Monday, August 27, 2007

ബാംഗ്ലൂര്‍ ടൈംസ് - ഇന്ന് തിരുവോണം..

മലയാളിയുടെ കൂടപ്പിറപ്പായ ഉത്സവം.. പച്ചച്ചാണകം മെഴുകിയ മുറ്റത്തു നിന്നും ചാണകത്തിന്റേയും,പറമ്പില്‍ വിരിഞ്ഞ പൂക്കളുടേയും സമ്മിശ്ര ഗന്ധം ഉണര്‍ത്തുന്ന ഓണ ഓര്‍മ്മകളില്‍ നിന്നെല്ലാമകന്ന് ഓണനാളില്‍ ടെലിവിഷന്‍ ചാനലുകളിലെ കസവുതുന്നിയ ഓണക്കോടികളില്‍ തിളങ്ങുന്ന താരങ്ങളുടെ ഓണസ്മരണകളുടെ പശ്ചാത്തല സംഭാഷണത്തില്‍ മുഴുകി,അകമ്പടിയായി അല്‍പ്പം മദ്യം സേവിച്ച്‌ ചെറിയ ചെറിയ ആഘോഷങ്ങള്‍ക്കിടയില്‍ വന്ന വലിയ ഓണനാളില്‍ സന്തോഷത്തോടെ/സ്നേഹത്തോടെ ഓണം ആഘോഷിക്കുന്ന ലോകമെങ്ങുമുള്ള മലയാളികള്‍ക്കെന്റെ ഓണാശംസകള്‍...

--------

ഓണാവധിക്ക്‌ മുന്‍പ്‌ വരുന്ന വെള്ളിയാഴ്ച്ചയില്‍ പരീക്ഷാച്ചൂടില്‍ നിന്നും അടര്‍ന്നുമാറി ക്ലാസ്‌മുറിയില്‍..ചരടില്‍ കോര്‍ത്ത ഒരു ചോക്ക് കഷ്ണം വരച്ചൊരുക്കിത്തന്ന ഡിസൈനുകളില്‍ തൊടിയില്‍ നിന്നും സംഘടിപ്പിച്ച നാടന്‍/കാടന്‍ പൂക്കള്‍ ചേര്‍ത്തൊരുക്കുന്ന പൂക്കളങ്ങള്‍..
പിന്നെ ആര്‍പ്പും..സന്തോഷവും നിറയുന്ന വായുവില്‍ ഒരു കട്ടിക്കയറിന്റെ ഇരുപുറങ്ങളിലും നിന്നു പരസ്പരം ബലാബലം നടത്തിയ കമ്പവലി മത്സരങ്ങള്‍..
ഒടുവില്‍ സമ്മാനമായ്‌ കിട്ടിയ ഒരുകുലപ്പഴത്തിന്റെ അവകാശികളിലൊരാളാവാന്‍ ആര്‍പ്പുവിളിച്ചോടിചെന്ന് ഒരു പഴത്തൊലിമാത്രം കൈപ്പിടിയില്‍ ഒതുങ്ങിയ ജാള്യതയില്‍ തിരികെ വന്നതും...

--------
തിളച്ച എണ്ണയില്‍ പപ്പടം പുളഞ്ഞുവീര്‍ത്തൊടുവില്‍ ഒരു ഈര്‍ക്കില്‍ത്തുമ്പില്‍ കോര്‍ത്തെടുക്കവേ അതില്‍ നിന്നൊരു നുള്ളു അമ്മകാണാതടര്‍ത്തിയെടുത്ത്‌..
പറമ്പില്‍ നിന്നും വെട്ടിയെടുത്ത നാക്കിലയില്‍ വെള്ളം ഒഴിച്ച്‌ കീറത്തുണികൊണ്ട്‌ തുടച്ചെടുത്തതും..
പിന്നെ അതില്‍ നിറഞ്ഞ ഉപ്പേരിക്കൂട്ടങ്ങളും,നൂറു കറികളും ...

--------

ഇന്നലെ ബാംഗ്ലൂരില്‍ കെ.ആര്‍ പുരത്ത്‌ കൂട്ടുകാര്‍ (തറവാട്ടുമക്കള്‍ എന്ന് ഞങ്ങള്‍ പരസ്പരം വിളിക്കുന്ന)വീട്ടില്‍പ്പോവാന്‍ കഴിയാത്ത ചിലര്‍- ഞങ്ങളുടെ സ്വന്തം തറവാടായ- വാടകവീട്ടില്‍ ഒത്ത്‌ കൂടി സ്വന്തം സൃഷ്ടികളായ അവിയലും,സാമ്പാറും,ഇഞ്ചിക്കറിയും കൂട്ടി ഊണുകഴിച്ചതും..

--------

ഇന്ന്..ഏതാനും മണിക്കൂറുകള്‍ക്കകം..ഏതെങ്കിലും ഒരു മലയാളി ഹോട്ടലിന്റെ പടിവാതിലില്‍ ഊഴംകാത്ത്‌ നിന്ന് ഓണസദ്യക്കിലയിട്ടുണ്ണുന്നതും..
എല്ലാം എല്ലാം എന്റെ ഓണ ഓര്‍മ്മകളില്‍ പെടുമായിരിക്കും...!!!!!!!!!!!!!

------
ഇപ്പോള്‍ തോന്നുന്നൂ...ഛേ..ലീവെടുക്കാമായിരിന്നൂ...
വീട്ടില്‍പ്പോവാമായിരുന്നൂ.....
!!!!!!!!!!!!!


“മേലേക്കുന്നില്‍ പൂമരങ്ങള്‍, താഴേക്കാവില്‍ കോമരങ്ങള്‍
തുടികൊട്ടും പാട്ടും എങ്ങും ഉത്സവങ്ങള്‍
പലവട്ടം ഓര്‍ക്കാനെന്റെ കേരളം..പലവട്ടം ഓര്‍ക്കാനെന്റെ കേരളം

മഴവില്ലിന്‍ തേരിലേറി പൂവുമായ് വാ തുമ്പിപ്പെണ്ണേ
ഓണമായെന്‍ കനവില്‍ നീ വായോ
മാമ്പൂക്കള്‍ പൊഴിയും തൊടിയില്‍..പൊന്നാമ്പല്‍ പൂക്കും കടവില്‍
തേടിയലഞ്ഞൂ എന്റെ പൂങ്കിനാക്കള്‍ എന്റെ പൂങ്കിനാക്കള്‍
മഴതോരും നേരം നോ‍ക്കി കുളിര്‍തെന്നല്‍ കവിളില്‍ തഴുകും
ഓര്‍മ്മതന്‍ തേന്‍സുഗന്ധം തേടിയെത്തുമോ വീണ്ടും തേടിയെത്തുമോ..
മഴവില്ലിന്‍ തേരിലേറി പൂവുമായ് വാ തുമ്പിപ്പെണ്ണേ
ഓണമായെന്‍ കനവില്‍ നീ വായോ

മെല്ലെമെല്ലെയീ നവ്യഭാവങ്ങളുള്ളിലൂറുമ്പൊഴും
കരിനിഴല്‍ വീണ മണല്‍ശരങ്ങളായ് നീറുമെന്റെ ഹൃദയം
മരുഭൂവില്‍ പിറന്ന മണ്ണിന്‍ ഓര്‍മ്മകളീല്‍ അറിയാതെ മയങ്ങുമ്പോള്‍ നൊമ്പരങ്ങള്‍
തേന്മാവിന്‍ ചോട്ടില്‍ വീണ്ടും ചെന്നിരിക്കാന്‍..കളിവീടു വെയ്ക്കും കാലം ഓര്‍ത്തിരിക്കാന്‍..
ഉരുകുന്ന എരിവെയിലിന്‍ നൂലിഴയില്‍ മഴമുത്തായ് പെയ്യാനെത്തി എന്റെ കേരളം..“


പണ്ടേതോ ഓണക്കാലത്ത് കോളേജ് ഓണപ്പാട്ട് മത്സരത്തിനായ് ഞങ്ങള്‍ കുറച്ച് പേര്‍ ചേര്‍ന്ന് ചിട്ടപ്പെടുത്തിയ പാട്ടിനു വേണ്ടി എഴുതിയ ചില വരികള്‍....

ഓണാശംസകള്‍....

8 comments:

കുട്ടന്‍സ്‌ | S.i.j.i.t.h said...

ഇപ്പോള്‍ തോന്നുന്നൂ...ഛേ..ലീവെടുക്കാമായിരിന്നൂ...
വീട്ടില്‍പ്പോവാമായിരുന്നൂ.....
!!!!!!!!!!!!!

sandoz said...

കുട്ടന്‍സേ...ഓണാശംസകള്‍....
നല്ലൊരു ഓണമായിട്ട്‌ കണ്ണില്‍ ക്കണ്ട ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കാതെ...വല്ല ബാറിലും പോടാ...
[തെറ്റിദ്ധരിക്കരുത്‌..ബാറില്‍ നല്ല ഊണു കിട്ടും..അല്ലേല്‍ മഴനൂലിനോട്‌ ചോദിച്ച്‌ നോക്ക്‌]

കുഞ്ഞന്‍ said...

ഓണത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്കോടി വരുന്നത് പരീക്ഷ ചൂടില്‍ നിന്നുള്ള രക്ഷയും അവധിയും, പിന്നെ പൂത്തറയുണ്ടാക്കാന്‍ വേണ്ടി കുനിയന്‍ ഉറുമ്പിന്റെ കൂട് തപ്പി നടന്ന് മണ്ണു കൊണ്ടു വരുന്നത്, അന്യന്റെ വളപ്പില്‍ നിന്നും സാഹസികമായി പൂക്കള്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ പറിക്കുന്നത്..ഉപ്പേരികള്‍ ഉണ്ടാക്കുമ്പോള്‍ അമ്മ കാണാതെ ‍രണ്ടു കയ്യിലും വാരി വള്ളി നിക്കറിന്റെ പോക്കറ്റില്‍ കുത്തി നിറക്കുന്നത്. അവസാനം ഊഞ്ഞാലാട്ടം അങ്ങിനെ ഒത്തിരിയൊത്തിരി നിറമുള്ള ഓര്‍മ്മകള്‍...

എന്തു ചെയ്യാം കാശുണ്ടാക്കാനുള്ള അത്യാര്‍ത്തിയില്‍, മരുഭൂമിയില്‍ അന്നത്തിനു മുട്ടില്ലാതെ അങ്ങിനെ ഓണം ഇങ്ങിനെയൊക്കെ ആഘോഷിക്കുന്നു.

കുട്ടാ ഇതൊക്കെ ഒന്നുകൂടി ഓര്‍മ്മിച്ച ഈ കുറിപ്പിന് നന്ദി.. തിരുവോണാശംസകള്‍

Areekkodan | അരീക്കോടന്‍ said...

ഓണാശംസകള്‍......

കുട്ടന്‍സ്‌ | S.i.j.i.t.h said...

സാന്‍ഡോസേ,

ഈ വിരോധാഭാസം വിരോധാഭാസം എന്ന് പറയുന്നപോലെ..മഴനൂലിന്റെ കൂടെത്തന്നെയാണ് ഓണസദ്യ ഉണ്ടത് (ബാറീ കയറി മടുത്തു എന്ന് നൂത്സ് പറയുന്നുണ്ടാരുന്നൂ..)...മഴനൂല്‍,തഥാഗതന്‍,അജിത് പെരേര എന്നീ മഹാതമക്കളുടെ കൂടേ ഊണും കഴിച്ച് ഒരു ഏമ്പക്കവും വിട്ട് ഓഫീസില്‍ എത്തിപ്പെട്ടതേ ഉള്ളൂ..ഇനി ഒരു ഓണ ഉറക്കം..മലയാളീസെല്ലാം ലീവായതുകൊണ്ട് ഓഫീസ് കാലിയാ..

കുഞ്ഞന്‍സ് :
:)
അരീക്കോടാ : താങ്ക്സ്..

ഓ.ടോ :പിന്നെ ഹോട്ടലീന്ന് ഓണസദ്യ ഉണ്ടത്കൊണ്ട് ഒരു ഉപകാരമുണ്ടായീ..ഇനി മേലില്‍ ലീവ് കിട്ടിയില്ലെങ്കില്‍ ജോലി രാജിവെച്ചിട്ടാണെങ്കിലും വീട്ടീപ്പോയി ഓണം കൂടും..ഉറപ്പ്..
:)

SUNISH THOMAS said...

കുട്ടന്‍സേ....നീയില്ലെങ്കിലും ഞങ്ങ ഇവിടെ ഓണം കലക്കി. (സകല ഷാപ്പിലും കിട്ടിയതു കലക്കായിരുന്നെടേയ്!!)

ഓണാശംസകള്‍!!

ശ്രീ said...

കുട്ടന്‍‌സേ...

നല്ല ഓര്‍‌മ്മകള്‍‌!

(ഞാനപ്പഴേ പറഞ്ഞതല്ലേ ഓണത്തിന്‍ നാട്ടില്‍‌ പോകാന്‍‌? എങ്കില്‍‌ ഇവിടിരുന്ന് എണ്ണിപ്പെറുക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?)
:)

KUTTAN GOPURATHINKAL said...

beauuttifffulll...

veroru kuttan.