Sunday, December 13, 2015

റിക്വയര്‍മെന്റ് അനാലിസിസ് !!!


  സംഭവം കുറച്ച് പഴയ കഥയാണ്..വര്‍ഷം രണ്ടായിരത്തി രണ്ടു (കൊറിയയും റഷ്യയും സംയുക്തമായി വേള്‍ഡ് കപ്പ് ഫുട്ബോള്‍ നടത്തിയ വര്‍ഷം ). കഥ നടക്കുന്നത് മലപ്പുറം ജില്ലയിലെ, ചാലിയാര്‍ പുഴയോട് ചേര്‍ന്ന് കിടക്കുന്ന - 
ഒരു വളര്‍ന്നു വരുന്ന ചെറിയ പട്ടണത്തില്‍. ഡിഗ്രി പരീക്ഷ (സെമസ്റര്‍ സിസ്റ്റം ) കാലിക്കറ്റ് യൂണിവേര്‍സിറ്റി പേപ്പര്‍ ഒക്കെ നോക്കി കഴിഞ്ഞു റിസള്‍ട്ട് ഒക്കെ പബ്ലിഷ് ചെയ്യാന്‍ തോന്നിയ പോലെ സമയം എടുത്തിരുന്ന കാലം !! 
വെറുതെ നില്‍ക്കെണ്ടല്ലോ എന്ന് കരുതി ചില പോക്കറ്റ് മണി ജോലികളുമായി കഴിഞ്ഞു കൂടുന്നു.  സെമസ്റര്‍ എക്സാം കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ ആദ്യ ജോലി കിട്ടി. വൈവക്ക് മുന്‍പുള്ള ചില ആഴച്ചകള്‍ - മാര്‍കറ്റ്‌ അനാലിസിസ് 
എന്ന് പറഞ്ഞു കോഴിക്കോട് സിറ്റിയിലെ ഹൌസിംഗ് കോളനിയായ ഹൌസിംഗ് കോളനികള്‍ മുഴുവന്‍ അലഞ്ഞു തിരിഞ്ഞു - ഡോര്‍ ടു ഡോര്‍ മാര്‍ക്കറ്റ് സര്‍വ്വേ (ടിപി ബാലഗോപാലന്‍ എം.എ യില്‍ മോഹന്‍ലാല്‍ കഥാപാത്രത്തെ 
പോലെ) - കൂടെ ഫ്രണ്ട് നിധീഷും. ആദ്യ ശമ്പളം മൂവായിരം രൂപ (ആണെന്നു തോന്നുന്നു..രണ്ടു പേരും കൂടി പകുത്തെടു  ) !!


    അടുത്തത് - കോഴിക്കോട് കമ്പ്യൂട്ടര്‍ ട്രെയിനിംഗ് ഇന്‍സ്ടിട്യൂട്ട് - ഇ ടി ആന്‍ഡ് ടി യില്‍ ഇന്‍സ്ട്രക്ടര്‍. പ്രത്യേകിച്ച് ഒരു താത്പര്യവും ഇല്ലാതെ പഠിക്കാന്‍ വരുന്ന - ഏറെക്കുറെ - സമപ്രായത്തിലുള്ള കിടാങ്ങളെ രണ്ടു മൂന്നു മാസം കമ്പ്യൂട്ടര്‍ 
ഗ്രാഫിക്സും, ഡാറ്റാ സ്ട്രക്ച്ചറും പഠിപ്പിച്ചു !! ശമ്പളം രൂപാ രണ്ടായിരം പെര്‍ മന്ത്..മാസാവസാനം കൃത്യമായി കിട്ടുമായിരുന്നു ..ഇടക്കിടക്ക് കൈരളി തീയെടറില്‍ പോയി സിനിമ കാണാം..ടിക്കറ്റിനുള്ള ക്യൂവില്‍ സ്വന്തം സ്റ്റുഡന്‍സ് 
കാണുന്നത് കൊണ്ട് പത്ത് രൂപാ ഫ്രണ്ട് റോ ഒഴിവാക്കി ബാല്‍ക്കണി പിടിക്കണം. ചിലവ് കൂടാന്‍ തുടങ്ങിയപ്പോ...സാലറി കൂടുതല്‍ ചോദിച്ചു ...സ്റ്റുഡന്സിനുള്ള കണ്‍സെഷന്‍ പാസ്സിലോരെണ്ണം എടുത്ത് ഇന്സ്ട്ടിട്ട്യുറ്റ് മാനേജര്‍ "മാഷ്‌ 
എസ്.ടി അടിച്ച് പോന്നാല്‍ മതി ബസ്സില്‍ ..ഹൈക്ക് ഇല്ല..പാസ്സേ ഉള്ളൂ " എന്ന് പറഞ്ഞു അപ്രൈസല്‍ ലെറ്റര്‍ പോലെ  മഞ്ഞ പാസ്സില്‍ ഒരെണ്ണം കയ്യില്‍ തന്നു..ഡെയിലി കണ്‍സെഷന്‍ കൊടുത്തു പോരുന്ന കാരണം "അന്റെ കോളേജില്‍ 
പോക്ക് ഇത് വരെ തീര്‍ന്നില്ലേ ചെക്കാ " എന്ന് കണ്ടക്ടര്‍ അന്ന് രാവിലെ വരെ ചോദിച്ചത് കൊണ്ട് പാസ് വേണ്ട, അതൊന്നു ആള്‍ റെഡി എന്റെ കയ്യില്‍ ഉണ്ട് എന്നും പറഞ്ഞു നൈസ് ആയി  റിസൈന്‍ ചെയ്തു.


     നെക്സ്റ്റ് വീക്ക് , ആദ്യം പറഞ്ഞ ചെറു പട്ടണത്തിലെ കമ്പ്യൂട്ടര്‍ സെന്ററില്‍ ജോബ്‌ ഡിസ്ക്രിപ്ഷന്‍ എന്താണെന്നറിയാതെ ജോയിന്‍ ചെയ്തു. ടി. കടയുടെ (അല്ലെങ്കില്‍ ഇന്‍ഫോടെക് കമ്പ്യൂട്ടെര്‍സ് എന്ന സ്ഥാപനത്തിന്റെ ) ഉടമ ഗള്‍ഫ് 
റിട്ടേണ്‍ ആയ ഒരു പുത്തന്‍ പണക്കാരന്‍. ടി. കക്ഷിയുടെ അസിസ്ടന്റ്റ് അഥവാ വാലും (നിവിന്‍ പോളിക്ക് അജു വര്‍ഗ്ഗീസ് എന്ന പോലെ ) പരസ്പരം പാരയുമായ ശരീഫ് എന്ന കൊച്ചു ചുള്ളന്‍ മൊയ്ലാളി സ്ഥലത്തില്ലാത്ത ഒരു ദിവസം   
പറഞ്ഞ പോലെ "ഈ ചെങ്ങായി ഗള്‍ഫ് ന്നു അറബീന്റെ  കായും അടിച്ച് തുടങ്ങിയ സംഭവാ..അത് കൊണ്ട് ഇങ്ങളും വേണെങ്കില്‍ ഇടക്കൊക്കെ എന്തെങ്കിലും ഇസ്ക്കിക്കോ " !!


     സംഭവം സ്ഥാപനത്തിന്റെ പേരും ബോര്‍ഡും ഹൈ ഫൈ ആയിരുന്നെങ്കിലും സ്ടുടന്‍സ് ഒക്കെ കുറവായിരുന്നു..മൊയലാളിയുടെ പത്താം ക്ലാസ് തോറ്റ സഹോദരങ്ങളെ കമ്പ്യൂട്ടര്‍ പഠിപ്പിക്കുക ആയിരുന്നു ആദ്യ ഉദ്യമം. പിന്നെ, ഒന്ന് 
രണ്ടു പ്ലസ് ടു / ഹൈസ്കൂള്‍ പിള്ളേര്‍സ്. അവര്‍ വന്നു ഗെയിം കളിച്ച് പോകും. വല്ലപ്പോഴും വഴി തെറ്റി വരുന്ന ഒരു എല്‍.പി സ്കൂള്‍ അദ്ധ്യാപകന്‍. അങ്ങേരെ പെയിന്റ് ബ്രഷ് യൂസ് ചെയ്ത് ഒരു സര്‍ക്കിള്‍ വരപ്പിക്കാന്‍ ഒന്നര മാസം 
പരിശ്രമിക്കേണ്ടി വന്നു ഒടുവില്‍ ആയിടെ ജോയിന്‍ ചെയ്ത ഒരു ആറാം ക്ലാസ് കാരന്‍ പയ്യന്‍സ് അയാളെ പെയിന്റ് ബ്രഷ് പഠിപ്പിച്ചു...

"സൈക്കിള്‍ ബാലന്‍സ് ഉണ്ടേല്‍ ദുബായില് ഡ്രൈവിംഗ് ലൈസന്‍സ് കിട്ടുമോ അരുണേട്ടാ "

എന്ന പോലെ നിഷ്കളങ്കമായി ആ മാസ്റര്‍  പെയിന്റ് ബ്രഷ് പഠനം പൂര്‍ത്തിയായ അന്ന് എന്നോടു ചോദിച്ചു -


"ഇപ്പൊ മൌസ്  നമ്മള് 
വിചാരിക്കുന്ന വഴിക്കൊക്കെ വരാന്‍ തുടങ്ങി , ഇനീപ്പം വേര്‍ഡും പവര്‍ പോയിന്റും ഒക്കെ പഠിക്കാം ല്ലേ, മാഷേ "


നമ്മള്‍ കുടുങ്ങിയത് വേറൊരു അവസരത്തില്‍ ആയിരുന്നു..വല്ലപ്പോഴും വന്നു "ഉഷാറല്ലേ " എന്ന് ചോദിച്ച് ട്രോള്‍  അടിച്ച് പോവുന്ന മോയ്ലാളിക്ക് ഒരു ദിവസം സീ പ്ലസ് പ്ലസ് പഠിക്കണം...ഒടുവില്‍ ഹരിശ്രീ കുറിക്കാന്‍ വിധിക്കപ്പെട്ട 
അന്ന് - ഹാഷ് ഇന്ക്ളൂട് ഐ ഓ എസ് സ്ട്രീംസ് ഡോട്ട് എച്ച് എന്ന് എഡിറ്ററില്‍ എഴുതിപ്പിച്ചതും അയാള്‍ തലകറങ്ങി വീണതും ഒരുമിച്ചായിരുന്നു..അന്ന് തീര്‍ന്നു "സീ പ്ലീ പ്ലീ " പഠനം.


  കഥ അങ്ങിനെ നീങ്ങി കൊണ്ടിരിക്കുന്നതിനിടയില്‍ മൊതലാളി മാര്‍ജിന്‍ ഉണ്ടാക്കുന്ന ബിസിനിസ് നെ കുറിച്ച് പറയാന്‍ മറന്നു. അസംബിള്‍ ചെയ്ത കമ്പ്യൂട്ടര്‍ വില്‍പ്പന ആയിരുന്നു അദ്ദേഹത്തിന്റെ മെയിന്‍ ബിസിനസ് . പാര്‍ട്ട്സ് 
വാങ്ങി കൊണ്ട് വന്നു അസംബിള്‍ ചെയ്ത് വില്‍ക്കുക. കൊള്ള മാര്‍ജിന്‍ ഉണ്ടാക്കുന്നുണ്ട് എന്ന്‍ പ്രത്യേകം പറയേണ്ടല്ലോ..ഒരു ദിവസം അയാള്‍ പുതിയ ഒരു ഡീല്മായാണ് വന്നത്...ചെറു പട്ടണത്തിലെ കച്ചവട സ്ഥാപനങ്ങള്‍ക്ക് 
കമ്പ്യൂട്ടര്‍ അസംബിള്‍ ചെയ്ത് കൊടുക്കുക ഒപ്പം അവര്‍ക്കാവിശ്യമായ സി ആര്‍ എം സോഫ്റ്റ്‌വെയറുകളും നമ്മള്‍ തന്നെ ഉണ്ടാക്കി കൊടുക്കുക !! എനിക്കും സുഹൃത്ത് രതീഷിനും സന്തോഷമായി. ഒടുവില്‍ ഇത്തിരി കോഡിംഗ് 
ഒക്കെ ചെയ്യാന്‍ ചാന്‍സ് ഒത്തു. സ്ഥലത്തെ പ്രധാന ജ്വല്ലറി, ഹാര്‍ഡ്‌വെയര്‍ ഷോപ്പ്സ് , ട്രാവല്‍ ഏജന്‍സി തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും കക്ഷി പ്രോജക്ട്സ് പിടിച്ചു...

ആദ്യ റിക്വയര്‍മെന്റ് കളക്ഷന്‍ വേണ്ടി പ്രമുഖ ഹാര്‍ഡ്‌വെയര്‍ സ്ഥാപനത്തിലേക്ക് ഉച്ചയൂണ്‍ കഴിഞ്ഞു ഞാനും രതീഷും മോയ്ലാളിയും കൂടെ കയറി ചെന്നു !!!

ഹാര്‍ഡ്‌വെയര്‍ സ്ഥാപനത്തിന്റെ ഉടമയും സൌദി റിട്ടേണ്‍ ആണ്..പുത്തന്‍ പണക്കാരന്‍..ബട്ട് അസാദ്യ പേര്‍സണാലിറ്റി..ആംവേ വഴി കുറെ കാശുണ്ടാക്കിയ കഥകളൊക്കെ നമ്മുടെ ചില സുഹൃത്തുക്കളായ ആംവേ ഗഡികള്‍ 
പറഞ്ഞു അറിയാമായിരുന്നു...ക്ലൈന്റ് ബിസിനസ് ഡയരക്ടര്‍ (ഇനി മുതല്‍ അങ്ങിനെ വിളിക്കാം ) പുള്ളീടെ അസിസ്ടന്റ്റ് നെ വിളിക്കുന്നു..കടയില്‍ തിരക്കിലായ അയാള്‍ ഓടി വരുന്നു...


"കുഞ്ഞാണി, ഞമ്മളെ ഷോപ്പ് ഫുള്ള് കംപ്യൂട്ടറിസ് ചെയ്യാന്‍ പോവാ..ഇതതിന്റെ ആള്‍ക്കാരാ..ഇഞ്ഞി ഈ ചെങ്ങായ്മാര്‍ക്ക് എത്താ ബെണ്ടാന്നു ബെച്ച്ചാല് പറഞ്ഞു കൊടുതതാളീ "
കുഞ്ഞാണി ആളിത്തിരി സ്മാര്‍റ്റ് ഡ്യൂട് ആണ്..ഞങ്ങളെ വിളിച്ച് കടയുടെ മെയിന്‍ കൌണ്ടറില്‍ കൊണ്ട് പോയി ഇരുത്തി ..കുറെ ലെഡ്ജര്‍ ബുക്കുകള്‍ വലിച്ച് വാരി ഇട്ടു..എന്നിട്ട് പറഞ്ഞു
"ഇത് മുയ്മോനും കമ്പ്യൂട്ടറില്‍ കേറ്റണം.."
"കൊള്ളാം ..എന്നിട്ട് "
"ബെറുതെ കേറ്റിയാല്‍ പോരാ..കമ്പ്യൂട്ടറിന് ഇതൊക്കെ ഓര്‍മ്മേല് നില്‍ക്കേം ബേണം.."
"അത് ശരിയാക്കാം"
"എന്നിട്ട്..ഇനിയാണ് മെയിന്‍ പരിപാടി..നമ്മളെ എടുത്തൂന്ന്‍ സാധനം വാങ്ങി പൈസ തരാണ്ട് മുങ്ങി നടക്കണ ഒരുപാടു ഇബിലീസ്കളിണ്ട്..ഇപ്പൊ തരാം പിന്നെ തരാം ന്നൊക്കെ പറയും "
"ഉം.."
"അയിറ്റെള് മുയ്മന്‍ കായും തരാണ്ട് പിന്നേം ഇവിടെ വന്നു പുതിയ സാധനം കൊണ്ടോവാന്‍ വരുമ്പോ..കമ്പ്യൂട്ടര്‍ ഈ പേജായ പേജോക്കെ മറിച്ച് നോക്കി ഒറക്കനെ ബിളിച്ച് പറയണം..മോയ്മാജി സിമിന്‍റ് എടുത്ത വകേല് ബാലന്‍സ് 
അയ്യായിരം ഉറുപ്യ..അത് തരാണ്ട് പുതിയ സാധനം കൊടുക്കേണ്ടില്ല്യ ന്നാ..എന്താ ഇങ്ങളെ കമ്പ്യൂട്ടറിനെ കൊണ്ട് കയ്യോ അത് "

"അതിപ്പോ " - ഞാനും, രതീഷും 
" പിന്നെ, നമുക്ക് ചെയ്യാം ന്നെ..ഈയ് അടുത്ത വേണ്ടത് എന്താന്നാ പറയ്‌ ..മാഷേ ഇങ്ങളിതൊക്കെ എഴുതി എടുക്കുന്നില്ലേ.." - നമ്മുടെ സ്മാര്‍ട്ടന്‍ മൊതലാളി :-)


അന്ന് ഞങ്ങള്‍ രണ്ടു പേരുടെയും മുഖത്ത് വിടര്‍ന്ന ഭാവം ആവും പിന്നീട് പ്ലിംഗ് എന്ന പേരില്‍ പോപ്പുലര്‍ ആയത്...!!!
അന്ന് മുതല്‍ ഇന്ന് വരെ ഓരോ പുതിയ പ്രോജക്ടിലും റിക്വയര്‍മെന്റ് സ്പെസിഫിക്കേഷനുകള്‍ ഡൊക്യുമെന്റ് ചെയ്യുമ്പോള്‍ ആ കമ്പ്യൂട്ടര്‍ വന്നു ലെഡ്ജര്‍ ബുക്ക് പേജ് മറിച്ച് മറിച്ച് നോക്കി അക്കൌണ്ട് ബാലന്‍സ് അനൌണ്സ് ചെയ്യുന്ന 
വിഷ്വല്‍ ആവും മനസ്സില്‍ ഓടുക !!
.: കഥാപാത്രങ്ങള്‍, കഥാ പാശ്ചാത്തലം സാങ്കല്‍പ്പികം - (വെറുതെ ഒരു കഥ - അത്രേ ഉള്ളൂ )