...
ഞങ്ങളെ കടന്നു പോയ ചിലര്‍ ആകാംഷയൊടെ നോക്കി..

"ഒന്നിനും ഒന്‍പതിനും ഇടയിലുള്ള ഒരു ഒറ്റസംഖ്യ മനസ്സില്‍ വിചാരിച്ചെ..വിചാരിച്ചോ..."

"ഉം..ങ്‌ഹാ.." ബാലരമ ആന്‍സര്‍..

"എവിടാ വീടെന്നു പറഞ്ഞെ..???"

"പാലായ്ക്കടുത്ത്‌.." കോഴിക്കോട്‌ സ്വന്തമായി വീടുള്ള ഞാന്‍ കളം മാറ്റിച്ചവിട്ടി...

"പാലായ്കടുത്തെവിടെ...???"

ആ സമയം അതുവഴി കടന്നു പോയ റോബിന്‍ ബസിന്റെ ബോര്‍ഡ്‌ തപ്പിയെടുത്ത്‌ വായിച്ച്‌ ഞാന്‍ പറഞ്ഞു...

"വയലാ.."

എന്റെ പേരും,നാളും സ്ഥലപ്പേരും എല്ലാംകൂട്ടി അയാളൊരു മന്ത്രം ജപിച്ചു...മുകളിലേക്ക്‌ മൂന്നുപ്രാവിശ്യം നോക്കി...പിന്നെ കയ്യിലുണ്ടായിരുന്ന ഒരു നോട്ബുക്കില്‍ നിന്നും ഒരു കടലാസ്‌ കീറിത്തന്ന് മനസ്സില്‍ വിചാരിച്ച്‌ നമ്പര്‍ എഴുതാന്‍ പറഞ്ഞു..മനസ്സില്‍ വിചാരിച്ച്‌ നമ്പര്‍ അപ്പൊത്തന്നെ മറന്ന് പൊയതുകൊണ്ട്‌ അപ്പോ മനസ്സില്‍ വന്ന ഒരു നമ്പര്‍ ഞാന്‍ അതില്‍ കുറിച്ച്‌ വച്ചു..

"ഇനി അത്‌ എട്ടായിട്ട്‌ മടക്ക്‌.."അയാള്‍ പറഞ്ഞു, ഞാന്‍ അനുസരിച്ചു..

"ഞാനാ സത്യം പറയാന്‍ പോവുവാ...നിന്നെ ഒരു പെണ്ണ്‌ പ്രേമിക്കുന്നുണ്ട്‌.." -- ഈശ്വരാ...

"പേര്‍ ഞാനിപ്പോ കണ്ട്‌ പിടിച്ച്‌ തരാം..മനസ്സില്‍ തോന്നുന്ന ഒരു കാശ്‌ ദക്ഷിണയായിട്ട്‌ മടക്കി ഈ പുസ്തകത്തിലേക്ക്‌ വെയ്‌.."

മടക്കാന്‍ കഴിയാത്തതിനാല്‍ ഒരു അഞ്ച്‌ രൂപാ കോയിന്‍ ഞാന്‍ നേരെ അങ്ങോട്ടു വെച്ചു...പിന്നെയും അയാള്‍ ഒരുപാടു മന്ത്രങ്ങള്‍ ഉരുവിട്ടു..

"ഇനി ആ കയ്യില്‍ പിടിച്ചിരിക്കുന്ന കടലാസ്സില്ലെ..അത്‌ പൊടിപോലെ കീറിപ്പറത്തിക്കളയൂ.."

ഞാന്‍ കഷ്ടപ്പെട്ട്‌ അതുപോലെ ചെയ്തു..

"ഞാനിതാ ആ പേര്‍ പറയാന്‍ പോവുന്നു...."

മിഥുനത്തില്‍ തേങ്ങയും കയ്യില്‍ പിടിച്ച്‌ ഉടക്കാന്‍ നില്‍ക്കുമ്പോള്‍ നെടുമുടിവേണു ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പറയുന്നപോലെയും അയാളും, ജഗതിയെപ്പോലെ അക്ഷമനായും എന്നേയും കാണപ്പെട്ടു..ഒടുവില്‍ അയാളാപ്പേര്‍ പറഞ്ഞു..

"ദീപ..."

"ദീപയോ ഏത്‌ ദീപ...എനിക്കെങ്ങും ഒരു ദീപയേം അറിയില്ല.."

"അതൊന്നും എനിക്കറിയത്തില്ല..നീ വേണെ പോയി കണ്ട്‌ പിടിച്ചോ..."

"ഒന്നു പോ ചേട്ടാ..ആളെപറ്റിക്കാന്‍ ഇറങ്ങിയിരിക്കുവാണോ..എനിക്കെന്റെ കാശ്‌ തിരിച്ച്‌ താ.."

"കാശൊ..പിന്നെ എത്‌ കാശ്‌..."

"തുടക്കത്തില്‍ ഞാന്‍ തന്നാരുന്നു ഒരു പത്തു രൂപാ..എട്ടായ്‌ മടക്കി ആ പുസ്തകത്തില്‍ വെച്ചിട്ടുണ്ട്‌..." എന്റെ കണ്ണുകള്‍‍ പാര്‍ട്ടികോണ്‍ഗ്രസ്സിനു നിറഞ്ഞു നില്‍ക്കുന്ന ചെങ്കൊടികണക്കെ ചുവന്നു തുടുത്തു...

"ഫൂ...പത്തുലുവ...ഇക്കണക്കിനു അന്‍പതു രൂപ തന്നാരുന്നേല്‍ നീയെന്നെയങ്ങു കൊന്നേനല്ലോ..പോടാ ചെറുക്കാ...അഭയാക്കേസ്‌ തെളിയിക്കാന്‍ പറ്റീല്ല പിന്നാ നിന്റെ പത്ത്‌ രൂപാക്കേസ്‌..."

അയാള്‍ പുസ്തകം മടക്കി..എന്നെ തള്ളിമാറ്റിക്കൊണ്ട്‌ നടന്നു നീങ്ങി...

രംഗം - -3
--------

ബോട്ട്‌ ഹൗസ്‌ റസ്റ്റോറണ്ട്‌...നല്ല വെന്ത ഇലച്ചീന്തില്‍ പൊതിഞ്ഞു വെച്ച കരിമീന്‍ പൊള്ളിച്ചതില്‍ നിന്നും മുള്ളുകളഞ്ഞൊരു കഷ്ണം വായിലേക്കിട്ട്‌ കപ്പ ഒരു നുള്ള്‌ അകമ്പടിയായി സേവിച്ച്‌ ഞാന്‍ നസീബിനോടെന്നവണ്ണം ഒരു ആത്മഗതം വഴി സ്വയം ആശ്വസിച്ചു.....
"ചിലപ്പോള്‍ വല്ല തരികിട ടിവി പരിപാടിക്കാരുമായിരിക്കും..ഉടനെ ടിവിയില്‍ വന്നേക്കും...."

അവന്റെ ചിരി മൈന്‍ഡ്‌ ചെയ്യാതെ എന്റെ മനസ്സിനൊട്‌ വീണ്ടും ചോദിച്ചു..

"എന്നാലും ഈ ദീപയേതാ...."

"അയാള്‍ടെ മോളാരിക്കും..നിനക്ക്‌ കെട്ടിച്ച്‌ തരാന്‍..." എന്ന് അവന്‍ പറഞ്ഞതു കേള്‍ക്കാതെ പാത്രത്തില്‍ മിച്ചമുള്ള കപ്പതീര്‍ക്കുന്നതിലേക്ക്‌ മുഴുവന്‍ ശ്രദ്ധയും ചെലുത്തി ഞാനിരുന്നു......

21 comments:

കുട്ടന്‍സ്‌ | S.i.j.i.t.h said...

ഒരു ഫ്ലാഷ്ബാക്ക്....!!!!!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇടക്കിടെ എക്സ്ട്രാ ആയി ഇട്ട പ്രയോഗങ്ങള്‍ കിടിലം.

എന്നാലുമാ അഭയക്കേസിന്റെ കാര്യമെങ്കിലും അറിഞ്ഞു വരായിരുന്നു.

ഓടോ: എന്നാ കോപ്പിനാ ഈ കമന്റ് മോഡറേഷന്‍ ഇയാളെ ആരും വന്ന് ചീത്തപറയാനൊന്നും പോവുന്നില്ലാ.:)
ഇനി കമന്റ് ആദ്യം മെയിലില്‍ കിട്ടാനാണെല്‍ ഓകെ.

കുട്ടന്‍സ്‌ | S.i.j.i.t.h said...

thanks ചാത്താ...

കമന്റ് മോഡറേഷന്‍ ഒരു മുന്‍‌കരുതലിനിട്ടതാണു..
ബ്ലോഗ്ഗേര്‍സിനെതിരല്ല...

ചില ഗൂഢശക്തികള്‍ വിദേശസിന്‍ഡിക്കേറ്റിന്റെ സഹായത്തോടെ എനിക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്ന ഇന്റലിജെന്‍സ് റിപ്പോര്‍ടിനെ തുടര്‍ന്നാണു....
;)

പിന്നെ മെയില്‍ കിട്ടുമ്പോള്‍ ഒരു സുഖം...
(അതാണു സത്യം)

സ്നേഹം നിറഞ്ഞ ബൂലോകവാസികളെ സദയം ക്ഷമിക്കുക..!!!!!

RR said...

കൊള്ളാം :) 15 രൂപ അല്ലേ പോയുള്ളൂ? ഭാഗ്യവാന്‍ ;)

Kaithamullu said...

നല്ല രസമുള്ള ഫ്ലാഷാ കുട്ടാ!
-ഇഷ്ടായി!

Unknown said...

അല്ല എന്നിട്ട് ദീപ എവിടെ? ;-)

ടി.പി.വിനോദ് said...

ഹ ഹ ഹ ..കൊള്ളാം...:)
ഡീസന്റും മാന്യനും മനുഷ്യസ്നേഹിയുമായ എനിക്കു പോലും ആ ക്യാമ്പസ്സില്‍ നാലഞ്ച് ദീപമാരെ അറിയാമായിരുന്നു. നിനക്കവിടെ ഒറ്റ ദീപയേയും അറിയില്ല എന്നു പറഞ്ഞാല്‍ അതു വിശ്വസിക്കണം അല്ലേ ഭയങ്കരാ ? :)

കുഞ്ഞന്‍ said...

അപ്പോള്‍ എനിയ്ക്കൊരു സംശയം ഈ കരിമീനിന്റെ കാര്യം എന്തിനാ മാഷെ എടുത്തിട്ടെ???

ഛായ്‌, എനിയ്ക്കു കൊതിയൊന്നും വന്നില്ലാട്ടൊ!

നല്ല രസകരമായി അവതരിപ്പിച്ചൂട്ടൊ!!!!

(രഹസ്യം) അഭയ കേസ്‌ കുട്ടന്‍സിനു അറിയാമെന്ന് CBI അറിയേണ്ടാ....

Dandy said...

ജീവിക്കാന്‍ വേണ്ടി ഓരോരുത്തര്‍ കാണിക്കുന്ന പണികളേ.....പതിനഞ്ചു രൂപാ പോയാലെന്താ കുറച്ചു നേരം രസിക്കാനും പറ്റി, ബ്ലോഗിലൊരു പോസ്റ്റിടാനും പറ്റി. (പിന്നെ കാമുകിയുടെ പേരറിയാനും പറ്റി ;-) )

കുറുമാന്‍ said...

തുടക്കത്തില്‍ ഞാന്‍ തന്നാരുന്നു ഒരു പത്തു രൂപാ..എട്ടായ്‌ മടക്കി ആ പുസ്തകത്തില്‍ വെച്ചിട്ടുണ്ട്‌..." - ഹ ഹ.....ഇത് മടക്കിയത് നേരെ പകുതിയായാണോ കുട്ടന്‍സ്? ആണെങ്കില്‍ എത്ര വലിയ പേപ്പറായാലും നേര്‍പാതി വച്ച് മടക്കിയാല്‍ ഏഴിലും കൂടുതല്‍ തവണ മടക്കാന്‍ കഴിയില്ല ;)

Santhosh said...

എന്നാലും ഈ ദീപയേതാ?

കുട്ടന്‍സ്‌ | S.i.j.i.t.h said...

ഫ്ലാഷ്ബാക്കില്‍ കൂടെച്ചേര്‍ന്നവര്‍ക്കെല്ലാം നന്ദി...

സ്ന്തോഷ്‌ജി,ദില്‍ബൂ : "ദീപയോ ഏത്‌ ദീപ...എനിക്കെങ്ങും ഒരു ദീപയേം അറിയില്ല.." :)
RR : 15 മാത്രമേ ഇവിടെപറഞ്ഞുള്ളൂ :)
കൈതമുള്ള് : താങ്ക്സ്..
ലാപുട : എന്റെ ഓര്‍മ്മകളില്‍ അരിച്ച് പെറുക്കിയിട്ട് ദീപ എന്നൊരു പേരു മാത്രമേ ഈ കഥാപാത്രത്തിനു യോജിക്കുന്നതായും, ആ പേരില്‍ ആരേയും എനിക്ക് പരിചയമില്ലാത്തതായും തോന്നിയുള്ളു..അതും വെറുതെയായോ..പിന്നെ സ്വന്തം പേരിന്റെ കൂടെച്ചേര്‍ത്ത ചില വിശേഷണങ്ങള്‍ എന്തിനാണെന്നു മനസ്സിലായില്ല!!!! :)
കുഞ്ഞാ: സത്യം പറഞ്ഞാല്‍ ഭക്ഷണം എന്റെ ഒരു വീക്നെസ്സാണു..അതില്ലാതെ ഒരു പോസ്റ്റുപോലും ഇടാന്‍ പറ്റില്ല...എന്നാലും അവിടത്തെ കരിമീന്‍ പൊള്ളിച്ചത്..കൊതിയായിട്ടു വയ്യ...
ഡാന്‍ഡി : :) അത് ജീവിക്കാന്‍ വേണ്ടിയായിരുന്നില്ല..വെള്ളമടിക്ക് ഫണ്ട് പിരിവ് ആയിരുന്നു..പിന്നെ കാമുകീടെ പേര്‍ അതല്ല..(എന്റെ ജീവിതം കോഞ്ഞാട്ടയാക്കല്ലെ..:) )
കുറുമാന്‍‌ജി : അപ്പൊഴേക്കും നോട്ടെടുത്ത് മടക്കി നോക്കിയോ...(കഥയില്‍ ചോദ്യമില്ല എന്ന കാര്യം മറന്നോ...) ചിലപ്പോള്‍ ഞാന്‍ 7 ആയിട്ടായിരിക്കും മടക്കിയത് :)

Haree said...

കുറുമാന്‍സിനോട്,
എട്ടായി മടക്കുവാനൊക്കൂല്ല എന്നു പറഞ്ഞതിന്റെ ഗുട്ടന്‍സ് പിടികിട്ടിയില്ല. പത്തുരൂപ നോട്ട് ഒരു 4-5 പ്രാവശ്യത്തില്‍ കൂടുതല്‍ മടക്കുവാന്‍ കഴിയില്ല. സമ്മതിച്ചു. പക്ഷെ എത്ര വലിയ പേപ്പറും എട്ടായി മടക്കുവാന്‍ കഴിയില്ല എന്നു പറഞ്ഞതിന്റെ ലോജിക്ക്??? എട്ടായി മടക്കുക = എട്ടു പ്രാവശ്യം മടക്കുക എന്നുതന്നെയല്ലേ?

കുട്ടന്‍സിനോട്,
ഫ്ലാഷ് ബാക്ക് ഇഷ്ടമായീട്ടോ...:) എന്നാലും ആ ഭാവി പറഞ്ഞയാളെ ഒന്നിരുത്തുന്നതു പ്രതീക്ഷിച്ചാണ് ഞാന്‍ വായിച്ചത്... നിരാശനായി :(
--

Promod P P said...

ഗുട്ടാ‍.. അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണല്ലൊ..

ഓ.ടോ : അവതരിപ്പിച്ച് രീതി ഹൃദ്യം.. കൊള്ളാം നന്നായിരിക്കുന്നു

കുട്ടന്‍സ്‌ | S.i.j.i.t.h said...

ഹരീ, തഥാഗതന്‍ മാഷേ..
നന്ദി..ഈയിടെയായി എഴുതാന്‍ ഒരു മൂഡ്...ചുമ്മാ ഇരിക്കട്ടെന്നു...

ഹരീ മാഷേ..ഞാന്‍ പത്ത് രൂപാ നോട് വിജയകരമായി എട്ടായി മടക്കിനോക്കി കേട്ടോ...ഇനി തര്‍ക്കം വേണ്ട വേണംന്ന് വെച്ചാല്‍ പത്തിന്റെ നൊട്ട് ഇനീം മടങ്ങും... :)

പിന്നെ പുതിയ ഒരു പോസ്റ്റ് ഇവിടെ ഇട്ടിട്ടുണ്ട്...മഴക്കാലത്തെക്കുറിച്ച്...വായിക്കൂ :

കലിമഴക്കാലം!!!

കുറുമാന്‍ said...

ഹരീ, കുട്ടന്‍സ്, ഞാന്‍ പറഞ്ഞ കമന്റ് ശ്രദ്ധിക്കൂ. എത്രവലിയ പേപ്പറായാലും ശരി, ഓരോ മടക്കും പേപ്പറിന്റെ നേര്‍ പകുതി വച്ചാണു മടക്കുന്നതെങ്കില്‍ ഒരു പേപ്പറും ഏഴില്‍കൂടുതല്‍ തവണ മടക്കാന്‍ പറ്റില്ല എന്നാ പറഞ്ഞത്. അല്ലാതെ, ചുരുട്ടുകയോ, തോന്നിയപോലെ മടക്കുകയോ ചെയ്താല്‍ പത്തല്ല, ആയിരം മടക്ക് മടക്കാം........നേര്‍ പകുതിയായി....നോട്ട് ദ പോയന്റ്.

അല്ല ഇവിടെ എന്താ കുട്ടന്‍സ് ഒരു കമന്റ് മോഡറേഷന്‍.

കുട്ടന്‍സ്‌ | S.i.j.i.t.h said...

കുറുമാന്‍‌ജി,
മാഷ് പറഞ്ഞതു ശരിയാണു..
പിന്നെ, കമന്റ് മോഡറേഷന്‍ എടുത്തു കളഞ്ഞിരിക്കുന്നൂ....

:)

Areekkodan | അരീക്കോടന്‍ said...

കുട്ടന്‍സേ...പതിനഞ്ച്‌ പോയി അല്ലേ...എനിക്കൊരമ്പത്‌ ആ ബാങ്ക്ലൂരില്‍ പോയത്‌ ഞാന്‍ ഒന്ന് പോസ്റ്റുന്നുണ്ട്‌

മുക്കുവന്‍ said...

"പത്തീല്‍ കുറയാത്ത ഒരു ഒറ്റ നൊട്ട്‌ എട്ടായി മടക്കി കണ്ണടച്ച്‌ ഇങ്ങോട്ട്‌ വെച്ചെ..പേടിക്കെണ്ട ഞാന്‍ അവസാനം തിരിച്ച്‌ തരാം..."

haha I coundn't stop laughing. I had a similar experience in kochi, in front of the passport office. I lost 20+10. nalla avatharanam.

കുട്ടന്‍സ്‌ | S.i.j.i.t.h said...

അരീക്കോടന്‍, മുക്കുവന്‍ : അതൊക്കെ ഓരോ പോസ്റ്റാക്കിയിടൂ...ഇവിടെ വന്നതില്‍ സന്തോഷം..

നിധീഷ് said...

(അയാളുടെ കണ്ണുകള് പുസ്തകത്തിന്റെ താളുകളിലൂടെ നീങ്ങുമ്പോഴാണു ഞാനത് ശ്രദ്ധിച്ചത്..അയാളില് നിന്നും ഉയരുന്നത് പാക്കറ്റ് ചാരായത്തിന്റെ മണമല്ലെ...)

Packet charayam ... nalla parijayam aanelle