
ഞാന്‍ ആകെ അസ്വസ്ഥന്‍ ആണ്..മനസ്സില്‍ ഉറവപൊട്ടിയ ചില കഥാ ബീജങ്ങള്‍ വാക്കുകള്‍ക്കു വേണ്ടിയുള്ള വിശപ്പ് എന്നെ ഇടക്കിടെ അറിയിച്ച് കൊണ്ടിരിക്കുന്നു.. ആവര്‍ത്തിക്കാന്‍ കഴിയാത്തത്രവണ്ണം പറഞ്ഞു പഴകിയ ചില ആശയങ്ങള്‍ മാന്തിയെടുത്ത് ലാപ് ടോപ്പിലെ മംഗ്ലീഷ് കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്തു, ആരും വായിക്കാത്ത ചില താളുകളില്‍ കുറിച്ചിടാനുള്ള ആവേശം പണ്ടേ നഷ്ടമായ ഒരുവനായി മാറിയതില്‍പ്പിന്നെ കഥകള്‍ എന്നെ തേടി വരാറില്ല!!!
ഇനി ഒരു പക്ഷെ, പഴയ ചില കേസുകെട്ടുകളിലൂടെ, ചികഞ്ഞു പോയെങ്കില്‍ ഒരു പുതു നൂലിഴ പോലുള്ള സന്ദര്‍ഭങ്ങളില്‍ നിന്നും ചില കഥകളിലേക്ക് മാറി വരാന്‍ കഴിഞ്ഞെന്കിലോ എന്നോര്‍ത്താണ് അന്ന് ഞാന്‍ വീണ്ടും ആ കേസ് ഡയറി പുറത്തെടുത്തത്...
അധികം കുഴപ്പം പിടിച്ച കേസുകളൊന്നും ഈ കാലത്തിനിടയില്‍ കൈകാര്യം ചെയ്ത അനുഭവം ഇല്ല. ഇക്കാലംമത്രയും ചില അവിഹിത ബന്ധങ്ങള്‍ ചികഞ്ഞു പോകുക എന്ന ബോറന് കേസുകള്‍ക്കപ്പുറം മറ്റൊന്നും എന്നെ തിരഞ്ഞു വരാറുണ്ടായിരുന്നില്ല...ഭാര്യയുടെ നടപ്പ്
ദോഷം ചികയുന്ന ഭര്‍ത്താവ്,..മകന്റെ ജീവിതം ദൂരെ അമേരിക്കയിലിരുന്ന് സ്പൈ വര്‍ക്ക് നടത്തി ആശ്വസിക്കുന്ന അച്ച്ചനമ്മമാര്‍..ലൈംഗീക ആരോപണങ്ങളുടെ നടുവില്‍പെട്ട് സ്ഥാനം തെറിച്ച മന്ത്രിയുടെ പേരിലുള്ള കുറ്റം യാഥാര്‍ഥ്യം ആണോ എന്ന് അന്വേക്ഷിക്കുന്ന ഭാര്യ..ഇങ്ങിനെ ഉള്ള ചില അരസികന് കേസുകള്‍..(ആധുനീക കേരളത്തില്‍ ഇത്തരം അറുബോറന്‍ കേസ്സുകള്‍ക്ക് യാതൊരു പഞ്ഞവുമില്ലായിരുന്നൂ ).
ഈ കുറിപ്പ് ഞാന്‍ എഴുതുന്നത് മറ്റൊരു കേസ്സിനെ കുറിച്ചാണ്..ഒരു രസകരമായത്...കുറച്ചു നാള് മുന്‍പ് പരാജയപ്പെട്ടു എന്ന പേരില്‍ ഞാന്‍ തന്നെ അടച്ചു പൂട്ടിയ ഒരു കേസ്..ഇന്ന് പഴയ കേസ് ഡയറികള്‍ പൊടി തട്ടി എടുത്തപ്പോള്‍ മുന്നില്‍ വന്നു പെട്ട്..ഒരു ജോലി
എന്നതിനപ്പുറം പാഷനായി എടുക്കാത്ത ഈ തൊഴിലില്‍ ആദ്യമായി കൌതുകം തോന്നിയ ഒരു കേസ്..ഓര്‍മ്മകളുടെ ചില ഫ്രെയിമുകളിലെവിടെയോ ഇരുന്നു കൊത്തിപ്പറിക്കുന്നു...ഒരു വാടക അന്വേക്ഷകന്റെ മുന്നിലേക്ക് ഏറെ മിസ്റ്ററിയും അതിലേറെ ചുറ്റു പിണഞ്ഞു കിടക്കുന്നതുമായ ഒരു കേസ്...കേസുമായി വന്നതോ, ഈ നാട്ടിലെ രാഷ്ട്രീയ മണ്ഡലത്തില്‍ യുവരാജാവായ ഒരു ചെറുപ്പക്കാരന്..സ്വാതന്ത്ര്യ സമരങ്ങളിലെ നായകനിരകളില്‍ നിറഞ്ഞു നിന്ന “റോയല്‍” കുടുംബത്തിലെ പിന്‍തുടര്ച്ച്ചക്കാരന്‍ ...അയാള്‍ എന്തിനു / എങ്ങിനെ എന്നെ തിരഞ്ഞെത്തി ഇന്നും അറിയില്ല...
തന്റെ മുതു മുത്തച്ചന് അദ്ദേഹത്തിന്റെ യൗവനകാലത്ത് സ്വന്തമാക്കിയ ഒരു ഹാസേല്ബ്ലാദ്(Hasselblad) ക്യാമറ കളവു പോയിരിക്കുന്നൂ...മുംബയിലെ ഒരു പ്രശസ്ത മ്യൂസിയത്തില്‍ നിന്നും..അതീവ രഹസ്യമായി...ഇത് വരെയും പ്രോസസ് ചെയ്യാത്ത ഒരു ഫിലിം റോള്‍ ഉള്‍പ്പെടെ...!!!!
യുവരാജാവിന്റെ മുതു മുത്തച്ചന് പണ്ട് തന്റെ നല്ല പ്രായത്തില്‍ ഉലകം ചുറ്റാന്‍ പോയിരുന്നു എന്നും, ആ യാത്രക്കിടയിലെപ്പോഴോ യൂറോപ്പ്യന്‍ രാജ്യത്ത് നിന്നും വാങ്ങിയതാണ് ആ ക്യാമറ..അതില്‍ ഷൂട്ട് ചെയ്ത ചിത്രങ്ങള്‍ ഒരു പക്ഷെ അപൂര്‍വ്വ ചരിത്ര
പ്രാധാന്യമുള്ളവയും അതെ സമയം വിവാദ വിഷയമാവാന്‍ എന്ത് കൊണ്ടും സാധ്യത ഉള്ളവയും ആണു എന്നത് ആ വ്യവസായ/രാഷ്ട്രീയ കുടുംബത്തെ ഒട്ടൊന്നുമല്ല വിഷമിപ്പിക്കുനത്...
മുതു മുത്തച്ചന് സിംഹത്തിന്റെ ചില ചെറുപ്പകാലത്തെ സ്വഭാവ വൈചിത്ര്യങ്ങള്‍ സംബന്ധിച്ച് വിദൂരമായ സൂചനകളുള്ള പുസ്തകങ്ങള്‍ വരെ വന്‍ ഇടപെടലുകളിലൂടെ മാറ്റിയെഴുതിച്ച് ശീലിച്ച ആ കുടുംബത്തിനു ആ മഹാന്റെ പേര് ചീത്തയാക്കാന്‍ സാധ്യത ഉള്ള ഒരു
ക്യാമറയും റോളും മോഷണം പോവുക എന്നത് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറം ആയിരുന്നു..ഒരു പക്ഷെ അതു ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉള്ള ഏതെന്കിലും പാപ്പരാസികളുടെ കയ്യിലെത്തുമോ എന്നത് അവരെ ആശങ്കാകുലരാക്കിയിരിക്കാം...
ക്യാമറ എന്ന ഉപകരണം അത്യാവിശ്യം ചില ചിത്രങ്ങള്‍ എടുക്കാന്‍ ഉപയോഗിച്ചിട്ടുണ്ട് എന്നതല്ലാതെ അതിന്റെ മറ്റു സാങ്കേതിക വശങ്ങളിലേക്കോ, ചരിത്ര പരമായ പ്രാധാന്യമോ ഒന്നും എനിക്കറിയില്ല..എങ്കിലും ഇത്രയും വര്‍ഷം പഴക്കമുള്ള ഒരു ക്യാമറയിലെ ഇനിയും നശിച്ചു പോകാത്തതു എന്ന് കരുതപ്പെടുന്ന ഒരു റോള്‍ ഫിലിം തിരഞ്ഞു സമയം മിനക്കെടുത്താണോ എന്ന ചോദ്യം യുവരാജാവിന്റെ നേരെ ഉതിര്ത്തില്ല!! പറയാതെ തന്നെ അറിയാം ആ കുടുംബ പാരമ്പര്യത്തിലെ ഓരോ കണ്ണിക്കും എന്ത് മാത്രം വിലയേറിയതാണ് ആ നഷ്ടമായ ക്യാമറ എന്നത്..ലോകം ആരാധിക്കുന്ന ഒരു വിഗ്രഹം തകര്ന്നുടയാതെ നിര്‍ത്തേണ്ടത് അവരുടെ കടമ ആണല്ലോ..
അന്വേഷണത്തിന്റെ ആദ്യ നാളുകളില്‍ വിലയിരുത്തപ്പെട്ട നിഗമനങ്ങള്‍ ഇവയായിരുന്നു
1. അജ്ഞാതനായ ഒരു പാപ്പരാസി അല്ലെങ്കില്‍ ആ ചിത്രങ്ങളുടെ വിപണന മൂല്യത്തെക്കുറിച്ച് ധാരണ ഉള്ള ഒരാള്‍ (വിപണി മൂല്യം നിശ്ചയിക്കുന്നത്, ഒരു വിഗ്രഹത്തെ തകര്ത്തുടക്കാനുള്ള സാധ്യത നില നില്ക്കുമ്പോള് പതിന്മടങ്ങ് ആവും..)
2. കയ്യില്‍ കിട്ടുന്നതെല്ലാം മോഷ്ടിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു സാദാ കള്ളന് -
3. ഏതോ ഒരു ക്യാമറാ ഭ്രാന്തന്
4. ആ കുടുംബത്തിലെ തന്നെ ഏതോ ഒരു പുകഞ്ഞ കൊള്ളി...പിന്നീട് ബ്ലാക്ക് മെയിലിംഗ് ചെയ്യാന്‍ വേണ്ടി ഒളിച്ചു വെച്ചിരിക്കുന്നു.
സാധ്യതകള്‍ എല്ലാം ഒരുമിച്ചു കൂടി നമ്മെ നോക്കി പരിഹസിച്ച് ചിരിക്കുമ്പോള്‍..എങ്ങിനെ ഒരു ഉത്തരത്തിലേക്ക് നമ്മള് എത്തി ചേരും??
പോപ്പുലര്‍ സിനിമകളുടെ ചട്ടകൂട്ടിലായിരുന്നു എന്റെ ഈ അന്വേഷക വേഷം എങ്കില്‍ നിമിഷ നേരത്തെ കൂര്‍മ്മ ബുദ്ധി വിശകലനങ്ങള്‍ക്കും/ഭിത്തിയില്‍ ഒട്ടിച്ച് വെച്ചിരിക്കുന്ന മഞ്ഞ സാധ്യത പോസ്റ്റിറ്റു (post-it)കള്‍ക്ക് നേരെ നിറയൊഴിച്ച് ഒടുവില്‍ ഒരുത്തരത്തിലേക്ക് എളുപ്പത്തില്‍ എത്തി ചേരാമായിരുന്നൂ..പക്ഷെ ഞാന്‍ വെറും ഒരു കുറ്റാന്വേഷകനല്ലേ..ചെയ്യുന്ന ജോലിയില്‍ വളരെ കുറച്ച് പാഷന് മാത്രമുള്ള ഒരാള്‍..
യാദൃശ്ചികമായി ആണ് ഞാന്‍ ആ ഗൂഗിള്‍ സെര്‍ച്ച് പേജുകളിലൂടെ കടന്നു വന്നത്..കേസ് അന്വേഷണം ആരംഭിച്ച് അന്നേക്ക് രണ്ടാഴ്ചയോളം കടന്നു പോയിരുന്നു..ഇത്തരത്തിലുള്ള കേസുകളെ കുറിച്ചുള്ള സേര്‍ച്ചുകള്‍ എല്ലാം ഒരു ബന്ധവുമില്ലാത്ത ചില വീഡിയോ
ലിങ്കുകളിലാണ് എത്തിപ്പെട്ടത്..ദിനോസറിന്റെ മുട്ടകള്‍ മുതല്‍ വാന്‍ഗോഗിന്റെ പെയിന്റിംഗുകള്‍ വരെ മ്യൂസിയങ്ങളില്‍ നിന്നും കളവു പോയിരുന്നെങ്കില്‍ കൂടിയും ഒരു ക്യാമറ മോഷണവുമായി ബന്ധപ്പെട്ട കേസുകള്‍ ഇന്റര്‍നെറ്റ് ചികഞ്ഞു തന്നിരുന്നവയില്‍ കണ്ടിരുന്നില്ല..
പിന്നെ, പതുക്കെ ക്യാമറകളെ പറ്റിയായി അന്വേഷണം..ഹാസല്ബ്ലാദ് ക്യാമറകളെ പറ്റി ഒരു വിശദ പഠനം തന്നെ നടത്തി വരുന്നതിനിടയിലാണ്, ചരിത്ര പുരുഷന്മാരുടെ ക്യാമറ പ്രണയത്തെ പറ്റിയുള്ള ഒരു ബ്ലോഗ്ഗില്‍ എത്തിപ്പെട്ടത്...
മുതു മുത്തച്ചന് സിംഹം ഉപയോഗിച്ചിരുന്ന ഹാസേല്ബ്ലെദ് ക്യാമറയെക്കുറിച്ചുള്ള ഒരു ലഘു വിവരണം കണ്ടു..അതിനു നേരെ ഒരു വിരുതന് ഒരു ചിരിചിഹ്നം (smiley) ഉപയോഗിച്ച് അടയാളപ്പെടുത്തിയിരിക്കുന്നു...ദുര്‍ബ്ബലമായ ഒരു ക്ലൂ..എന്തായാലും ഒരു കണക്ഷന്
തോന്നുന്നൂ...അല്ലെങ്കില്‍ ഏതോ ഒരാളുടെ പഴയ ക്യാമറാ പ്രണയത്തിന്റെ കുറിപ്പിന് നേരെ ഒരു പരിഹാസ ചിരി ചിരിച്ചു കടന്നു പോവാന്‍ ഒരു ബന്ധവും ഇല്ലാത്തവന് തുനിയുമോ...
പിന്നെ ആ കമന്റിന്റെ പിന്നാലെ...
ദുര്‍ബലമെന്നെന്നു തോന്നുന്ന ചില നിമിത്തങ്ങള്‍ ഒരു പക്ഷെ വലിയ ചില കണ്ടെത്തലുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന ചൂണ്ടു പലകകള്‍ ആവാമല്ലോ..അത് പോലെ ആ അജ്ഞാത ക്യാമറക്കള്ളനെ തിരഞ്ഞുള്ള എന്റെ യാത്ര(കള്‍) അവിടെ തുടങ്ങി..യാത്രകള്‍ തന്നെയാണ്
യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്..നിങ്ങള്‍ക്കറിയാവുന്ന പോലെ, ഒരു മടിയനായ ഡിറ്റക്ടീവ് ആണ് ഞാന്‍..യാത്രകള്‍ ബോറടിപ്പിക്കുന്നവയും..മടിയന്മാര്ക്ക് സ്ഥാനമില്ലാത്ത ഈ മത്സര ലോകത്തില്‍ നിന്നും, ഒരു ക്യാമറാ ഭ്രാന്ത് പിടിച്ച ഏതോ ഒരു കള്ളനെ തിരഞ്ഞു പോകുക അതിലും ബോറന് കാര്യം...
അവന്റെ പേര് എനിക്ക് ഇന്നും അറിയില്ല...യാഥാര്‍ത്ഥ്യമായി ഒന്നും ഇല്ലാത്ത ഇന്റര്‍നെറ്റ് ലോകത്ത് അവന്റെ പേര് വെറും "ക്യാമറ ബഫ്" എന്ന് മാത്രം...ആ പേരിലൊരു സിനിമ കണ്ടതോര്‍ക്കുന്നൂ..പഴയ ഒരു പോളിഷ് സിനിമ..തന്റെ കുഞ്ഞിന്റെ ചിത്രങ്ങള്‍
എടുക്കാന്‍ ക്യാമറ വാങ്ങുന്ന ഒരുവന് അവന് പകര്‍ത്തിയെടുത്ത ചിത്രങ്ങള്‍ വഴി മറ്റു പല ലോകത്തിലേക്കും എത്ത്തിപ്പെടുന്നതുമായ കഥ പറഞ്ഞ ഒരു ചിത്രം ..ഒരു പക്ഷെ ഈ ക്യാമറ ബഫ് ന്റെയും ഇഷ്ട ചിത്രമാവാം അത്...അവന് കുറിച്ചിട്ടു പോകുന്ന ഐ.പി
അഡ്രസ്സുകള്‍ അവന്റെ മാറി മറയുന്ന ഭൂമികകളെ രേഖപ്പെടുത്തിക്കൊന്ടെയിരുന്നൂ...ഈ ലോകം ചെറുതായികൊണ്ടിരിക്കെ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാളെ കണ്ടെടുക്കുക അത്ര പ്രയാസമുള്ള കാര്യമല്ല..
(തുടരും...)
(Abstract from the story of a Short Movie : "The Case of chasing a camera thief-copy right Sijith Nair/Black Frames 2011"ഒരു ഷോര്‍ട്ട് ഫിലിം എടുക്കുവാന്‍ വേണ്ടി ആദ്യം ഒരു സ്ക്രിപ്ടായും പിന്നെ ഒരു കഥയായും രൂപാന്തരപ്പെട്ട ഒരു ത്രെഡ്..ഈ കഥ ഒരു ഷോര്‍ട്ട് ഫിലിമിനു ഉതകുന്ന രൂപത്തില്‍ ചില വീഡിയോ ദൃശ്യങ്ങളായി ഈ ലാപ് ടോപ്പില്‍ ഉറങ്ങുന്നു.. )