Sunday, March 25, 2007

അവര്‍ മൂന്നുപേര്‍ - നോവല്‍

ഒന്ന്
----
അരണ്ട വെളിച്ചം ഉറക്കം നടിച്ചു കിടക്കുന്ന കണ്ണാടി മുറികളില്‍ ഒന്നില്‍ അവന്‍ നിര്‍വ്വികാരതയോടെ ഇരുന്നു. എവിടെ നോക്കിയാലും അവനു അവനെത്തന്നെ കാണാം..അവനെ മാത്രം.

മങ്ങിയ ചുവപ്പുവിളക്കുകള്‍ സ്വയം പ്രതിബിംബങ്ങളാവുന്ന, എരിഞ്ഞടങ്ങുകയാണോ എന്നു തോന്നിപ്പിക്കുന്ന ഫിലമെന്റുകളെ നോക്കി മടുപ്പിക്കുന്ന നിര്‍വ്വികാരതയോടെ അവന്‍ അവള്‍ക്കൊപ്പം ഇരുന്നു..അവള്‍ അവനെ കൈപിടിച്ച്‌ കൂട്ടിക്കൊണ്ട്‌ വന്നതായിരുന്നൂ ആ കുടുസ്സ്‌ മുറിയിലേക്കു. ബിക്കിനിധാരികളായ ഒട്ടനവധി സുന്ദരികളില്‍ നിന്നും എന്തുകൊണ്ടോ അവന്‍ തിരഞ്ഞെടുത്തത്‌ അവളെ ആയിരുന്നൂ..

മുറുകിയ താളച്ചുവടുകളോടെ അര്‍ദ്ധനഗ്നകളായ ബാര്‍ഗേള്‍സ്‌ പോള്‍ ഡാന്‍സ്‌ തുടങ്ങിയിരിക്കുന്നു.

"യു വാന്‍ഡ്‌ മി റ്റു പ്ലേ അഗൈന്‍.." അവള്‍ ചോദിച്ചു.ഒരു പാട്ട്‌ കഴിഞ്ഞിരുന്നു.യാന്ത്രികവും, കൃതൃമവുമായ ചലനങ്ങളോടെ, അഭിനയിച്ച്‌ ഫലിപ്പിക്കാവുന്ന വികാരപ്രകടനങ്ങളോടെ, അവനെ തൊട്ടു,തൊടാതെ അവള്‍ ഡാന്‍സ്‌ ചെയ്തു.എന്തുകൊണ്ടോ ഒരു തരത്തിലുമുള്ള വികാരവും കരോളിന്‍ എന്ന ആ സ്റ്റ്രൈപ്‌ ബാര്‍ഗേളിനു അവനില്‍ ഉണര്‍ത്തുവാനായില്ല..

"വില്‍ ഗോ ഫോര്‍ അനൊതര്‍ സോങ്ങ്‌"-അവള്‍ വീണ്ടും ചോദിച്ചു.."നോ താങ്ക്സ്‌..കരോളിന്‍ ഐ എന്‍ജോയ്ഡ്‌ എ ലോട്‌..താങ്ക്യൂ അഗൈന്‍".."ഓകേയ്‌..പ്ലീസ്‌ ഗിമ്മീ 40 ഡോളേര്‍സ്‌ ആന്‍ഡ്‌ ദി ടിപ്സ്‌ യൂ കാന്‍ ഡിസൈഡ്‌..". കാലിയായ പോക്കറ്റുമായി പുറത്തേക്ക്‌ കടന്ന് അവന്‍ കാര്‍ സ്റ്റാര്‍ട്‌ ചെയ്തു..

-------------------------------------------------

അത്രയും എഴുതിയപ്പോഴേക്കും അവനു ഉറക്കംവരാന്‍ തുടങ്ങിയിരുന്നു..സമയം 11:30 കഴിഞ്ഞിരിക്കുന്നു.അടുത്ത റൂമുകളില്‍ നിന്നും അരിച്ചിറങ്ങിയ ഉറക്കം അവന്റെ ചുമരുകളില്‍ മാറാലപോലെ പറ്റിപ്പിടിച്ചിരിക്കുന്നുണ്ടായിരുന്നു..കുറേക്കാലമായി മനസ്സില്‍ ഉള്ള ഒരു നോവല്‍ ആണു..സ്വന്തമായി ഒരു ബ്ലോഗ്‌ തുടങ്ങുമ്പോള്‍ ഇടണം, അതിനു വേണ്ടിയാണു എഴുതുന്നത്‌. തന്റെ പ്രവാസ ഏകാന്തതയ്ക്‌ ഒരു ആശ്വാസമാകുമെങ്കില്‍ അത്രയും ആവട്ടെ.ടോയ്‌ലെറ്റില്‍ നിന്നും അപ്പോളും വെള്ളം വീഴുന്ന ശബ്ദം ഉയര്‍ന്നു കേള്‍ക്കാം.ഇനി ഉറങ്ങാം. ജനാല കര്‍ട്ടന്‍ നീക്കി പുറകില്‍ നിലാവു വീണു കിടക്കുന്ന മൊട്ടക്കുന്നുകളും, പിന്മുറ്റത്ത്‌ നിര്‍ത്തിയിട്ടിരിക്കുന്ന കറുത്ത കാറുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചെറുമഴത്തുള്ളികളും നോക്കി ഉറക്കം അവനെ കീഴ്‌പ്പെടുത്തിതുടങ്ങി....

**************************

മൂന്നര വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ജനുവരിമാസം..ബാംഗ്ലൂര്‍ മജസ്റ്റിക്‌ ബസ്‌ സ്റ്റേഷന്‍..അവന്‍ ആദ്യമായി ആ നഗരത്തില്‍ ചേക്കേറിയത്‌ അന്നാണു..ഏതൊരു പ്രൊഫഷണല്‍ ബിരുദദാരിയേയും പോലെ, പ്രതീക്ഷകളും, സ്വപ്നങ്ങളും ആയി..പിന്നീടുള്ള പ്രഭാതങ്ങളില്‍ പതിവു മോര്‍ണിംഗ്‌ വാക്കുകള്‍ക്കിടയില്‍ നിരവധി പുതുമുഖങ്ങള്‍, തോളത്ത്‌ തൂക്കിയ ബാഗുകളും, മനസ്സില്‍ കനം വെച്ച പ്രതീക്ഷകളും ആയി വന്നിറങ്ങി നടന്ന് പോവുന്നത്‌ കാണുമ്പോള്‍, അവന്‍ അവനെത്തന്നെ ഓര്‍ക്കാറുണ്ടായിരുന്നു..

അതിനും വര്‍ഷങ്ങള്‍ക്കു ശേഷം, കടുത്ത വരള്‍ച്ചയിലും,ആഭ്യന്തര കലാപത്തിലും ബാംഗ്ലൂര്‍ നഗരം ചിറകുടഞ്ഞു വീണതിനും മുന്‍പേ, സ്വയം ഭരണാധികാരിയായി അഥവാ സി.ഇ.ഒ ആയി സൃഷ്ടിച്ച അവസരങ്ങളുടെ ഗ്രാമം അഥവാ ഓപ്പര്‍ച്യൂണിറ്റി വില്ലേജിലെ അത്യാധുനിക ഓഫീസ്‌ മുറിയില്‍ ഇരുന്ന്, ചുറ്റും പരന്നുകിടക്കുന്ന പൂപ്പാടങ്ങള്‍ക്കും, പച്ചക്കറി തോട്ടങ്ങള്‍ക്കും, ടെക്‌ സിറ്റിക്കും മുകളിലൂടെ കാഴ്ച്ക മറച്ചു നില്‍ക്കുന്ന എന്റര്‍ടൈന്‍മന്റ്‌ പാര്‍ക്കിലെ റൈഡുകളില്‍ പുത്തന്‍ പ്രതീക്ഷകളുമായി വന്ന് ചേരുന്ന യുവാക്കളില്‍ സ്വന്തം പ്രതിബിംബങ്ങള്‍ തിരയുന്ന പതിവ്‌ തുടര്‍ന്നു പോന്നിരുന്നു..ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന ആ പഴയ കെട്ടിടക്കാടുകള്‍ക്കു പകരം സുന്ദരമായ ഒരു നഗരം തന്നെ അയാള്‍ (അവനില്‍ നിന്നും അയാളിലേക്കുള്ള ദൂരം വളരെ ആയിരുന്നെങ്കില്‍ കൂടിയും..)പണിതീര്‍ത്തിരുന്നു. കുട്ടിക്കാലത്ത്‌ തന്റെ അച്ചന്റെ കൂടെ/അച്ചന്റെ ജോലിസ്ഥലമായ പ്രതാപം മങ്ങിത്തുടങ്ങിയ ആ വ്യവസായ ടൗണ്‍ഷിപ്പില്‍ കുറേനാള്‍ താമസിച്ചതിന്റെ ഓര്‍മ്മപുതുക്കല്‍ കൂടിയായിരുന്നൂ, തന്റെ സ്വപ്നപദ്ധതികള്‍ക്കു വേണ്ടി ആ സ്ഥലം തന്നെ തിരഞ്ഞെടുക്കാന്‍ അയാളെ പ്രേരിപ്പിച്ചത്‌..

****************************************************************

രണ്ട്‌
-----

പുഴയില്‍ കുറേ നെറ്റിയെല്‍പൊട്ടന്മാര്‍ ഉണ്ടായിരുന്നൂ..അവനും കൂട്ടുകാരനും കൂടി അതില്‍ കുറേ മീനുകളെ തോര്‍ത്തുമുണ്ട്‌ ചേര്‍ത്തുണ്ടാക്കിയ വലയില്‍ കുടുക്കുകയും ചെയ്തു. സമയം സന്ധ്യ അടുത്തിരിക്കുന്നു. സ്കൂള്‍ വിട്ട്‌ കുറെ നേരം കഴിഞ്ഞു. ഇനിയും കുറെ മലകള്‍ കയറി ഇറങ്ങണം വീടെത്താന്‍. ഇന്ന് മുള്ളിന്‍ കായ പറിച്ച്‌ സമയം കളയരുത്‌..സമയം വൈകിയാല്‍ അമ്മ തല്ലും. അവന്‍ അതുവരേയും പിടിച്ച പരല്‍ക്കുഞ്ഞുങ്ങളേയും,നെറ്റിയേല്‍പൊട്ടന്മാരേയും ചോറ്റുപാത്രത്തില്‍ ചേര്‍ത്തടച്ചു..

പുഴയില്‍ ചാഞ്ഞുകിടക്കുന്ന പാറകളിലും, ആറ്റുവഞ്ചിക്കൊമ്പുകളിലും നിറയെ പൂമ്പാറ്റകള്‍ ആയിരുന്നു.അവരുടെ കാല്‍പ്പെരുമാറ്റങ്ങളില്‍ അവയെല്ലാം പറന്നുയര്‍ന്നു.മഞ്ഞയും,നീലയും,പുള്ളികളും നിറഞ്ഞ പൂമ്പാറ്റകളെക്കൊണ്ട്‌ നിറഞ്ഞ ആകാശം.

അന്നു രാത്രി അവന്‍ കുറേ സ്വപ്നം കണ്ടു..പുഴയില്‍ ഒഴുകിനടക്കുന്ന സുന്ദരങ്ങളായ പൂവുകള്‍. ചുവപ്പും,ഓറഞ്ചും നിറത്തിലുള്ളവ..അവയ്ക്കാകെ ഒരു വല്ലാത്ത സുഗന്ധവും..മനോഹരമായ സുഗന്ധം. എവിടെനിന്നാണെന്നറിയാന്‍ അവന്‍ ഓളങ്ങള്‍ക്കെതിര്‍ ദിശയില്‍ നടന്നു. കുത്തിയൊലൊച്ച്‌ ആര്‍ത്ത്‌ വരുന്ന കാട്ടരുവികളൊന്നിന്റെ കൈവരികളില്‍ ഓരം ചേര്‍ന്ന് ഉള്‍ക്കാടുകളിലേക്കു അവന്‍ നടന്നു കയറി. ആവിടെ ഒന്നും പൂമരങ്ങള്‍ ഇല്ലായിരുന്നു..എന്നിട്ടും കുറേയെറെ പൂക്കള്‍ പുഴയുടെ കരയില്‍ വന്നടിഞ്ഞിരുന്നു..മണമുള്ള പൂക്കള്‍. നടന്നു നടന്നു അവന്‍ ഒരു വെള്ളച്ചാട്ടത്തിനടുത്തെത്തി..
അവന്റെ കാല്‍പ്പെരുമാറ്റത്തില്‍ നിലത്തു വീണു കിടന്നിരുന്ന കരിയിലകള്‍ എല്ലാം ശാപമോക്ഷം കിട്ടിയ ചിത്രശലഭങ്ങള്‍ ആയി പറന്ന് ഉയര്‍ന്നു..

പല നിറത്തിലുള്ള, മണമുള്ള ശലഭങ്ങള്‍..

ആറ്റിന്‍കരയില്‍ പകുതി ചാഞ്ഞു കിടക്കുന്ന കറുത്ത പാറകളില്‍ ഒന്നില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി ഇരിക്കുന്നു..മുഖം മറിച്ച്‌ നീണ്ട്‌ കിടക്കുന്ന മുടിയിഴകള്‍ വെള്ളത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നുണ്ട്‌..അവളുടെ കവിളിണകളിലൂടെ ഒരുകി വരുന്ന കണ്ണുനീര്‍ത്തുള്ളികള്‍ പുഴയില്‍ ചേരുമ്പോള്‍ മനോഹരമായ പൂക്കള്‍ ആയി മാറുന്നുണ്ടായിരുന്നു..അവള്‍ അവനെ കണ്ടില്ല..അവള്‍ക്കു ചുറ്റും പറന്നു വന്നിരുന്ന ചിത്രശലഭങ്ങള്‍ അവളെ തൊട്ടു..അവള്‍ അവനെ തിരിഞ്ഞു നോക്കി..അവന്റെ വിരലുകള്‍ അവളുടെ കണ്ണീരൊപ്പി..അവള്‍ രാജകുമാരിയും അവന്‍ എഴു കടലും കടന്നു പൂക്കള്‍ക്കു പുറകെ സുഗന്ധം തേടിവന്ന രാജകുമാരനും ആയി മാറി...

പിന്നീട്‌ താന്‍ സൃഷ്ടിച്ച എന്റര്‍ടൈന്‍മന്റ്‌ പാര്‍ക്കുകളില്‍ ഒന്നില്‍ അവന്‍ ആ മനോഹരമായ സ്വപ്നത്തിനു പുന:സൃഷ്ടി നടത്തി..അവിടെ അവന്‍ കാടും, കാട്ടരുവിയും,കരയുന്ന സുന്ദരിയേയും,പറന്നു നടക്കുന്ന ചിത്രശലഭങ്ങളേയും പുന:ജ്ജീവിപ്പിച്ചു..പുഴയില്‍ നിറയെ സുഗന്ധമുള്ള,സ്വയം പ്രകാശിക്കുന്ന പൂക്കള്‍ ഒഴുകി നടന്നു..

6 comments:

കുട്ടന്‍സ്‌ said...

അവര്‍ മൂന്നുപേര്‍ -- ആമുഖം
----------------

"അതിനും വര്‍ഷങ്ങള്‍ക്കു ശേഷം, കടുത്ത വരള്‍ച്ചയിലും,ആഭ്യന്തര കലാപത്തിലും ബാംഗ്ലൂര്‍ നഗരം ചിറകുടഞ്ഞു വീണതിനും മുന്‍പേ, സ്വയം ഭരണാധികാരിയായി അഥവാ സി.ഇ.ഒ ആയി സൃഷ്ടിച്ച അവസരങ്ങളുടെ ഗ്രാമം അഥവാ ഓപ്പര്‍ച്യൂണിറ്റി വില്ലേജിലെ അത്യാധുനിക ഓഫീസ്‌ മുറിയില്‍ ഇരുന്ന്, ചുറ്റും പരന്നുകിടക്കുന്ന പൂപ്പാടങ്ങള്‍ക്കും, പച്ചക്കറി തോട്ടങ്ങള്‍ക്കും, ടെക്‌ സിറ്റിക്കും മുകളിലൂടെ കാഴ്ച്ക മറച്ചു നില്‍ക്കുന്ന എന്റര്‍ടൈന്‍മന്റ്‌ പാര്‍ക്കിലെ റൈഡുകളില്‍ പുത്തന്‍ പ്രതീക്ഷകളുമായി വന്ന് ചേരുന്ന യുവാക്കളില്‍ സ്വന്തം പ്രതിബിംബങ്ങള്‍ തിരയുന്ന പതിവ്‌ തുടര്‍ന്നു പോന്നിരുന്നു.."...

"അന്നു രാത്രി അവന്‍ കുറേ സ്വപ്നം കണ്ടു..പുഴയില്‍ ഒഴുകിനടക്കുന്ന സുന്ദരങ്ങളായ പൂവുകള്‍. ചുവപ്പും,ഓറഞ്ചും നിറത്തിലുള്ളവ..അവയ്ക്കാകെ ഒരു വല്ലാത്ത സുഗന്ധവും.. "

യാഥാര്‍ത്ഥ്യത്തിനും,ഫാന്റസിക്കും ഇടയിലൂടെ ഒരു യാത്ര..എന്റെ ഈ ആദ്യ നോവല്‍..ബ്ലോലോകത്തിനു മുന്‍പില്‍ ഞാന്‍ സമര്‍പ്പിക്കട്ടെ..

kaithamullu - കൈതമുള്ള് said...

വരട്ടെ..കൊറച്ചൂടി ഇങ്ങ്‌ട്ടു പോരട്ടേ...
-അഭിപ്രായം പറയാന്‍ ആയില്ലാ എന്നാണ് എന്റെ ഫാന്റസി!

"അന്നു രാത്രി അവന്‍ കുറേ സ്വപ്നം കണ്ടു..പുഴയില്‍ ഒഴുകിനടക്കുന്ന സുന്ദരങ്ങളായ പൂവുകള്‍. ചുവപ്പും,ഓറഞ്ചും നിറത്തിലുള്ളവ..അവയ്ക്കാകെ ഒരു വല്ലാത്ത സുഗന്ധവും.. “

-നല്ല ഒഴുക്കുള്ള ഭാഷ.ചെറിയൊരു ‘ബ്രഷ് അപ്’ കൂടി ചെയ്താല്‍ അപാരം!

സ്നേഹിതന്‍ said...

തുടക്കം സുന്ദരം.

അരീക്കോടന്‍ said...

കുട്ടന്‍സ്‌...നന്നായിരിക്കുന്നു

കുട്ടന്‍സ്‌ said...

അവര്‍ മൂന്നുപേര്‍ വായിച്ച് തുടങ്ങിയ എല്ലാവര്‍ക്കും നന്ദി..
കൈതമുള്ള്,അരീക്കോടന്‍,സ്നേഹിതന്‍..നന്ദി

നീണ്ട ഒരു മാസത്തെ ഇടവേളക്കു ശേഷം,
അടുത്ത ഭാഗം നാളെ ഇവിടെ തുടര്‍ന്നു വായിക്കുക..

കുറുമാന്‍ said...

തുടക്കം നന്നായിരിക്കുന്നു സിജിത്. ഒന്നുകൂടെ മുറുക്കണം. ഒരു സംശയവും ഉണ്ട്.

അവയ്ക്കാകെ ഒരു വല്ലാത്ത സുഗന്ധവും..മനോഹരമായ സുഗന്ധം. സുഗന്ധത്തിനു മനോഹാരിത അനുഭവപെടുന്നതെങ്ങിനെ?