ഉപ്പ് സത്യാഗ്രഹവും, റഷ്യന്‍/ഫ്രഞ്ച് വിപ്ലവത്തിനും അപ്പുറത്തേക്ക് ചരിത്രം പഠിക്കാത്ത ഒരുപാടു മണ്ടന്മാരില് ഒരാളാണ് ഈയുള്ളവനും ...
എങ്കിലും ചരിത്രത്തില്‍ എപ്പോഴും എഴുതപ്പെട്ടിട്ടുള്ളത് കുടിയേറ്റങ്ങളും / കുടിയേറ്റങ്ങള്‍ മൂലമുണ്ടായിട്ടുള്ള യുദ്ധങ്ങളും ആവും ..രക്തം ചിന്തിയതും അല്ലാത്തതുമായ കുടിയേറ്റങ്ങള്‍ എടുത്തു തുന്നികെട്ടിയാല് അത് തന്നെ നല്ലൊരു ചരിത്രമാവും...
ജീവജാലങ്ങള്‍ എല്ലാം മനുഷ്യനുള്‍പ്പെടെ കുടിയേറ്റങ്ങളിലൂടെയാണ് വളര്‍ച്ച നേടുന്നത് എന്ന് നിസംശയം പറയാം..
കുടിയേറ്റത്തിന്റെ കാര്യത്തില്‍ പി എച്ച് ഡി യും പോസ്റ്റ് ഡോക്ടറേറ്റും നേടിയവരാണല്ലോ മലയാളികള്‍..
ലോകത്ത് ജീവ യോഗ്യമായ എല്ലായിടങ്ങളിലും മലയാളികളുടെ സാന്നിധ്യം ഉണ്ട് എന്നത് വാസ്തവം ആണ്..മലയാളികള്‍ ഇന്ത്യക്ക് അകത്തും പുറത്തും നടത്തിയ/നടത്തുന്ന കുടിയേറ്റങ്ങള്‍ വര്‍ത്തമാന കാലത്തും തുടരുന്നു...
പുരാതന കേരളത്തില്‍ നടന്ന ഒരു കുടിയേറ്റം അതാണ് ഇവിടെ എഴുതുന്നത്...
മധ്യ തിരുവിതാംകൂറില്‍ നിന്നും - ഇന്നത്തെ കോട്ടയം, ഇടുക്കി ജില്ലകളില്‍ - പ്രത്യേകിച്ചും മീനച്ചിലാറിന്റെ തീരങ്ങളില്‍ നിന്നും കടുത്ത ക്ഷാമവും / പട്ടിണിക്കും കെടുതികള്‍ക്കും വശപ്പെട്ടു..ഉള്ളതെല്ലാം വിറ്റു പെറുക്കി വടക്കന്‍ മലബാറിലെ മലയോ ര വനമേഖലകളിലേക്ക് പുതു ജീവനും കൃഷി ചെയ്യാന്‍ കുറച്ച് ഭൂമിയും തേടി ഒരു ജനത നടത്തിയ കുടിയേറ്റം ചരിത്രത്തിന്റെ എത്ര താളുകളില്‍ എഴുതപ്പെട്ടു എന്നത് അറിയില്ല ...
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളില്‍ കടുത്ത ക്ഷാമം നേരിട്ട തിരുവതാംകൂറിനെ, ക്ഷാമത്തില്‍ നിന്നും രക്ഷ നേടാനായി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയുള്ള യാത്രകളായിരുന്നു മലബാറിലേക്കുള്ള കുടിയേറ്റങ്ങള്‍..ബ്രിട്ടീഷ് മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാറിലെ കൃഷിയോഗമായ സ്ഥലങ്ങളെക്കുറിച്ച് മലബാറില്‍ നിന്നും തിരുവതാംകൂറിലെത്തിയ മാപ്പിളമാരില്‍ നിന്നാവണം തിരുവതാംകൂര്‍ അറിയുന്നത്..പലഘട്ടങ്ങളായി കുടുംബങ്ങളും / അയല്‍ക്കാരും എല്ലാം പുത്തന്‍ ഇടങ്ങള്‍ തേടി നടന്നും, വഞ്ചിയിലേറിയും, കാളവണ്ടിയിലും, മലബാറിന്റെ ചരിത്രത്തിലേക്ക് കുടിയേറി..
കാടു പിടിച്ച് കിടന്ന പ്രദേശങ്ങള്‍ വേലികെട്ടി തിരിച്ച് കൃഷിയും കുടിലുകളും കെട്ടി, പുത്തന്‍ സ്വപ്നങ്ങള്‍ നെയ്യാന്‍ വന്ന അവരെ കാത്തിരുന്നത് മലമ്പനിയും, കാട്ടുപന്നിയും, കാട്ടാനയും മറ്റു വന്യമൃഗങ്ങളും തീരത്ത വെല്ലുവിളികളായിരുന്നു.. തിരുവതാംകൂറില്‍ നിന്നും പുറപ്പെട്ടവരില്‍ കുറേപ്പേര് ജീവന് നഷ്ടപെട്ടു, കുറെപേര് തിരികെ പോയി...പോരാടിയവര്‍ പുതിയ സ്ഥലങ്ങള്‍ സൃഷ്ടിച്ചെടുത്തു..ക്രിസ്തീയ സഭയുടെ പിന്തുണയോടെ നടന്ന കുടിയേറ്റം പുതിയ ഗ്രാമങ്ങളും, പള്ളികളും, പള്ളിക്കൂടങ്ങളും, ആതുരാലയങ്ങളും സൃഷ്ടിച്ചെടുത്തു...
കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ എല്ലാ മലയോരഗ്രാമങ്ങളിലെയും പുരോഗതി തിരുവതാംകൂറില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ ഫലമായിരുന്നു...തിരുവമ്പാടി, കൂടരഞ്ഞി, തോട്ടുമുക്കം, പെരുവണ്ണാമുഴി, ചക്കിട്ടപ്പാറ , കൂരാച്ചുണ്ട്, ഇരിട്ടി, ചമല്‍, കോടഞ്ചേരി, വഴിക്കടവ്, കരുവാരക്കുണ്ട്....ലിസ്റ്റ് നീണ്ടതാണ്...
ഇന്നത്തെ മലബാര്‍ മലയോര മേഖലയുടെ പുരോഗതിയുടെ അടിസ്ഥാനമായ ആ കുടിയേറ്റത്തെക്കുറിച്ച് അധികം കഥകളോ സിനിമകളോ വന്നതായി അറിവില്ല ...പഴശിരാജയും/ഉണ്ണിയാര്‍ച്ചയുടെയും കഥകള്‍ പോലെ എഴുതേണ്ടത് തന്നെയാണ് കുടിയേറ്റത്തിന്റെ കഥകളും...

കുടിയേറ്റങ്ങള്‍ പുതു രുചികളും / ഭക്ഷണങ്ങളും തന്നിട്ടുണ്ട് നമുക്ക്...ബിരിയാണിയും, അപ്പവും, കപ്പയും, വറ്റല്‍ മുളകും എല്ലാം കുടിയേറ്റങ്ങളുടെ ഫലമായിരുന്നെന്ന് ഭക്ഷണ ചരിത്രത്തെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ പറഞ്ഞു വെച്ചിട്ടുണ്ട് ...
മണ്ണിനോടും, പ്രകൃതിയോടും, വിധിയോടും പടപൊരുതി ജയം കൊയ്യാന്‍ പുറപ്പെട്ട ഒന്നാം/രണ്ടാം തലമുറ കുടിയേറ്റ കര്‍ഷകന്റെ ഭക്ഷണമായിട്ടാവാം വാട്ടുകപ്പ മലയാളത്തിന്റെ രുചികളോടു പൊരുത്തപ്പെട്ടതു..കൃഷി ചെയ്ത കപ്പ, വറുതികാലത്തേക്ക് സൂക്ഷിച്ച് വെക്കാന്‍ അവന് കണ്ടു പിടിച്ചതാവാം വാട്ട് കപ്പ..
പിന്നീടു വന്ന തലമുറയുടെ കൂട്ടായ്മകള്‍, ഒരു സംസ്കാരത്തിന്റെ ഭാഗമായി വാട്ടി, ഉണക്കിയ കപ്പ. അയല്‍ക്കാരും, സുഹൃത്തുക്കളും, കര്‍ഷക കുടുംബങ്ങളും കപ്പ പറിക്കുന്ന സീസണില്‍ ഒത്തു ചേര്‍ന്നു, കപ്പ പിഴുതെടുത്ത്..അത് വെള്ളത്തിലിട്ടു തിളപ്പിച്ച്, ഇളം വെയിലില്‍ ഉണക്കിയെടുത്ത് വരാന്‍ പോകുന്ന മഴകാലത്തെക്ക് ഉണക്കിയെടുക്കുന്നു..
കാര്‍ഷിക/ഗ്രാമീണ സംസ്കാരവുമായി ബന്ധപ്പെട്ട ഇത്തരം കൂട്ടായ്മകളില്‍ ഭാഗമാകാന്‍ ഈയുള്ളവന്റെ കുട്ടികാലത്ത് സാധിച്ചിരുന്നു..
ഇന്ന് അത്തരം ഒത്തു ചെരലുകള്‍ ഉണ്ടോ എന്നറിയില്ല...
ഇനി നമുക്ക് ആ വാട്ട് കപ്പ(ഉണക്ക കപ്പ) പുഴുങ്ങിയെടുക്കാം..
തലേ രാത്രി വെള്ളത്തിലിട്ടു തിളപ്പിച്ച ഉണക്ക കപ്പ - ഒന്നോ രണ്ടോ പിടി..
കപ്പ നന്നായി കഴുകി, ചെറു കഷണങ്ങളാക്കി നുറുക്കി (വെറുതെ കൈ കൊണ്ട് നുറുക്കിയാല്‍ മതി, കത്തി ആവിശ്യമില്ല )ചെറു നാളത്തില്‍ തിളപ്പിക്കുക..(15-20 മിനിട്ട് )
നന്നായി ചിരകിയ തേങ്ങ, ചെറിയുള്ളി, വെളുത്തുള്ളി, പച്ചമുളക്(കാന്താരി മുളകാണ് ബെസ്റ്റ്) , ഉപ്പ് (ക്രിസ്ടല്‍ സാള്‍ട്ട് ), മഞ്ഞപ്പൊടി എന്നിവ ചതച്ചെടുക്കുക..
കപ്പ വെന്തു കഴിയുമ്പോള്‍, അരച്ച് വെച്ച ചേരുവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക...രുചിയേറിയ പുഴുക്ക് റെഡി...
:)
ഇനി ഉണക്ക സ്രാവ് കറിവെച്ചതോ, ഉണക്ക മുള്ളന്‍ വറുത്തതോ കൂട്ടി വയറു നിറയെ കഴിക്കാം...
ഇനി അഥവാ കഴിക്കാന്‍ പറ്റിയില്ലെന്കില് പഴയ ഒരു
കഥ വായിച്ച് തൃപ്തിപ്പെടുക ...
സമര്‍പ്പണം: ചരിത്രവും ഭക്ഷണവും, പ്രണയവും കൂട്ടി സിനിമയെടുത്ത ആഷിക് അബു/ശ്യാം പുഷ്കരന് ടീമിന്..
ഭക്ഷണത്തിന്റെ രുചി തേടി നാട് ചുറ്റി ആ രുചികള്‍ നമ്മളിലെക്കെത്തിക്കുന്ന രാജ് കലേഷിനും / നൗഷാദിനും