Thursday, August 13, 2015

ഗോലിസോഡാ സില്‍മ കമ്പനി !!


അനുബന്ധം :

ഏകദേശം ഇരുപത്- ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട ഒരു കാഴ്ച ആണ്..സ്കൂള്‍ വിട്ടു വീട്ടിലേക്കുള്ള കൂട്ടം ചേര്‍ന്ന നടപ്പിനിടയില്‍ .. ഒരു ചെറിയ പുഴ ഇറങ്ങികയറി പതിവ് വഴിയില്‍ നിന്നും വ്യത്യസ്തമായ റൂട്ടില്‍ ആണ് അന്നത്തെ മടക്ക യാത്ര…ചുണ്ടത്തും പോയില്‍ – പനംപിലാവ് വഴി എടക്കാട്ട് പറമ്പില്‍ എത്തും പിന്നെ അവിടെ നിന്നും കുന്നിറങ്ങി കുറച്ച് നടന്നാല്‍ വീടായി-ഓര്‍മ്മ ശരിയാണെങ്കില്‍ ഒറ്റയടി പാതകളും, തോട്ട് വക്കുകളും, റബ്ബര്‍ / തെങ്ങ് / കവുങ്ങിന്‍ തോപ്പുകളും, പുരയിടങ്ങളും, വല്ലപ്പോഴും ജീപ്പ് കടന്നു പോകുന്ന നാട്ടു വഴികളും ഒക്കെയായി നാലഞ്ച് കിലോമീറ്ററില്‍ കൂടുതല്‍ കാണും ദൂരം-, എന്നാലും കൂടെ നടക്കാന്‍ ഒരു പാടു കൂട്ടുകാര്‍ ഉള്ളത് കൊണ്ട് ആ റൂട്ട് ആയിരുന്നു എനിക്കിഷ്ടം. സ്കൂളിനു- (ഗവ യു പി സ്കൂള്‍ ചുണ്ടത്ത് പൊയില്‍ )  കുറച്ചധികം അല്ലാതെയുള്ള ചെറിയ തോടു മുറിച്ച് കടക്കുംപോഴായിരുന്നു വിസ്മയിപ്പിച്ചു കൊണ്ടുള്ള ആ കാഴ്ച.  പുഴയിലേക്ക് ചാഞ്ഞു കിടക്കുന്ന ആറ്റു വഞ്ചി ചെടിയില്‍ (കുട്ടികളെ വിരട്ടാന്‍ മാസ്റ്റര്‍മാര്‍ക്ക് ഇഷ്ടം ആറ്റു വഞ്ചിയുടെ വടിയാണ്..ക്ലാസ് ലീഡര്‍ന്റെ ഡ്യൂട്ടിയാണ് വടി വെട്ടി കൊണ്ട് വെക്കുക എന്നത്..ഒരു പക്ഷെ ആറ്റു വഞ്ചി വടി ഒടിക്കാന്‍ കൂടിയാവണം അന്നാ വഴി തിരഞ്ഞെടുത്തത്….) നിന്ന് പൊടുന്നനെ നൂറുകണക്കിന് ചിത്രശലഭങ്ങള്‍ കൂട്ടമായി പറന്നുയരുന്നു..പല നിറങ്ങളില്‍ ഉള്ളവ…മഞ്ഞയും ഓറഞ്ചും കറുപ്പും കലര്‍ന്ന ചിറകുള്ളവ,  നീലയും – കറുപ്പും ചേര്‍ന്ന ചിറകുള്ളവ..എത്രയെന്നറിയില്ല..മഞ്ഞ വെയിലില്‍, പുഴയോരത്ത് അവയോന്നോന്നോന്നായി ഉറക്കം തൂങ്ങി കിടന്ന ആ ചെടിയുടെ തണ്ടില്‍ നിന്നും പറന്നുയരുന്നു…ഓ ..എന്ത് മനോഹരം..അവസാനത്തെ ചിത്രശലഭവും പറന്നു മറയുന്നത് വരെ ആ കാഴ്ച നോക്കി നിന്നത് ഓര്‍ക്കുമ്പോള്‍ ഇന്നും ഒരു കുട്ടിയാവും..!!! പിന്നീട് പലതവണ സ്വപ്നങ്ങളില്‍ , പകലുറക്കങ്ങലുടെ ഭ്രമിപ്പിക്കുന്ന ഇടവേളകളില്‍ ആ കാഴ്ച റിപ്പീറ്റ് മോഡില്‍ വന്നു കൊതിപ്പിച്ചിട്ടുണ്ട് !!! ഏത് ചായാഗ്രാഹകന് കഴിയും ആ രംഗം പുന:സൃഷ്ടിക്കാന്‍ – അറിയില്ല..!! അന്ന് ആ യാത്രയില്‍ കൂട്ടുണ്ടായിരുന്നവര്‍ ഇന്ന് പലയിടങ്ങളില്‍…ഓര്‍ക്കുന്നുണ്ടാവുമോ അവരീ കാഴ്ച – അറിയില്ല..!!!
വായിലെപ്പോഴും അരി കൊറിച്ച് കൊണ്ട് നടക്കുന്ന ഒരു വൈദ്യര്‍ ഉണ്ടായിരുന്നു നാട്ടില്‍. ആരോടും ഉരിയാടാതെ അരിയും കൊറിച്ച്, മുഖം കൂര്‍പ്പിച്ച് നടന്നു വരുന്ന അയാളെ എനിക്കെപ്പോഴും പേടി ആയിരുന്നു…വീട്ടില്‍ നിന്നും കുറച്ചകലെ കിണറടപ്പ് എന്ന ഗ്രാമത്തില്‍ ആയിരുന്നു റേഷന്‍ കട. വീട്ടില്‍ സഹായത്തിനു നില്‍ക്കുന്ന തോമാച്ചന്‍ ചേട്ടന്റെ കൂടെ പുഴ ഇറങ്ങി, കശുമാവിന്‍ തോട്ടങ്ങള്‍ പിന്നിട്ടു സിനിമാ കഥകളും പറഞ്ഞു നടന്നു പോകുംപോഴാവും വളവു തിരിഞ്ഞു വൈദ്യര്‍ പെട്ടെന്ന്‍ മുന്നിലെത്തുക.
ഇന്നും ചില സ്വപ്നങ്ങളില്‍ അദ്ദേഹം ഓര്‍ക്കാപ്പുറത്ത് കടന്നു വരുമ്പോള്‍ ശരീരം വിയര്‍ക്കും…!!!
ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ പുഴയും, ഇല വീണു വഴി മറഞ്ഞു പോയ കശുമാവിന്‍ തോട്ടങ്ങളും, തവിട്ടു നിറത്തിലുള്ള കായകള്‍ പമ്പരമാക്കി ഓടി കളിച്ച റബ്ബര്‍ മരങ്ങള്‍ വരിയോത്ത കുന്നിന്‍ ചെരുവുകളും എല്ലാം വന്നും പോയും കൊണ്ടിരിക്കുന്ന സ്വപ്‌നങ്ങള്‍ക്ക് ഇടയില്‍ ആണ് ഈ കഥ മനസ്സിലേക്ക് വരുന്നത്..നടന്ന സംഭവമാണോ എന്ന് ചോദിച്ചാല്‍ ഓര്‍മ്മയില്ല, ഒരു പക്ഷെ വര്‍ഷങ്ങളായി മനസ്സ് സൃഷ്ടിച്ച സ്വപ്നവും ആവാം..എന്തായാലും സുഹൃത്തുക്കളെ, ഈ കഥ പലകുറി തിരുത്തി, തിരുത്തി, മനസ്സിലും, പേപ്പറിലും, നോട്പാഡിലും ആയി എഴുതാന്‍ തുടങ്ങിയിട്ട് പതിനഞ്ച് വര്‍ഷത്തിലേറെയായി..ഓരോ തവണ എഴുതുമ്പോഴും വലുതാവുന്നുണ്ട് കഥ (ഇനിയും എഴുതാത്ത ഒരുപാടു ഉപകഥകൾ ഉൾപ്പെടെ )!!
ഒരിക്കല്‍ ഞാന്‍ ഇത് സിനിമയാക്കും – ഇന്‍ഷാ   അള്ളാ- പതേര്‍ പാഞ്ചാലി പോലെ, ചില്‍ട്രന്‍ ഓഫ് ഹെവന്‍ പോലെ, സിനിമാപാരടെസ്സോ പോലെ, വിവാ ക്യൂബ പോലെ – ഒരു റിയലിസ്റിക് സിനിമ. അതി മോഹം ആണോ എന്നറിയില്ല..എന്നാലും എത്ര വര്‍ഷമെടുത്താലും,  കാലം എത്ര മാറിയാലും, സിനിമ എന്ന സങ്കല്പം തന്നെ ലോകത്ത് നിന്ന് ഇല്ലാതായാതാലും, ഈ സിനിമ സംഭവിച്ചിരിക്കും !!!
കുടുംബത്തിനും, ജോലിക്കും ചിലവഴിക്കുന്ന സമയത്തില്‍ നിന്നും ഒരു തരി പോലും എടുത്ത് മാറ്റാതെ സ്വന്തമായി കട്ടെടുക്കുന്ന സമയം ഉപയോഗിച്ചാണ് എഴുതാറുള്ളത്..!! അത് പോലെ തന്നെയാവണം  ഇത് വായിക്കുന്നവരുടെ സമയവും.  വായിക്കൂ അഭിപ്രായം അറിയിക്കു. ലൈക്കിനോ, കമന്റിനോ വേണ്ടി അല്ല..നമ്മള്‍ എഴുതിയത് ആര്‍ക്കെങ്കിലും കണക്റ്റ് ചെയ്യാന്‍ കഴിയുന്നുണ്ടോ എന്ന് മനസ്സിലാക്കാന്‍ വേണ്ടി മാത്രം. എഴുതുന്ന ആളിന്റെ ആത്മ സംതൃപ്തിക്ക് വേണ്ടിയാണെങ്കില്‍ ഒരിക്കലും എഴുതേണ്ട ആവിശ്യമില്ല..കാരണം – എഴുതി വെക്കുന്നതിലും ഭംഗിയായി മനസ്സില്‍ തെളിയാറുണ്ട് ഓരോ കഥകളും :)
സോ, വായിക്കൂ – ഇഷ്ടമായാലും ഇല്ലെങ്കിലും മെസേജ് ചെയ്യൂ !! വിഷ് യു ഹാപ്പി ഡേയ്സ് !!!