Monday, July 30, 2007

പറഞ്ഞു കേട്ട കഥ

"നിന്റെ അപ്പനെങ്ങിനാ മരിച്ചത്‌"

വാഴയില ചീന്തിലേക്ക്‌ വീട്ടില്‍ നിന്നും പൊതിഞ്ഞു കെട്ടിക്കൊണ്ടു വന്ന കപ്പയും ബീഫ്‌ ഉലത്തിയതു പകര്‍ന്നുകൊണ്ട്‌ അവന്‍ ചോദിച്ചു..വേനല്‍ക്കാല സൂര്യന്‍ കശുമാവിന്‍ തലപ്പുകള്‍ക്കിടയിലൂടെ, ചുവന്നുതുടുത്ത കശുമാമ്പഴത്തെ തഴുകി മണ്ണിലേക്കിറ്റു വീഴുന്നുണ്ടായിരുന്നൂ..

നല്ല കരിമ്പാറപ്പുറത്തു പതിനേഴു ദിവസം ഉച്ചവെയില്‍ കൊള്ളിച്ചുണക്കിയെടുത്ത വാട്ടുകപ്പ പുഴുങ്ങി, തേങ്ങയും,ഉള്ളിയും,കാന്താരിമുളകും,വെളുത്തുള്ളിയും ചേര്‍ത്തരച്ചു ചേര്‍ത്ത്‌ കുഴചെടുത്ത പുഴുക്ക്‌ കൊതിയോടെ നോക്കി അവന്‍ പറഞ്ഞു..

"അതൊരു വലിയ കഥയാണളിയാ.."

ഇരിഞ്ഞിട്ട കശുമാമ്പഴങ്ങളില്‍ വച്ച കാലു വഴുതിപോവാതെ എടുത്തു ചമ്രം പടിഞ്ഞിരുന്നു അവന്‍ ഉത്സാഹം കൂട്ടി..

"നീ പറ.."

"അപ്പന്‍ ഒരു ദിവസം ഷാപ്പീന്ന്‌ അന്തിക്കള്ളും അടിച്ച്‌ നമ്മടെ കണക്കന്‍ മല കയറി വരു‍വായിരുന്നൂ.."

ചതച്ച വെളുത്തുള്ളിയും, ഇറച്ചിമസാലയും,നെയ്യില്‍ മൂപ്പിച്ച തേങ്ങാകൊത്തും ചേര്‍ത്തു ഉലത്തിയെടുത്ത ബീഫ്‌ കറിയില്‍ നിന്നും സാമാന്യം വലിയ കഷ്ണം ഒരു നുള്ളു പുഴുക്കിന്റെ അകമ്പടിയോടെ വായിലേക്കിട്ട്‌ രണ്ടാമന്‍ ചോദിച്ചു..

"എന്നിട്ട്‌??"

"നിനക്കറിയാലോ നല്ല കുത്തനെ ഉള്ള കേറ്റമല്ലയോ അത്‌..അപ്പനങ്ങിനെ കുറേ പാട്ടൊക്കെ പാടി, നാട്ടുവെളിച്ചത്തിന്റെ തിരി നിലാവെളിച്ചം കട്ടെടുക്കുന്നതു നോക്കി കയറ്റം കയറി മുന്നോട്ടു വരുമ്പോ..അതാ തൊട്ടു മുന്നില്‍ ഒരു ഉഗ്രന്‍ ഘടഘടിയന്‍ കാട്ടു പന്നി..."

ഭാവാഭിനയതോടേയും,കൈകാല്‍ കലാശങ്ങളോടെയും കൂടി അവന്‍ വിവരണം തുടര്‍ന്നു..തന്റെ മുന്നിലെ ഇലച്ചീന്തിലെ പുഴുക്കിനെ ഗൗനിക്കാതെ..

"എന്നാ പറയാനാ..ആ പന്നി അപ്പനെ തേറ്റക്കു കുത്താന്‍ വന്നൂ..അപ്പന്‍ ഓടി..റബ്ബര്‍ തോട്ടം മുറിച്ചു കടാന്നു..വളക്കുഴികള്‍ ചാടിക്കടന്ന്‌.."

വായില്‍ നിറച്ചു വച്ചിരിക്കുന്ന പുഴുക്കുരുള ഒരിറുക്ക്‌ വെള്ളം കുടിച്ചിതുക്കി രണ്ടാമന്‍ അക്ഷമനായി ചോദിച്ചു

"എന്നിട്ട്‌ ???"

"എന്നിട്ടെന്നാ, അടുത്തെങ്ങും റബറല്ലാതെ വേറേ മരമൊന്നുമില്ലല്ലോ..അപ്പനോടി..പന്നി പുറകേയും..ഓടി ഓടി ഒടുക്കം ഒരു കൊച്ചു പ്ലാവിന്‍ തൈ.."

ശേഷിച്ച പുഴുക്കിന്‍ കൂനയില്‍ നിന്നും കുറേക്കൂടി വാരി തന്റെ ഇലച്ചീന്തിലേക്കിട്ട്‌ രണ്ടാമന്‍ വീണ്ടും ചോദിച്ചു..

"എന്നിട്ട്‌???"

"കഷ്ടകാലം എന്നാല്ലാതെ എന്തു പറയാനാ..നല്ല ഊരുള്ള പന്നിയല്ലെ..അതു വന്നു പ്ലാന്തൈക്കിട്ടു കുത്തോടു കുത്തു..അപ്പന്‍ മുറുക്കെ പിടിച്ചിരുന്നു..ഒടുക്കം പിടുത്തം വിട്ട്‌ നടുതല്ലി നിലത്തു വീണൂ..അങ്ങിനാ അപ്പന്‍ മരിച്ചെ.."

ശേഷിച്ച ഒരു നുള്ളു പുഴുക്കു മാത്രം കണ്ട്‌ നെടുവീര്‍പ്പിട്ട്‌ ഒന്നാമന്‍ ചോദിച്ചു..

"അല്ല..നിന്റെ അപ്പനും ഇങ്ങിനെ തന്നെയല്ലെ മരിച്ചത്‌..??? "

"അതെ..എന്നാ പറയാനാ..അപ്പനെ ഒരു പന്നി ഓടിച്ചു..അപ്പന്‍ ഓടിച്ചെന്നു ഒരു മരത്തേക്കേറി..മരത്തേന്നു പിടിവിട്ടു താഴെ വീണു..അപ്പന്‍ അതോടെ ക്ലോസ്‌.."

അവസാന പിടിപ്പുഴുക്കും ബീഫും വായിലേക്കിട്ട്‌ രണ്ടാമന്‍ ഇലമടക്കി ദൂരേക്കെറിഞ്ഞു..രുചി നോക്കാന്‍ ഒരു നുള്ളു ഭക്ഷണം പോലും കിട്ടാത്ത ഒന്നാമന്‍ അതു നോക്കി നെടുവീര്‍പ്പിട്ടു...

(പണ്ട്‌..പണ്ടെന്നു വച്ചാല്‍ വളരെപ്പണ്ട്‌ ആരോ പറഞ്ഞു തന്ന ഒരു കഥ..കുറച്ച്‌ പൊടിപ്പും തൊങ്ങലും ചേര്‍ത്ത്‌ കുറിച്ചു വെക്കുന്നു ഇവിടെ...)

(സമര്‍പ്പണം : കറുത്ത മുഖാവരണമിട്ട മരണം പടയാളിയുമായി ചതുരംഗം കളിച്ചു!!!!!..സെവന്‍‌ത് സീല്‍ എന്ന മനോഹരമായ ചലച്ചിത്രം ഒരുക്കിയ ഇങ്മാര്‍ ബര്‍ഗ്മാന്...)

6 comments:

കുട്ടന്‍സ്‌ | S.i.j.i.t.h said...

പണ്ട്‌..പണ്ടെന്നു വച്ചാല്‍ വളരെപ്പണ്ട്‌ ആരോ പറഞ്ഞു തന്ന ഒരു കഥ..കുറച്ച്‌ പൊടിപ്പും തൊങ്ങലും ചേര്‍ത്ത്‌ കുറിച്ചു വെക്കുന്നു ഇവിടെ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കുട്ടന്‍സേ ഒരു കഥ പറഞ്ഞേന്ന് ചോദിക്കുന്നുണ്ട് ഇപ്പോഴല്ല മീറ്റിന്റെ അന്ന്..

തീറ്റമത്സരം തുടങ്ങുമ്പോള്‍ ;) പിന്നെ രണ്ട് “എന്നിട്ടും“ വെള്ളം കുടിക്കൂന്ന ഗ്യാപ്പില്‍...

ശ്രീ said...

:)

ഇക്കു said...

:)

SUNISH THOMAS said...

കുട്ടന്‍സേ ഈ കഥ എനിക്കിഷ്ടപ്പെട്ടു. കഥയിലുപരി അതിന്‍റെ കണ്‍സ്ട്രക്ഷന്‍ മനോഹരം. നല്ല പ്രയോഗങ്ങള്‍. നാട്ടുവെളിച്ചവും ഇലച്ചീന്തും പിന്നെ ഒടുവില്‍ ഇങ്മര്‍ ബര്‍ഗ്മാനും.....

കഥയ്ക്കു മാജിക് ലാന്‍റേണ്‍ എന്നങ്ങു പേരിട്ടുകൂടാരുന്നോ?!

:)

കുട്ടന്‍സ്‌ | S.i.j.i.t.h said...

ചാത്താ : “കുട്ടന്‍സേ ഒരു കഥ പറഞ്ഞേന്ന് ചോദിക്കുന്നുണ്ട് ഇപ്പോഴല്ല മീറ്റിന്റെ അന്ന്..
” ... ഒരു കാര്യോമില്ല..ഇപ്പൊഴും നല്ല കപാസിറ്റിയാണ്..

ശ്രീ&ഇക്കു : :) താങ്ക്സ്

സുനീഷ് ഭായ് : ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം..എന്റെ വീട്ടില്‍ റബര്‍ വെട്ടാനും/പുറം പണിക്കുമൊക്കെയായി നില്‍ക്കുന്ന ഒരു തോമാച്ചേട്ടന്‍ ഉണ്ട്..പുള്ളി ആള്‍ ഒരു കഥക്കൂമ്പാരമാണ്..അവിടുന്ന് കുട്ടിക്കാലത്തെപ്പൊളോ കേട്ട ഒരു കഥയാണിത്..ഞാന്‍ കുറേ ഉപ്പും,മുളകും.,ബീഫും ഒക്കെ ചേര്‍ത്തൂ എന്നേ ഉള്ളൂ..
പിന്നെ, പണ്ട് മാതൃഭൂമിയില്‍ വരാറുള്ള മാലിയുടെ ലോകകഥാമാലിക (അത് ബുക്ക് ആയിട്ട് കിട്ടുമെങ്കില്‍ നല്ലതായിരുന്നൂ..) വായന നല്‍കിയ ഒരു പ്രചോദനം..
ഇത് പോസ്റ്റായിടുമ്പോഴായിരുന്നു ബെഗ്മാന്റെ മരണവാര്‍ത്ത അറിഞ്ഞത് അപ്പൊ ഈ പോസ്റ്റ് അങ്ങു ഡെഡിക്കേറ്റ് ചെയ്തു..അത്ര തന്നെ...