Sunday, June 12, 2011

ചരിത്രത്തില്‍, നഷ്ടമായ ഒരു ക്യാമറ-ഒരു കള്ളന്‍, ഒരു അന്വേക്ഷകന്‍ (എന്തൊരു ബോറന്‍ ടൈറ്റില്‍ !!!!)

Watch The Trailer Here





ഞാന്‍ ആകെ അസ്വസ്ഥന്‍ ആണ്..മനസ്സില്‍ ഉറവപൊട്ടിയ ചില കഥാ ബീജങ്ങള്‍ വാക്കുകള്‍ക്കു വേണ്ടിയുള്ള വിശപ്പ് എന്നെ ഇടക്കിടെ അറിയിച്ച് കൊണ്ടിരിക്കുന്നു.. ആവര്‍ത്തിക്കാന്‍ കഴിയാത്തത്രവണ്ണം പറഞ്ഞു പഴകിയ ചില ആശയങ്ങള്‍ മാന്തിയെടുത്ത്‌ ലാപ്‌ ടോപ്പിലെ മംഗ്ലീഷ് കീ ബോര്‍ഡില്‍ ടൈപ്പ്‌ ചെയ്തു, ആരും വായിക്കാത്ത ചില താളുകളില്‍ കുറിച്ചിടാനുള്ള ആവേശം പണ്ടേ നഷ്ടമായ ഒരുവനായി മാറിയതില്‍പ്പിന്നെ കഥകള്‍ എന്നെ തേടി വരാറില്ല!!!

ഇനി ഒരു പക്ഷെ, പഴയ ചില കേസുകെട്ടുകളിലൂടെ, ചികഞ്ഞു പോയെങ്കില്‍ ഒരു പുതു നൂലിഴ പോലുള്ള സന്ദര്‍ഭങ്ങളില്‍ നിന്നും ചില കഥകളിലേക്ക് മാറി വരാന്‍ കഴിഞ്ഞെന്കിലോ എന്നോര്‍ത്താണ് അന്ന് ഞാന്‍ വീണ്ടും ആ കേസ്‌ ഡയറി പുറത്തെടുത്തത്...
അധികം കുഴപ്പം പിടിച്ച കേസുകളൊന്നും ഈ കാലത്തിനിടയില്‍ കൈകാര്യം ചെയ്ത അനുഭവം ഇല്ല. ഇക്കാലംമത്രയും ചില അവിഹിത ബന്ധങ്ങള്‍ ചികഞ്ഞു പോകുക എന്ന ബോറന്‍ കേസുകള്‍ക്കപ്പുറം മറ്റൊന്നും എന്നെ തിരഞ്ഞു വരാറുണ്ടായിരുന്നില്ല...ഭാര്യയുടെ നടപ്പ്
ദോഷം ചികയുന്ന ഭര്‍ത്താവ്‌,..മകന്റെ ജീവിതം ദൂരെ അമേരിക്കയിലിരുന്ന് സ്പൈ വര്‍ക്ക്‌ നടത്തി ആശ്വസിക്കുന്ന അച്ച്ചനമ്മമാര്‍..ലൈംഗീക ആരോപണങ്ങളുടെ നടുവില്‍പെട്ട് സ്ഥാനം തെറിച്ച മന്ത്രിയുടെ പേരിലുള്ള കുറ്റം യാഥാര്‍ഥ്യം ആണോ എന്ന് അന്വേക്ഷിക്കുന്ന ഭാര്യ..ഇങ്ങിനെ ഉള്ള ചില അരസികന്‍ കേസുകള്‍..(ആധുനീക കേരളത്തില്‍ ഇത്തരം അറുബോറന്‍ കേസ്സുകള്‍ക്ക് യാതൊരു പഞ്ഞവുമില്ലായിരുന്നൂ ).

ഈ കുറിപ്പ്‌ ഞാന്‍ എഴുതുന്നത് മറ്റൊരു കേസ്സിനെ കുറിച്ചാണ്..ഒരു രസകരമായത്‌...കുറച്ചു നാള്‍ മുന്‍പ്‌ പരാജയപ്പെട്ടു എന്ന പേരില്‍ ഞാന്‍ തന്നെ അടച്ചു പൂട്ടിയ ഒരു കേസ്..ഇന്ന് പഴയ കേസ് ഡയറികള്‍ പൊടി തട്ടി എടുത്തപ്പോള്‍ മുന്നില്‍ വന്നു പെട്ട്..ഒരു ജോലി
എന്നതിനപ്പുറം പാഷനായി എടുക്കാത്ത ഈ തൊഴിലില്‍ ആദ്യമായി കൌതുകം തോന്നിയ ഒരു കേസ്‌..ഓര്‍മ്മകളുടെ ചില ഫ്രെയിമുകളിലെവിടെയോ ഇരുന്നു കൊത്തിപ്പറിക്കുന്നു...ഒരു വാടക അന്വേക്ഷകന്റെ മുന്നിലേക്ക്‌ ഏറെ മിസ്റ്ററിയും അതിലേറെ ചുറ്റു പിണഞ്ഞു കിടക്കുന്നതുമായ ഒരു കേസ്‌...കേസുമായി വന്നതോ, ഈ നാട്ടിലെ രാഷ്ട്രീയ മണ്ഡലത്തില്‍ യുവരാജാവായ ഒരു ചെറുപ്പക്കാരന്‍..സ്വാതന്ത്ര്യ സമരങ്ങളിലെ നായകനിരകളില്‍ നിറഞ്ഞു നിന്ന “റോയല്‍” കുടുംബത്തിലെ പിന്‍തുടര്ച്ച്ചക്കാരന്‍ ...അയാള്‍ എന്തിനു / എങ്ങിനെ എന്നെ തിരഞ്ഞെത്തി ഇന്നും അറിയില്ല...

തന്റെ മുതു മുത്തച്ചന്‍ അദ്ദേഹത്തിന്റെ യൗവനകാലത്ത് സ്വന്തമാക്കിയ ഒരു ഹാസേല്ബ്ലാദ്(Hasselblad) ക്യാമറ കളവു പോയിരിക്കുന്നൂ...മുംബയിലെ ഒരു പ്രശസ്ത മ്യൂസിയത്തില്‍ നിന്നും..അതീവ രഹസ്യമായി...ഇത് വരെയും പ്രോസസ് ചെയ്യാത്ത ഒരു ഫിലിം റോള്‍ ഉള്‍പ്പെടെ...!!!!

യുവരാജാവിന്റെ മുതു മുത്തച്ചന്‍ പണ്ട് തന്റെ നല്ല പ്രായത്തില്‍ ഉലകം ചുറ്റാന്‍ പോയിരുന്നു എന്നും, ആ യാത്രക്കിടയിലെപ്പോഴോ യൂറോപ്പ്യന്‍ രാജ്യത്ത്‌ നിന്നും വാങ്ങിയതാണ് ആ ക്യാമറ..അതില്‍ ഷൂട്ട്‌ ചെയ്ത ചിത്രങ്ങള്‍ ഒരു പക്ഷെ അപൂര്‍വ്വ ചരിത്ര
പ്രാധാന്യമുള്ളവയും അതെ സമയം വിവാദ വിഷയമാവാന്‍ എന്ത് കൊണ്ടും സാധ്യത ഉള്ളവയും ആണു എന്നത് ആ വ്യവസായ/രാഷ്ട്രീയ കുടുംബത്തെ ഒട്ടൊന്നുമല്ല വിഷമിപ്പിക്കുനത്...

മുതു മുത്തച്ചന്‍ സിംഹത്തിന്റെ ചില ചെറുപ്പകാലത്തെ സ്വഭാവ വൈചിത്ര്യങ്ങള്‍ സംബന്ധിച്ച് വിദൂരമായ സൂചനകളുള്ള പുസ്തകങ്ങള്‍ വരെ വന്‍ ഇടപെടലുകളിലൂടെ മാറ്റിയെഴുതിച്ച് ശീലിച്ച ആ കുടുംബത്തിനു ആ മഹാന്റെ പേര് ചീത്തയാക്കാന്‍ സാധ്യത ഉള്ള ഒരു
ക്യാമറയും റോളും മോഷണം പോവുക എന്നത് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറം ആയിരുന്നു..ഒരു പക്ഷെ അതു ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉള്ള ഏതെന്കിലും പാപ്പരാസികളുടെ കയ്യിലെത്തുമോ എന്നത് അവരെ ആശങ്കാകുലരാക്കിയിരിക്കാം...

ക്യാമറ എന്ന ഉപകരണം അത്യാവിശ്യം ചില ചിത്രങ്ങള്‍ എടുക്കാന്‍ ഉപയോഗിച്ചിട്ടുണ്ട് എന്നതല്ലാതെ അതിന്റെ മറ്റു സാങ്കേതിക വശങ്ങളിലേക്കോ, ചരിത്ര പരമായ പ്രാധാന്യമോ ഒന്നും എനിക്കറിയില്ല..എങ്കിലും ഇത്രയും വര്ഷം പഴക്കമുള്ള ഒരു ക്യാമറയിലെ ഇനിയും നശിച്ചു പോകാത്തതു എന്ന് കരുതപ്പെടുന്ന ഒരു റോള്‍ ഫിലിം തിരഞ്ഞു സമയം മിനക്കെടുത്താണോ എന്ന ചോദ്യം യുവരാജാവിന്റെ നേരെ ഉതിര്ത്തില്ല!! പറയാതെ തന്നെ അറിയാം ആ കുടുംബ പാരമ്പര്യത്തിലെ ഓരോ കണ്ണിക്കും എന്ത് മാത്രം വിലയേറിയതാണ് ആ നഷ്ടമായ ക്യാമറ എന്നത്..ലോകം ആരാധിക്കുന്ന ഒരു വിഗ്രഹം തകര്ന്നുടയാതെ നിര്‍ത്തേണ്ടത് അവരുടെ കടമ ആണല്ലോ..
അന്വേഷണത്തിന്റെ ആദ്യ നാളുകളില്‍ വിലയിരുത്തപ്പെട്ട നിഗമനങ്ങള്‍ ഇവയായിരുന്നു
1. അജ്ഞാതനായ ഒരു പാപ്പരാസി അല്ലെങ്കില്‍ ആ ചിത്രങ്ങളുടെ വിപണന മൂല്യത്തെക്കുറിച്ച് ധാരണ ഉള്ള ഒരാള്‍ (വിപണി മൂല്യം നിശ്ചയിക്കുന്നത്, ഒരു വിഗ്രഹത്തെ തകര്ത്തുടക്കാനുള്ള സാധ്യത നില നില്‍ക്കുമ്പോള്‍ പതിന്മടങ്ങ്‌ ആവും..)
2. കയ്യില്‍ കിട്ടുന്നതെല്ലാം മോഷ്ടിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു സാദാ കള്ളന്‍ -
3. ഏതോ ഒരു ക്യാമറാ ഭ്രാന്തന്‍
4. ആ കുടുംബത്തിലെ തന്നെ ഏതോ ഒരു പുകഞ്ഞ കൊള്ളി...പിന്നീട് ബ്ലാക്ക്‌ മെയിലിംഗ്‌ ചെയ്യാന്‍ വേണ്ടി ഒളിച്ചു വെച്ചിരിക്കുന്നു.
സാധ്യതകള്‍ എല്ലാം ഒരുമിച്ചു കൂടി നമ്മെ നോക്കി പരിഹസിച്ച് ചിരിക്കുമ്പോള്‍..എങ്ങിനെ ഒരു ഉത്തരത്തിലേക്ക് നമ്മള്‍ എത്തി ചേരും??
പോപ്പുലര്‍ സിനിമകളുടെ ചട്ടകൂട്ടിലായിരുന്നു എന്റെ ഈ അന്വേഷക വേഷം എങ്കില്‍ നിമിഷ നേരത്തെ കൂര്‍മ്മ ബുദ്ധി വിശകലനങ്ങള്‍ക്കും/ഭിത്തിയില്‍ ഒട്ടിച്ച് വെച്ചിരിക്കുന്ന മഞ്ഞ സാധ്യത പോസ്റ്റിറ്റു (post-it)കള്‍ക്ക് നേരെ നിറയൊഴിച്ച് ഒടുവില്‍ ഒരുത്തരത്തിലേക്ക് എളുപ്പത്തില്‍ എത്തി ചേരാമായിരുന്നൂ..പക്ഷെ ഞാന്‍ വെറും ഒരു കുറ്റാന്വേഷകനല്ലേ..ചെയ്യുന്ന ജോലിയില്‍ വളരെ കുറച്ച് പാഷന്‍ മാത്രമുള്ള ഒരാള്‍..

യാദൃശ്ചികമായി ആണ് ഞാന്‍ ആ ഗൂഗിള്‍ സെര്‍ച്ച് പേജുകളിലൂടെ കടന്നു വന്നത്..കേസ്‌ അന്വേഷണം ആരംഭിച്ച് അന്നേക്ക് രണ്ടാഴ്ചയോളം കടന്നു പോയിരുന്നു..ഇത്തരത്തിലുള്ള കേസുകളെ കുറിച്ചുള്ള സേര്‍ച്ചുകള്‍ എല്ലാം ഒരു ബന്ധവുമില്ലാത്ത ചില വീഡിയോ
ലിങ്കുകളിലാണ് എത്തിപ്പെട്ടത്..ദിനോസറിന്റെ മുട്ടകള്‍ മുതല്‍ വാന്‍ഗോഗിന്റെ പെയിന്റിംഗുകള്‍ വരെ മ്യൂസിയങ്ങളില്‍ നിന്നും കളവു പോയിരുന്നെങ്കില്‍ കൂടിയും ഒരു ക്യാമറ മോഷണവുമായി ബന്ധപ്പെട്ട കേസുകള്‍ ഇന്റര്‍നെറ്റ് ചികഞ്ഞു തന്നിരുന്നവയില്‍ കണ്ടിരുന്നില്ല..
പിന്നെ, പതുക്കെ ക്യാമറകളെ പറ്റിയായി അന്വേഷണം..ഹാസല്ബ്ലാദ്‌ ക്യാമറകളെ പറ്റി ഒരു വിശദ പഠനം തന്നെ നടത്തി വരുന്നതിനിടയിലാണ്, ചരിത്ര പുരുഷന്മാരുടെ ക്യാമറ പ്രണയത്തെ പറ്റിയുള്ള ഒരു ബ്ലോഗ്ഗില്‍ എത്തിപ്പെട്ടത്...
മുതു മുത്തച്ചന്‍ സിംഹം ഉപയോഗിച്ചിരുന്ന ഹാസേല്ബ്ലെദ് ക്യാമറയെക്കുറിച്ചുള്ള ഒരു ലഘു വിവരണം കണ്ടു..അതിനു നേരെ ഒരു വിരുതന്‍ ഒരു ചിരിചിഹ്നം (smiley) ഉപയോഗിച്ച് അടയാളപ്പെടുത്തിയിരിക്കുന്നു...ദുര്‍ബ്ബലമായ ഒരു ക്ലൂ..എന്തായാലും ഒരു കണക്ഷന്‍
തോന്നുന്നൂ...അല്ലെങ്കില്‍ ഏതോ ഒരാളുടെ പഴയ ക്യാമറാ പ്രണയത്തിന്റെ കുറിപ്പിന് നേരെ ഒരു പരിഹാസ ചിരി ചിരിച്ചു കടന്നു പോവാന്‍ ഒരു ബന്ധവും ഇല്ലാത്തവന്‍ തുനിയുമോ...
പിന്നെ ആ കമന്റിന്റെ പിന്നാലെ...

ദുര്‍ബലമെന്നെന്നു തോന്നുന്ന ചില നിമിത്തങ്ങള്‍ ഒരു പക്ഷെ വലിയ ചില കണ്ടെത്തലുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന ചൂണ്ടു പലകകള്‍ ആവാമല്ലോ..അത് പോലെ ആ അജ്ഞാത ക്യാമറക്കള്ളനെ തിരഞ്ഞുള്ള എന്റെ യാത്ര(കള്‍) അവിടെ തുടങ്ങി..യാത്രകള്‍ തന്നെയാണ്
യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്..നിങ്ങള്‍ക്കറിയാവുന്ന പോലെ, ഒരു മടിയനായ ഡിറ്റക്ടീവ് ആണ് ഞാന്‍..യാത്രകള്‍ ബോറടിപ്പിക്കുന്നവയും..മടിയന്മാര്‍ക്ക് സ്ഥാനമില്ലാത്ത ഈ മത്സര ലോകത്തില്‍ നിന്നും, ഒരു ക്യാമറാ ഭ്രാന്ത് പിടിച്ച ഏതോ ഒരു കള്ളനെ തിരഞ്ഞു പോകുക അതിലും ബോറന്‍ കാര്യം...

അവന്റെ പേര്‍ എനിക്ക് ഇന്നും അറിയില്ല...യാഥാര്‍ത്ഥ്യമായി ഒന്നും ഇല്ലാത്ത ഇന്റര്‍നെറ്റ്‌ ലോകത്ത്‌ അവന്റെ പേര്‍ വെറും "ക്യാമറ ബഫ്" എന്ന് മാത്രം...ആ പേരിലൊരു സിനിമ കണ്ടതോര്‍ക്കുന്നൂ..പഴയ ഒരു പോളിഷ് സിനിമ..തന്റെ കുഞ്ഞിന്റെ ചിത്രങ്ങള്‍
എടുക്കാന്‍ ക്യാമറ വാങ്ങുന്ന ഒരുവന്‍ അവന്‍ പകര്‍ത്തിയെടുത്ത ചിത്രങ്ങള്‍ വഴി മറ്റു പല ലോകത്തിലേക്കും എത്ത്തിപ്പെടുന്നതുമായ കഥ പറഞ്ഞ ഒരു ചിത്രം ..ഒരു പക്ഷെ ഈ ക്യാമറ ബഫ് ന്റെയും ഇഷ്ട ചിത്രമാവാം അത്...അവന്‍ കുറിച്ചിട്ടു പോകുന്ന ഐ.പി
അഡ്രസ്സുകള്‍ അവന്റെ മാറി മറയുന്ന ഭൂമികകളെ രേഖപ്പെടുത്തിക്കൊന്ടെയിരുന്നൂ...ഈ ലോകം ചെറുതായികൊണ്ടിരിക്കെ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാളെ കണ്ടെടുക്കുക അത്ര പ്രയാസമുള്ള കാര്യമല്ല..
(തുടരും...)

(Abstract from the story of a Short Movie : "The Case of chasing a camera thief-copy right Sijith Nair/Black Frames 2011"ഒരു ഷോര്‍ട്ട് ഫിലിം എടുക്കുവാന്‍ വേണ്ടി ആദ്യം ഒരു സ്ക്രിപ്ടായും പിന്നെ ഒരു കഥയായും രൂപാന്തരപ്പെട്ട ഒരു ത്രെഡ്..ഈ കഥ ഒരു ഷോര്‍ട്ട് ഫിലിമിനു ഉതകുന്ന രൂപത്തില്‍ ചില വീഡിയോ ദൃശ്യങ്ങളായി ഈ ലാപ്‌ ടോപ്പില്‍ ഉറങ്ങുന്നു.. )

Friday, June 3, 2011

ഒരു മാതൃഭൂമി ലേഖനത്തിനുള്ള പ്രതികരണം...

( ഇന്ന് വായിച്ച ഒരു വാര്‍ത്ത അത് അസ്വസ്തമാക്കിയപ്പോള്‍ കുറച്ച് കുത്തിക്കുറിച്ച് കമന്റായി ഇട്ടു..അവര്‍ അത് പ്രസിദ്ധീകരിക്കുമോ എന്നറിയില്ല..ഇവിടെ പോസ്ടുന്നൂ..എന്താണ് നിങ്ങളുടെ അഭിപ്രായം..)
റിപ്പോര്‍ട്ട് : http://www.mathrubhumi.com/health/mental-health/new-generation-lifestyle-109102.html

എന്റെ കമന്റ്:

നമ്മുടെ മാധ്യമങ്ങള്‍ക്ക്‌ (മാതൃഭൂമി ഉള്‍പ്പെടെ)ഒരു കുഴപ്പമുണ്ട്..തങ്ങളുടെതല്ലാത്തതും, തങ്ങള്‍ക്കറിവില്ലാത്തതുമായ (തൊഴില്‍) മേഖലകളെ പറ്റിതികച്ചും സ്റ്റീരിയോ ടൈപ്പ്‌ ആയ കാര്യങ്ങള്‍ ഒരു ശാസ്ത്രീയ പഠനം എന്ന നിലയില്‍ അവതരിപ്പിക്കുക..ഈ ലേഖനത്തിന്റെ റിപ്പോര്‍ട്ടര്‍ എത്രമാത്രം യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നാണ് കാര്യങ്ങള്‍ അവതരിപ്പിച്ചത് എന്നറിയില്ല..എങ്കിലും സര്‍ക്കുലേഷന്‍ കൂട്ടാനായിരുന്നെന്കില്‍ ഇതിലും നല്ല ടോപ്പിക്കുകള്‍ കണ്ടെത്താമായിരുന്നൂ മാതൃഭൂമിക്ക്..

കഴിഞ്ഞ എട്ടു വര്‍ഷമായി ബാംഗ്ലൂര്‍ ഐ.ടി /സോഫ്റ്റ്‌വെയര്‍/എന്‍ജിനീയറിംഗ് (20 പേരുള്ള ചെറിയ കമ്പനിയില്‍ ജോലി ആരംഭിച്ച്, രണ്ടു ലക്ഷം പേരുള്ള മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ഇപ്പോള്‍ ) ജോലി ചെയ്യുന്ന ഒരാളാണ് ഞാന്‍..അത്രയും കാലം തന്നെ മലയാളത്തിലെ വിവിധ മാധ്യമങ്ങളില്‍ ഐ.ടി രംഗത്തെപ്പറ്റി/ബാംഗ്ലൂര്‍ മെട്രോ ലൈഫിനെ പറ്റി ഊതി പെരിപ്പിച്ച ലേഖനങ്ങള്‍ വായിച്ചിട്ടുമുണ്ട്..

നിങ്ങള്‍ ഒരു ചെറിയ ശതമാനം കാര്യങ്ങള്‍ മാത്രമേ ഇതു വരെ പ്രോജക്റ്റ്‌ ചെയ്തിട്ടുള്ളൂ..അധികവും ഇത്തിരി ഇക്കിളിക്കു സ്കോപ്പുള്ള കാര്യങ്ങള്‍ ആണെന്ന് എന്നതൊഴിച്ചാല്‍ എത്രമാത്രം വസ്തുത ഉണ്ടെന്നറിയില്ല..

ഐ.ടി/സോഫ്റ്റ്‌വെയര്‍ മേഖലയെയും ബി.പി.ഓ മേഖലയെയും എത്രമാത്രം കൂട്ടിക്കുഴചച്ച് ജെനറലൈസ് ചെയ്യാമെന്ന് അറിയില്ല..പിന്നെ മദ്യപാനം/പബ്‌ , അതിനെ ഒരു തൊഴില്‍ മേഖലയുമായി ബന്ധപ്പെടുത്തുന്നതില്‍ എന്താണ് അര്‍ത്ഥം..മാധ്യമ പ്രവര്‍ത്തകര്‍ പാതിരാവു വരെ ക്ലബ്ബുകളില്‍ വെള്ളമടിച്ച് ഇരിക്കുന്നത് ഞങ്ങളും "സിനിമകളില്‍" കണ്ടിട്ടുണ്ട്..എന്നു വെച്ച് മാധ്യമലോകം ഫുള്‍ ടൈം തണ്ണിയടിയാ എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ..
മദ്യപിക്കുന്ന(പബ്ബില്‍ പോയും അല്ലാതെയും) ഒരു പാടു ഐ.ടി പ്രോഫഷനല്സിനെ ഈയുള്ളവന്‍ കണ്ടിട്ടുണ്ട് ..അത് പോലെ തന്നെ മദ്യപിക്കാത്ത ഒരുപാടധികം പേരെയും..വിവാഹ മോചനം നേടിയവരെയും..അടിച്ചു പിരിഞ്ഞവരെയും..ജോലി-ജീവിതം (work-life balance) നല്ല രീതിയല്‍ കൈകാര്യം ചെയ്തു സുഖമായി കുടുംബം ആയി ജീവിക്കുന്ന വളരെയധികം സുഹൃത്തുക്കളെയും കാണാറുണ്ട്‌..കൂട്ടിച്ചേര്‍ക്കട്ടെ മറ്റേതൊരു തൊഴില്‍ മേഖലയിലേതും പോലെ..

പിന്നെ, ബാംഗ്ലൂര്‍ ഐ.ടി രംഗം ഞങ്ങള്‍ക്ക്‌ തന്നിട്ടുള്ള ഒരുപാടു നല്ല കാര്യങ്ങള്‍ ഉണ്ട്..ഒന്ന് ഒരു ജോലിക്കായി ഒരു സമുദായ/മത നേതാവിന്റെയും, രാഷ്ട്രീയ നേതാവിന്റെയും, പ്രമാണിമാരുടെയും ശുപാര്‍ശക്കത്തിനു വേണ്ടി യാചിക്കേണ്ടി വന്നിട്ടില്ല..സീനിയര്‍സിന്റെയും, സുഹൃത്തുക്കളുടെയും സഹായം വഴിയാവും അധികം പേര്‍ക്കും ജോലി ലഭിച്ചത്‌..തികച്ചും മെറിറ്റില്‍...

രണ്ടു - ജീവിത വീക്ഷണത്തില്‍ മാറ്റം വന്നൂ..കാരണം ഹിന്ദി സംസാരിക്കുന്ന, ബംഗാളി സംസാരിക്കുന്ന, തമിഴും കന്നടയും, തെലുങ്കും, ആസാമീസും, ഒറിയയും, സംസാരിക്കുന്ന..വിവിധ സംസ്കാരങ്ങളും വിവിധ സ്വഭാവങ്ങളുമുള്ള ഒരു ഇന്ത്യയെ കാണണമെങ്കില്‍ നിങ്ങള്‍ ബാംഗ്ലൂരിലെ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ വന്നാല്‍ മതി..ഇന്ത്യക്ക് പുറത്തുള്ള വിവിധ സംസ്കാരങ്ങള്‍ ഞങ്ങളുടെ വീക്ഷണത്തില്‍ മാറ്റം വരുത്തി..(നാളെ, ബസ്സില്‍ ക്യൂ നിന്ന് കയറാം എന്ന് വിചാരിക്കുമ്പോള്‍..ഇടിച്ച് കയറുന്ന ഞങ്ങളെ കണ്ടാല്‍ ക്ഷമിക്കുക..നാടോടുമ്പോള്‍ നടുവേ ഓടണം എന്നാണു കാരണവന്മാര്‍ പഠിപ്പിച്ചത്..:) )

ലോകത്തിനു മുന്‍പില്‍ ഇന്ത്യന്‍ ടെക്നോളജിക്ക് ഒരു സ്ഥാനം ഉണ്ടാക്കി തന്നത് നിങ്ങള്‍ പലപ്പോഴും പുച്ഛത്തോടെ വിളിക്കുന്ന ടെക്കികള്‍ തന്നെയാണ്..ഇവിടെ നിന്നും അത്യാധുനിക ടെലിക്കമ്മ്യൂനിക്കേഷന്‍ സാങ്കെതികവിദ്യ മുതല്‍..മെഡിക്കല്‍ ഉപകരണങ്ങള്‍ വരെയും..ബാങ്കിംഗ് പ്രോഡക്ട്കള്‍ മുതല്‍, മികച്ച ഈ കൊമേഴ്സ് പോര്‍ട്ടലുകള്‍ വരെയും നിര്‍മ്മിക്കപ്പെടുന്നു..ലോകത്തിലെ ഏതു ടെക്നോളജി കമ്പനിക്കും ബാംഗ്ലൂരില്‍ ഒരു ഡെവലപ്മെന്റ് ക്യാമ്പസ്‌ ഉണ്ട്..റോഡ്‌ ടാക്സ്‌, എമ്പ്ലോയ്മെന്റ്റ്‌ ടാക്സ്‌, ഇന്‍കം ടാക്സ്‌, മറ്റു ടാക്സുകള്‍..സപ്പോര്‍ട്ടിംഗ് മേഖലകളില്‍ (ഹോട്ടലുകള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ആശുപത്രികള്‍, സ്കൂളുകള്‍, ഗതാഗതം )തുടങ്ങി നിരവധി മേഖലകളില്‍ സൃഷ്ടിച്ച തൊഴിലവസരങ്ങള്‍.. അത്തരം പോസിറ്റീവ് കാര്യങ്ങളെ കാണാതെ പറഞ്ഞു പഴകിയ ചില പൈങ്കിളി റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പോകുന്നത് പരിതാപകരം..

നിങ്ങളില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് ഇതല്ല..ഒരു സാധാരണ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ (അങ്ങിനെ ഒന്നുണ്ട് സുഹൃത്തെ..ടാക്സും, വാടക/ഹോം ലോണ്‍, സ്കൂള്‍ ഫീ, മറ്റു ചിലവുകള്‍ എല്ലാം കഴിഞ്ഞാല്‍ നിങ്ങള്‍ പ്രോജക്റ്റ്‌ ചെയ്യുന്ന ആഡംബര സാലറി ഒന്നിനും തികയില്ല..) ബാംഗ്ലൂരില്‍ നേരിടുന്ന ഒരു പാടു പ്രശ്നങ്ങള്‍ ആരും കാണാതെ കിടക്കുന്നൂ..

൧. റിയല്‍ എസ്റ്റേറ്റ്‌ മേഖലയിലെ ചൂഷണം..നല്ല ഒരു വീട്/ബാങ്ക് ലോണ്‍ ഒരു മിഥ്യ തന്നെയാണ് പലര്‍ക്കും!! നാല്‍പ്പതും അന്‍പതും ലക്ഷങ്ങള്‍ക്ക് മേലേക്ക്‌ വില നിശ്ചയിച്ച് കഴിഞ്ഞു റിയല്‍ എസ്റ്റേറ്റ്‌ ലോബി (നിങ്ങള്‍ കളര്‍ പേജു പരസ്യം കൊടുക്കുന്നവര്‍ വരെ )..തട്ടിപ്പുകള്‍/ഗുണ്ടായിസം ധാരാളം (ആപ്പിള്‍ എ ഡേ പോലെ..)
൨. സ്കൂള്‍ ഫീസ്‌ : പോലീസ്‌, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ മറ്റു മോഷ്ടാക്കള്‍ തുടങ്ങിയവര്‍ക്ക് സ്കൂള്‍ മാനേജ്മെന്റ് കൊടുക്കുന്ന കൈക്കൂലികള്‍ വരെ ചേര്‍ത്ത ഫീ കൊടുക്കാന്‍ വിധിക്കപ്പെടുന്നത് സാധാരണക്കാരന്‍
൩. വെള്ളം - കൂടുതല്‍ ഒന്നും പറയുന്നില്ല..ടാങ്കര്‍, ബോര്‍വേല്‍ ഉള്ളവര്‍ രാജാക്കന്മാര്‍ ...
൪. വാടക : ട്രാഫിക്കില്‍ പെടാതെ, മുന്‍പ്‌ പറഞ്ഞ വര്‍ക്ക്‌ ലൈഫ്‌ ബാലന്സിനായി കുടുംബവുമായി കൂടുതല്‍ സമയം ചിലവഴിക്കണം എന്നുണ്ടോ ..ഒരു ദയയും ആരും കാണിക്കില്ല (അതിനു മലയാളി, ഹിന്ദി വേര്‍തിരിവില്ല )വാടക കൊടുക്കണം..കനപ്പെട്ടത്. വൈറ്റ്‌ ഫീല്‍ഡ്‌ ഏരിയയില്‍ ഒരു നല്ല (സെക്ക്യുരിറ്റി/പാര്‍ക്കിംഗ് ) മൂന്നു മുറി ഫ്ലാറ്റിനു കൊടുക്കണം രൂപ ഇരുപതിനായിരം മുകളിലേക്ക് (ഒരു റിപ്പോര്‍ട്ട്‌ എഴുതി അതാരും കുറയ്ക്കുമെന്ന് പ്രതീക്ഷ ഇല്ല..)
൫. ഒന്നു നാട്ടില്‍ പോണം ...മൂന്നു മാസം മുന്‍പ്‌ പ്ലാനിംഗ്..തത്ക്കാല്‍ ആണെങ്കില്‍ രണ്ടു ദിവസം മുന്‍പ്‌ ക്യൂ അല്ലെങ്കില്‍ നിമിഷങ്ങള്‍ക്കകം കാലിയാവുന്ന ഓണ്‍ ലൈന്‍ റിസര്‍വേഷന്‍..ഉത്സവ സീസണുകളിലെ പ്രൈവറ്റ്‌ ബസ്സുകാരുടെ വക സ്പെഷ്യല്‍ ബസ്സ്‌ പീഡനം വേറെ..ഇനി മലബാറുകാരന്‍ ആണെങ്കിലോ ആകെയുള്ളതു രണ്ടു മൂന്നു പ്ലാറ്റ്ഫോമുകളില്‍ മാത്രം സ്റൊപ്പുള്ള ഒരു ട്രെയിനും (സഞ്ചാര സ്വാതന്ത്ര്യം കോടതികള്‍ക്ക് പോലും പുല്ലു വില )..മര്യാദക്ക് ഓടുന്ന ട്രയിനുകള്‍ ഒരു സുപ്രഭാതത്തില്‍ നിര്‍ത്തലാക്കി സുഖിപ്പിക്കുന്നത് ബസ് ലോബിയോ, പബ്ബില്‍ പോകുന്ന "കുറ്റം" ചെയ്യുന്ന ഐ.ടി തലമുറയോ...

ഇത് പോലുള്ള കാര്യങ്ങള്‍ക്ക് വേണ്ടി ശ്രമിക്കാത്ത ഒരു പ്രസിദ്ധീകരണവും നാളെ ഇക്കിളി ലക്‌ഷ്യം വെച്ച് കപട സദാചാരത്തിന്റെ മുഖം മൂടിയും ഇട്ടു ദയവുചെയ്ത് ഞങ്ങളെ ദ്രോഹിക്കരുത്‌..
ഇതു ഒരു സാധാരണ ഐ.ടി എന്‍ജിനീയറുടെ അപേക്ഷയാണ്..

അനുബന്ധമായി മറ്റു ചിലത് കൂടി..
കുറച്ചു മാസം മുന്‍പ്‌ ബാംഗ്ലൂര്‍ - എറണാകുളം ട്രെയിന്‍ യാത്രക്ക് മുന്‍പ്‌ കണ്ടതും കേട്ടതും..
സ്ഥലം : കൃഷ്ണരാജപുരം റെയില്‍വേ സ്റേഷന്‍..കാമുകിയെ (ഒരു പക്ഷെ ഭാര്യയാവാം.. )യാത്രയാക്കാന്‍ വന്ന യുവാവ്‌..ആളൊഴിഞ്ഞ ഒരു മൂലയില്‍ നിന്ന് അവര്‍ സംസാരിക്കുന്നൂ..ചിരിക്കുന്നൂ..പിണങ്ങുന്നൂ..അവര്‍ ആരുമായിക്കോട്ടേ..
എന്റെ തൊട്ടരികില്‍ ഒരു വലിയ വിനോദ യാത്രാ സംഘം..നാട്ടില്‍ നിന്നും ബാംഗ്ലൂര്‍ ചുറ്റാന്‍ വന്നു തിരിച്ച് പോകാന്‍ നില്‍ക്കുന്നൂ..കുഞ്ഞുങ്ങളും, ഭാര്യ/അമ്മ/സഹോദരി/അമ്മായി/മുത്തശ്ശി/അമ്മാവന്‍/അച്ചന്‍ തുടങ്ങി എല്ലാ ലവലിലും ഉള്ള മലയാളി ഗ്രൂപ്‌..
അവര്‍ക്ക് ദൂരെ മാറി നിന്നും കിന്നരിക്കുന്ന ആ കപ്പിള്‍സ്‌ നെ അത്ര പിടിച്ചില്ല എന്ന് തോന്നുന്നൂ...ഇന്നത്തെ ജനറേഷന്‍ വഴി പിഴച്ചു എന്ന മട്ടിലായി അവരുടെ പരസ്പരമുള്ള സംസാര വിഷയം..ബാംഗ്ലൂര്‍ നഗരക്കാഴ്ച്ചകളില്‍ കണ്ട "ഇമ്മോരല്‍"അനുഭവങ്ങള്‍ മസാല ചേര്‍ത്ത്‌ വിളമ്പാന്‍ തുടങ്ങി അവര്‍..
പിള്ളേരുടെ സദാചാരം ഇല്ലായ്മയെ എല്ലാവരും കിട്ടിയ ചാന്‍സില്‍ നന്നായി വിമര്‍ശിച്ചു.."ബാംഗ്ലൂരിലെത്തിയാല്‍ മലയാളി പെണ് പിള്ളേരെല്ലാം പെഴയാ എന്ന് ഒരു സ്ത്രീ പറയുന്നത് കേട്ടു..അതിനെ പിന്‍ തുണച്ചു കൂടെയുണ്ടായിരുന്ന എല്ലാവരും ചിരിച്ചു..."


ഗ്രൂപ്പ്‌ ട്രെയിനില്‍ കയറി..എന്റെ കമ്പാര്‍ട്ട്മെന്റില്‍ തന്നെ..ട്രെയിന്‍ ഓടി തുടങ്ങിയപ്പോള്‍ കൂട്ടത്തില്‍ ഒരാള്‍ ഒരു പെപ്സി ബോട്ടിലുമായി ടോയ്ലെറ്റില്‍ കയറി..കൂടെ ബാക്കി അച്ചായന്മാരും..കുപ്പി മിക്സ് ചെയ്തു അടിക്കാന്‍..ഇത്രേം നേരം സദാചാരം പ്രസംഗിച്ചത് ഇവരാണല്ലോ..


ടി . നാട്ടില്‍ തന്നെയാണ് ട്രെയിനില്‍ ഒറ്റക്ക് യാത്ര ചെയ്ത ഒരു പെണ്‍കുട്ടി ക്രൂരമായി ട്രാക്കില്‍ തള്ളിയിട്ട് ബലാത്സംഗം ചെയ്യപ്പെട്ടു കൊല്ലപ്പെട്ടത്‌ ...ഈ കേരളത്തില്‍ തന്നെയാണ് ഒരു നേര്സറിപ്രായമുള്ള കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നു മരപ്പോത്ത്തില്‍ ഒളിപ്പിച്ച്ചത്...ഇതേ നാട്ടിലാണ് ആണും പെണ്ണും ബസ്സിലും/ക്ലാസ്സിലും വെവ്വേറെ സീറ്റില്‍ ഇരിക്കുകയും എന്നിട്ടും പീഡിപ്പിക്കപ്പെടുകയും ചെയ്യപ്പെടുന്നത്..


ഇവിടെയാണ് രാത്രി തനിച്ച് വീട്ടിലേക്ക്‌ മടങ്ങിയ ഒരു യുവതി..ഓട്ടോ ഡ്രൈവര്‍ തന്നെ പീഡിപ്പിക്കും എന്ന ഭയത്തില്‍ ഓട്ടോയില്‍ നിന്നും എടുത്തു ചാടി മരണത്തോടു മല്ലടിക്കുന്നത്...