കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ടൈപ്പ് ചെയ്ത അക്ഷരങ്ങള്‍ പുതിയ വരികള്‍ക്കു ജന്മം നല്‍കി..തുറന്നു വെച്ചിരിക്കുന്ന ഡെവലപ്‌മന്റ് ടൂളിലെ എഡിറ്റിംഗിനു വേണ്ടി വേര്‍തിരിച്ച് വെച്ചിരിക്കുന്ന ഇടങ്ങളില്‍ കമ്പനിയുടെ പ്രസ്റ്റീജ് പ്രൊഡക്ടുകളില്‍ ഒന്നിന്റെ ബിസിനസ് ലോജിക്ക് ചിന്തകളില്‍ നിന്നും അക്ഷരമാലകളായി ഒഴുകിയിറങ്ങി...
നാളെയാണു ഈ മൊഡ്യൂളിന്റെ റിലീസ്..ദിവസേനയുള്ള ഓണ്‍സൈറ്റ് ചര്‍ച്ചകളില്‍ മുഴുകി പുറം ലോകം തന്നെ മറന്നു തുടങ്ങിയിരിക്കുന്നൂ...ഈ പ്രൊഡക്ട് റിലീസ് കഴിഞ്ഞിട്ടു വേണം കുറച്ച് ദിവസം ലീവെടുത്തൊന്നു വിശ്രമിക്കാന്‍...
ടേബിളില്‍ വെച്ചിരുന്ന കോളാ ടിന്നില്‍ നിന്നും അവസാന സിപ്പ് ഊറ്റിവലിച്ചെടുത്ത് ഈസീ ചെയറില്‍ ചാരിയിരുന്ന് മൊഡ്യൂള്‍ ബില്‍ഡ് ചെയ്യാനുള്ള ഓപ്ഷന്‍ സെലെക്ട് ചെയ്തു..പുറത്ത് നന്നായി മഴ പെയ്യുന്നുണ്ട്..കറുത്ത ആവരണം പതിച്ച ചില്ലുഗ്ലാസ്സില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഈര്‍പ്പത്തുള്ളികള്‍ക്കിടയിലൂടെ താഴേക്ക് നോക്കി..തിരക്കു പിടിച്ചു പായുന്ന ആള്‍കൂട്ടം...
മെസ്സെഞ്ചര്‍ വിന്‍ഡോ ചുവപ്പു നിറത്തില്‍ ചിമ്മുന്നു..ഒരു പക്ഷെ സെന്റ് പീറ്റേര്‍സ് ബര്‍ഗിലുള്ള ടീം മേറ്റായിരിക്കാം..പുതിയ എന്തോ പാരയുമായുള്ള വരവാവാം..ചിലപ്പോള്‍ അവന്റെ പുതിയ ഗേള്‍ഫ്രന്‍ഡിനെക്കുറിച്ചുള്ള വിവരണം സഹിക്കേണ്ടിയും വരാം..ഒരിക്കല്‍ ഫോട്ടോ അയച്ചു തന്നിരുന്നു..ഒരു സുന്ദരിപ്പെണ്ണ്..സുന്ദരികള്‍ മുഴുവനും അങ്ങ് റഷ്യയിലാണോ ജീവിക്കുന്നത്..അവനോടൊരിക്കല്‍ കളിയായി ചോദിച്ചതാണു..
"ഏയ്,ഡ്യൂഡ്..ഹൗ ആര്‍ യൂ.."
ഓ സെര്‍ജി പാവ്‌ലോവ് എന്ന റഷ്യക്കാരന്‍ അല്ല..മാനേജരാണ്..
"ഹായ് ബോസ്..ഐ ആം ഗൂഡ്..താങ്ക്സ്..വാട്‌സ് അപ്..?? " ഞാന്‍ ചോദിച്ചു
"ക്യാന്‍ യൂ സ്പെണ്‍ഡ് സം ടൈം വിത് മീ..ഐ ഹാവ് സംതിങ്ങ് ടു ടോക് വിത് യൂ.." മാനേജരുടെ വിരലുകളില്‍ നിന്നും പിറന്ന അക്ഷരക്കൂട്ടങ്ങള്‍ എന്റെ ചാറ്റ് വിന്‍ഡോയില്‍ വന്നു വാവിട്ടു നിലവിളിച്ചു...
സിസ്റ്റം ലോക് ചെയ്ത് ഞാന്‍ പതുക്കെ ചില്ലുവാതിലുകള്‍ കൊണ്ട് വേര്‍തിരിച്ച ക്യാബിനിലെക്ക് കയറി..നീട്ടിയിട്ട കസേരകളില്‍ ഒന്നില്‍ ഇരുപ്പുറപ്പിച്ചു...
എന്തു വന്നാലും കുറച്ച് ലീവ് ചോദിക്കണം..എന്നിട്ട് നാട്ടിലൊക്കെ പോയി ഒന്നു കറങ്ങണം..
നീണ്ടു നിന്ന വളച്ചു കെട്ടലുകള്‍ക്കൊടുവില്‍..മേമ്പൊടിചേര്‍ത്ത മാനേജ്‌മന്റ് പല്ലവികള്‍ ചേര്‍ത്ത് അയാള്‍ വിഷയം അവതരിപ്പിച്ചു..സേവനം മതിയായത്രേ...
ബിസിനസ് ഡിസിഷന്‍ അങ്ങിനെയാവുമ്പോള്‍ തനിക്കൊന്നും ചെയ്യാന്‍ ആവില്ല എന്നു പറഞ്ഞു അയാള്‍ തന്റെ നിസ്സഹായത പുറത്തേക്കിട്ടു..
വിഷമമുണ്ടോ...അയാള്‍ ചോദിച്ചു..പൊട്ടിച്ചിരിക്കാനാണു തോന്നിയത്..നാളേമുതല്‍ ജോലി ഇല്ലാത്തവനോട്..ഇത്രയും കാലം മൊബയിലൂടെ വന്ന ഇന്റര്‍വ്യൂ കോളുകളോടു വൈമുഖ്യം കാണിച്ച് കമ്പനിയോടും പ്രൊഡക്ടിനോടും ആത്മാര്‍ഥത കാണിച്ചവനോട് ചോദിക്കേണ്ട ചോദ്യം തന്നെ...
പുറത്ത് മഴ നന്നായി പെയ്യുന്നുണ്ടായിരുന്നൂ...
ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ പരുതുന്ന സഹപ്രവര്‍ത്തകര്‍ പുറത്ത് തട്ടി സമാധാനിപ്പിച്ചൂ..കോര്‍പ്പറേറ്റ് ലൈഫില്‍ അതൊക്കെ സാധാരണമാണത്രെ..പോസിറ്റീവാവണം..ശ്രമിച്ചാല്‍ തീര്‍ച്ചയായും നല്ലയിടത്ത് കിട്ടും..
മനസ്സില്‍ അപ്പോഴൊക്കെ നിറഞ്ഞു നിന്നത് അടക്കാന്‍ ബാക്കിയിരിക്കുന്ന ഇന്‍ഷൂറന്‍സ് പോളിസികളും,ലോണ്‍ ഇന്‍സ്റ്റാള്‍മെന്റുകളും,വീട്ടിലേക്കു മുടങ്ങാതെ അയക്കുന്ന പണവും ആയിരുന്നൂ..
മാസാവസാനം വാതിലില്‍ വന്നു മുട്ടുന്ന വീട്ടുടമസ്ഥന്‍ വീണ്ടും വാടക കൂട്ടേണ്ടതിനെ പറ്റി സൂചിപ്പിച്ചിരുന്നൂ..വര്‍ഷാവസാനം ഇങ്കം ടാക്സ് സ്റ്റേറ്റ്മെന്റുകളുമായി ടാക്സ് കൗണ്ടറിനു മുന്നില്‍ നില്‍ക്കുന്ന ഒരുവന്‍ ആലോചിക്കുമോ ഒരു ദിവസം ജോലിയില്ലാത്തവനാവുമെന്നു...ഹും കോര്‍പ്പറേറ്റ് പോളിസികള്‍...!!!!!!!!!!!!
********************
കയ്യില്‍ മുറുകെ പിടിച്ചിരിക്കുന്ന ഫയലുകളില്‍ ബയോഡാറ്റയുടെ പ്രിന്റാൂട്ടുകള്‍ ഇരുന്നു കരഞ്ഞു തുടങ്ങി..ശീതികരിച്ച ചില്ലുമുറിക്കുള്ളില്‍ ഇന്റര്‍വ്യൂവര്‍ ചോദ്യങ്ങള്‍ വിവിധ പെര്‍മ്യൂട്ടേഷനിലും കോമ്പിനേഷനില്‍ കുടഞ്ഞെറിഞ്ഞു..
സ്വയം പരിചയപ്പെടുത്തി, ചുണ്ടെത്ത് നിറച്ചു വെച്ച കോര്‍പ്പൊറേറ്റ് പുഞ്ചിരിയോടെ മുന്‍ കമ്പിനി വിടാനുള്ള കാരണം പറഞ്ഞു..കരിയര്‍ ഗ്രോത്ത്..
പിന്നങ്ങോട്ട് കേട്ടതും കേള്‍ക്കാത്തതുമായ ഒട്ടനവധി കാര്യങ്ങളുടെ നീണ്ട ചോദ്യോത്തരം....വിവിധ ലവലുകളിലൂടെ കയറിമറഞ്ഞുള്ള ഇന്റര്‍വ്യൂ..
ഒടുവില്‍, ഇപ്പോള്‍ പ്രസവമുറിക്കു പുറത്ത് കാത്തു നില്‍ക്കുന്ന ഭര്‍ത്താവിന്റെ അതേ അക്ഷമയോടെ ഞാനിരിക്കുന്നു..അകത്തെ ചില്ലുമുറിയില്‍-ഇന്റര്‍വ്യൂ റൂമില്‍ കോര്‍പ്പൊറേറ്റ് തുലാസില്‍ എന്റെ ഭാവി വിലയിരുത്തപെടുന്നതും കാത്ത്
എനിക്കു ജയിക്കണം..കാരണം കുറേ ലോണുകളും, ഇന്‍ഷൂറന്‍സ് പ്രീമിയങ്ങളും, വാടക കൂട്ടിചോദിച്ചു നില്‍ക്കുന്ന വീട്ടുകാരനും, നികുതിപ്പണം കട്ടുമുടിച്ച് ചീര്‍ത്തൂ കൊഴുക്കാനുള്ള ഇന്ത്യന്‍ ജനാധിപത്യവും എല്ലാം എല്ലാം എന്നെ കാത്തിരിക്കുന്നു...
20 comments:
“ ഇപ്പോള്‍ പ്രസവമുറിക്കു പുറത്ത് കാത്തു നില്‍ക്കുന്ന ഭര്‍ത്താവിന്റെ അതേ അക്ഷമയോടെ ഞാനിരിക്കുന്നു..അകത്തെ ചില്ലുമുറിയില്‍-ഇന്റര്‍വ്യൂ റൂമില്‍ കോര്‍പ്പൊറേറ്റ് തുലാസില്‍ എന്റെ ഭാവി വിലയിരുത്തപെടുന്നതും കാത്ത് “
സമര്‍പ്പണം :
1. മടിയിലിരുത്തി പരുക്കന്‍ ശബ്ദത്തില്‍ കുറേയേറെ കഥകള്‍ പറഞ്ഞു തന്ന് എന്നെ അക്ഷരക്കൂട്ടങ്ങളിലേക്കടുപ്പിച്ച് ഒടുവില്‍ സമയം തീര്‍ന്നപ്പോള്‍ എല്ലാം ഓര്‍മ്മകളിലേക്ക് വലിച്ചെറിഞ്ഞു കഴിഞ്ഞയാഴ്ച്ച ഞങ്ങളെ വിട്ടു പോയ എന്റെ അച്ചാച്ചന്..
2. അമേരിക്കയിലെ ഏതോ ഒരു ശീതികരിച്ച മുറിയിലിരുന്ന് പാവം ഇന്ത്യക്കാരന്റെ(കാരുടെ) സ്വപ്നങ്ങള്‍ക്ക് അതിര്‍വര്‍മ്പിടാന്‍ തീരുമാനിച്ച ഇന്‍ഫൊര്‍മേഷന്‍ ടെക്നോളജി ബിസിനസ്സിന്റെ ഡെവലപ്മെന്റ് ഡയറക്ടര്‍ക്ക്...
:)
തുടക്കം ഒരു വലിയ പ്രത്യേകതയൊന്നും തോന്നിയില്ലെങ്കുലും അവസാനമായപ്പോള്‍ ഒരു വലിയ സത്യം കാട്ടി തരുന്നു..
അഭിനന്ദനങ്ങള്‍
:)
നമ്മളെ പാവം ഇന്ത്യക്കാരന്‍ എന്നൊന്നും വിശേഷിപ്പിക്കേണ്ട കുട്ടാ. നമ്മള്‍ അത്ര പാവങ്ങളല്ല. ആയിരുന്നേല്‍ പാവം ഇന്ത്യക്കാരനേം നോക്കി സായിപ്പന്മാര്‍ ഇങ്ങനെ പരക്കം പായുകേലല്ലോ (I.T യില്‍). നമ്മള്‍ പുലികളാണു I.T ല്‍ എന്നോര്‍ക്കുക. പിന്നെ എപ്പോഴും കരുതിയിരിയ്ക്കണം. കമ്പനിയിലെ അടിയൊഴുക്കുകള്‍ മനസ്സിലാക്കിവെക്കണം.
നന്നായിട്ടുണ്ട് കേട്ടോ. ആദ്യത്തെ കുറെ ഭാഗം വായിച്ചാല്‍ I.T യിലുള്ളവര്‍ക്കേ മനസ്സിലാവൂ എന്നെനിയ്ക്കു തോന്നുന്നു.
കുട്ടാ
നന്നായിട്ടുണ്ട്
മേശക്ക് എതിര്‍വശത്ത് ഇരിക്കുന്നതു കൊണ്ട് ഇതിന്റെ ഇന്റെന്‍സിറ്റി ശരിക്കും മനസ്സിലാകും
ചാത്തനേറ്: അപ്പോള്‍ നിന്നെ പിരിച്ചു വിട്ടാ റെസ്യൂമെ കൊട് --കുറച്ച് കാശുണ്ടാക്കട്ടെ :)
ഉര്‍വ്വശീശാപം ഉപകാരം എന്ന് കേട്ടിട്ടില്ലെ?
ഒരാളേ പിരിച്ചു വിട്ടാലും ലാഭാ..(വേറോരാള്‍ക്ക്)
എക്സ്പീരിയന്‍സ് എന്ന് പറേണ സാധന്‍ ഉണ്ടേല്‍..:)
ഏത് ഐ.ടി-കാരന്റെയും/കാരിയുടെയും പേടിസ്വപ്നമാണിത്.പിന്നെ കമ്പനി നമ്മളെ കൈവിടില്ലാന്ന് ചുമ്മാ ഒരു വിശ്വാസം- അത്രേയുള്ളൂ..
ആദ്യം വരികളില്‍ ചാറ്റു വര്‍ത്തമാനമാണൊയെന്നു സംശയിച്ചു, പക്ഷെ അവസാനം വേറൊരു തലത്തിലേക്കെത്തിച്ചു.. അഭിനന്ദനങ്ങള്‍ (ജോലി കളഞ്ഞിതിനല്ലാട്ടോ)
ഇപ്പോള്‍ മറ്റൊരാള്‍ ഒരു ഫയലും പിടിച്ചു അക്ഷമനായി കുട്ടന്‍സ് മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ വാതിക്കലില്‍ നില്‍ക്കുന്നുണ്ടാകും!
എന്റമ്മോ പിരിച്ചെങ്ങും വിട്ടാല്‍ എന്തു ചെയ്യും? വേറെ ഒരു കമ്പനിയും എന്നെ വച്ച് ഇനിയൊരു പരീക്ഷണത്തിനു മുതിരുമെന്ന് തോന്നുന്നില്ല :(
--- മാസാവസാനമാകുമ്പോഴേക്കും രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ നെട്ടോട്ടമോടുമ്പോള്‍ , ഐ റ്റി കമ്പനിക്കാര്‍ വാരി കോരി തരുന്ന വമ്പന്‍ ശമ്പളമൊക്കെ എങ്ങനെയാ ചിലവഴിച്ചു തീര്‍ക്കുന്നതെന്ന് ചോദിക്കുന്നവര്‍ ഇതു കണ്ടിരുന്നെങ്കില്‍ എന്നു വിചാരിച്ചു പോകുന്നു.
കുട്ടന്‍സ്, കഥയാണെങ്കില്‍ നന്നായിരിക്കുന്നു. അഥല്ല മറിച്ച് ജീവിതമാണെങ്കില്‍, വാസ്തവമാണെങ്കില്‍, പകക്കരുത്, തളരരുത്. വാ തന്ന ദൈവം ഇരയും, ടാക്സടക്കാന്‍, വീട്ടുകാരനുകൊടുക്കാന്‍, പുട്ടടിക്കാന്‍ ഒക്കെ കാശും തരും.
തളര്‍ന്നവന്‍ പിളര്‍ന്നു,
പിളര്‍ന്നവന്‍ തളര്‍ന്നു.
ആയതിനാല്‍ തളരരുത്, പിളരരുത്.
കുറുമാന്‍ പറഞ്ഞതിനു താഴെ ഒപ്പുവെക്കാനാണ് തോന്നുന്നത്..
ആദ്യഭാഗങ്ങള്‍ ഒന്നുകൂടെവായിച്ചാല്‍ ഒന്നു തിരുത്തി എഴുതാമായിരുന്നു... അവസാനമാകുമ്പോളേക്ക് നന്നാകുന്നുണ്ട് ..
(പോസ്റ്റിടും മുന്‍പേ പല തവണ വായിക്കുന്ന ശീലം എനിക്കുമില്ല...എന്നാലും വായിക്കുന്നത് നല്ലതാണ്.)
കെ.പി
നന്നായിരിക്കുന്നൂ
nannayittundu...
നന്നായി
ജോലി പോയതല്ല
എഴുത്ത് നന്നായീന്ന് :)
ഇത് കഥയാണോ കുട്ടന്‍സേ?
അതോ ജീവിതമോ
ഒരു കഥ വായിക്കുന്ന ലാഘവത്തോടെ എനിക്കു വായിച്ചു നന്നായിരിക്കുന്നു എന്നു പറയാന്‍ കഴിയുന്നില്ല,
ഇനി ഇപ്പൊ അനുഭവമാണെങ്കില്‍, വേഗം ഇതിലും നന്നായ ഒരു ജോലി കിട്ടട്ടെ:)
കുട്ടന്‍സേ...ശരിയാണ്..ഐടി മേഖലയിലെ ആര്‍ക്കും സംഭവിക്കാവുന്നത്...
എനിവേ കുട്ടിച്ചാത്തന്‍ പറഞ ആ സാദനം കയ്യിലുള്ള നിലയ്ക്ക് ഒന്നും പേടിക്കാനില്ല
എനിക്കു ജയിക്കണം..കാരണം കുറേ ലോണുകളും, ഇന്‍ഷൂറന്‍സ് പ്രീമിയങ്ങളും, വാടക കൂട്ടിചോദിച്ചു നില്‍ക്കുന്ന വീട്ടുകാരനും, നികുതിപ്പണം കട്ടുമുടിച്ച് ചീര്‍ത്തൂ കൊഴുക്കാനുള്ള ഇന്ത്യന്‍ ജനാധിപത്യവും എല്ലാം എല്ലാം എന്നെ കാത്തിരിക്കുന്നു...
ഇതു സത്യം...
അപ്പൊ ജോലി പോയോ കുട്ടന്‍സെ...
ഇത് കഥയല്ലെങ്കില്‍ ജോലി .നെറ്റ് ആണേങ്കില്‍ എനിക്ക് ഒരു റെസ്യുമെ അയക്കൂ...
വായിച്ച എല്ലാവര്‍ക്കും നന്ദി..സന്തോഷം
നജീം,ശ്രീ : :)
നിഷ്ക്കളങ്കാ : പുലികളാണു നമ്മള്‍..പക്ഷെ ചില സമയങ്ങളില്‍ നമുക്ക് പീന്നില്‍ ചാട്ടവാറുമായി റിംഗ് മാസ്റ്ററും ഉണ്ടെങ്കില്‍ പുലിയായിട്ടെന്തു കാര്യം..അടിയൊഴുക്കുകളിലെ രാഷ്ട്രീയത്തെപ്പറ്റി ഉടനെ എഴുതുന്നുണ്ട്.. ;)
പ്രമോദേട്ടാ : അത് മാനേജരുടെ മുഖത്തു നിന്നും ശരിക്കും മനസ്സിലായി..എന്നേക്കാള്‍ ദു:ഖം പുള്ളിക്കാണു..
ചാത്താ : “അപ്പോള്‍ നിന്നെ പിരിച്ചു വിട്ടാ റെസ്യൂമെ കൊട് --കുറച്ച് കാശുണ്ടാക്കട്ടെ :)” പുര കത്തുമ്പോ വാഴതന്നെ വെട്ടണം ... :) -- റെസ്യൂമെ ഉടന്‍ അയക്കാം..
ത്രേസ്യേടത്തി : നമ്മടെ വിശ്വാസം നമ്മളെത്തന്നെ രക്ഷിക്കട്ടെ..അല്ലെ..ഒരു പ്രാര്‍ത്ഥന ഔട്ട്സോര്‍സ് ചെയ്യണേ .. ;)
കുഞ്ഞന്‍സ് : “ഇപ്പോള്‍ മറ്റൊരാള്‍ ഒരു ഫയലും പിടിച്ചു അക്ഷമനായി കുട്ടന്‍സ് മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ വാതിക്കലില്‍ നില്‍ക്കുന്നുണ്ടാകും” -- ഞാന്‍ തന്നെ ഒരു 15 പേരുടെ ഇന്റര്‍വ്യൂ എടുത്തിരുന്നു മുന്‍പ്..
ജാസു : ഇത് ഒരു പ്രിന്റൌട്ടായി കയ്യിലെടുത്തു വെച്ചോളൂ..:)
കുറുമാന്‍സേ : തളരാന്‍ എനിക്കു മനസ്സില്ല...”തീയ്യില്‍ കുരുത്തതല്ലെങ്കിലും വെയിലത്തു വാടാനെനിക്കു മനസ്സില്ല..“ :)
മൂര്‍ത്തി : :)
കെ.പി : ഇതിന്റെ വേറൊരു വേര്‍ഷന്‍ ഞാന്‍ ഉടനെ എഴുതുന്നുണ്ട്..അപ്പോള്‍ ശ്രദ്ധിക്കാം..
ഉറുമ്പ്,വീണ,ജിഹേഷ്,സാജന്‍,ആഷ, നവീ : നന്ദി,സ്നേഹം..
ഒരു ചെറിയ ഇന്റര്‍വ്യൂ ബ്രേക്..അതിനു ശേഷം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരുന്നതായിരിക്കും..അതു വരേക്കും ::..
സ്നേഹം
കുട്ടന്‍സ്
Post a Comment