Thursday, October 9, 2008

കുട്ടന്‍സ്:ബാംഗ്ലൂര്‍ ടൈംസ് - 335E

ഇന്നു രാവിലെ മുതല്‍ തുടങ്ങിയതാണു അവളുടെ ഒരു പിണക്കം...എന്താണു കാരണമെന്നു തിരക്കിയിട്ടും മറുപടി ഒന്നും കിട്ടിയില്ല...
രാവിലെ ഓഫീസിലേക്കിറങ്ങുമ്പോളുള്ള പതിവുകള്‍ എല്ലാം പിണക്കത്തിന്റെ തിരയില്‍പ്പെട്ടു മുടങ്ങിപ്പോയി..
ചികഞ്ഞു ചോദിക്കുന്നത് ഇഷ്ടമല്ല എന്നറിയാവുന്നതു കൊണ്ടും അത് പിന്നീട് വലിയ തര്‍ക്കങ്ങള്‍ക്ക് വഴി തെളിച്ചേക്കുമോ എന്ന പേടിയുള്ളതു കൊണ്ടും ഒന്നും ശ്രദ്ധിച്ചതായി
ഭാവിച്ചില്ല കണ്ടതായി മുഖത്ത് കാണിച്ചില്ല....എന്തായാലും വൈകുന്നേരം എന്തെങ്കിലും സമ്മാ‍നവും വാങ്ങിച്ചെന്നു സന്തോഷിപ്പിക്കാം...പക്ഷെ അതു വരെ ഈ ടെന്‍ഷന്‍..മൂഡ് ഔട്ട്
എങ്ങിനെ സഹിക്കും..

ലീവെടുത്ത് വീട്ടിലിരിക്കാമെന്നു വെച്ചാല്‍ പ്രൊജക്റ്റ് ക്രിട്ടിക്കല്‍ സ്റ്റേജിലാണെന്ന് ഇന്നലെ മാനേജര്‍ ടീം മീറ്റിംഗില്‍ പറഞ്ഞെതേയുള്ളൂ..പോരാത്തതിന് അമേരിക്കന്‍ സാമ്പത്തിക മാന്ദ്യവും...പ്രൊജക്റ്റ് ക്ലൈന്റിന്റെ കസ്റ്റമേര്‍സായ രണ്ട് ഇന്‍‌വെസ്റ്റ്മെന്റ് കമ്പനികളാണു റെസഷനില്‍ തകര്‍ന്നത്..ആ ആശങ്കയും പേടിയും ടീമില്‍ മൊത്തമുണ്ട്..അങ്ങിനെയൊരു സിറ്റുവേഷനില്‍ ഭാര്യ പിണങ്ങിയെന്നൊക്കെ റീസണ്‍സ് പറഞ്ഞ് എങ്ങിനെ ലീവെടുത്ത് വീട്ടിലിരിക്കും !!!!.

ഭാര്യ പിണങ്ങി എന്ന് പറയേണ്ടല്ലോ..സുഖമില്ലാന്നു പറഞ്ഞാല്‍ പോരേ..
എന്നാലും എങ്ങിനെ കള്ളം പറയും..ഇന്റഗ്രിറ്റി..സ്വയം ഒരു ഇന്റഗ്രിറ്റി വേണ്ടെ..
“ ഇത് ഇന്റഗ്രിറ്റിയൊന്നുമല്ല..നിങ്ങള്‍ ഭയങ്കര വര്‍ക് ഹോളികാണു..ഇങ്ങിനെ വര്‍ക് ഹോളിക്കായ ആളുകള്‍ക്കാണു ഒന്നു ലീവെടുത്താല്‍ ആകാശമിടിഞ്ഞു വീഴും ...ജോലി തീരില്ല
എന്നൊക്കെ കുറ്റബോധം തോന്നുക..ഞാന്‍ ഈയടുത്ത് ടൈംസില്‍ വായിച്ചിരുന്നു..നിങ്ങള്‍ക്കാ സൂക്കേടാ..അല്ലെങ്കിലും രാത്രി വീട്ടില്‍ വന്നാലും ഫോണെടുത്ത് കണ്ട സായിപ്പിനെം
മദാമ്മെയും ഒക്കെ വിളിച്ച് പാതിരാവരെ കത്തി വെക്കലല്ലെ ശീലം..അതു കാണുമ്പോള്‍ തോന്നും നിങ്ങള്‍ കല്യാണം കഴിച്ചത് അവരെയാണെന്ന്..നിങ്ങള്‍ക്കില്ലെങ്കിലും
അവര്‍ക്കുണ്ടാവണ്ടേ ഒരു വിവേകം..ജോലിയുണ്ടെന്നു വെച്ച് ..ഇങ്ങിനെയാണോ..”
ഭാര്യയുടെ പതിവ് കുറ്റപ്പെടുത്തല്‍..

അല്ലെങ്കിലും അവള്‍ അങ്ങിനെയാണു..ദേഷ്യം പിടിച്ചാല്‍ പിന്നെ നിങ്ങള്‍ എന്നേ വിളിക്കൂ..

“സാര്‍ ടിക്കറ്റ്???” - വനിതാ കണ്ടക്റ്റര്‍ ആണു..അതെ ഇന്നും കമ്പനി ബസ് മിസ്സായി..ഒടുവില്‍ സ്ഥിരം ആശ്രയം..ബി.എം.ടി.സി വോള്‍വോ 335 E..

ഇന്നലെയും ഇങ്ങിനെ ആയിരുന്നൂ..സ്റ്റോപിലേക്ക് ഓടി വന്നപ്പൊഴേക്കും കമ്പനി ബസ് വിട്ടു പോയി..
അല്ലെങ്കിലും എന്നെങ്കിലും ഭാര്യ വഴക്കിട്ടിട്ടുണ്ടോ അന്നൊക്കെ ചുറ്റലും അബദ്ധങ്ങളും ആണു റിസല്‍ട്ട്..
“സാര്‍ ടിക്കറ്റ്??” പുറകെ കന്നടയില്‍ കണ്ടക്റ്റര്‍ എന്തോ പറഞ്ഞു...
“ഓ സോറി..ഐ.ടി.പി.എല്‍”..കണ്ടക്റ്റര്‍ ടിക്കറ്റ് മെഷ്യനില്‍ ടൈപ് ചെയ്ത് ടിക്കറ്റ് മുറിച്ച് തന്നു..
ബസ്സില്‍ തിരക്കായി വരുന്നതേ ഉള്ളൂ..ഐ.ടി.പി.എല്‍ -ല്‍ ജോലി ചെയ്യുന്ന മിക്കവാറും പേര്‍ ഈ ബസിലാണു പോവ്വാറ്..പത്ത് മിനിറ്റ് ഇടവിട്ട് ബസ്സുണ്ടാവും..ചാര്‍ജ് അന്‍പത് രൂപക്ക്
മുകളിലായാലെന്താ ഓഫീസ് ടൈമിലെ ട്രിപ്പിലെല്ലാം മുടിഞ്ഞ തിരക്കാണു...ഇന്നെന്തോ വലിയ തിരക്കില്ല..അതു കൊണ്ട് തന്നെ സീറ്റ് കിട്ടി..
“സാര്‍ .. ബസ്സില്‍ ടിക്കറ്റ് എടുക്കുന്നതു വരെയെങ്കിലും ഇയര്‍ഫോണ്‍ വെച്ച് എല്ലാം മറന്നിരിക്കരുത്..” അടുത്ത സീറ്റിലിരുന്ന മാന്യന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു...
“ഇത് ഞാന്‍ പറഞ്ഞതല്ല..പാവം കണ്ടക്റ്റര്‍ കുറേ നേരം ടിക്കറ്റ് ടിക്കറ്റ് എന്നു വിളിച്ച് ഒടുവില്‍ ദേഷ്യം പിടിച്ച് പറയുന്നുണ്ടായിരുന്നൂ..ഈ ബസ്സിലെല്ലാവരും ഇങ്ങിനെയാ..ചെവിയില്‍ എന്തെങ്കിലും തിരികിയെ കയറൂ..പിന്നെ നമുക്കാ പാട് എന്നു..” അയാള്‍ വിടാനുള്ള ഭാവമില്ല...നീണ്ട മുഖം..നല്ല വെളുത്ത നിറം..കൂര്‍ത്ത പുരികവും..കുറച്ച് അകത്തേക്ക് തള്ളിയെതെങ്കിലും തീക്ഷ്ണമായ കണ്ണുകള്‍..ചുണ്ടില്‍ ഒരു വശ്യത..ശാന്തത..നേര്‍ത്ത ബുള്‍ഗാന്‍ താടിയും മീശയും...എക്സിക്യൂട്ടീവ് വേഷം..പ്രായം നാല്‍പ്പതിന്റെ പടിവാതുക്കല്‍..
ഏതായാലും മലയാളിയല്ല..കാരണം സിമ്പിള്‍ , കുടവയറില്ല..പോരാത്തതിന് തലേന്നത്തെ ഹാംഗോവിറില്‍ സ്പ്രേ അടിച്ചുള്ള ഇരിപ്പുമല്ല...

“ഞാന്‍ അങ്ങിനെ ഈ വോള്‍വോയില്‍ യാത്ര ചെയ്യാറില്ല..ഒന്നുകില്‍ സ്വന്തം കാറില്‍ അല്ലെങ്കില്‍ സാധാരണ ബസ്സില്‍..ഡെയിലി പാസെടുക്കും..30 രൂപ..സന്തോഷം..നമുക്കിഷ്ടമുള്ളിടത്തൊക്കെ പോവാം..ഒരു പക്ഷെ ആ ബസ്സുകളില്‍ തിരക്കു കൂട്ടി നില്‍ക്കേണ്ടി വരാം..എവിടുത്തുകാരനാണെന്നറിയാത്ത ഏതെങ്കിലും ഒരുത്തന്റെ വിയര്‍പ്പ് മണമടിച്ച് മടുപ്പിക്കുന്ന ഈ നഗരക്കുരുക്കില്‍ അതെ ബസ്സില്‍ കയറിപ്പറ്റാന്‍ തോന്നിപ്പിച്ച നിമിഷത്തെ പഴിച്ചിരിക്കേണ്ടി വരാം..എന്നാലും ഈ കൃത്രിമത്തത്തേക്കാള്‍ .. അലക്കി തേച്ച ഈ ടൈകെട്ടിയ തിരക്കിനേക്കാള്‍ എനിക്കിഷ്ടം അതാ..” അയാള്‍ നിര്‍ത്താതെ തുടരുന്നു..

പൊതുവേ സഹയാത്രികരോട് കൂടുതല്‍ ഇടപഴകുന്നതിനോടൊരു താല്പര്യ കുറവുള്ള കൂട്ടത്തിലാണു..വീണ്ടും മനസ്സ് ഭാര്യയുടെ പരിഭവത്തിനു പുറകെ പോയി..ഇന്നലെ രാത്രി കിടക്കുന്നതു വരെ കുഴപ്പമൊന്നുമില്ലായിരുന്നു..പതിവില്‍ കൂടുതല്‍ തമാശ പറഞ്ഞാണു കിടന്നത്..കുറേ ചിരിച്ചു..അപ്പോഴൊന്നും പിണക്കത്തിന്റെ ഒരു സൂചന പോലുമില്ലായിരുന്നൂ..
രാവിലെ പതിവു പോലെ ആറുമണിക്കുണര്‍ന്നു..പണ്ട് മുതല്‍ തുടങ്ങിയ ശീലമാണത്..ഒരു അലാര്‍മും വേണ്ട..ആറുമണിയാവുമ്പോള്‍ ആരോ പിടിച്ചു കുലുക്കി ഉണര്‍ത്തിയ പോലെ ഉറക്കം വിടും..ഒരു പക്ഷെ പണ്ട് സ്കൂള്‍ ജീവിതകാലത്ത് അമ്മ വിളിച്ചുണര്‍ത്തി പതിവാക്കിയ ശീലമായിരിക്കാം..ഉണരാന്‍ വൈകിയാല്‍ അപ്പോ കിട്ടും നല്ല തല്ല്..ഹ ഹ ഹ..

ഉണര്‍ന്നപ്പോള്‍ ശ്രദ്ധിച്ചു അവള്‍ ഉറങ്ങുകയായിരുന്നൂ..ഇടക്കെപ്പൊഴോ ഒന്നു കണ്ണു തുറന്നതു പോലെ തോന്നി..ആ കണ്ണില്‍ ഒരു തിളക്കം മിന്നി മറഞ്ഞപോലെ..
പതിവ് ഓട്ടവും പത്ര വായനയും കുളിയും തീര്‍ത്ത് വന്നപ്പൊഴെക്കും ബ്രേക് ഫാസ്റ്റ് ടേബിളില്‍ വെച്ച് ഒരു വികാരവുമില്ലാതെ അവള്‍ നില്‍പ്പുണ്ടായിരുന്നൂ...അപ്പോഴാണ് പിടികിട്ടിയത്
എന്തോ പ്രശ്നമുണ്ടല്ലോ എന്ന്..ഈ ഭാര്യമാരുടെ ഒരു കാര്യം നിസ്സാ‍ര കാര്യം മതി..

“അപ്പോ ഞാനെന്താ പറഞ്ഞത്.. ആ ഈ ട്രാഫിക് പ്രോബ്ലം..സീ മിസ്റ്റര്‍ .. ബാംഗ്ലൂര്‍ ഈസ് ഗ്രോയിംഗ്..” അയാള്‍ സംസാരിച്ചു കൊണ്ടേയിരിക്കുന്നൂ...
“നമ്മുടേ ഭരണാധികാരികള്‍ ഉണരണ്ടെ..ദിസ് ഈസ് ജസ്റ്റ് ആന്‍ ഇഗ്നോറന്‍സ്..ഓര്‍ വാട് ഐ വുഡ് സേ ഈസ് ഇറെസ്പോണ്‍സിബിള്‍ മെഷിനറി..എന്തിനു നമ്മള്‍ ഭരണാധികാരികളെ
പറയണം..സീ അവര്‍ ലേമാന്‍ .. ഹീ ഈസ് ടോട്ടലി അണ്‍ ഡിസിപ്ലീന്‍ഡ് .. ഏതു സൈഡില്‍ കൂടെ ഓവര്‍ ടേക്ക് ചെയ്യണം എന്നു പോലും അറിയില്ല..സീ ...കണ്ടില്ലെ ആ ബൈക്കുമായി ഒരുത്തന്‍ കുത്തി തിരികി പോവുന്നത്...മൊബയിലില്‍ അവന്റെ ഗേള്‍ ഫ്രണ്ടുമായി കൊഞ്ചിക്കുഴഞ്ഞാണീ ട്രാഫിക്കില്‍ അവന്‍ അശ്രദ്ധമായി റൈഡ് ചെയ്യുന്നത്..സപ്പോസ് ഈ വോള്‍വോയില്‍ ഉരസ്സി ഇതിന്റെ പെയിന്റ് പോയാല്‍ എന്തു സംഭവിക്കും...അന്‍പതോ അറുപതോ ലക്ഷമാണീ ബസ്സിന്റെ വില..ടാക്സ് പെയേര്‍സ് മണി..അവനും കൊടുക്കുന്നുണ്ടാവുമല്ലോ ടാക്സ്..സീ അയാം ടോട്ടലീ ഫ്രസ്റ്ററേറ്റഡ്..കണ്ടൊ...നിങ്ങളുടേ കൂട്ടമാണെന്നു തോന്നുന്നൂ..എഞ്ചിനീയര്‍ .. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ...”
ദേഷ്യം വരുമ്പോള്‍ അയാളുടെ പുരികങ്ങള്‍ കൂടുതല്‍ കൂര്‍ത്ത പോലെ തോന്നി..പക്ഷെ ചുണ്ടുകളുടെ ശാന്തത കൈവിട്ടിരുന്നില്ല...

“എവിടെയാണു ജോലി ചെയ്യുന്നത്..”
“ഐ.ടി.പി.ല്‍ ” ഞാന്‍ പറഞ്ഞൂ..
“അമേരിക്കയില്‍ നല്ല സാമ്പത്തിക പ്രതിസന്ധിയാണെന്നു കേള്‍ക്കുന്നൂ .. വന്‍‌കിട ബാങ്കിംഗ് സ്ഥാപനങ്ങളൊക്കെ തകര്‍ന്നു..കേട്ടില്ലെ ലേമാന്‍ ബ്രദേര്‍സ്..മെറി ലിഞ്ച്..മാന്ദ്യം
യൂറോപ്പിനേഅയും കീഴടക്കുന്നൂ..ജപ്പാനിലും സൂചനകളുണ്ട്...അമേരിക്ക അവരുടെ ചെയ്തികള്‍ക്കുള്ള ഫലം അനുഭവിക്കുന്നൂ.. അല്ലാതെന്താ..ഇറാക്കിലും, അഫ്ഗാനിലുമായി എത്ര പേരെയാ കൊന്നൊടുക്കിയത്..ഞങ്ങളുടേ വിശ്വാസ പ്രകാരം ശഹീദികളെക്കാത്ത് ഒരു സ്വര്‍ഗ്ഗം കാത്തിരിപ്പുണ്ട്..പരമ കാരുണ്യവാനായ ദൈവം വാഗ്ദാനം ചെയ്ത ഒരു സ്വര്‍ഗ്ഗം...അവിടേക്ക് നേരത്തെ കുറേ ഭാഗ്യവാന്മാര്‍ എത്തിച്ചേര്‍ന്നൂ അത്രേ ഉള്ളൂ...അമേരിക്ക ഒരു നിമിത്തമായി...ആട്ടേ ഈ പ്രതിസന്ധി നിങ്ങളുടെ ജോലിയെ ബാധിക്കുമോ??”
“ഇന്ത്യയില്‍ വലിയ കുഴപ്പമുണ്ടാവില്ല എന്നു കേള്‍ക്കുന്നൂ..”
“അതേ..സാധ്യതയില്ല..എന്നാലും...ഒരു രാജ്യത്തിനും അമേരിക്കയുടെ ഗതി വരല്ലെ..അവിടെ ഭയങ്കര ജോബ് തകര്‍ച്ചയാണത്രെ...വീട് നഷ്ടപ്പെടുന്നവരുടെ എണ്ണം പെരുകുന്നൂ എന്ന് ഈയടുത്ത് ഹിന്ദു വില്‍ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നൂ...ചിലര്‍ സ്വന്തം കാറിലാണത്രേ രാത്രി കഴിച്ചു കൂട്ടുന്നത് സി.എന്‍ . എന്‍ ഐബീന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു...ഒരു ചെടി അഴുകി
മറ്റൊരു ചെടിക്ക് വളമാകുന്നത് പോലെ..ലോകം ഒരു റീ സൈക്കിളിംഗില്‍ ആവാം..അല്ലെങ്കില്‍ മാറ്റങ്ങള്‍ ചാക്രികമാവുന്നൂ..ചരിത്രം വീണ്ടും ഒരു സൈന്‍ വേവ് ഷേപ്പിലാണെന്നാണെനിക്ക് തോന്നുന്നത്..”
“താങ്കള്‍ ???”
“ബൈദവേ, മി സര്‍ഫുദ്ദീന്‍ ഷേക് .. ഇവിടെ ഒരു പെയിന്റ് ഹോള്‍ സെയില്‍ ഡീലറാണു...നിങ്ങളുടെ കമ്പനിയില്‍ ഇന്റീരിയര്‍ വര്‍ക്ക് ചെയ്തതും എന്റെ ഫേം ആണു..നമ്മുടെ കുറേ പയ്യന്മാരുണ്ടവിടെ...വളരെ കഷ്ടമാണിപ്പോ എവിടെയും ഞങ്ങടെ കൂട്ടര്‍ക്ക്..മതപരമായ ചിഹ്നങ്ങളെ സംശയത്തോടെയെ കാണുന്നുള്ളൂ...ഈ ലോകത്ത് ജീവിക്കാന്‍ പേടിയാവുന്നു എന്നാണു എന്റെ മരുമകന്‍ ഈയടുത്ത് പറഞ്ഞത്...കമ്പനിക്കടുത്ത് താമസം ശരിയാക്കാ‍ം എന്നു വെച്ചാണവന്‍ പുതിയ വാടക വീട് അന്വേക്ഷിച്ചിറങ്ങിയത്..കിട്ടിയില്ല.. പേരു കേട്ടാല്‍ പിന്നെ ആരും കൊടുക്കുന്നുമില്ല...ആളുകള്‍ പരസ്പരം കാണുമ്പോള്‍ ഒരു സമൂഹം മറ്റൊരു സമൂഹത്തെ കുറ്റപ്പെടുത്തുന്നൂ... എത്രയോ സമര്‍ഥരായ എഞ്ചിനീയര്‍മാരില്‍ ചിലര്‍ വഴിതെറ്റിപ്പോവുന്നൂ...വഴി തെറ്റാത്തവരില്‍ മിക്കവരും മറ്റുള്ളവരുടെ സംശയദൃഷ്ടികള്‍ക്ക്മുന്നില്‍ സ്വയം ഉത്തരം കണ്ട് പിടിക്കാന്‍ വിധിക്കപ്പെട്ടവരാവുന്നൂ...ഒരു കാരണവുമില്ലാതെ ജോലി നഷ്ടപ്പെടുന്നൂ...”


ആളുകള്‍ തിങ്ങി നിറഞ്ഞാണു.. ബസ്സിപ്പോള്‍ ട്രാഫിക് തിരക്കില്‍ കിടക്കുന്നത്..ഇന്നും ബ്ലോക്കില്‍ പെട്ട് കിടക്കുന്ന വാഹനങ്ങളുടേ നീണ്ട നിര.. പതിവു ബാംഗളൂര്‍ കാഴ്ച.
ഭാര്യയുടെ പിറന്നാള്‍ നാളയല്ലേ..... ഇന്നെവിടെങ്കിലും കൊണ്ടു പോവാമെന്ന് പ്രോമിസ് ചെയ്തിരുന്നോ...ഉണ്ടെങ്കില്‍ മൊബയിലില്‍ റിമൈന്‍ഡര്‍ സെറ്റ് ചെയ്തിട്ടുണ്ടാവും...ഈ നശിച്ച
മറവി.
ഇല്ല.. എല്ലാം നാളെയാണു...

************************************************************
എന്തൊരു നിമിത്തമാണോ ഇന്ന്....ന്യൂസ് ഡെസ്കില്‍ നിന്നും രാത്രി ഏറെ വൈകിയാണെത്തിയത്..ഡെല്‍ഹി സ്ഫോഢനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എല്ലാം വന്ന് പ്രിന്റിംഗിനു വിട്ട്

വന്നപ്പോഴെക്കും നേരം ഒരുപാടു വൈകി.. എപ്പോളാണു കിടന്നുറങ്ങിയതെന്ന് അറിയില്ല...പിന്നെ ഭാര്യയാണു വിളിച്ചുണര്‍ത്തിയത്..പാല്‍ക്കാരനു പൈസ കൊടുക്കാന്‍
ചില്ലറയില്ലാത്രെ...അവള്‍ക്കെന്നെ വിളിച്ചുണര്‍ത്തേണ്ട വല്ല കാര്യവുമുണ്ടോ പേര്‍സ് തുറന്നങ്ങെടുത്താല്‍ പോരെ..അതും പറഞ്ഞ് കുറേ വഴക്കിട്ടു...പിന്നെ തോന്നി
വേണ്ടായിരുന്നൂ...വിഷമിപ്പിക്കെണ്ടായിരുന്നൂ..കൊച്ചു കുട്ടികളുടെ സ്വഭാവമാണു ചില നേരങ്ങളില്‍ ..

ഒന്നു കൂടി ഉറങ്ങാമെന്ന് വിചാരിച്ച് കണ്ണടച്ചപ്പോഴേക്കും മൊബയില്‍ ബെല്ലടിച്ചൂ...മിസ്‌ഡ് കാള്‍ ..

ഏതായാലും ഉറക്കം പോയി...


പിന്നെ വന്ന കോളായിരുന്നൂ..ആ ദിവസം മുഴുവന്‍ മാറ്റി മറച്ചത്...


“ഐ.ടി.പില്‍ റൂട്ടിലുള്ള ഏതോ ഒരു വോള്‍വോ ബസ്സില്‍ ബോംബ് വെച്ചിട്ട്ണ്ടെന്നൊരു അജ്ഞാത സന്ദേശം...335 E വജ്ര ഹൈടെക്കി ല്‍ ...പത്ത് മിനിറ്റ് ഇടവിട്ട് കെ.ബി.എസില്‍ നിന്നും ഐ.ടി.പി.ല്ലിനു വോള്‍വോ ബസ്സുണ്ട്..നഗരത്തിലെ സോഫ്റ്റ് വെയര്‍ എന്‍‌ജിനയര്‍മാരുടെ സ്ഥിരം യാത്രാ മാര്‍ഗ്ഗം..കൂടാതെ സായി ബാബ ആശുപത്രിയിലേക്കുള്ള രോഗികളും ഉണ്ടാവും ചിലപ്പോള്‍ .. ഒരു സ്ഫോഢനത്തിന്റെ ഞെട്ടലില്‍ നിന്നും ഉണര്‍ന്ന് വരുന്നതേയുള്ളൂ നഗരം...എന്നാലും ഇവന്മാരൊക്കെ ഈ പത്ര പ്രവര്‍ത്തകരെ വിളിച്ചെ അറിയിക്കൂ ഇതു പോലത്തെ ഭീക്ഷണികളെല്ലാം..ചിലപ്പോ പതിവു പോലത്തെ വ്യാജന്മാരുടെ കുട്ടിക്കളികളാവാം..എന്തായാലും അറിഞ്ഞ സ്ഥിതിക്ക് വേണ്ടപ്പെട്ടവരെ അറിയിക്കാം...”

ഭാര്യയോടു പോലും പറയാതെ അയാള്‍ ഫോണെടുത്ത് കണ്ട്രോള്‍ റൂമിലേക്ക് ഡയല്‍ ചെയ്തു.....


******************************************************************

“പരമ കാരുണ്യവാനായ വലിയവനായ പടച്ചവന്‍ കാണിച്ചു തന്നിട്ടുള്ളത് ശാന്തിയുടെ സമാധാനത്തിന്റെ മാ‍ര്‍ഗ്ഗമാണു...എന്തു മനോഹരമായാണവന്‍ ഈ പ്രപഞ്ചം
സൃഷ്ടിച്ചിരിക്കുന്നത്...പ്രഭാതം..പൂവിടരുന്നത്..തേനീച്ചക്കൂട്ടങ്ങള്‍...ഉറുമ്പിന്‍ കോളനികളുടെ കൂട്ടായ്മകള്‍ .. എല്ലാത്തിനു മീതെ അവന്റെ സ്നേഹം മുഴുവന്‍ തന്ന് സൃഷ്ടിച്ച നമ്മള്‍
മനുഷ്യരും...ദൈവം വലിയവനാണെന്ന ആ സത്യമാണെന്നും എനിക്ക് ജീവിക്കാന്‍ പ്രചോദനം...സൃഷ്ടാവിന്റെ മഹത്വം നമ്മളില്‍ കയ്യൊപ്പു പോലെ പതിഞ്ഞിട്ടുണ്ട്...ഖുറാന്‍ പറയുന്നത് നമ്മുടെ ചായയില്‍ ഒരു ഈച്ച വീണന്നു വെയ്ക്കട്ടെ..നമ്മള്‍ സാധാരണ ഗതിയില്‍ എന്തു ചെയ്യും ചായ കളയും..കാരണം അതില്‍ വിഷമുണ്ടെന്ന് നമുക്കറിയാം..പക്ഷെ ഖുറാന്‍ പറയുന്നത് ആ ഈച്ച യെ ഒന്നു കൂടി ചായയില്‍ മുക്കുക എന്നാണു..കാരണം ചായയില്‍ അടങ്ങിയിരിയ്ക്കുന്ന വിഷത്തെ ന്യൂട്രലൈസ് ചെയ്യാനുള്ള മരുന്ന് ഈച്ചയില്‍ തന്നെ ഉണ്ടത്രേ..ആധുനീക ശാസ്ത്രം അത് ഇപ്പോള്‍ ഗവേഷണം ചെയ്ത് കണ്ടു പിടിച്ചിരിക്കുന്നൂ...ഇപ്പോ പറ ദൈവം വലിയവനല്ലേ...” അയാള്‍ മത പ്രഭാഷണം തുടരുകയാണു...

ബസ് തിക്കിലും തിരക്കിലൂടെയും വീണ്ടും കുറേ ദൂരം എത്തിയിരിക്കുന്നു...നിറഞ്ഞു കവിഞ്ഞാളുകളുണ്ട്...വാതില്‍ അടക്കുവാന്‍ ഡ്രൈവര്‍ ഏറേ പണിപ്പെടുന്നുണ്ട്...ടിക്കറ്റ് എടുക്കുവാന്‍ കണ്ടക്ടറും...എക്ണോമിക് ടൈംസിന്റെ തവിട്ടു നിറമുള്ള താളുകള്‍ക്കിടയില്‍ നിന്നും കണ്ണ് പറിച്ച് ഒരാള്‍ ഇടക്കിടെ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്...

എന്റെ മനസ്സു മുഴുവനും വീട്ടിലാണു...അവള്‍ ഇപ്പോള്‍ അമ്മയെ വിളിച്ച് പരിഭവം പറയുന്നുണ്ടാവും...പാവം ഭാര്യ...ഇതൊന്നു സോള്‍വാക്കണമെങ്കില്‍ നല്ല ശ്രമം വേണം...

“സീ ഇപ്പോ തന്നെ കുറെ ചെറുപ്പക്കാരെ പിടിച്ചു കൊണ്ട് പോയിരിക്കുന്നൂ...സ്റ്റുഡന്റ്സ്..ആര്‍ക്കറിയാം അവരൊക്കെ നിരപരാധികളല്ല എന്ന്..ന്യൂസ് ചാനലുകള്‍ തുറക്കാന്‍ പേടിയാണു സത്യം പറഞ്ഞാല്‍ ... പരിചയമുള്ള ഏതെങ്കിലും ഒരു പയ്യന്റെ പേര്‍ അതില്‍ വന്നു കൂടില്ല എന്നാര്‍ക്കറിയാം....മീഡിയായും ചില സമയങ്ങളില്‍ പാര്‍ഷ്യല്‍ ആണ്..അവര്‍ക്ക് സെന്‍സേഷന്‍ സെല്‍ ചെയ്യണം..എല്ലാം ബിസിനസ്സല്ലെ ഈ ലോകത്തില്‍..ആ..അള്‍ടിമേറ്റിലി ഞാനുമൊരു ബിസിനസ് മാന്‍ ... ”

മൊബയില്‍ ഒന്നു കൂടെ എടുത്ത് നോക്കി...ഇല്ല റിമെന്‍ഡര്‍ വെച്ചിട്ടുണ്ട്..നാളേയാണവളുടെ പിറന്നാള് ‍...

“സുഹൃത്തേ ഞാന്‍ അടുത്ത സ്റ്റോപില്‍ ഇറങ്ങും..”- അയാള്‍ പറഞ്ഞൂ..
“ഞാനും...”
“എനി വേ നൈസ് മീറ്റിംഗ് യൂ...പിന്നെ ഈ പുസ്തകം പിടിച്ചോളൂ...എന്റെ മതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ വല്ലതും ഉണ്ടെങ്കില്‍ നീങ്ങട്ടെ...എനിക്കറിയാം മലയാളികള്‍ പൊതുവെ സെക്കുലേര്‍സ് ആണെന്ന് ..എന്നാലും ഇരിക്കട്ടെ...”

അയാള്‍ ഒരു പുസ്തകം കൈമാറി..അതെന്താണെന്നു മറിച്ച് പോലും നോക്കാതെ ലാപ് ടോപ് ബാഗിലേക്ക് മാറ്റി തിരക്കിലൂടെ ഡോറിനടുത്തേക്ക് നീങ്ങി..

....കൂടെ ഒരേ പോലെ ഷേവ് ചെയ്ത ..ഒരെ പോലെ കണ്ണട വെച്ച ഒരേപോലെ ഡ്രസ് ചെയ്ത ഒരേ പോലെ ടാഗ് തൂക്കിയ .. ലാപ് ടോപ് ബാഗില്‍ ഒരേ പോലെ
വിരലുകള്‍ തിരുപ്പിടിപ്പിച്ച കുറേപ്പേരും..എല്ലാവരും നിസ്സംഗരായി ഗേറ്റ് കടന്നു പോയി..

പുറത്ത് ഒരു കൂട്ടം പോലീസ് വാനുകള്‍..കുറേ പോലീസുകാര്‍...ചാനല്‍ വാനുകള്‍ .. ക്യാമറാ ഫ്ലാഷുകള്‍ ...

അവര്‍ അയാളെ വളഞ്ഞൂ...
പോലീസ് വാനിലേക്ക് ആരോ ചിലര്‍ ചേര്‍ന്ന് തള്ളിക്കയറ്റി....

ചാനല്‍ റിപ്പോര്‍ട്ടര്‍മാരില്‍ ആരോ ചിലര്‍ ലൈവ് സ്റ്റുഡിയോയിലേക്ക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തു....

ടെറര്‍ മെയിത്സ് അയച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നൂ.....

പെട്ടെന്നണു ഓര്‍മ്മ വന്നത്...ഇന്നാണു ഭാര്യയുടെ പിറന്നാള്‍..നാളെയല്ല...മറന്നു പോയീ...റിമൈന്‍ഡറും പറ്റിച്ചൂ...അതാണവള്‍ പിണങ്ങിയത്..
പെട്ടെന്ന് ഫോണ്‍ അടിച്ചു...ഭാര്യയാണു..

“ഏട്ടാ...”
“മോളൂ സോറി...ഇന്നാണു പിറന്നാളെന്ന് ഞാന്‍ മറന്നു പോയെടാ...സോറി...റിയലി സോറി..”
“അതു സാരമില്ല ഏട്ടാ...ഏട്ടന്‍ സെയിഫാണോ....” കരഞ്ഞു കലങ്ങിയ ശബ്ദത്തില്‍ അവള് ചോദിച്ചൂ..
“ഞാന്‍ ...”
“ബാംഗ്ലൂരില്‍ വോള്‍വോ ബസ്സില്‍ ബോംബ് വെച്ചിട്ടുണ്ടെന്നു പറഞ്ഞു ടി.വിയില്‍ ന്യൂസ് ഫ്ലാഷ് കാണിക്കുന്നതു കണ്ടപ്പോള്‍ മുതലെ ഞാന്‍ വിളിച്ചു തുടങ്ങിയതാ...കിട്ടുന്നിലാരുന്നു..ലൈന്‍ മുഴുവന്‍ ബ്ലോക്..ബോംബ് വെച്ചത് ഒരു കാലി ബെസ്സില്‍ ആയിരുന്നത്രേ..പോലീസ് അത് നശിപ്പിച്ചു എന്നു കേട്ടപ്പൊളാ ഒന്നു സമാധാനമായത്...ഏട്ടന്‍ സൂക്ഷിക്കണെ...”

ഒരു വിധം അവളെ സമാധാനിപ്പിച്ച് ...ഗേറ്റ് ലക്ഷ്യമാക്കി നടന്നൂ....
അയാള് തന്ന പുസ്തകം ബാഗിന്റെ ഗാപ്പിലൂടെ പുറം ലോകത്തെ തുറിച്ചു നോക്കി..

ഏയ് അയാള്‍ നിരപരാധിയാവാം..ആരെങ്കിലും അയാളുടെ വൈഫൈ കണക്ഷനിലേക്ക് ഹാക് ചെയ്ത് മെയില്‍ അയച്ചതാവാം..അയാള്‍ പാവമാണു...കുറച്ചധികം സംസാരിച്ചെങ്കില്‍

കൂടിയും...ഓവര്‍ടൊക്കിംഗ് ഇന്നസെന്റ്....

ഡെഡ് ലൈനുകള്‍ മീറ്റ് ചെയ്യാനുള്ള സ്ഥിരം ജോലിത്തിരക്കുകളിലേക്ക് നടന്നു നീങ്ങുന്ന ആയിരങ്ങളിലൊരുവനായി അലിഞ്ഞു ചേര്‍ന്ന് നടന്നു നീങ്ങി...

പുറത്ത് ചുവന്ന കളറുള്ള 335 ഇ വോള്‍വോ സെക്യൂരിറ്റി ചെക്കുകള്‍ക്കു ശേഷം മടക്കയാത്രക്കുള്ള യാത്രക്കാരേയും വഹിച്ച് സ്റ്റാര്‍ട്ട് ചെയ്തു.....


-------------------------------------------------------------------------------------
അക്ഷരങ്ങള്‍ മറക്കരുതെന്ന് എന്ന് ഓര്‍മ്മിപ്പിച്ച കുറുമാനു....
ഒരു നീണ്ട ട്രെയിന്‍ യാത്രയില്‍ പരിചയപ്പെട്ട് കുറെ നേരം സംസാരിച്ച് ഒടുവില്‍ ഒരു ഖുറാന്‍ സമ്മാനിച്ച് പേരറിയാത്ത് ഏതോ ഒരു സ്റ്റേഷനില്‍ ഇറങ്ങിപ്പോയ അജ്ഞാതനായ ഒരു
നല്ല മനുഷ്യന്
പ്രോത്സാഹിപ്പിച്ച് ..നിര്‍ബന്ധിച്ച് ഇതെഴുതിപ്പിച് അത്താഴം പോലും കഴിക്കാതെ കാത്തിരുന്നു ആദ്യം വായിച്ച ഭാര്യക്ക്..

ഒരു സ്പാര്‍ക് തന്ന A Wednesday എന്ന സിനിമയിലെ നസറുദ്ദീന്‍ ഷായ്ക്ക്.....

ഓര്‍ക്കുക ഇതൊരു കഥ മാത്രം..ജസ്റ്റ് എ ഫിക്ഷന്‍....
-കുട്ടന്‍സ്