പണമുണ്ടാകുക എന്നത് ഒരു കുറ്റകൃത്യമായി അംഗീകരിച്ചിട്ടില്ല..ഒരുവന് തന്റെ സ്വപ്രയത്നത്താലോ, പാരമ്പര്യമായി കിട്ടിയ പിതൃസ്വത്ത് വകയിലോ, ചിലരെങ്കിലും കള്ളക്കടത്ത്/കൊള്ള/വ്യഭിചാരം തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികളാല്‍ സ്വരൂപിച്ച സമ്പത്ത് മൂലമോ ധനികനായിത്തീര്ന്നാല് അത് എങ്ങിനെ വിനിയോഗിക്കണം എന്നത് അവന്റെ മാത്രം സാമര്‍ഥ്യമായി കണക്കാക്കപ്പെടുന്ന ഒരു സമൂഹത്തിലാണല്ലോ നമ്മള് ജീവിച്ചു പോരുന്നത്..ഒരു വ്യക്തിയേ സംബന്ധിച്ചിടത്തോളം അവന്റെ പണം എവിടെ നിക്ഷേപിക്കുന്നൂ എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്..ചിലര്‍ അത് സ്വര്‍ണ്ണമായി നിക്ഷേപിക്കും..ചിലര്‍ തൊഴിലവസരങ്ങളുണ്ടാക്കും, ചിലര്‍ മണ്ണില്‍ നിക്ഷേപിക്കും, ചിലര്‍ കച്ചവടം നടത്തും..ചിലര്‍ ധൂര്‍ത്തടിക്കും..ചിലര്‍ പണം ഭൂമിയില്‍ നിക്ഷേപിക്കും..എന്നിട്ട് അവിടേ ബഹുനില ഫ്ലാറ്റുകള്‍ പണിയും..ടൂറിസ്റ്റ് കോംപ്ലക്സുകള്‍ തീര്‍ക്കും..ഷോപ്പിംഗ് മാളുകള്‍ നിര്‍മ്മിക്കും...അതവരുടെ ഇഷ്ടം..അവരുടേ ‘സാമര്‍ത്ഥ്യം’!!!!!
ഇത്രയും എഴുതിപിടിപ്പിക്കുവാനുള്ള കാരണം മറ്റൊന്നുമല്ല..കഴിഞ്ഞ ആഴ്ച ഏതോ ഒരു പത്രത്തില്‍ വായിച്ചു..കുമരകത്ത് ഒരു വില്ലേജിന്റെ 90 ശതമാനം വരുന്ന ഭൂമി മുംബൈ ആസ്ഥാനമായുള്ള ഒരു ഉത്തരേന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് കമ്പിനിക്ക് രജിസ്റ്റര്‍ ചെയ്യപ്പെട്ടുവത്രെ..അവരവിടെ ഫ്ലാറ്റുകള്‍ കെട്ടും..എന്നിട്ട് സെപ്റ്റിക് ടാങ്കുകള്‍ ബാക്കി പത്ത് ശതമാനം സ്ഥലത്ത് കുടിലുകെട്ടി താമസിക്കുന്നവന്റെ കിണറ്റിലേക്ക് തുറന്നു വിടും..അങ്ങിനെ ഒരൂ വില്ലേജ് മൊത്തം ഒരു കമ്പിനിയുടെ സ്വന്തം..അവരവിടെ റിസോര്‍ട്ടുകള്‍ പണിയും,കൃത്രിമ തടാകങ്ങളും റീസൈക്ലിങ് പുഴകളും ഒഴുക്കും..അതിലൂടെ കീ കൊടുത്തു വിട്ട താറാവുകൂട്ടങ്ങള്‍ ഒഴുകി നടന്ന് വിരുന്നുകാരെ രസിപ്പിക്കും..ഹാ എന്തൊരു മനോഹരം..എന്തൊക്കെ വികസനമാണു നമ്മുടെ നാട്ടിലേക്കു വരാന്‍ പോവുന്നത്..
പട്ടിക്കാട് ഗ്രാമങ്ങളില്‍ പോലും സ്ഥലങ്ങള്‍ക്ക് പൊന്നും വില..ബ്രോക്കര്‍മാരും ബിനാമികളും വലവീശിയിറങ്ങുന്നു..
ഓരോ ഗ്രാമങ്ങളും ലാന്‍ഡ് മാഫിയകളുടെ കയ്യിലാവട്ടെ..അതു വിറ്റു കിട്ടുന്ന കാശും വാങ്ങി അങ്ങ് ബഗല്പ്പൂരോ, റായ്പ്പൂരോ പോയി പത്തേക്കറ് റബര്‍ത്തോട്ടം വാങ്ങി ജീവിക്കാമായിരിക്കാം..
പക്ഷെ എനിക്കു വേണ്ടത് പച്ചപ്പും ശുദ്ധതയും നിറഞ്ഞ ഈ കേരളം ആണ്..അതൊരു പ്രവാസിയായതു കൊണ്ട് തോന്നുന്ന ഒരു തരം നൊസ്റ്റാള്‍ജിക് ഫീലിംഗ് അല്ല...അതെന്റെ ആവിശ്യമാണ്..കോണ്‍ക്രീറ്റ് ഫ്ലാറ്റുകള്‍ നിറഞ്ഞ ഒരു വനത്തിലേക്ക് മടങ്ങിപ്പോവാന്‍ എനിക്കാഗ്രഹം ഇല്ല..നെല്ലും,തേങ്ങയും,വാഴക്കയും എല്ലാം ഇവിടെത്തന്നെ ഉത്പ്പാദിപ്പിക്കട്ടെ..നെല്‍പ്പാടങ്ങള്‍ ഷൂട്ട് ചെയ്യാന്‍ സിനിമാ സംവിധായകര്‍ പൊള്ളാച്ചിക്ക് പോവുന്നത് നിര്‍ത്തുവാന്‍ കഴിയട്ടെ..
നമ്മളെക്കാണാന്‍ വരുന്നവര്‍ നമുക്ക് പണം തന്ന് മടങ്ങുന്ന ടൂറിസം (കട് : എം.എന്‍ വിജയന് മാഷ്) സമ്പാദ്യം എന്ന സ്വപ്നം സോക്കോള്‍ഡ് ലാന്‍ഡ് ബാങ്ക് വ്യവസായികള്‍ക്ക് മാത്രമല്ലെ ഉപകരിക്കുകയുള്ളൂ..
തേങ്ങയിടല്‍
“ കേരളത്തില്‍ തെങ്ങില്‍ കയറുന്നത് നിയമവിരുദ്ധമാക്കണം “
“ കാരണം ??? ”
“ ഇവിടെ നിരോധനമുള്ളെതെല്ലാം ചെയ്യാന്‍ ആളുണ്ട്..കുഴല്‍പ്പണം കടത്തല്‍, സ്പിരിറ്റ് കള്ളക്കടത്ത്, ചാരായം വാറ്റല്‍, മണല്‍ വാരല്‍ തുടങ്ങി എല്ലാ റിസ്ക് പണികളും ചെയ്യാന്‍ ഇഷ്ടം പോലെ ആളുണ്ട്..തെങ്ങില്‍ കയറി തേങ്ങപിരിക്കാന്‍ മാത്രം ആരും വരുന്നില്ല..ഭയങ്കര ഡിമാന്‍ഡ്..”
(അമ്മ പറഞ്ഞത്)
അരാഷ്ട്രീയം :
-------
“ എയര്‍ടെല്‍ സ്പോണ്‍സേര്‍ഡ് പ്രധാനമന്ത്രി -------, വൊഡാഫോണ്‍ അവതരിപ്പിക്കുന്നൂ കേരളാമുഖ്യമന്ത്രി ഇന്‍ അസോസിയേഷന് വിത് മലയാള മനോരമ..നിങ്ങളുടെ വിലയേറിയ വോട്ട് എസ്.എം.എസ് ചെയ്യൂ..“
അരാഷ്ട്രീയത കൂടി..തലക്ക് പിടിച്ച് ആലോചിച്ചപ്പോള്‍ തോന്നിയ ഒരു ഐഡിയ ആണിത്..
ടൈംസ് ഓഫ് ഇന്ത്യ ഇപ്പോള്‍ തന്നെ തുടങ്ങിക്കഴിഞ്ഞിരിക്കുന്നൂ..ഫ്യൂച്ചര്‍ ലീഡേര്‍സ് ഓഫ് ഇന്ത്യ എന്ന പേരില്‍..ഇന്ത്യ ഒരു കോര്‍പ്പൊറേറ്റ് സ്ഥാപനവും ഭരിക്കേണ്ടവര്‍ സി.ഇ.ഓ മാരും ആവണം എന്ന് ഇത്തരം മഞ്ഞപത്രങ്ങള്‍ക്ക് വാശിയുള്ളതു പോലെ..പണം തന്നെയാവണം മുഖ്യപ്രശ്നം..
രാഷ്ട്രീയം എന്നു കേട്ടാല്‍ എന്റെ ഉത്തരേന്ത്യക്കാരനായ ഒരു സുഹൃത്തിന് പേടിയാണു..അവന്റെ മനസ്സില്‍ അപ്പോള്‍ വരിക തോക്കും,ബോംബും,ഗുണ്ടകളും ആണത്രേ..
അരാഷ്ട്രീയത തലക്കു പിടിച്ച ഒരു ക്രിസ്ത്യന്‍ മാനേജ്മെന്റ് കോളെജ് ഒരിക്കല്‍ അധ്യാപക സമരത്തിനെതിരെ നടത്തിയ സമരമുറകള്‍ കണ്ടിട്ടുണ്ട്..പള്ളിമണിയടിച്ച് വിശ്വാസികളുടെ കയ്യില്‍ എരിയുന്ന മെഴുകുതിരികള്‍ കയ്യിലേന്തി ഇടവക പ്രദിക്ഷണം..അധ്യാപകരുടെ മനസ്സുമാറാന്‍ മുട്ടുകുത്തിയുള്ള കൂട്ടപ്രാര്‍ത്ഥന,ധ്യാനം..വികാരികൂടിയായിരുന്ന പ്രിന്‍സിപ്പളച്ചന്റെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത അധ്യാപകരെ പിരിച്ചുവിട്ടതില്‍ പ്രതിക്ഷേധിച്ചായിരുന്നു സമരവും തുടര്‍ന്നുണ്ടായ മാനസാന്തര പ്രാര്‍ത്ഥനകളും..
ബിവേര്‍ രാഷ്ട്രീയം എന്നാണല്ലോ നമ്മുടെ പുത്തന്‍ മുദ്രാവാക്യം..
ജനാധിപത്യ രാഷ്ട്രത്തില്‍ ആരൊക്കയോ പൊരുതി, ജീവന് വെടിഞ്ഞു നേടിത്തന്ന അവകാശങ്ങളും കടമകളും കാത്തു സൂക്ഷിക്കാന്‍ നമുക്ക് കഴിയില്ല..
പൊതു തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ മൂന്നു രൂപ ബസിനു കൊടുത്ത് അടുത്തുള്ള പോളിംഗ് ബൂത്തില്‍ പോവാന്‍ നമുക്കാവില്ല..പകരം ഇലക്ഷന് വേണമെങ്കില്‍ എസ്,എം.എസ് ആവട്ടെ..അല്ലെ..
ബീഹാറും കേരളവും
കേരളം..ദൈവത്തിന്റെ സ്വന്തം നാട്..
ബീഹാറോ ???
അയ്യേ..
ബീഹാറിലോ മറ്റോ മോഷ്ടാവെന്ന് ആരോപിച്ച് ചിലരെ പൊതു ജനം കൈവെച്ചതിനേക്കുറിച്ച് വായിച്ച് നെടുവീര്പ്പിട്ടതെ ഉള്ളൂ..ഏയ് കേരളത്തിലാണെങ്കില്‍ ഇതൊന്നും സംഭവിക്കില്ല..
നെടുവീര്‍പ്പ് വയറ്റില്‍ കിടന്ന് റീസൈക്കിള്‍ ചെയ്യാനുള്ള നേരമാവുന്നതേ ഉള്ളൂ..ഇതാ ഇവിടെ കേരളത്തില്‍ എടപ്പാളില്‍ മോഷ്ടാക്കളെന്നാരോപിച്ച് ഗര്‍ഭിണിയടക്കമുള്ള യുവതികളെ മര്ദ്ധിച്ചവശരാക്കിയിരിക്കുന്നു..
ഇത് വിദ്യാഭ്യാസത്തിന്റെ കുറവാണോ..വിവേകത്തിന്റേയും തിരിച്ചറിവിന്റേയും കുറവാണോ ???
ഈശ്വര ചിന്തയും പ്രാര്ഥനയ്യുമായി മനസ്സു നിറച്ച് കപടഭക്തി കാണിച്ചാല്‍മാത്രം മനുഷ്യനാവില്ല..
ആയിരം വര്‍ഷം നോമ്പെടുത്താലും,കൈ നിറയെ ചരടിട്ട് കെട്ടിയാലും,പോട്ടയില്‍ പോയി കൊല്ലാകൊല്ലം ധ്യാനം കൂടിയാലും ഒന്നും വിവേകം വരില്ല..ഈശ്വരന് അനുഗ്രഹിക്കില്ല..

പാതിവെന്ത ബ്ലോഗ് രചനകള്‍
------------------
ബ്ലോഗ്ഗിങ് തുടങ്ങിയിട്ട് ഒരു വര്‍ഷമായിട്ടില്ല..പക്ഷെ ഒരു വായനക്കാരന് എന്ന നിലയില്‍ ഒരു വര്‍ഷം തികച്ചിരിക്കുന്നൂ..ഈയിടെ ആയിട്ട് സജീവമായ ഒരു വായനയുടെ കുറവുണ്ടായിട്ടുണ്ട്..എങ്കില്‍ കൂടിയും അരവിന്ദേട്ടനും,വിശാലനും,റാം മോഹന്‍ പാലിയത്തും,സാന്‍ഡോസും,കുറുമാനും പുതിയ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ടെന്നറിഞ്ഞാല് വായിച്ചിരിക്കും..ആ പതിവ് തെറ്റിച്ചിട്ടില്ല..
ബ്ലൊഗ്ഗെഴുത്ത് തുടങ്ങിയതിനുശേഷം റിമാര്‍ക്കബിള്‍ എന്നു പറയാവുന്ന ഒരു സൃഷ്ടിയും എന്റെ പേരില്‍ വന്നിട്ടില്ല..ഒരു കണക്കിനു പറഞ്ഞാല്‍ ഏകാഗ്രതയോടെ എഴുത്തിനിരിക്കാത്തതു കൊണ്ട് പാതി വെന്ത ചില സൃഷ്ടികള്‍ ആണ് ബ്ലോഗ്ഗിങ്ങില്‍ എന്റെ സംഭാവന..
നര്‍മ്മം എഴുതാന്‍ ശ്രമിച്ചു..മാതൃഭൂമിയുടെ വെള്ളിയാഴ്ച്ച സപ്ലിമെന്റില്‍ വരുന്ന നര്‍മ്മോക്തികളുടെ പോലും അടുത്തെത്താന്‍ യോഗ്യതയില്ലാത്ത ചില എഴുത്തുകളില്‍ ചെന്നൊടുങ്ങി..
അങ്ങിനെ പാതിവേവായ ചില സൃഷ്ടികളും, പകുതി പൂര്‍ത്തിയാക്കിയ ചില കഥകളും, എഴുതിയതും,പോസ്റ്റാത്തതും, പലതവണ മനസ്സിലിട്ട് തിരുത്തിയെഴുതി ഒടുവില്‍ വരമൊഴിയിലേക്ക് പകര്ത്തുമ്പൊഴേക്കും അണഞ്ഞു പോയ ചില കഥാ സ്പാര്‍ക്കുകളും ബാക്കിയാക്കി ഈ ബൂലോകത്തു നിന്നും ഞാന്‍ ഒരു ചെറിയ ഇടവേള എടുക്കുന്നൂ..
കൊത്തിപ്പറിക്കും വണ്ണം എന്തെങ്കിലും എഴുതണമെന്ന അന്തര്‍ധാര ഉണ്ടാവുകയാണെങ്കില്‍ മാത്രം ചില പോസ്റ്റുകള്‍ ഇട്ടെന്നു വരാം..
തൊഴില്‍ സംബന്ധമായ ചില മാറ്റങ്ങള്‍ കാരണം ആണ് ഈ തീരുമാനം..
ഒരു പക്ഷെ ഞാന്‍ തിരികെ വരുമ്പോഴേക്കും ഒരു പാട് പുത്തന്‍ മുഖങ്ങള്‍ ഇവിടെ കടന്നുവന്നിരിക്കാം..കാരണം മുഖ്യധാരാ മാധ്യമങ്ങള്‍ ബ്ലോഗ്ഗിനെ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നൂ..
എങ്ങിനെ ഒരു പുതിയ ബ്ലോഗ് തുടങ്ങാം എന്ന സചിത്ര ലേഖനങ്ങളും പുറത്തിറങ്ങിയിരിക്കുന്നൂ..
പുത്തന്‍ അനുഭവങ്ങളും, അറിയപ്പെടാത്ത വാര്‍ത്തകളും, സുന്ദര സൃഷ്ടികളുമായി ബ്ലൊഗ്ഗുലോകം പച്ചപിടിക്കട്ടെ എന്നാശംസിക്കുന്നൂ..
കുട്ടന്‍സ് എന്ന പേരില്‍ എഴുതിയ : കുട്ടന്‍സ് കഥകള്‍
ഹോസ്റ്റലേര്‍സ്
ചിത്രക്കൂട് എന്നീ ബ്ലോഗ്ഗുകളും
അമ്മൂ: അപര്‍ണ്ണ എന്ന പേരില്‍ അമ്മൂ
എന്ന ബ്ലോഗ്ഗും നടത്തി വായനക്കാരനെ പറ്റിച്ചു കൊണ്ടിരിക്കുകയായിരുന്നൂ എന്ന വാര്‍ത്തയും വ്യസനസമേതം അറിയിച്ചു കൊണ്ട് ഞാന്‍ ബ്ലോഗിങ്ങ് ലോകത്തു നിന്നും ലീവെടുക്കുന്നൂ...
ഒ.ടോ : ഇനി പുതിയൊരു പേരില്‍, പുത്തന്‍ ബ്ലോഗുമായ് കാണുന്നതു വരെ നന്ദി വണക്കം...