Friday, January 7, 2011

ടെര്‍മിനല്‍ 2B

സമയം അറിഞ്ഞു കൂടാത്ത ഏതോ ഒരു രാത്രി..ഒരു റയില്‍വേ സ്റ്റേഷന്‍ ബഞ്ചില്‍ കിടന്നുറങ്ങുകയാണു ഞാന്‍…അരിച്ചിറങ്ങുന്ന ആ തണുപ്പില്‍ ബഞ്ചില്‍ വിരിച്ചിട്ട ഇന്ത്യന്‍ എക്സ്പ്രസ്സിലും,മാതൃഭൂമിയിലും കിടക്കയുടെ സുഖം കണ്ടെത്തി ഉറങ്ങുമ്പോള്‍- ഒരു സ്വപ്നം, എല്ലായിപ്പൊഴും നീണ്ടയാത്രകള്‍ക്കു മുന്‍പെ എന്നെ പേടിപ്പെടുത്താറുള്ള അതേ സ്വപ്നം..മിസ്സ്‌ ആവുന്ന ട്രയിന്‍..നീണ്ട്‌ പോവുന്ന യാത്രകള്‍…
അതിവേഗത്തില്‍ പാഞ്ഞു വരുന്ന ട്രെയിന്‍, നീളമുള്ള പച്ച ബോഗിക്കള്‍ക്ക് പിന്നാലെ കുറെ പെട്ടികളുമായി ഓടുകയാണ് ഞാന്‍...ഓടും തോറും അവസാനികാത്ത പ്ലാട്ഫോം.....എനിക്ക് വേണ്ടി കാത്ത്‌ നില്‍ക്കാതെ കൂവി വിളിച്ച് അകന്നു പോവുന്ന ട്രെയിന്‍.

പെട്ടെന്നു എന്നെ മറികടന്ന് ഒരു രൂപം...എന്റെ ദേഹത്തിനു മുകളിലൂടെ കടന്നുപോയി...ഞെട്ടിയെഴുന്നെറ്റു..കണ്ണു തിരുമ്മി..ഞാന്‍ റയില്‍വേ സ്റ്റേഷനിലും അല്ല, ട്രയിനിലും അല്ല..അതും ഒരു സ്വപ്നം മാത്രം ആയിരുന്നു..

ഇപ്പോള്‍ ബാഗ്ദാദിനു മുകളിലൂടെയാണു പറക്കുന്നതെന്നു എന്റെ തൊട്ടടുത്ത സീറ്റില്‍ ഉറപ്പിച്ചു വച്ചിരിയ്ക്കുന്ന സ്ക്രീനിലെ പച്ച മാപ്പുകളിലെ ചുവന്ന വരകള്‍ ഓര്‍മ്മിപ്പിച്ചു…..എയര്‍ ഫ്രാന്‍സ്‌ 121 ബാംഗളൂര്‍-പാരീസ്‌ ഫ്ലൈറ്റിലെ 32ഡി സീറ്റിലെ യാത്രക്കാരനാകുന്നു ഞാനിപ്പോള്‍..

ഫ്ലൈറ്റ്‌ കറക്റ്റ്‌ സമയമായ 2:20 am നു തന്നെ ടേക്കൊഫ്ഫ്‌ ചെയ്തിരുന്നു..നിരവധി സമയരേഖകള്‍ മുറിച്ചു കടന്നു, എന്റെ പ്രിയപ്പെട്ടവര്‍ക്ക് പിന്നില്‍, 13 1/2 മണിക്കൂര്‍ വൈകി മാത്രം സൂര്യന്‍ ഉദിക്കുന്ന പസഫിക്‌ തീരങ്ങിളിലെക്കുള്ള എന്റെ യാത്ര തുടങ്ങിയിട്ടേയുള്ളൂ…32E യില്‍ ഒരു സ്ത്രീയാണു..ഭാഗ്യം എന്റെ കൂടെ ഇല്ലത്തതു കൊണ്ടു, എന്റെ സഹയാത്രിക ഒരു 65 കഴിഞ്ഞ ചെറുപ്പക്കാരിയാണു….കഴുത്തു നിറയെ രുദ്രാക്ഷ മാലയണിഞ്ഞ ഒരു മദാമ്മ സന്യാസ്സിനി…അവരാണു കുറച്ചു മുന്‍പെ എന്റെ തൊട്ടുമുകളിലൂടെ ചാടി എന്റെ സ്വപ്നങ്ങളെ മുറിച്ചുണര്‍ത്തിയത്‌….!

ഇനിയും മണിക്കൂറുകള്‍ കാത്തിരിയ്ക്കണം പാരീസ് എത്താന്‍..പാരീസില്‍ നിന്നും 9:25 എ.എം നു ള്ള ഡെല്‍റ്റ എയറില്‍ അറ്റ്ലാന്റയ്ക്കു പറക്കണം..പക്ഷെ ഇപ്പൊള്‍ ചാവുകടല്‍ കീറിപ്പറക്കുന്ന ഈ ഫ്ലൈറ്റ് പാരീസിലെത്തുമ്പൊളേക്കും 8:45 കഴിയും..പിന്നെയും ദൂരെയെവിടെയോ ഉള്ള 2ഇ ടെര്‍മിനല്‍ തേടിപ്പിടിച്ചു വേണം അറ്റ്ലാന്റാ ഫ്ലൈറ്റ് പിടിക്കാന്‍….

വീണ്ടും ഉറക്കത്തിന്റെ ആഴങ്ങളിലേക്ക്‌ ഊളിയിട്ടു...ക്രമം തെറ്റി സ്വപ്‌നങ്ങള്‍ ഒരു ജിഗ്സോ പസില്‍ പോലെ പിന്തുടര്‍ന്നു..ഉറക്കം വീണ്ടും വിട്ടുമാറി..പുറകിലുള്ള എന്റെ സഹ "വര്‍ക്കി" കളെ നോക്കി.. അവര്‍ രണ്ടു പേരും നല്ല ഉറക്കമാണ്..വിന്‍ഡോ സ്ക്രീന്‍ വലിച്ചിട്ടു, കണ്ണുകള്‍ക്ക്‌ മുകളില്‍ പാഡ് കെട്ടി ഉറക്കമാണ് മിക്കവരും.

നടുവിലത്തെ സീറ്റാണ് എനിക്ക് കിട്ടിയത്..എന്റെ നിരയിലെ വിന്‍ഡോ സീറ്റുകാരന്‍ ഉറക്കം വരാത്തത് കൊണ്ടാവണം..വിന്‍ഡോ സ്ക്രീന്‍ ഉയര്‍ത്തി വെച്ച് പുറത്തേക്ക് നോക്കി ഇരിപ്പാണ്...പിന്നോട്ടാക്കി ഓടി മറയുന്ന കൂറ്റന്‍ കെട്ടിടങ്ങളോ, വന്മരങ്ങളോ ഒന്നുമില്ല...വരക്കാന്‍ അറിയാത്ത ആരോ വരച്ചിട്ട കുറച്ചു വെള്ള മേഘങ്ങള്‍ മാത്രം അനങ്ങാതെ നില്‍പ്പുണ്ട്...ഒരു നിശ്ചലചിത്രം പോലെ..

സമയം പൊവാന്‍ വേണ്ടി ടി.വി സ്ക്രീനില്‍ ചാന‍ല്‍ മാറ്റിമറിയ്ക്കാന്‍ തുടങ്ങി..പേരറിയാത്ത ഒരു ഫ്രെഞ്ച് ഫിലിം..രസമുണ്ട്..അതിലെ നായികയ്ക്കു നമ്മുടെ രജനി അണ്ണനെ പെരുത്തിഷ്ടം ആണത്രെ..
സിനിമ കഴിഞ്ഞു...വീണ്ടും ഉറക്കവും കൂട്ടം തെറ്റിയ സ്വപ്നങ്ങളും മുറിവേല്‍പ്പിചു തുടങ്ങി…
ചില യാത്രകള്‍ നമ്മെ മടുപ്പിക്കും …ചിലതു നമ്മെ കൊതിപ്പിയ്ക്കും..
മണിക്കൂറുകള്‍ ചിറകറ്റു വീഴുന്ന ബംഗളൂരു–പാരീസ് യാത്രയും മടുപ്പിന്റെ താളം മുറുകിതുടങ്ങിയിരുന്നു..

ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട വിരസതക്കൊടുവില്‍, അറിയിപ്പ് വന്നൂ...ഏതാനും മിനിറ്റുകള്‍ക്കകം പാരീസില്‍ ലാന്‍ഡ്‌ ചെയ്യാന്‍ പോവുന്നു...എയര്‍ ഹോസ്റ്റസ് സുന്ദരികള്‍(!!???) പ്രഭാത ഭക്ഷണവുമായെത്തി...മുട്ട കൊണ്ടുണ്ടാക്കിയ വിഭവം ഒപ്പം കുറെ സാലഡുകളും, ബ്രഡും, ജ്യൂസുകളും...പഞ്ചസാര, ക്രീം(!!), ബ്ലാക്ക്‌ കോഫി..പാകമാകാത്ത മധുരം, പാല്‍, കടുപ്പം ഇവയോട് കൂടി സ്വയം ഉണ്ടാക്കിയ കാപ്പി കഴിച്ചതൊടു കൂടി അബ്ഡോമന്‍ ഏരിയാകമ്മിറ്റി ചില മുറുമുറുപ്പുകള്‍ ഉയര്ത്തിതുടങ്ങി..ഫ്ലൈറ്റ്‌ ഉടനെ ലാന്‍ഡ്‌ ചെയ്തേക്കാം..കൂടാതെ പിന്നിലെ ടോയ്‌ലറ്റ്‌ പരിസരങ്ങളില്‍ നിലവില്‍ വലിയ ക്യൂ.. ഇനി "പോളിറ്റ്‌ബ്യൂറോ" സന്ദര്‍ശനം എയര്‍പ്പോര്ട്ടില്‍ ചെന്നതിനു ശേഷമാവും ഉചിതം....

ലാന്‍ഡ്‌ ചെയ്യുന്നതിന് മുന്‍പുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു..സീറ്റ്‌ ബെല്‍റ്റ്‌ മുറുക്കാനുള്ള സന്ദേശം വന്നൂ..സീറ്റ്‌ ബെല്‍റ്റ്‌ ഇട്ടോ എന്നറിയാന്‍ എയര്‍ ഹോസ്റ്റസ് ചിരി പശയിട്ട് ഒട്ടിച്ച് വെച്ച മുഖവുമായി വന്നൂ...

പൈലറ്റ്, വിമാനം പാരീസ്‌ നഗരത്തിനു മുകളിലൂടെ വട്ടമിട്ടു പറത്തി...നഗരത്തിനു പുറത്തുളള ഗ്രാമങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവ ചതുരക്കളങ്ങളായി കാണപ്പെട്ടു...അവയ്ക്കു അരികിലായി കളപ്പുരകള്‍, വെയര്‍ഹൌസുകള്‍...നഗരത്തിലൂടെ പാഞ്ഞു പോവുന്ന സബര്‍ബന്‍ട്രെയിനുകള്‍..എയര്‍പ്പോര്‍ട്ട് ലക്ഷ്യമാക്കി നീങ്ങുന്ന കാറുകള്‍...അവയില്‍ ഒരു പക്ഷേ ചിലര്‍ തങ്ങളുടെ പ്രിയപ്പെട്ടവരേ യാത്രയാക്കാനോ, സ്വീകരിക്കാനോ വരുന്നവരാകാം...എനിക്ക് ഒരു നീണ്ട യാത്രയുടെ ഒന്നാം ഘട്ടം ഇവിടെ തീരുന്നു..
*********************************
പാരീസ് സമയം 8:38 നു ഫ്ലൈറ്റ് ഇന്റെര്‍നാഷണല്‍ "നെടുമ്പാശ്ശേരിയായ" ചാര്‍ല്സ് ഡീഗൌല്‍ – ല്‍ ലാന്റ് ചെയ്തു..പ്രതീക്ഷിച്ഛ്തിലും 2000 മി.സെക്ക്ന്റ് നേരത്തെ..
ഫ്രാന്‍സ് ഇന്‍ഡ്യയ്ക്കു പുറത്തുള്ള എന്റെ ആദ്യ രാജ്യം..ആദ്യ ഇന്റെര്‍നാഷനല്‍ ഫൈറ്റ് യാത്ര ഇവിടെ അവസാനിക്കുന്നു…
ഫ്രാന്‍സ്, ഈഫല്‍ ടവറിന്റെയും, റെയ്നോള്‍ഡ്സ് പേനയുടേയും, ഫ്രെഞ്ച് കിസ്സിന്റേയും നാട്..എന്റെ സഹയാത്രികരും സഹ "വര്‍ക്ക"ന്മാ രുമായ മറ്റുരണ്ടുപേരുടേയും (ഇനി അങ്ങൊട്ടു വഴി അറിയില്ലല്ലൊ..)കൂടെ ഞാനും തിരക്കിട്ടിറങ്ങീ…
ഫ്ലൈറ്റിന്റെ വാതില്‍ക്കല്‍ നിന്ന മദാമ്മ പറഞ്ഞ ബൊണ്‍ഷൂര്‍ മൈന്റ് ചെയ്യാതെ മുന്നൊട്ടു വച്ചടിച്ചു..പാസ്സേജിന്റെ വളവില്‍ അറ്റ്ലാന്റ എന്ന ഡിസ്പ്ലേയുമായി ഒരു ഫ്രെഞ്ച് സായിപ്പും..കറുത്ത ഒരു ഫ്രെഞ്ച് വീന‍സ് വില്ല്യംസും നില്‍പ്പുന്നുണ്ടായിരുന്നു..
നേരായ വഴിക്ക് പോയാല്‍ ഫ്ലൈറ്റ്‌ മിസാകാന്‍ സാധ്യത ഉള്ളതിനാല്‍ എയര്‍ ഫ്രാന്‍സ്‌ ഉദ്യോഗസ്ഥര്‍ കണ്ടു പിടിച്ച ഒരു ഷോര്‍ട്ട്കട്ട് ആണ് എന്ന് മനസ്സിലാക്കി ഞാനും സഹപ്രവര്‍ത്തകരും ആ ക്യൂവില്‍ ചേര്‍ന്നു.

സമയം 8:45 കഴിഞ്ഞു പെട്ടെന്നു ഞങ്ങളില്‍ ചിലരേയും വിളിച്ചു സായിപ്പു പുറത്തേക്കു കടന്നു..
നല്ല തണുപ്പുണ്ട്..6 ഡിഗ്രി..(പുറത്തെ സമയവും, താപനിലയും ലാന്‍ഡ്‌ ചെയ്യുമ്പോള്‍ പൈലറ്റ്‌ അനൌണ്‍സ് ചെയ്തിരുന്നു..)എന്റെ കട്ടികുറഞ്ഞ ജാക്കറ്റിനും ടീഷര്‍ട്ടിനും സഹിക്കാവുന്നതിലും അപ്പുറത്തുള്ള തണുപ്പ്….
ആദ്യമായി ഒരു വിദേശ് മണ്ണില്‍ കാല്‍ പതിപ്പിക്കുവാണു..മൂടിക്കെട്ടിയ അന്തരീക്ഷം..പുറത്ത് ചെറിയ ഒരു ചാറ്റല്‍ മഴ..മറ്റുള്ളവരുടെ പുറകെ ഞാനും പുറത്തേക്കിറങ്ങി..
6 പേര്‍സണ്‍സിനു ഒക്ക്യുപൈ ചെയ്യാന്‍ പറ്റുന്ന ഒരു വാനിലേക്കു സായിപ്പു ഞങ്ങളെ കയറ്റി..ഇടയ്ക്കിടെ അയാള്‍ ഫ്രെഞ്ചില്‍എന്തൊക്കെയൊ പറയുന്നുണ്ട്..ഡോര്‍സ് എല്ലാം അടച്ച ശേഷം അയാള്‍ ഡ്രൈവിങ്ങ് സീറ്റില്‍ കയറി ഇരുന്ന് സ്റ്റാര്‍ട് ചെയ്തു…
മൊഫ്യൂസല്‍ സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തിയിട്ടിരിയ്ക്കുന്ന പോലെ പാര്‍ക്കു ചെയ്തിട്ടിരിക്കുന്ന ചെറുതും വലുതുമായ കിങ്ഫിഷെറുകള്‍(വിമാനം എന്നു വായിക്കുക…)ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു 10 മി. കൊണ്ട് ഞങ്ങളേയും കൊണ്ട് വാന്‍ 2ഇ ടെര്‍മിനല്‍ ന്റെ പിന്‍ വാതിലില്‍ എത്തി…

കൃത്യ സമയത്തു തന്നെ ടെര്‍മിനലില്‍ എത്തിച്ച ഡ്രൈവര്‍ സാഹിബിനു നന്ദി പറയണം എന്നു വിചാരിച്ചെങ്കിലും അതു അയാള്‍ ഒരു ക്രെഡിറ്റായെടുത്തു അഹങ്കരിച്ചാലോ എന്നു കരുതി തനി മലയാളിത്തതോടെ അതു വേണ്ട എന്നു വച്ചു..
സമയം തിരിച്ചറിയാന്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാത്തതു കൊണ്ടു സഹവര്‍ക്കി ഒന്നിനോട്‌ ചോദിച്ചു സമയം 9:05 ആയെന്നും ഇനിയും ഇരുപതു മിനിറ്റുകൂടി ബാലന്‍സ്‌ ഉണ്ടെന്നും മനസിലാക്കി ആശ്വാസനെടുവീര്‍പ്പിട്ടു..
ആ നെടുവീര്‍പ്പു അസ്ഥാനത്താണെന്നു പിന്നീട്‌ നടന്ന സംഭവ വികാസങ്ങള്‍ ക്രിസ്റ്റല്‍ ക്ലിയറില്‍ മനസിലാക്കി തന്നു..
ചുമ്മാ അങ്ങു സ്കിപ്പു ചെയ്തു പിന്‍വാതിലിലൂടെ എളുപ്പത്തില്‍ ടെര്‍മിനലിലേക്കു കയറിപ്പോവാന്‍ പറ്റില്ല എന്നും, സെക്യൂരിറ്റി ചെക്കപ്പ്‌ കഴിയാതെ ഏതു ബിന്‍ ലാദന്‍ ആയാലും ഉള്ളിലെത്താനവില്ലെന്നും പതുക്കെ പതുക്കെ തിരിച്ചറിഞ്ഞു..എത്തിപ്പെട്ടിരിക്കുന്നതു ഒരു സെക്യൂരിറ്റി ചെക്കിങ്ങ്‌ റൂമില്‍ ആണെന്നും പിടികിട്ടി..
ആറാം തമ്പുരാന്‍ റിലീസായ അന്നു, കോഴിക്കോട്‌ ബ്ലൂഡയമണ്ട്‌ തീയെറ്ററില്‍ ഗേറ്റ്‌ തുറക്കുവാന്‍ കാത്തു നിന്ന അതെ ആങ്ക്സൈറ്റിയോടെ ഞങ്ങള്‍ (ഞാനടക്കം പത്തു സഹ്യയാത്രികര്‍..‍) കാത്തു നിന്നു…
തീയെറ്ററിലെ പോലെ മതില്‍ ചാടിക്കിടക്കാന്‍ യാതോരു ഓപ്ഷനും ഇല്ലെന്നും, സ്ഥാപന ജ്ഗമ വസ്തുക്കളായ മൊബീല്‍, പേര്‍സ്‌, ഷൂ, സോക്സ്‌,ബാഗ്‌ തുടങ്ങിയതില്‍ അഴിക്കാന്‍ പറ്റുന്നവ അഴിച്ചും, അല്ലാത്തവ എടുത്തും ഓരോ ബേസിന്‍ ഉള്ളില്‍ വച്ചു,
എന്തിനും ഏതിനും തയ്യാര്‍ ആയി..മെറ്റല്‍ ഡിക്റ്റ്‌റ്റര്‍ എന്ന പുനര്‍ജന്മ കവാടത്തിലൂടെ കടന്നു പോവണം എന്നു അറിയാവുന്നതു കൊണ്ട്‌ ആ സ്വര്‍ഗ്ഗവാതില്‍ ഓപ്പണ്‍ ആവാന്‍ വെയിറ്റു ചെയ്തും, ഇടയ്ക്കിടെ സമയം ചോദിച്ചും സമയം കളഞ്ഞു..

*************************************************************
"പ്ലീസ്‌ വെയിത് ഫോര്‍ ഫൂ മിനുട്സ്, ദിസ്‌ വില്‍ബി റെഡി സൂണ്‍.." എയര്‍പ്പോര്‍ട്ട് സെക്യൂരിറ്റി ടീമിലെ ഫ്രഞ്ച് സുന്ദരി പാതി ആംഗലേയത്തില്‍ അഭ്യര്‍ത്ഥിച്ചു...
പല സൈസില്‍ ഉള്ള ഇരുമ്പ് ഗോളങ്ങള്‍ മെറ്റല്‍ ഡിക്റ്റ്‌റ്ററിലൂടെ ട്രയല്‍ നടത്തുന്നതില്‍ മുഴുകിയിരിക്കുകയാണ് അവര്‍...ഇനി അത് ടെസ്റ്റ്‌ ചെയ്തു..സുരക്ഷ ഉറപ്പാക്കിയിട്ട് വേണം യാത്രക്കാര്‍ ഓരോരുത്തരും അതിലൂടെ കടന്നു പോവേണ്ടത്...സമയം പോവുംതോറും ഞങ്ങള്‍ ഓരോരുത്തരുടെയും ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു....
ഇനി പത്തു മിനിറ്റ്‌ കൂടി ബാലന്‍സ്‌....

(തുടരും ...)

Disclaimer: നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ആരംഭിച്ച ഈ ബ്ലോഗിലെ, ആദ്യത്തെ പോസ്റ്റ്‌ ചില മിനുക്കു പണികള്‍ക്ക് ശേഷം വീണ്ടും പോസ്റ്റിയത്...

3 comments:

ഇ.എ.സജിം തട്ടത്തുമല said...

പ്രതിഷേധക്കുറിപ്പ്: വെളുത്ത അക്ഷരങ്ങൾ വായിച്ചെടുക്കാൻ ഒത്തിരി ബുദ്ധിമുട്ട്. വെളുത്ത പ്രതലത്തിൽ കറുത്ത അക്ഷരങ്ങളായി എഴുതിയിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന് അഭിപ്രായമുണ്ട്. ആശംസകൾ!

ഇ.എ.സജിം തട്ടത്തുമല said...

കമന്റ് പേജിലെ ഷോ ഓറിജിനൽ പോസ്റ്റ് ക്ലിക്ക് ചെയ്ത് ഓടിച്ച് വായിച്ചു. ഇനിയും വരും.

കുട്ടന്‍സ്‌ | S.i.j.i.t.h said...

നന്ദി സജീം ഭായ്‌,

താങ്കളുടെ നിര്‍ദ്ദേശം അനുസരിച്ച് ലേ ഔട്ട്‌ മാറ്റിയിരിക്കുന്നൂ...വീണ്ടും വരുമല്ലോ..

-