Tuesday, August 21, 2007

ഇലാമാ മരം - ഒരു ഹോസ്റ്റല്‍ സ്മരണ..

ഒരു വേനലവധി- ഏപ്രില്‍-മേയ്‌ മാസക്കാലങ്ങള്‍ കാമ്പസ്‌ അവധിക്കാലമായിരുന്നെങ്കില്‍ കൂടിയും, അടയ്ക്കാത്ത മെസ്സും, യൂണിവേര്‍സിറ്റി ലൈബ്രറിയും, പിന്നെ ഹോസ്റ്റെല്‍ തരുന്ന ചില സുഖമുള്ള ഒഴിവുദിനങ്ങളും കാരണം ഞങ്ങളില്‍ മിക്കവരും കൊളുത്തുകളില്ലാത്ത മുറികളില്‍ ചടഞ്ഞുകൂടിയിരിക്കാറുണ്ട്‌.

വേനലവധിക്ക്‌ മെസ്സില്‍ അംഗസംഖ്യ കുറവായതിനാല്‍ മിക്കവാറും അത്താഴത്തിനു കഞ്ഞി ആയിരിക്കും പതിവ്‌. നല്ല ചുട്ടരച്ച ചമ്മന്തിയും, പയറുതോരനും, മാങ്ങ അച്ചാറും കൂട്ടി സ്റ്റീല്‍ പാത്രത്തില്‍ ഒഴിച്ച്‌ ആസ്വദിച്ചുള്ള അത്താഴം (ഓര്‍ക്കുമ്പോള്‍ കൊതിയാവുന്നു..വീണ്ടും ഹോസ്റ്റലിലേക്ക്‌ ഓടിപ്പോവാന്‍ തോന്നുന്നു..).

ഓരോ സ്പ്പൂണ്‍ കഞ്ഞിക്കൊപ്പൊവം പപ്പടം പൊടിച്ചിട്ട്‌ ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങും. ചില സീരിയസ്‌ വിഷയങ്ങളില്‍ തുടങ്ങി, കൊചു തമാശകളിലേക്കും, പാരവയ്പ്പുകളിലേക്കും, അടിച്ചിറക്കുന്ന കഥകളിലേക്കും ഇരുള്‍ കനക്കുന്നതോടെ ചര്‍ച്ചകള്‍ വഴിമാറും..

ഒരിക്കല്‍ നനുത്ത മഴയുള്ള ഒരു രാത്രി. മെഴുകു തിരി വെളിച്ചത്തില്‍ ഞങ്ങള്‍ കുറച്ച്‌ പേര്‍..സുനിലേട്ടനും,ടിജോയും,അനീസിക്കയും,മാലിക്കും,ഷിബുവും,മാമന്‍സും,എനൂപും, ഇടക്കിടെ കടന്നു വന്ന് കമന്റടിച്ച്‌ പാര സ്വയം ചോദിച്ച്‌ മേടിച്ച്‌ പോവുന്ന ബൈജു ചേട്ടനും എല്ലാം ഉണ്ട്‌..ഇടക്കൊരു കാര്യം..ഈപ്പറഞ്ഞവരില്‍ ചിലര്‍ റിസേര്‍ച്‌ സ്കോളേര്‍സ്സാണു, ചിലര്‍ ബിരുദാനന്തര, എം.ഫില്‍ വിദ്യാര്‍ത്ഥികളും.

എല്ലാവരും ഓര്‍മകള്‍ കാടു കയറി സ്കൂള്‍ ജീവിതത്തെക്കുറിച്ച്‌ വാചാലരാവുകയാണു. അപ്പോഴാണു കുറേ നേരം കാത്തിരുന്നു കിട്ടിയ സ്പൂണും, ഒരു പ്ലേറ്റ്‌ കഞ്ഞിയും അകമ്പടി കറികളും ഒക്കെയായി അവന്‍ വന്നത്‌ (ടിയാന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച്‌ ഇനി മുതല്‍ അവന്‍ എന്നേ വിളിക്കൂ..)..അന്നത്തെ ചിന്താവിഷയം സ്കൂള്‍ ജീവിതം ആണെന്നു കണ്ട്‌, ഗൃഹാതുരതയോടെ കഥകള്‍ കേട്ടിരിക്കുന്ന ഞങ്ങളുടെ കൂട്ടത്തിലേക്ക്‌ അവനും ചേര്‍ന്നു.

പണ്ട്‌ കുട്ടിക്കാലത്ത്‌ നാട്ടുവഴികളിലൂടെ നടന്നുണ്ടാക്കിയ കുട്ടിക്കാലത്തിന്റെ കെട്ട്‌ ഞാന്‍ അഴിക്കാന്‍ തുടങ്ങിയപ്പൊഴേക്കും അവന്‍ ഇടപെട്ടു..

ഇനി ഞാന്‍ പറയാം..

എന്റെ സ്കൂള്‍ ജീവിതത്തിന്റെ കുറച്ച്‌ കാലം ഞാന്‍ ഉത്തര്‍പ്രദേശില്‍ ആയിരുന്നു..അത്‌ നിങ്ങള്‍ക്കെല്ലാം അറിയാമല്ലൊ..

തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഏതൊ ഒരു നവോദയ സ്കൂളില്‍ അവന്‍ പഠിച്ചിരുന്ന കാലത്തെപറ്റിയുള്ള വിവരണങ്ങളില്‍ ഞങ്ങള്‍ ഒഴുകി നടന്നു..

ഹോസ്റ്റലിലെ ചിലമുറികളില്‍ നിന്നു നാടന്‍ പാട്ടുകള്‍ ഉയര്‍ന്നു " പിണക്കമാണോ നീ ..എന്റേ കിളിമകളേ..എന്നേ മറക്കരുതേ.." "മഴപെയ്യുമ്പോലേ..."

പിറകില്‍ നാല്‍പ്പാത്തിമലയില്‍ നിന്നെവിടെയോ കാലന്‍ കോഴികള്‍ കൂവി..കുറെ മെഴുകു തിരികള്‍ ഉരുകിത്തീര്‍ന്ന് പുതിയവക്ക്‌ വഴിമാറി..

അവന്റെ കഥ തുടരുന്നൂ..ഇപ്പോള്‍ നവോദയാ മതിലു ചാടി സെക്കന്റ്‌ ഷോക്ക്‌ പോയ കഥയാണവന്‍ പറയുന്നത്‌..

അങ്ങിനെ കുറെ മതിലു ചാട്ടങ്ങള്‍ക്കും, കട്ടു തീറ്റകളെ കുറിച്ചുള്ള കഥകള്‍ക്കും ഒടുവില്‍ ആണവന്‍ ഇലാമാമരത്തെക്കുറിച്ച്‌ പറഞ്ഞത്‌.

ഇതിനിടയില്‍ മെസ്സില്‍ പതിവായി തൈരു മോഷ്ടിക്കാന്‍ വരാറുള്ള ---- വരെ ഇലാമ മരം എന്നു കേട്ടപ്പോള്‍ മടിച്ചാണെങ്കിലും ഞങ്ങളുടെ മെഴുകുതിരി വെട്ടത്തില്‍ ഒരു നിഴലുപോലെ ചേര്‍ന്നു..

ഒടുവില്‍ ആരോ ചൊദിച്ചു 'ഇലാമാ മരമോ..???'
'അതേതോ സിനിമയില്‍ ഉള്ളതല്ലെ..' വേറൊരാള്‍'
‘ഗുരുവിലാണു മ--- ഇലാമ പഴം' അണോണി കമന്റ്‌..

'ശരിക്കും ആ സിനിമയില്‍ പറയുന്ന കായുണ്ടാവുന്ന മരം ഇതാണ്..ഇലാമാ മരം..'

ഞങ്ങളുടെ വായടപ്പിച്ച്‌ കൊണ്ടവന്‍ പറ‍ഞ്ഞു..

'നിങ്ങള്‍ നോര്‍ത്തിന്ത്യെയില്‍ പോയാല്‍ അവിടെ ധാരാളമായി കാണാം..വെറുതെ ടൗണില്‍ ഒന്നും പോവരുത്‌..ഗ്രാമങ്ങളില്‍ പോണം..'

നോര്‍ത്‌-ഇന്ത്യാ ഗ്രാമങ്ങള്‍ പഴയ ചില ദൂരദര്‍ശ്ശന്‍ സീരിയലുകളില്‍ കണ്ടിട്ടുള്ളതല്ലാതെ കാര്യമായ ധാരണ ഇല്ലാത്ത ഞങ്ങളില്‍ ചിലര്‍ ഒന്നും മിണ്ടിയില്ല..അറിയാവുന്ന ചിലര്‍ ഇവന്‍ എവിടെ വരെ പോവും എന്നു നൊക്കട്ടെ എന്നോര്‍ത്താവണം ഒന്നും മിണ്ടാതിരുന്നു..

പിന്നീടങ്ങോട്ട്‌ ഇലാമാ മരത്തെക്കുറിച്ചുള്ള വിവരണം ആയിരുന്നു..വലിയ വേരുകളില്‍ ഒരു പ്രദേശം മുഴുവന്‍ പടര്‍ന്നു കിടക്കുന്ന മരമാണത്രെ അത്‌..ഒരു പ്രദേശ്ശത്തിനാകെ തണല്‍ നല്‍കുന്ന ആ മരം നല്ല ചവര്‍പ്പുള്ള പഴമാണ് തരാറ്..ഇലാമപ്പഴം എന്നു പറയുന്നത്‌ ഒരു ടേസ്റ്റും ഇല്ലാത്ത പഴം ആണത്രെ..

ഈ മരത്തിന്റെ ശാഖകള്‍ എന്നു പറഞ്ഞാല്‍ തീരെ ഉറപ്പില്ലാത്ത, മൃ ദുവായതാണ്‍..അതു കൊണ്ട്‌ കിളികള്‍ ഒന്നും ഈ മരത്തില്‍ കൂടു കൂട്ടാറില്ല
നല്ല ഉയ്യരമുള്ള ഈ മരത്തിന്റെ മുകളില്‍ കയറി നിന്നാല്‍ കിലോ മീറ്ററുകളോളം കാണാന്‍ കഴിയും..(???????--ഇത്‌ കഥ കേട്ടിരുന്നവരില്‍ നിന്നും ഉയര്‍ന്നതാണു..)

ശരിക്കും പറഞ്ഞാല്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെ സംബന്ധിച്ചിടത്തോളം ഒരു കല്‍പ്പവൃക്ഷം ആണു ഈ മരം..നമ്മുടെ തെങ്ങു പോലെ

..........................
..........................
...................

പിന്നീട്‌ ഈ ഇലാമപ്പഴത്തിന്റെ കഥയില്‍ ചേര്‍ക്കപ്പെട്ട പലതും കഥാകൃത്തിന്റെ അറിവോടയോ സമ്മതത്തോടയോ ആയിരുന്നില്ല..

ചില വേര്‍ഷനുകളില്‍ ഇലാമാ മരത്തിന്റെ വീതിയേറിയ ചില്ലകളില്‍ ഗ്രാമങ്ങള്‍ തമ്മിലുള്ള ഫുട്ബോള്‍ മത്സരങ്ങള്‍ നടത്താറുണ്ട്‌ എന്നു വരെ എഴുതി ചേര്‍ക്കപ്പെട്ടു..

ഏതായാലും ആ വര്‍ഷം വേറെ നുണമത്സരം നടന്നില്ല ഹോസ്റ്റലില്‍..നൂണ രാജാവായി അവന്‍ തിരഞ്ഞെടുക്കപ്പെട്ടു..ബോബനും മോളി പോലെ ഓര്‍ത്തോര്‍ത്തു ചിരിക്കാനായി ഇലാമ മരം മാത്രം എന്റെ മനസ്സില്‍ അവശ്ശേക്ഷിച്ചു...

7 comments:

ഏറനാടന്‍ said...

തേങ്ങയടി ആദ്യം എന്റെ വഹ! ഇനി വായിക്കട്ടെട്ടോ..

കുട്ടന്‍സ്‌ | S.i.j.i.t.h said...

ഒരു ബ്ലോഗ്ഗാലസ്യത്തിന്റെ ഇടവേളയില്‍‍...
അക്ഷരക്കൂട്ടങ്ങള്‍ മടിപിടിച്ചിരിക്കുന്ന ഈ നേരത്ത്..

അധികമാരും വായിച്ചിട്ടില്ലാത്ത ഒരു പഴയ പോസ്റ്റ് പുനര്‍വായനക്കായി ഇതാ...

ഇലാമപ്പഴം..

( ഈ കഥയെക്കുറിച്ച് ഇന്ന് എന്നെ ഓര്‍മ്മിപ്പിച്ച ഇതിലെ കഥാപാത്രമായ ബാംഗ്ലൂര്‍ NAL -ലെ സയന്റിസ്റ്റ് (അവന്‍)നു സമര്‍പ്പണം.. )

കുട്ടന്‍സ്‌ | S.i.j.i.t.h said...

ഏറനാടാ‍ാ...തേങ്ങ ഇപ്പൊ എന്റെ മണ്ടക്കടിച്ചേനയല്ലോ..

:)
ഞാന്‍ പേടിച്ച് പോയി...

ശ്രീ said...

ഇലാമാ മരം നന്നായി കുട്ടന്‍‌സേ...
ഇത്തരം കഥകള്‍‌ ഉണ്ടാകുന്നതും ഉണ്ടാക്കുന്നതും കലാലയ ജീവിതത്തിന്റെ ഒരു പ്രത്യേകത തന്നെ
:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: തേങ്ങയേറ് നിന്റെ തലേല്‍ കൊള്ളാതെ ഒഴിഞ്ഞ് പോയാലും ചാത്തന്റെ ഏറ് നിന്റെ തലയ്ക്ക് തന്നെയാ ചുമ്മാ സമയം മെനക്കെടുത്തി.. എന്തൊക്കെ പ്രതീക്ഷയാരുന്നു ടൈറ്റില്‍ വായിച്ചപ്പോള്‍..

കുട്ടന്‍സ്‌ | S.i.j.i.t.h said...

ചാത്താ..ഇത്രക്ക് പ്രതീക്ഷകള്‍ തരാന്‍ എന്താണു ആ ടൈറ്റിലില്‍ ഉള്ളത് (പണ്ട് ഷക്കു താത്ത ഹോസ്റ്റല്‍ എന്ന പേരില്‍ അഭിനയച്ച് ഒരു സിനിമ പുറത്തിറങ്ങി എന്നതൊഴിച്ചാല്‍ )

ചാത്തനേറിനു ബദലായി ഇനി മറുതായേയോ,ഒടിയനേയോ ഇറക്കേണ്ടി വരുമോ..

:)

ശ്രീ : അങ്ങിനെത്തന്നെ..

ജാസൂട്ടി said...

കുട്ടന്‍സേ ഈ ' ലവന്‍ ' ഇടുക്കി നവോദയ സന്തതി ഒന്നുമല്ലല്ലോ അല്ലേ?